18 May 2010

യാത്രാമൊഴി

മഴുതിന്ന മാവിൻ ചീളുകൾ
കിടക്കയൊരുക്കുന്നതെനിയ്ക്കു വേണ്ടി
പൂർവികർ വിടപറഞ്ഞുപോയ
തെക്കേത്തൊടിയിലെനിയ്ക്കു കൂട്ടായി
പാവം, അനലനുമൊരുങ്ങുന്നു.
പൂമുഖത്തെന്നിലും എൻ പത്നി,
പുത്രിയിലുമായി നേത്രങ്ങൾ
വിഷാദത്തിൻ മുഖം മൂ‍ടിയണിഞ്ഞ്
ചലിയ്ക്കുന്നു, കാണുന്നു ഞാൻ
നിറയുന്ന രണ്ടു നീലനേത്രങ്ങൾ
എന്റെ പുത്രിയുടേത്.
അതു മാത്രം!
നുറുങ്ങുന്ന ഹൃദയമതെങ്കിലും
കണ്ടില്ലെന്നു നടിച്ചു ഞാൻ പറയുന്നു -
മകളേ നീ കരയായ്ക, പഠിക്കുക!
പരീക്ഷയല്ലേ, നാളെ?
ഇല്ലെങ്കിലത് നഷ്ടം, സംഭവിച്ചിടാം
നഷ്ടം നിൻ ജീവിതത്തിലും!

           മറന്നിട്ടില്ല, ആ വാക്കുകൾ
           നീയൊരിയ്ക്കലെൻ കാതിലോതിയവ.
           ‘എനിക്ക് മാതൃക എന്റെയച്ഛൻ!’
           അന്നെന്റെ കണ്ണുകളടഞ്ഞിരുന്നു,
           കാതുകളടഞ്ഞിരുന്നു,
           നാവുചലിച്ചതുമില്ല!
           അതുകൊണ്ടായിരിയ്ക്കാം, നീയത്
           ശരിയെന്ന് വിശ്വസിച്ചത്.

തെറ്റ് !
അറിയുമോ മകളേ നിന്റെയച്ഛൻ
ഒരുത്തമമാതൃകയല്ലെന്ന് പക്ഷേ
ഒരുദാഹരണം മാത്രമെന്ന് ?
നഷ്ടങ്ങൾക്കുദാഹരണം!
നിർഭാ‍ഗ്യത്തിനുദാഹരണം!
പരാജയങ്ങൾക്കുദാഹരണം!

           അതുഞാൻ ഭൂമിയിലവതരിച്ച രാത്രി.
           ഇടിമിന്നലും കൊടുങ്കാറ്റും പേമാരിയും
           ലോകമിളക്കിമറിച്ച രാത്രി!
           അതുതന്നെയായിരുന്നെൻ മാതാവ് -
           മഴയിൽക്കുതിർന്നലിഞ്ഞു പോയ
           രാത്രിയും.
           സ്നേഹത്താൽ വീർപ്പുമുട്ടിച്ച പിതാവ്.
           കാലം കവർന്നൊരാ പിതാവിൻ സ്നേഹവും
           നഷ്ടമത്രേ!

മാതുലഭവനത്തിൽ
കല്ലുകടിച്ച ചോറിലും
കൂട്ടിക്കുഴച്ചിരുന്നത് ബാലാരിഷ്ടതകൾ.
(നിനക്കന്യമായവ!)
സ്വാതന്ത്ര്യമെന്നത് വെറുമൊരു
പദമായി, എന്നാലതിനർത്ഥം
മണിനാദത്തിന്നനുരണനം പോൽ
മനസ്സിൽ മുഴങ്ങിയപ്പോഴും
അനുഭവിച്ചതിൻ പേർ
നിർഭാഗ്യമത്രേ!

           കൌമാരയൌവ്വന വീഥിയിൽ
           കണ്ടതും കേട്ടതും അറിഞ്ഞതും
           അനുഭവിച്ചതുമെല്ലാം
           പരാജയമത്രേ!

നീ നിനച്ചത് തെറ്റെന്നറിയുമ്പോൾ
ഖേദമുണ്ടാവാം മകളേ,യെന്നാലും
നീ തിരിച്ചറിയുന്നു
അച്ഛനൊരുനല്ല മാതൃകയല്ലെന്ന് !

           പ്രിയ പത്നീ‍, നീ ചെയ്ത
           മുജ്ജന്മ പാപമെന്താണീജന്മ-
           മെന്നെ വരിച്ചിടാൻ?
           നീ സഹിച്ചു, ക്ഷമിച്ചു ധരിത്രിയോളം,
           പിന്നെ
           പൊതിഞ്ഞു, വീർപ്പുമുട്ടിച്ചെന്നെ
           സ്നേഹവായ്പാൽ!
           (അതർഹിച്ചിടാത്തതോ?)

ജീവിതമെന്നാൽ
പരാജയമെങ്കിൽ ജയവും
ദുഃഖമെങ്കിൽ സന്തോഷവും
നിർഭാഗ്യമെങ്കിൽ ഭാഗ്യവും
നഷ്ടമെങ്കിൽ നേട്ടവുമുള്ളതെന്ന്
മനസ്സിലാക്കിത്തന്ന മൃത്യുവാം സുഹൃത്തേ,
അറിയില്ലെനിയ്ക്കിനിയൊരു-
ജന്മമുണ്ടായീടുമോയെങ്കിലത്
നരനായി വേണ്ട, നരിയായി മാത്രം!

6 comments:

 1. കൊച്ചനിയന്റെ തൂലികയിൽ വിരിഞ്ഞ ആദ്യത്തെ കവിത ഇതായിരുന്നില്ല. ഒരു മഴയത്ത് ഭൂമിയിലെ ഓരോ പുൽക്കൊടിത്തുമ്പിലും സ്നേഹചുംബനം നൽകി കടന്നുപോകുന്ന മഴത്തുള്ളികൾ തീർത്ത ചെറിയൊരു ജലാശയത്തിൽ ഒരു കടലാസ്സ്, ചെറുതോണിയായി ഒഴുകിനടന്നപ്പോൾ അങ്ങനെ ഒഴുകിനടക്കുന്നത് എന്റെ ആദ്യത്തെ ‘കവിത’യായിരുന്നു എന്ന് ഞാനറിഞ്ഞപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു...

  ReplyDelete
 2. കൊച്ചനിയാ സ്വകാര്യത്തില്‍ പറയേണ്ടത് കവിതയാക്കുമ്പോള്‍ നാം വളരെയേറെ കരുതണം. അതില്‍നിന്നു വരുന്ന അനുഭവം മറ്റുള്ളവന്റെ കൂടി ആകണം. ഇവിടെ ഇതൊരു കുടുംബ വിഷയം മാ‍ത്രമായി പരിണമിച്ചു.
  ഇടശ്ശേരിയുടെ പള്ളിക്കൂടത്തിലേക്ക് വീണ്ടും, കടമ്മനിട്ടയുടെ കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്, ചുള്ളിക്കാടിന്റെ പിറക്കാത്ത മകന്, തുടങ്ങിയ കവിതകള്‍ വായിച്ചു നോക്കൂ
  എങ്ങനെയാണ് സ്വകാര്യതയെ കവിതയാക്കുന്നതെന്ന്
  ഭാവുകങ്ങള്‍

  ReplyDelete
 3. കൌമാരയൌവ്വന വീഥിയിൽ
  കണ്ടതും കേട്ടതും അറിഞ്ഞതും
  അനുഭവിച്ചതുമെല്ലാം
  പരാജയമത്രേ!

  ReplyDelete
 4. ഋതു വില്‍ അഭിപ്രായം കണ്ടു , രചനകള്‍ നനായിട്ടുണ്ടേ ...ഓണ്‍ലൈന്‍ വായനയെ സംബന്ധിച്ചിടത്തോളം കഥയുടെ ദൈര്‍ഘ്യം കൂടുതലാണ് , ഇനിയും നന്നായി എഴുതാനാവട്ടെ ആശംസകള്‍ .

  ReplyDelete
 5. ശ്രീ എൻ.ബി.സുരേഷ് സന്ദർശനത്തിനും കമന്റിലൂടെ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതിനും ഹൃദയംനിറഞ്ഞ നന്ദി.

  റ്റോംസ് കോനുമഠം, Raveena Raveendran, സിദ്ധീക്ക് തൊഴിയൂർ ‘യാത്രാമൊഴി’ വായിച്ചതിനും കമന്റിയതിനും കൃതജ്ഞതയുടെ പൂച്ചെണ്ടുകൾ!

  ReplyDelete