16 May 2010

സ്നേഹത്തിന്റെ ലോകം

          മടക്കയാത്ര വൈകിയായിരിക്കുമെന്നറിയാമായിരുന്നെങ്കിലും ഇത്രയേറെ വൈകിയായിരിക്കുമെന്നു കരുതിയതേയില്ല. അതുകുണ്ടുതന്നെയായിരിക്കാം ചെറുതെങ്കിലും ഒരു പ്രകാ‍ശസ്രോതസു കരുതുന്നതിനെക്കുറിച്ചു ചിന്തിയ്ക്കാതിരുന്നത്. തുള്ളിമുറിയാതെ ചൊരിഞ്ഞുലൊണ്ടിരുന്ന പേമാരി രാത്രിയുടെ -കറുത്ത- കരിമ്പടത്തിന് കനം കൂട്ടിയിരുന്നു. മഴയത്ത്, ഇരുട്ടിൽ പാത വ്യക്തമായറിയാൻ കഴിയാതെ ഗോവിന്ദൻ നന്നെ വിഷമിച്ചു. എങ്കിലും തനിക്കു പരിചയമുള്ള പാത തന്നെ ചതിക്കില്ല എന്നൊരു തോന്നലിന്റെ പിൻബലത്തിൽ നടക്കുവാനും സാധിച്ചു. തികച്ചും ആകസ്മികമായിരുന്നു മഴയുടെ ആഗമനം. കാറുകൾ പ്രത്യക്ഷപ്പെടുകയോ ഇടിമിന്നലുണ്ടാവുകയോ ചെയ്തിരുന്നില്ല. ഉയർന്നുനിൽക്കുന്ന തിണ്ടിനെ മറികടന്ന് വേലിക്കിടയിലൂടെ ഒരു പന്നഗത്തിന്റെ സാമർത്ഥ്യത്തോടെ ഇഴഞ്ഞു പുറത്തേക്കിറങ്ങി, ഇടുങ്ങിയ പാതയിലേക്കു പ്രവേശിച്ചപ്പോഴായിരുന്നു ആദ്യത്തെ തുള്ളി ജലകണം മൂർദ്ധാവിൽ പതിച്ചത്. പിന്നെ മൂക്കിൻ തുമ്പിലും ചുമലിലുമായി. പിന്നെ മൂന്നിടങ്ങളിലും ഒന്നിച്ചുപതിക്കുവാൻ തുടങ്ങി. ശരീരമാസകലം നനയാനൊരുങ്ങുന്നു എന്നു മനസ്സിലായപ്പോൾ പ്രകൃതിയുടെ ആനന്ദാശ്രുക്കൾ ചെറുതായെങ്കിലും ഒന്നു ചെറുക്കുവാൻ തന്നെ തീരുമാനിച്ചു. മഴപെയ്യുമെന്നു ചിന്തിച്ചതുപോലുമില്ല എന്നതിനാൽ കുടയുണ്ടായിരുന്നില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ തൊട്ടടുത്ത് ഒരു വാഴത്തോട്ടമുണ്ടായിരുന്നതിനാൽ കുടയെന്തിന് എന്നൊരുചിന്തയും അയാളിൽ ഉരുത്തിരിയാതിരുന്നില്ല.ഉടൻ തന്നെ ആ വാഴത്തോപ്പിലേക്ക് ചാടിയിറങ്ങി. ആ അന്ധകാരത്തിൽ അയാളുടെ കണ്ണുകൾ കീറലുകളില്ലാത്ത ഒരിലയ്ക്കായി പരതിനടന്നു. ആ തിരച്ചിലിനൊടുവിൽ ഒരു തൈവാഴയ്ക്കു മുകളിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരില കണ്ടെത്തി. നിലത്തുനിന്നുകൊണ്ടുതന്നെ അതിനെ എത്തിപ്പിടിക്കാൻ ശ്രമിച്ചു. രക്ഷയില്ല. പിന്നെ അതിനെ ഒന്നുപിടിച്ചു ചായ്ചുനോക്കി. ആ വാഴ ഒടിഞ്ഞു വീണു! (എളുപ്പമായില്ലേ?) ഇല മുറിച്ചെടുക്കുവാൻ തക്കതാ‍യ ഒരായുധമില്ലാതിരുന്നതിനാൽ പല്ലുകൾതന്നെ ശക്തവും ഉത്തമവുമായ ആയുധമെന്നു കണ്ടു. ആ ഇല കടിച്ചു മുറിച്ചെടുത്തു. വായിലാകെ വാഴക്കറയുടെ വല്ലാത്ത ചവർപ്പ്! കുറച്ച് ഷർട്ടിലും പുരളാതിരുന്നില്ല.
      
           വിജയശ്രീലാളിതനായി ആ പറമ്പിൽനിന്നും പുറത്തിറങ്ങാനൊരുങ്ങിയപ്പോഴാണ് വലതുകാലിൽ -ഉള്ളംകാലിൽ- ഒരു വേദനയനുഭപ്പെട്ടത്. ഒരു നീറ്റൽ! കാര്യമായ വേദനയനുഭപ്പെട്ടതിനെത്തുടർന്ന് അയാൾ നിലത്തിരുന്നു. ഉള്ളംകാൽ മലർത്തിവച്ച് തുറിച്ചു നോക്കി. വെളിച്ചത്തിന്റെ അഭാവത്തിൽ ഒന്നും വ്യക്തമായി കാണുവാൻ കഴിഞ്ഞിരുന്നില്ല. ചെരിപ്പിനു പുറത്തുകൂടി ആദ്യം അയാൾ ഒന്നു തൊട്ടുനോക്കി. കുഴഞ്ഞുമറിഞ്ഞ നിലയിൽ എന്തോ പറ്റിപ്പിടിച്ചിരിയ്ക്കുന്നു. അയാൾ ആ ‘സാമ്പിൾ’ ഒന്നു മണത്തുനോക്കി. സംഗതി ചാണകമാണ്. എങ്കിൽ ആ വേദനയുടെ ആസൂത്രണമെന്തെന്ന് മനസ്സിലാക്കുക കുറേക്കൂടി എളുപ്പമായിരിക്കുന്നു. അതൊരു അള്ള് ആയിരുന്നു. ചെരിപ്പിനടിയിലൂടെ തറഞ്ഞുകയറിയിരിക്കുകയാണ്. അയാൾ അള്ളും പിന്നീട് ചെരിപ്പും ഊരിമാറ്റി. തദവസരത്തിൽ മുറിവിന്റെ ആഴം നിർണയിക്കുക ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് അയാൾ അതോർത്തത്. അവസാനമായി കവലയിൽ വച്ചുകണ്ടപ്പോൾ തന്റെ പറമ്പിൽനിന്നും കാർഷിക വിഭവങ്ങൾ തസ്കരിയ്ക്കപ്പെടുന്നതായി വേണുമാഷ് പറഞ്ഞിരുന്നു. ഇരുട്ടിന്റെ കനത്ത കരിമ്പടം പുതച്ചുകൊണ്ടായതിനാൽ സൂത്രധാരൻ ആര് എന്നതും അറിയില്ല. പക്ഷേ അതിനു പരിഹാരവും അദ്ദേഹത്തിന്റെ ബുദ്ധിയിൽ തെളിഞ്ഞതായിരുന്നു. തസ്കരവീരന്മാർ മോഷണമുതലിനൊപ്പം അള്ള് പച്ചമാംസത്തിലേറ്റുന്ന എരിവിന്റെ സുഖം ‘ബോണസാ’യി കൊണ്ടുപൊയ്ക്കോട്ടെ! അതൊരെണ്ണം തന്റെ കാലിലാണ് തറഞ്ഞുകയറിയിരിക്കുന്നത്- ആ ബോണസ് തനിക്കും ലഭിച്ചിരിക്കുന്നു. തനിക്കും അജ്ഞാത തസ്കരരുടെ പട്ടികയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നു! അയാളുടെ നെഞ്ചിൽ പെട്ടന്ന് ഒരു തീയെരിഞ്ഞമർന്നു.
      
           അയാൾ എഴുനേറ്റു. മുളവടികൾ തീർത്ത വേലിക്കെട്ട് വകഞ്ഞുമാറ്റിക്കൊണ്ട് പുറത്തിറങ്ങി. ഏറെക്കുറേ നനഞ്ഞുകുതിർന്നിരുന്നെങ്കിലും ആ ഇല തലയ്ക്കുമീതേ പിടിച്ചങ്ങനെ നടന്നു. കാലിലെ ആ നീറ്റൽ മാറിയിരുന്നില്ല. ഇപ്പൊഴും രക്തമൊഴുകുന്നുണ്ടായിരിയ്ക്കണം. തലയ്ക്കുമീതേ പിടിച്ച ആ വാഴയിലക്കീറിലൂടെ ഒഴുകിയിറങ്ങിയ ജലത്തിള്ളികൾ ചുമലിൽ‌പ്പതിച്ചു. അവയ്ക്ക് തന്റെ ശരീരത്തിൽ പതിയ്ക്കുന്ന മറ്റു ജലത്തിള്ളികളേക്കാൾ തണുപ്പുണ്ടെന്നു തോന്നി. ആ തണുപ്പ് ചർമത്തിലൂടെ രക്തത്തിലേക്കും മാംസത്തിലേക്കും പടർന്നു. ഓർമ്മകൾക്കുമേൽ ഇനിയും ആർദ്രതയേറ്റുവാൻ ശ്രമിക്കുന്ന മഴത്തുള്ളികളോട് അയാൾക്ക് സഹതാപം തോന്നി. വരമ്പിലൂടെ നനഞ്ഞുകുതിർന്ന പുസ്തകസഞ്ചിയും പേറി ഒരു വാഴയില തലയ്ക്കുമുകളിൽച്ചൂടി കൂട്ടുകാരോടൊപ്പം തോളുരുമ്മി നടന്ന ദിനങ്ങൾ. വാഴയില ക്രമേണ കീറിവരികയും കീറലുകൾ മാത്രമായിത്തീരുകയും ചെയ്ത നിമിഷങ്ങൾ. വയൽകടന്ന്, ശരീരത്തെ പൂർണമായും കുളിരിനു പുണരാൻ വിട്ടുകൊടുത്തുകൊണ്ട് നടക്കുമ്പോൾ പടിപ്പുരയ്ക്കൽ നിന്നോ പൂമുഖത്തുനിന്നോ മട്ടുപ്പാവിൽ നിന്നോ രണ്ടു നീലനേത്രങ്ങളുടെ ഊഷ്മളമായ നോട്ടം ശ്രദ്ധിയ്ക്കാതിരുന്നില്ല. ശരീരത്തെ വാരിപ്പുണരുന്ന തണുപ്പിനുമേൽ വിജയം കൈവരിയ്ക്കുവാൻ മാത്രം ശക്തമായിരുന്നില്ല ആ ഊഷ്മളത. പ്രകൃതിനിയമമനുസരിച്ച് ശരീരത്തിനൊപ്പം വളർന്ന മനസ്സ്, വാരിപ്പുണരുന്ന മഴ നൽകിയ മറക്കപ്പെടാത്ത ആർദ്രത, ഊഷ്മളമായ ആ നോട്ടം പിന്നെ അവ്യക്തമായ ചില നിമിഷങ്ങളും ഒരു തിരശ്ശീലയിലെന്ന പോലെ മനസ്സിൽ തെളിഞ്ഞു. ആ ശകലങ്ങൾ അയാളുടെ മനസ്സിൽ അസ്വസ്ഥതയുടെ ധൂളീപടലങ്ങൾ പടർത്തി. പെട്ടന്നയാൾ ആ വാഴയില കീറിയെറിഞ്ഞു! ആ ദിശയിലേക്ക് ഒന്നു നീട്ടിത്തുപ്പുകയും ചെയ്തു! ഒരു നിമിഷം. എന്താണുസംഭവിയ്ക്കുന്നതെന്നറിയാതെ നിന്ന മഴപ്പെണ്ണും പ്രകൃതിയും (ഗോവിന്ദനും) പെട്ടന്നുതന്നെ സ്വബോധത്തിലേക്കു തിരികെയെത്തി. അപ്പോഴേയ്ക്കും ആ വാഴയില -താൽക്കാലികമായ കുട- മണ്ണോടലിയുവാൻ തുടങ്ങിയിരുന്നു.
     
            മുഖത്തും മൂർദ്ധാവിലും ചുമലിലും പതിച്ചു ചിതറിക്കൊണ്ടിരിയ്ക്കുന്ന മഴത്തുള്ളികളെ അതിനനുവദിച്ചുകൊണ്ട് അയാൾ നടന്നു. കഴിഞ്ഞ വരവുകളിൽ തിരികെ യാത്രകൾക്ക് ഇത്രയേറെ താമസം നേരിട്ടിരുന്നില്ല. എന്നാൽ ഇന്ന് അതുമാത്രവുമല്ല, മഴയുണ്ടാവുകയും അതുനനയേണ്ടതായി വരികയും ചെയ്തിരിക്കുന്നു. മഴ നനഞ്ഞിട്ട് ഏറെയായി. പനിയുടെ അപഹാരമുണ്ടായേക്കാം. എങ്കിലും ഇപ്പോൾ മഴനനയുന്നതിൽ ചെറിയൊരു സുഖം തോന്നിത്തുടങ്ങിയിരിക്കുന്നു. ചുറ്റും മഴയുടെ ഏകാന്തസംഗീതം മാത്രം. അയാൾ അതാസ്വദിയ്ക്കുവാൻ തുടങ്ങിയിരുന്നു.
      
            ഒരു ദിനത്തിനുകൂടി ചെങ്കൊടി പാറിച്ചുകൊണ്ട് സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലൂടെ കടന്നുപോയി. അമ്മ വിളക്കുകൊളുത്തി അസ്ഥിത്തറയിൽ വിളക്കും വച്ച് തിരികെ വന്ന സമയം, മഞ്ജു തന്റെ പുസ്തകങ്ങളോട് ഒരു യുദ്ധത്തിനൊരുങ്ങുന്ന സമയം, തൊട്ടടുത്ത വീടുകളൊന്നിൽ നിന്നും ആകാശവാണി തിരുവനന്തപുരം കേട്ടുതുടങ്ങിയ സമയം, ഗോവിന്ദൻ പുറത്തേക്കിറങ്ങി.
      
          “മൂവന്തിനേരത്ത് എവിടേയ്ക്കാ, ഗോവ്യേ?”
അമ്മ.

എന്തു പറയും? ഈയിടെയായി എന്നൊരു വാചകം പ്രസ്തുത ചോദ്യത്തിനുമുന്നിൽ പ്രസക്തമാണെന്നിരിക്കെ അവരത് ചോദിക്കാത്തതിലായിരുന്നു ഗോവിന്ദന് അത്ഭുതം!
     
            “വെറുതേ... ഒന്നു കവലവരെ പോയിട്ടിപ്പ വരാം”

ഉടൻ മടങ്ങിവരാൻ കഴിയില്ല എന്നറിഞ്ഞുകൊണ്ടുതന്നെ അയാളതു പറയുകയും ഉടൻ തന്നെ മകന്റെ ആഗമനമുണ്ടാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ കല്യാണിയമ്മ ഒന്നു മൂളുകയും ചെയ്തു.
      
            അയാൾ വളരെപ്പെട്ടന്നുതന്നെ കവലയിലെത്തി. കവലയുടെ ഹൃദയഭാഗത്ത് ടെലിവിഷനു വേണ്ടിയുണ്ടാക്കിയ ആ ഷെഡ് അനാഥമായിരുന്നില്ല. അതിനുള്ളിൽ പതിവുപോലെ അരണ്ട വെളിച്ചം കാണപ്പെട്ടു. ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു പിച്ചക്കാരനൊഴികെ അവിടെ വട്ടം കൂടിയിരുന്നവർ പതിവുപ്രേക്ഷകരായിരുന്നു. ടെലിവിഷൻ ‘ഹർത്താൽ’ പ്രഖ്യാപിച്ചിട്ട് ഏറെ ദിവസങ്ങളായി. എങ്കിൽത്തന്നെയും പതിവുകാർ പതിവുപോലെ ആറുമണിയ്ക്കുമുമ്പുതന്നെ പ്രത്യക്ഷപ്പെടുകയും ഒമ്പതുമണിക്കു ശേഷം മാത്രം അപ്രത്യക്ഷരാവുകയും ചെയ്തുകൊണ്ടിരുന്നു. ടെലിവിഷനിലൂടെ അവർക്കുമുന്നിലെത്തിക്കൊണ്ടിരുന്ന് കൊഞ്ചിക്കുഴഞ്ഞു മാത്രം സംസാരിയ്ക്കുന്ന സുന്ദരിയും സദാ കണ്ണീരുമായിക്കഴിയുന്ന ആ അമ്മയും നാത്തൂൻ പോരടിയ്ക്കുന്ന ഭാര്യയും ഈയിടെയായി പ്രത്യക്ഷപ്പെടാത്തതിൽ പ്രതിക്ഷേധമുള്ളവരായിരിയ്ക്കാം അവർ. ചുരുക്കത്തിൽ രണ്ടര മണിക്കൂറിലവസാനിക്കുന്ന കഥകളേക്കാൾ പ്രിയം മാസങ്ങളും വർഷങ്ങളും കൊണ്ട് പൂർത്തിയായേക്കാവുന്ന കഥകൾക്കായിരിയ്ക്കാം.
        
            എന്തൊക്കെയോ ചിന്തിച്ചു നടന്നപ്പോൾ താനറിയാതെ തന്റെ കാലുകൾക്ക് വേഗത വർധിയ്ക്കുന്നത് ഗോവിന്ദനറിഞ്ഞിരുന്നില്ല. കവലയുടെ ഹൃദയഭാഗത്തെത്തിയപ്പോൾ കണ്ണുമടച്ച് ധ്യാനത്തിലിരിയ്ക്കുന്ന ടെലിവിഷന്റെ മുന്നിൽ നിന്നും ഒരു ശബ്ദം കേട്ടു.
       
           “എങ്ങ്ടാ മാഷേ ഇത്ര തിടുക്കത്തില്, ഒരുമാതിരി __________ ല് തീപിടിച്ച പോലെ?”

കൃഷ്ണൻ‌കുട്ടി മാഷ്! തന്റെ ചുരുക്കം ചില സുഹൃത്തുക്കളിലൊരാൾ. തന്റെ സഹപ്രവർത്തകൻ (ഒരേ സ്കൂളിലെ അധ്യാപകർ). സഹപ്രവർത്തകന്റെ മുന്നിൽ‌പ്പെടുന്നതിനേക്കാൾ ഒരു സുഹൃത്തിനെ മുന്നിൽ‌പ്പെടുന്ന അവസ്ഥയെ അയാൾ ഭയന്നിരുന്നു. ഇത്തവണ കാലുകൾക്ക് വേഗം കൂടിയത് ഗോവിന്ദന്റെ അറിവോടു കൂടിത്തന്നെയായിരുന്നു. കവലയിലെ അരണ്ട വെളിച്ചത്തിൽ നിന്നും, സുഹൃത്തുക്കളുടെ ദൃഷ്ടിപദത്തിൽ നിന്നും അന്ധകാരത്തിലേക്കു കൂ‍പ്പുകുത്തുന്നതിനിടെ ഗോവിന്ദൻ ആരുടേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ശബ്ദം കേട്ടു.
       
            “ഈയിടെയായി ഗോവിന്ദൻ മാഷിന് ആകെയൊരു യാത്ര തന്നെ. അതും സന്ധ്യ കഴിഞ്ഞാൽ. ആളു മാന്യനൊക്കെത്തന്നെ. എങ്കിലും... മതിലുചാടിത്തുടങ്ങിയോ?”
      
           ആ ശബ്ദം പെട്ടന്നങ്ങനെ പൊറുക്കുവാൻ കഴിയുന്ന അർത്ഥമാണോ നിർമ്മിച്ചത്? തിരികെച്ചെന്ന് അതുപറഞ്ഞ മഹാനെ തെരഞ്ഞുപിടിച്ച് ഇരു ചെകിടത്തുമായി കൈയ്യൊപ്പു പതിയ്ക്കണമുണ്ടായിരുന്നുവെങ്കിലും ഒന്നു തിരിഞ്ഞുപോലും നോക്കാതെ ഗോവിന്ദൻ അന്ധകാരത്തിന്റെ വക്ത്രത്തിലേയ്ക്കു നടന്നുകയറി. ഒരുപക്ഷേ അതിനുമറുപടിയായി ‘കൈയ്യൊപ്പു’ പതിച്ചിരുന്നെങ്കിൽ ചോദ്യചിഹ്നങ്ങൾ കൂരമ്പുകളായി തനിയ്ക്കുമേൽ പതിയ്ക്കുമായിരുന്നു. തമാശയായി പറഞ്ഞതിന് എന്തിനു തല്ലി, ഈ അസമയത്ത് എവിടെ, എന്തിന്, ആരെക്കാണാൻ തുടങ്ങിയ ചോദ്യങ്ങളെ അഭിമുഖീകരിയ്ക്കേണ്ടതായി വരും. യുക്തിക്കുനിരക്കുന്നതും വ്യക്തവുമായ ഒരുത്തരം പറയാൻ കഴിഞ്ഞെന്നുവരില്ല.  അതുകൊണ്ടുതന്നെ നിശിചാരികുലേന്ദ്രരുടെ പട്ടികയിൽ‌പ്പെടുത്തി, ജാരനെന്നോ തസ്കരനെന്നോ ഉള്ള ഉപവിഭാഗങ്ങളിലേതെങ്കിലുമൊന്നിലോ ഉൾപ്പെടുത്തിയേക്കം (അങ്ങനെ മുദ്രകുത്തിയാൽ അതിൽ തെറ്റുണ്ടോ?). അതിനേക്കളേറെ നല്ലത് ചോദ്യങ്ങളിൽ നിന്നും സംശയപ്രകടനങ്ങളിൽ നിന്നുമൊക്കെ ഒളിച്ചോടുന്നതാണ്. ഒളിച്ചോട്ടവും യാഥാർത്ഥ്യത്തോടുള്ള വിമുഖതയും ഒന്നിനുമൊരു പരിഹാരമല്ല . ഇവിടെ അഭിമുഖീകരിച്ചാലും ഒളിച്ചോടിയാലും പരിഹരിയ്കാനാകാത്ത വിധത്തിൽ കാര്യങ്ങൾ വഷളായിക്കഴിഞ്ഞിരിയ്ക്കുന്നു. അമ്മ, മനഃപൂർവം കൂട്ടിച്ചേർക്കതിരുന്നതോ മറന്നുവച്ചിരുന്നതോ ആയ ‘ഈയിടെയായി’ എന്ന പദം മൂന്നാമതൊരാൾ ചോദിച്ചിരിയ്ക്കുന്നു. ആ പദം അയാളുടെ ഹൃദയത്തിലുടക്കി. അയാൾ അന്ധകാരത്തിലേക്കു കൂപ്പുകുത്തി. വൈകിയിരിക്കുന്നു!
      
           ആവൺക്കിൻ പത്തലുകൾ തീർത്ത വേലിക്കിപ്പുറത്തെത്തിയയുടൻ തന്നെ അയാൾ മുണ്ട് ഒന്നു മുറുക്കിയുടുത്തു. ആരും കാണാത്ത വിധത്തിൽ തന്റെ ഷർട്ടിനുള്ളിൽ ശരീരത്തോടു ചേർന്നിരുന്ന ആ തോർത്ത് പുറത്തെടുത്ത്, തലയ്ക്കുകുറുകെ കെട്ടി. വെറുതെ ഒരു സുരക്ഷയെക്കരുതി! ആ വേലിയെ അയാൾ തന്റെ നേത്രങ്ങളാലൊന്നുഴിഞ്ഞു. ആവണക്കിൻ പത്തലുകൾ അയാളുടെ മനസ്സിലൊന്നു പുളഞ്ഞു. വടുക്കൾ മാഞ്ഞുവെങ്കിലും മൃതപ്രായരായിക്കിടന്നിരുന്ന ചില തിണർപ്പുകൾ മനസ്സിൽ പുനർജ്ജനിച്ചു വിങ്ങി.
       
          ആ നോട്ടത്തിലടക്കം ചെയ്തിരുന്ന ഊഷ്മളതയുടെ ധ്വനി വളരെ വ്യക്തമായാണ് തനിക്കുമുന്നിലവതരിച്ചത്. പറഞ്ഞാൽ വാക്കുകളിലൊതുങ്ങാത്ത സുഖമുള്ള ഒരു നൊമ്പരവും ആ ഊഷ്മള നോട്ടങ്ങളയച്ച നീല നേത്രങ്ങളും ഹൃദയത്തിന്റെ ആഴങ്ങളിൽ പതിച്ച ദിനങ്ങൾ. ആ ദിനങ്ങൾക്കൊടുവിൽ തനിക്കുലഭിക്കുകയുണ്ടായ പ്രതിഭലം കുറെയേറെ താഡനങ്ങളായിരുന്നു. ആവണക്കിൻ പത്തലിനാലായിരുന്നു അച്ഛൻ ആ കർമം ഭംഗിയായി നിർവഹിച്ചത്! അപ്പോഴും ആ പത്തലിൽ കൊഴിഞ്ഞുപോകാൻ തയ്യാറാകാ‍തെ ഒരു കായയുണ്ടായിരുന്നു. എന്നാൽ ആ നീലനേത്രങ്ങളിൽ നിന്ന് അശ്രുകണങ്ങൾ കൊഴിയാതിരുന്നില്ല. എണ്ണം ഓർമയില്ല. എന്തിനെന്നറിയമായിരുന്നെങ്കിലും അറിയില്ലെന്നു ഭാവിച്ചു, വാദിച്ചു. മകൻ നിമിത്തം അപമാനിതനാകേണ്ടിവന്ന പിതാവ് ഇത്തരത്തിലല്ലാതെ കുറഞ്ഞപക്ഷം എങ്ങനെ പ്രതികരിക്കും?
      
           വായുവിൽ‌പ്പുളഞ്ഞ ആവണക്കിൻ പത്തൽ തുടരെത്തുടരെ തന്റെ തുടയിൽ‌ ചുംബിച്ച് തിരികെപ്പോയ് നിമിഷങ്ങൾക്കൊടുവിൽ ആ ആവണക്കിൻ പത്തൽ അച്ഛന്റെ കൈയിൽനിന്നിറങ്ങി
-അദ്ദേഹം പോലുമറിയാതെ- വടക്കേപ്പറമ്പിലേക്കോടി. പിന്നെ വിയർപ്പിൽക്കുതിർന്ന സ്വഗാത്രത്തോടു ചേർത്തുനിർത്തി. തല്ലിനുശേഷമുള്ള തലോടൽ. മൂർദ്ധാവിൽ വീണ നനവ് ഇടതൂർന്നുവളർന്നു നിൽക്കുന്ന മുടിയിഴകൾ പങ്കിട്ടെടുത്തതിനാൽ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയതറിഞ്ഞിരുന്നില്ല. ആവണക്കിൻ പത്തലുകൾ ഒടിഞ്ഞിടത്തുവച്ച് പുതിയ മുളപൊട്ടി. ചില്ലകളും കായ്കളുമായി വളർന്നു, കാലത്തിനൊപ്പം അവളും താനുമെന്ന പോലെ. അച്ഛനും അമ്മയ്ക്കും പ്രായമേറി. ആവണക്കിൻ പത്തലിനും.
     
          വേലിപ്പടർപ്പുകൾക്കിടയിലൂടെ അയാൾ നുഴഞ്ഞു കയറി. ഒരു പഴയ തറവാടാണ് -അവളുടെ വീട്. വേലികടന്നയുടൻ തന്നെ നടത്തം ഒന്നു കുനിഞ്ഞിട്ടാക്കി! ശബ്ദമൊന്നുമുണ്ടാക്കാതെ സാവധാനത്തിൽ ചുറ്റുവരാന്ത വരെയെത്തി. വീട്ടിന്റെ പിൻഭാഗം. പെട്ടന്നൊരനക്കം. കതകിന്റെ സാക്ഷ നീങ്ങുന്നു! അയാൾ വേഗത്തിൽ കിണറിനു പിന്നിലൊളിച്ചു. ആഗതൻ/ആ‍ഗത അല്പസമയത്തിനകം അകത്തേക്കു കയറിപ്പോയി (സാക്ഷ നീങ്ങുന്ന ശബ്ദം വീണ്ടും കേട്ടു).
      
           അല്പസമയത്തിനകം തന്നെ വിളക്കുകൾ കണ്ണടച്ചു. തെക്കേത്തൂണിനു സമീപം മാത്രം ഒരു ബൾബ് ഒറ്റക്കണ്ണിൽ പ്രകാശിച്ചുകൊണ്ടിരുന്നു. അയാൾ ശ്രദ്ധാപൂർവം അവിടെനിന്നെഴുനേറ്റു. പതുക്കെ ചുറ്റുവരാന്തയിലെത്തി, അവിടെ നിന്നും നാഗരൂപം സ്വീകരിച്ച് പൂമുഖത്തേക്കും വടക്കെ കോലായിലെ വാതിലിനു മുന്നിലുമെത്തി (നടത്തമായിക്കൂടാ, പുറമെനിന്നു നോക്കുന്നവർക്ക് അതുകാണുവാൻ കഴിഞ്ഞേക്കും. എങ്കിൽ തന്റെ കാര്യം ചോദ്യചിഹ്നം പോലെ വളഞ്ഞ് തലകുനിച്ചുനിൽക്കും).
      
          അയാൾ മുട്ടുനിലത്തൂന്നി നിന്നുകൊണ്ട് കതകിൽ മൂന്നുതവണ മൃദുവായി മുട്ടി. അകത്തുനിന്നും പ്രതികരണമൊന്നുമില്ല. വീണ്ടും മൂന്നുപ്രാവശ്യം മൃദുവായിത്തന്നെ മുട്ടി. ഇത്തവണ അകത്ത് വൈദ്യുത വിളക്ക് രണ്ടുതവണ കണ്ണുചിമ്മി. ഗോവിന്ദൻ മൂന്നുതവണകൂടി മുട്ടി. ആ കതക് സാവധാനം തുറക്കപ്പെട്ടു.
       
           “എന്താ വൈകീത്?”

മൃദുവും കുലീനവും പതിഞ്ഞതുമായ ശബ്ദം.
      
           “അത്ര നേരത്തെയിറങ്ങുവാൻ പറ്റുമോ? മാത്രവുമല്ല, കവലയിലൂടെയല്ലേ വരാൻ പറ്റൂ. അവിടെ നിറയെ കൂട്ടുകാരും പരിചയക്കാരുമല്ലേ?”
      
           “ഇത്രഭയന്നിട്ടാണെങ്കിൽ, പിന്നെന്തിനാ പാത്തും പതുങ്ങിയും ഇതിനിറങ്ങിയത്? പകൽ വെളിച്ചത്തിൽ വന്നാലെന്ത്? ലോകത്തിലാദ്യത്തെ സംഭവമൊന്നുമല്ലല്ലോ!”

പതിഞ്ഞനിലയിൽ‌പ്പോലും അപ്പോൾ ഗോവിന്ദന്റെ ശബ്ദമുയർന്നില്ല. കനത്ത അന്ധകാരവും അതിനേക്കാൾ കനത്തിൽ മൌനവും ആ വാതിൽ‌പ്പടിക്കപ്പുറത്തും ഇപ്പുറത്തുമായി തളം കെട്ടിനിന്നു. ഏറെ താമസിയാതെ ഗോവിന്ദൻ പതുക്കെ ആ വാതിൽ‌പ്പടി കടന്നു. വാതിൽ വീണ്ടുമടഞ്ഞു.
                                                 *    *    *    *    *    *    *    *    *
           കോരിച്ചൊരിയുന്ന മഴ ശരീരത്തിലേറ്റിയ തണുപ്പുമായി അയാൾ നടത്തം തുടർന്നു. മുന്നിൽ വയൽ. വരമ്പിലൂടെ നടന്നാൽ എത്രെയും പെട്ടന്ന് വീട്ടിലെത്താം. പക്ഷേ വരമ്പുകളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. വയലിന്റെ സ്ഥാനത്ത് ഇപ്പോൾ ഒരു വലിയ തടാകം സ്ഥാനം പിടിച്ചിരിക്കുന്നു. വെള്ളം. സർവത്ര വെള്ളം. ലോകം തന്നെ വെള്ളമാണ്!
      
          വരമ്പിലൂടെ നടക്കുകയെന്ന ശ്രമകരമായ ദൌത്യത്തിന് സലാം പറഞ്ഞുകൊണ്ട് ഇടതുവശത്തായി കാണപ്പെട്ട ചെറുപാതയിലൂടെ ഗോവിന്ദൻ നടന്നുനീങ്ങി. ഇടതുവശത്ത് ഇടതൂർന്നു വളർന്നുനിൽക്കുന്ന വൃക്ഷങ്ങൾ സൃഷ്ടിക്കുന്ന ഭീകരതക്കും വലതുവശത്ത് വയലിനെയും പാതയെയും വേർതിരിക്കുന്ന വേലിപ്പടർപ്പുകൾക്കുമിടയിലൂടെ നടക്കുമ്പോൾ വീട്ടിന്റെ ചുറ്റുവരാന്തയിൽ തൂണുംചാരി കാലും നീട്ടി നാലുംകൂട്ടി മുറുക്കി നീട്ടിത്തുപ്പിയിരിക്കുന്ന മുത്തശ്ശി -പണ്ടെങ്ങോ- പറഞ്ഞ കഥകളിൽ കടന്നുകൂടിയ ഭീകരകഥാപാത്രങ്ങളും യക്ഷികളുമൊക്കെ  മനസ്സിൽ കടന്നെത്തി വാതിലിൽ മുട്ടിയെങ്കിലും അയാൾക്കു ചിരിയാണുവന്നത്.
        
          കുറേ നേരമങ്ങനെ നടന്നു. പകൽ സമയത്ത് നടക്കുമ്പോൾ തോന്നിയിട്ടില്ലാത്തത്ര ദൈർഘ്യം രാത്രിയിൽ തോന്നുവാൻ എന്താണുകാരണമെന്ന് അയാൾ ചിന്തിക്കാതിരുന്നില്ല.
      
           അതെ. ഇനി പതുക്കെയിങ്ങനെ നടക്കുന്നതിൽ അർത്ഥമില്ല. മഴയാണെങ്കിലൊട്ടു കുറയുന്ന ലക്ഷണവുമില്ല. ഓടുന്നതിനേക്കാൾ സമയലാഭത്തിനു നല്ലത് കുറുക്കുവഴികളാണ് - വേണുമാഷിന്റെ വീടിനുപിന്നിലെ പറമ്പിനു സമീപത്തെത്തിയ ഗോവിന്ദൻ ചിന്തിച്ചു. മതിൽ ചാടിക്കടന്ന് -വീട്ടിലുള്ളോരെ ശല്യപ്പെടുത്താതെ- പറമ്പുമുറിച്ചുകടന്നാൽ വീണ്ടും പാതയിലേക്കു പ്രവേശിക്കാം. അങ്ങനെയെങ്കിൽ ലാഭിക്കുന്നത് പതിനഞ്ചുമിനിറ്റോളം സമയമാണ്.
      
            പിന്നെയൊരിക്കൽക്കൂടി ചിന്തിച്ച് തെളിഞ്ഞുവന്ന ആശയത്തെ വളച്ചൊടിക്കുവാനോ എറിഞ്ഞുടക്കുവാനോ അയാൾ തയ്യാറായിരുന്നില്ല. മുണ്ട് മുറുക്കിയുടുത്തു, തലയിൽ കുറുകെ കെട്ടിയിരുന്ന തോർത്തും. മതിൽ ചാടിക്കടന്നു. പറമ്പിലെ തിണ്ടിന്മേലെത്തി. അവിടുന്ന് ഒറ്റച്ചാട്ടത്തിന് താഴെയിറങ്ങി, വീട്ടിന്റെ വശത്തുകൂടി പോയാൽ മുൻ‌വശത്തെ മതിൽ ചാടിക്കടന്ന് പാതയിലേക്കു പ്രവേശിക്കാമെന്നത് മനസ്സിലുറപ്പിച്ചുകൊണ്ട് അയാൾ തിണ്ടിൽ നിന്നും എടുത്തുചാടി. താഴെയെത്തുവാൻ അല്പം താമസം നേരിട്ടു. താഴെയെത്താതിരുന്നില്ല. എന്നാൽ എത്തിയത് പറമ്പിലെ കിണറിനുള്ളിലായിരുന്നു എന്നേയുള്ളൂ. കിണറിൽ!
      
             ഒന്നുമുങ്ങിത്താണ് പൊന്തിവന്നയുടൻ തന്നെ ഒരു തൊടിയിലള്ളിപ്പിടിച്ച് അയാളവിടെത്തന്നെയിരുന്നു. തലയിൽ നിന്നും തോർത്തും അരയിൽനിന്നും മുണ്ടും അഴിഞ്ഞുപോയിട്ടില്ല എന്നറിഞ്ഞതിൽ അയാൾക്ക് എന്തെന്നില്ലാത്ത ഒരാശ്വാസം! ശക്തിയായി കിതച്ചുകൊണ്ട് മുഖം തുടച്ചുകൊണ്ട് അയാൾ മുകളിലേക്കു നോക്കി. കുറേയേറെ കണ്ണുകളും അതിന്റെ പകുതിയോളം തന്നെ ടോർച്ചിൻ കണ്ണുകളും തന്നെ ഉറ്റുനോക്കുന്നു എന്നുകണ്ടപ്പോൾ അയാൾ അക്ഷരാർത്ഥത്തിൽ ഞെട്ടി! പൊതുവെ സരസ സ്വഭാവക്കാരനായ അയാൾ, താൻപോലുമറിയാതെ പറഞ്ഞുപോയി:
      
            “കിണറ്റിൽ കല്ലുവീണതാ... നിങ്ങൾ പോയിക്കിടന്നുറങ്ങിക്കോ...”

ഹതു കൊള്ളാം!
ഉടൻ തന്നെ മുകളിൽ നിന്നും മറുപടിയെന്നോണം ഒരു ശബ്ദം കേട്ടു:
      
           “കല്ല് തൽകാലമവിടെയിരി. ഞങ്ങളു പൊക്കിയെടുത്ത് തച്ചുടച്ചൊരു പള്ളിപണിയുന്നുണ്ട്!”

മറുപടി എത്തിയപ്പോഴാണ് താനെന്താണു പറഞ്ഞത് എന്നതിനെക്കുറിച്ച് അയാൾ ചിന്തിച്ചത്!
      
           “കള്ളനായിരിക്കും, അത്?”

ആരുടെയോ അധരങ്ങൾ ചലിച്ചു. അവിടെ കൂടിനിന്നിരുന്നവരുടെ അധരങ്ങൾ അതേറ്റുപിടിച്ചു.
      
           അല്പസമയത്തിനകം കിണറിനുള്ളിലേക്കിറങ്ങി വന്ന കയറിൽത്തൂങ്ങിപ്പിടിച്ച് ഒരു റബ്ബർ വലിയ റബ്ബർ കുട്ടയുമുണ്ടായിരുന്നു. അകമ്പടി സേവിച്ചുകൊണ്ട് ഒരു ശബ്ദവും തൊടിയിറങ്ങി വന്നു (അല്പം മുമ്പു കേട്ടതുതന്നെ)
      
            “കല്ല് ’ആ കുട്ടയിലേക്കു കേറിയാട്ടെ”

കയറിക്കളയാം! മുകളിലെത്തിയാലുടൻ പിടികൊടുക്കാതെ പെട്ടെന്നിറങ്ങി ഓടിക്കളഞ്ഞാൽ മതിയല്ലോ?!
      
           അയാ‍ളെയും വഹിച്ചുകൊണ്ട് ആ കുട്ട സാവധാനത്തിൽ മുകളിലേക്കു നീങ്ങിക്കൊണ്ടിരുന്നു.
      
            ഗോവിന്ദൻ കൈകൾ കൊണ്ട് മുഖം മറച്ചുകൊണ്ടുതന്നെ ആ കുട്ടയിൽ നിന്നിറങ്ങി. ഒരൊറ്റയോട്ടത്തിനൊരുങ്ങിയതും ആരാണെന്നറിയില്ല, ഒരു മുഷിഞ്ഞുനാറിയ ലുങ്കി അയാളുടെ തലയിലൂടെ അതിവേഗത്തിലെടുത്തു മൂടി, അയാൾ പിടിച്ചുനിറുത്തപ്പെട്ടു.
---------------------------
ഏതാനും നിമിഷങ്ങൾക്കകം ഗോവിന്ദൻ ഈരേഴു പതിന്നാലു ലോകവും ചുറ്റി, നവഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും സന്ദർശിച്ച് തിരികെയെത്തി (അത്രത്തോളം മഹത്തരവും മനോഹരവുമായിരുന്നു ശരീ‍രത്തിനത്ര സുഖകരമല്ലാത്ത താഡനങ്ങൾ കൊണ്ടുള്ള പൂജ!). ശേഷം അയാളെ ചിലർ ഒരു വൃക്ഷഗാത്രത്തോടു ചേർത്ത് ബന്ധിക്കാ‍നൊരുങ്ങിയപ്പോൾ, കേട്ട ശബ്ദത്തിന്റെ ഉടമ തന്റെ സുഹൃത്തും എന്നതിലുപരി സഹോദരനുമായൈത്തീർന്ന വേണുമാഷാണ് എന്നു മനസ്സിലായി (എന്നാൽ മുഖം മറച്ച അവസ്ഥയിൽ, ഇരുട്ടിൽ അദ്ദേഹത്തിന് തന്നെ തിരിച്ചറിയുക എളുപ്പമല്ലല്ലോ!).
      
           “കെട്ടിയിടാൻ വരട്ടെ. അതിനുമുൻപ് ആ വിരുതന്റെ മുഖമൊന്നു കണ്ടിരിയ്ക്കണമല്ലോ”

നിഷ്ക്രിയരായി നോക്കിനിന്നവർ പോലും അതുശരിവച്ചു. ലുങ്കി മാറ്റപ്പെട്ടു. തലകുനിച്ചുനിന്ന ഗോവിന്ദന്റെ മുഖം ആരോ പിടിച്ചുയർത്തി. അയാളുടെ മുഖത്തേക്കുനോക്കി ഒരു ടോർച്ച് പല്ലിളിച്ചുകാട്ടി.
     
          “ങേ.. ഗോവിന്ദനോ?!”

ആ ശബ്ദമുയർന്നത് അവിടെ നിന്നിരുന്ന ഓരോരുത്തരുടെയും തൊണ്ടകളിൽ നിന്നായിരുന്നു. ജനം മൂക്കത്തു വിരൽ വച്ചു. കിഴക്കെവിടെയോ കൊടുങ്കാറ്റുവീശുകയും പടിഞ്ഞാ‍റ് സമുദ്രമിളകി മറിയുകയും ചെയ്തുകഴിഞ്ഞിരുന്നു. മൂക്കത്തുവിരൽ വച്ചിരുന്നവരുടെ അതിശയം, പിറുപിറൂപ്പുകളായി പരിണമിച്ചു!
                                                    *    *    *    *    *    *    *    *    *
         ഓരോ പടവുകൾ കയറുമ്പോഴും വാർഡിലേക്കുള്ള ദൂരവും പടവുകളുടെ എണ്ണവും നിമിഷം പ്രതി വർദ്ധിക്കുകയാണെന്ന പ്രതീതിയാണ് സംഗീതയ്ക്കുണ്ടായത്. അവൾ അല്പം ക്ഷീണിതയായി കാണപ്പെട്ടു.
      
         വാർഡിലെത്തിയ അവളുടെ നീലനേത്രങ്ങൾ തിരഞ്ഞത് ഗോവിന്ദനെയായിരുന്നു. തണുപ്പും അനിവാര്യമോ അല്ലാത്തതോ എന്നറിയാത്ത ചിന്തകളും അവളുടെ കവിളുകളിലും മൂക്കിൻ തുമ്പിലും ഇളം ചുവപ്പു പടർത്തിയിരുന്നു. ഗോവിന്ദൻ വാർഡിലുണ്ടായിരുന്നില്ല. നേഴ്സ് അവളെ ഗോവിന്ദന്റെ മുറിയിലേക്കു നയിച്ചു.
      
          കസേരയിൽ ചാരിയിരുന്ന് എന്തോ ചിന്തിച്ചുകൊണ്ടിരിക്കുന്ന വേണുമാഷ്, ഗോവിന്ദനുസമീപം എന്തോ വായിച്ചുകൊണ്ട് കട്ടിലിൽത്തന്നെയിരിക്കുന്ന കൃഷ്ണൻ‌കുട്ടി, നെറ്റിയിലെയും കാലിലെയും മുറിവുകളും പരിക്കേറ്റ കൈയ്യും കെട്ടിയ നിലയിൽ കട്ടിലിൽ നിവർന്നുകിടക്കുന്ന ഗോവിന്ദൻ (അയാൾ ജനൽച്ചില്ലിൽ മുട്ടിവിളിച്ചുകൊണ്ട് താഴേക്കിഴയുന്ന മഴത്തുള്ളികളെ വീക്ഷിക്കുകയാണ്). കതകിന്റെ വിടവിലൂടെ സംഗീതയുടെ വലതുകണ്ണ് ഒപ്പിയെടുത്ത ദൃശ്യങ്ങൾ ഇതായിരുന്നു. അവൾ പെട്ടന്ന് പിൻ‌വലിഞ്ഞ് പുറത്തെ ഭിത്തിയിൽ ചാരിനിന്നു. കണ്ണുകളിലെ നനവ് വറ്റിയിരുന്നില്ല; അത് കവിൾത്തടത്തിൽ നീർച്ചാലുകൾ സൃഷ്ടിച്ചു. അല്പനേരത്തിനു ശേഷം അവൾ മുറിയുടെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. വായിച്ചുകൊണ്ടിരുന്ന മാസിക കട്ടിലിൽത്തന്നെയുപേക്ഷിച്ച് കൃഷ്ണൻ‌കുട്ടിയും നിസ്സംഗനായി വെറുതേ നോക്കിയിരുന്ന വേണുമാഷും എഴുനേറ്റു. വേണുമാഷ് അവളുടെ മുഖത്തേക്ക് ഒന്നു നോക്കി.
      
         “ഞങ്ങൾ ചായവാങ്ങി വരാം.”
      
          കൃഷ്ണൻ‌കുട്ടി, തെർമോഫ്ലാസ്കുമടുത്ത് വേണുമാഷിനെയും കൂട്ടി മുറിയിൽ നിന്നും പുറത്തിറങ്ങി. അവർ മൌനം പാലിച്ചുകൊണ്ടുതന്നെ ഇടനാഴിയിലൂടെ നടന്നുനീങ്ങി. സംഗീത വാതിൽക്കൽത്തന്നെ നിൽക്കുകയായിരുന്നു. ഗോവിന്ദനുസമീപത്തേക്കു നടക്കാനൊരുങ്ങിയ അവളുടെ കാലുകൾക്ക് ഒരുനിമിഷം ചലനശേഷി നഷ്ടപ്പെട്ടു. ഗോവിന്ദൻ ആ മഴത്തുള്ളികളെയും ആ നീലനേത്രങ്ങളെയും മാറിമാറി, യാദൃശ്ചികമെന്ന പോൽ നോക്കിക്കൊണ്ടിരുന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് അവൾ ഗോവിന്ദന്റെയടുത്തെത്തി. അവൾ ഇരുന്നില്ല. സാരിത്തുമ്പ് കൈയ്യിൽ‌പ്പിടിച്ച് മിഴിനീർ കവിളുകളിൽ തീർത്ത ചാലുകൾ വിസ്മരിച്ച് അങ്ങനെതന്നെ നിന്നു. നോട്ടം, ഗോവിന്ദനിൽ പതിഞ്ഞുകിടന്നു.
      
          “ക്ഷമിക്കണം, എന്നോടിത്രയേറെ സ്നേഹമുണ്ടായിരുന്നു എന്നുമനസ്സിലാക്കാൻ വൈകിയത് എന്റെ തെറ്റ്!”
      
           അയാളുടെ കാലിൽ ഏതാനും തുള്ളി അശ്രുകണങ്ങൾ പതിച്ചു! അവിടം പൊള്ളുകയാണെന്ന് അയാൾക്കു തോന്നി. കാലിനു വല്ലാത്ത ഭാരം അനുഭവപ്പെട്ടു? തെല്ലുനേരത്തിനു ശേഷം അവൾ മുഖമുയർത്തി അയാളെ നോക്കി. ഗോവിന്ദന്റെ കണ്ണുകൾ അവളെ അയാളുടെ സമീപത്തേക്കു വിളിച്ചു. അവൾ കട്ടിലിൽ, അയാൾക്കുസമീപത്തായി ഇരുന്നു. അയാളും എഴുനേറ്റിരുന്നു. അവർക്കിടയിൽ മൌനത്തിന്റെ മതിൽക്കെട്ട് ഉയർന്നുവരുവാൻ ഗോവിന്ദനനുവദിച്ചില്ല. അയാൾ ചോദിച്ചു.
      
          “അമ്മ പറഞ്ഞു?”

ഒരു മൂളൽ മാത്രം. അയാളെ ഒന്നുകൂടി നോക്കിയ അവളുടെ നേത്രങ്ങൾ അയാളുടെ പരിക്കുകളിൽ അരിച്ചുനടന്നു. ആ നേത്രങ്ങൾ വീണ്ടും നിറഞ്ഞൊഴുകി.
      
         “കരയാതിരിക്കൂ, വിഷമിക്കാനെന്തിരിക്കുന്നു. ഇത്രകൊണ്ടവസാനിച്ചില്ലേ!”
  
          “എന്നെക്കാണാൻ വന്നതുകൊണ്ടാണെന്നോർക്കുമ്പോൾ...”

വാക്കുകൾ മുറിയുന്നു.
      
          “അതിൽ എനിക്കു ഖേദമൊന്നുമില്ല. ഒരു തവണയെങ്കിലും ഞാനതു പ്രതീക്ഷിച്ചിരുന്നു. അല്ല, കാര്യങ്ങൾ ഇത്രത്തോളമെത്തിച്ചതും ഞാൻ തന്നെയായിരിയ്ക്കാം.”
      
          “അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. വെറുതെയൊന്നു വിളിച്ചാൽ മതിയായിരുന്നു. ഞാനോടിയെത്തുമായിരുന്നില്ലേ! ഞാ‍നതാഗ്രഹിച്ചിരുന്നു.”
      
          “എനിക്കതറിയാമായിരുന്നിട്ടുകൂടി ഞാനതു ചെയ്തില്ല. അതെന്റെ മിസ്റ്റേക്കോ കോം‌പ്ലക്സോ ആയിരിക്കും. അതും വേണ്ടിവരില്ലായിരുന്നു, ഒരുപക്ഷേ...”
      
          “...ഞാനിറങ്ങിപ്പോകാതിരുന്നെങ്കിൽ!”

അവൾ പൂർത്തിയാക്കി. ഗോവിന്ദൻ തലകുലുക്കിയതേയുള്ളൂ.
      
           “അല്ലെങ്കിൽ, എന്തിനായിരുന്നു ഞാനിറങ്ങിപ്പോയത്? എന്തിനായിരുന്നു നമ്മൾ നമുക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കിയത്?”
      
           “നമ്മൾ അല്ല. ഒരുപക്ഷേ സംഗീത തന്നെയാണ്!”

സാരിത്തുമ്പിനാൽ മിഴിനീർ ഒപ്പിയെടുത്തുകൊണ്ടിരുന്ന അവളെ നോക്കി അയാൾ തുടർന്നു.
      
           “വിവാഹത്തിനുമുമ്പുണ്ടായിരുന്ന സ്നേഹവും വിവാഹാനന്തര സ്നേഹവും, രണ്ടും രണ്ടാ‍ണെന്ന് തിരിച്ചറിയുകയും സ്നേഹമെന്നത് നമുക്കിടയിൽ നിലനിർത്തുവാൻ പരസ്പരം അഡ്ജസ്റ്റ് ചെയ്യുകയുമായിരുന്നു വേണ്ടിയിരുന്നത്. അത്രമാത്രം. പണ്ട്, മഴനനഞ്ഞ് ഇടവഴിയിലൂടെ പോകുമ്പോൾ പരസ്പരം നോക്കി പുഞ്ചിരിതൂകിയ ആ പ്രായമല്ല. മുതിർന്നിരിക്കുന്നു, പക്വതകൈവരിച്ചിരിക്കുന്നു, അതിലുപരി വിവാഹിതരുമായിരിക്കുന്നു നമ്മൾ”
      
            “പക്ഷേ...”

വാക്കുകൾ പിന്നെയും മുറിയുന്നു.

ഗോവിന്ദൻ തുടർന്നു.
  
           “തെറ്റ് നമ്മളിരുവരുടെയും ഭാഗത്തുണ്ട്. ഞാനൊരൽ‌പ്പം റഫ് ആയി പെരുമാറി. അതൊരുപക്ഷേ തനിക്കു താങ്ങാവുന്നതിലും അധികമായിരുന്നിരിക്കണം. എങ്കിലും ഒരുപക്ഷേ സംഗീതയ്ക്ക് സൌമ്യമായി പരിഹരിക്കുവാൻ കഴിയുമായിരുന്നു. അല്ലേ? എന്നാൽ അതിനു പകരം കുറ്റപ്പെടുത്തുകയും പിന്നെയൊരു ഇറങ്ങിപ്പോക്ക് നടാത്തുകയുമായിരുന്നു!”
മൌനം പാ‍ലിച്ചിരിക്കുന്ന അവളെ നോക്കി, അയാൾ തുടർന്നു.
      
           “കുറ്റപ്പെടുത്തുകയല്ല. സംഗീതാ, നിലവിളക്കും നിറപറയും സാക്ഷിയായി താലികെട്ടിയതുകൊണ്ടു മാത്രം ഭാര്യാഭർത്താക്കന്മാർ ആകില്ല. ആ താലി ഒരു വാഗ്ദാനമാണ്. ജീവിതം മുഴുവൻ എന്തുതന്നെയുണ്ടായാലും പരസ്പര വിശ്വാസത്തോടും സ്നേഹത്തോടും കഴിങ്ങുകൊള്ളുമെന്ന് ഒന്നിക്കുന്ന മനസ്സുകൾ തമ്മിലുള്ള വാഗ്ദാനം.അതുപാലിക്കുകയെന്നത് ഒരാളുടെ മാത്രം ചുമതലയല്ല.ശരിതന്നെ. പക്ഷേ ചെറിയ പ്രശ്നങ്ങൾ പോലും നമ്മൾ സംസാരിച്ചു വഷളാക്കിയപ്പോൾ സംഭവിച്ചത് ‘താലി’ എന്ന വാഗ്ദാനത്തിന്റെ കനത്ത ലംഘനമായിരുന്നു. ‘ഇറങ്ങിപ്പോക്ക്’ അതിനു ഘനം നൽകുകയും ചെയ്തു. എനിക്കുണ്ടായ വിഷമം പോട്ടെ, താനൊരു അമ്മയാകാനൊരുങ്ങുന്ന യാഥർത്ഥ്യമെങ്കിലും വിസ്മരിക്കരുതായിരുന്നു.”
      
          അവൾ ചുണ്ടുകടിച്ചു കൊണ്ട് അയാളെ ആർദ്രമായൊന്നു നോക്കി. അവൾ പറഞ്ഞു.
      
          “എന്റെ തെറ്റുഞാൻ മനസ്സിലാക്കുന്നു. പക്ഷേ, പിന്നെയെന്തിനായിരുന്നു ചിലദിവസങ്ങളിൽ -അതും രാത്രി, ഞാൻപോലുമരിയാതെ- അമ്മയുടെ സാന്നിദ്ധ്യത്തിൽ എന്നെ വന്നു കണ്ടത്?”
ഗോവിന്ദൻ തീരെ പ്രതീക്ഷിക്കാതിരുന്ന ചോദ്യം. തെല്ലുനേരത്തിനു ശേഷം അയാൾ ചോദിച്ചു:
  
            “സംഗീതാ, ഒരു പുരുഷൻ ഭർത്താവായിക്കഴിഞ്ഞാൽ അയാൾക്ക് തന്റെ ഭാര്യയോട് ഏറ്റവുമധികം സ്നേഹം തോന്നുന്ന നിമിഷങ്ങൾ ഏതൊക്കെയെന്നൂഹിക്കാൻ കഴിയുമോ?”

മൌനം.
      
            “അയാളുടെ ഭാര്യ തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകാൻ തയ്യാറെടുക്കുമ്പോൾ!”
      
            അവൾ മുഖമുയർത്തി തന്നെ നോക്കുന്നത് അയാളറിഞ്ഞില്ല. പകുതി തുറന്നു കിടന്ന ജനൽ‌പ്പാളികളിൽ മുട്ടിവിളിക്കുന്ന് മഴത്തിള്ളികൾ പരസ്പരം എന്തൊക്കെയോ പിറുപിറുത്തു. മടിയിൽ വിശ്രമിക്കുകയാ‍യിരുന്ന തന്റെ കൈത്തലത്തിൽ ഒരു തണുത്ത സ്പർശനമേറ്റ്, ആ മഴത്തുള്ളികൾക്കുമേൽ വിന്യസിച്ചിരുന്ന തന്റെ ദൃഷ്ടി പിൻ‌വലിച്ച് അവളുടെ മുഖത്തേക്കയച്ചു. ചുവന്നതും കലുഷിതവുമായി കാണപ്പെട്ട അവളുടെ കണ്ണുകളിൽ ജീവിതത്തിലെ അർത്ഥത്തിന്റെയും പ്രതീക്ഷയുടെയും നേർത്ത നാമ്പുകൾ മുളപൊട്ടിയിരുന്നു. കവിളുകളിലും മൂക്കിൻ തുമ്പിലും തണുപ്പുപടർത്തിയ ഇളം ചുവപ്പുനിറം അവളെ കൂടുതൽ മനോഹരിയാക്കിമാറ്റിയിരുന്നു! ഗോവിന്ദന്റെ കൈത്തലത്തിൽ ആ തണുത്ത സ്പർശം ഒന്നുകൂടി അമർന്നു. അവർക്കിടയിൽ ഒരു നേർത്ത ഊഷ്മളത നൽകിക്കൊണ്ട് ആ മന്ദമാരുതൻ നേർത്ത മന്ദഹാസത്തോടെ, പകുതി തുറന്നുകിടന്ന ആ ജനൽ‌പ്പാളിയിലൂടെ മുകളിലേക്കുയർന്നു. ഒരുപക്ഷേ അങ്ങു സ്വർഗ്ഗം വരെ!
                                                                          ശുഭം.

9 comments:

 1. നല്ല എഴുത്ത്.
  ചുരുക്കിയെഴുതാൻ ശീലിച്ചാൽ കൂടുതൽ നന്നാവും.
  ബ്ലോഗിൽ നീളൻ പൊസ്റ്റുകൾ വായിക്കാൻ ആളുകുറവാണ്.

  ReplyDelete
 2. എഴുത്ത് ഇഷ്ടായി.. ചുരുക്കി എഴുതൂ എന്ന് ഞാൻ പറയില്ല.. കാരണം എനിക്ക് ഒരിക്കലും കഴിയാത്തതാണ് അത്. പക്ഷെ അല്പം കൂടി വലിയ ഫോണ്ട് ഉപയോഗിക്കുക.. അതുപൊലെ പാരഗ്രാഫുകൾ തമ്മിൽ കൂടുതൽ അകലം കൊടുക്കുക.. വായന സുഖകരമായില്ലെങ്കിൽ ബ്ലോഗ് നമുക്ക് അരോചകമാകും.. ഭാവുകങ്ങൾ

  ReplyDelete
 3. മനോരാജേട്ടാ... കമന്റിയതിന് നന്ദി. അതിനേക്കളുപരി കമന്റിലൂടെ നല്ല നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചതിനും(അതനുസരിച്ച് അല്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്). ബ്ലോഗിൽ കമന്റുകൾ പ്രചോദനവും മാർഗനിർദ്ദേശിയുമവാറുണ്ട് എന്നു മനസ്സിലായി!

  ReplyDelete
 4. കഥ നന്നായിട്ടുണ്ട്. പക്ഷേ, ഒരുപാട് വലിച്ചു നീട്ടിയിരിയ്ക്കുന്നതു പോലെ തോന്നുന്നു.

  ReplyDelete
 5. അതെ നല്ല അവതരണ ഭംഗി ഉണ്ട്.. പക്ഷെ ഇത്രെയും നീളമുള്ള പോസ്റ്റ്‌ പകുതി വഴിക്ക് വെച്ച് നിര്‍ത്തും പകുതി പേരും ....

  ReplyDelete
 6. കഥ നന്നായിട്ടുണ്ട്.

  ReplyDelete
 7. കഥ നന്നായിട്ടുണ്ട് ........
  കുറച്ചു നീളം കൂടിയോ എന്ന് ഒരു സംശയം

  ReplyDelete
 8. ‘സ്നേഹത്തിന്റെ ലോകം’ വായിച്ചവർക്കും കമന്റുകൾ നൽകിയവർക്കും കൊച്ചനിയന്റെ ഹൃദയം നിറഞ്ഞ നന്ദി. പൊതുവായ അഭിപ്രായം പോസ്റ്റിനു നീളം കൂടിപ്പോയി എന്നതാണ്. എഴുതുവാനായി പേപ്പറും പേനയുമായിയിരുന്നാൽ ഭാവനയുടെ കുത്തൊഴുക്കിൽ കടന്നുവരുന്നതെന്തും ആ കടലാസ്സിൽ പകർത്തും. അതിൽനിന്ന് ആവശ്യമായവ എന്ന് തോന്നുന്ന ഘടങ്ങൾ കൂട്ടിച്ചേർക്കുകയോ ആവശ്യമില്ലാത്തവ എന്നു തോന്നുന്ന ഘടകങ്ങൾ നീക്കം ചെയ്യുകയോ ചെയ്യാറുണ്ട്. അത്തരമൊരു ‘പുനർനിർമാണ’ത്തിലേർപ്പെടുമ്പോൾ പ്രസ്തുത സൃഷ്ടികൾക്ക് നീളം കൂടിപ്പോയോ എന്ന് മിക്കവാറും ശ്രദ്ധിയ്ക്കാറില്ല എന്നതാണ് വാസ്തവം. പോസ്റ്റുകൾ വായിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്ത എല്ലാ സാഹിത്യപ്രേമികൾക്കും ഒരിയ്ക്കൽക്കൂടി കൊച്ചനിയന്റെ കൃതജ്ഞതയുടെ പൂച്ചെണ്ടുകൾ...

  ReplyDelete
 9. വായിച്ചു..
  ഇന്നത്തെ ബ്ലോഗ് എഴുത്തില്‍ നിന്ന് വേറിട്ട ഒരനുഭവം ഭാഷയും അവതരണവും ....
  നീളം കൂടി എന്ന് തോന്നിയില്ല കാരണം തിരക്കില്‍ നിന്ന് ഒഴിവായി വായിക്കാന്‍ വേണ്ടി വായിക്കുകയായിരുന്നു..
  നന്നായി ആസ്വദിച്ചു, വളരെ ഗൗരവമായി എഴുതി ഒരു പരിധിവരെ സസ്പെന്‍സും നിലനിര്‍ത്തി,
  ആ നീലനേത്രങ്ങള്‍ ഓര്‍മ്മിച്ച് മഴനനഞ്ഞുള്ള യാത്ര നന്നായി... ....... ......

  ReplyDelete