04 June 2010

വഴിയാത്രക്കാർ

        സുവോളജി ക്ലാസ്സെടുത്തുകൊണ്ടിരുന്ന അദ്ധ്യാപകൻ ലൌ അഫയറുള്ളതോ ഉണ്ടായിരുന്നവരോ ആയുള്ളവർ കൈയ്യുയർത്തുവാനാവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു അദ്ദേഹത്തിനു ഫലം. ആ നിമിഷത്തിൽ, എന്നാൽ കഥാനായകനും തന്റെ സുഹൃത്തും പരസ്പരം നിയന്ത്രിയ്ക്കുകയായിരുന്നു. ആരെങ്കിലും കൈയ്യുയർത്തുകയോ അതിനു ധൈര്യപ്പെടുകയോ ചെയ്താൽ പക്വതയെക്കുറിച്ച് സംസാരിയ്ക്കാമെന്നു പറഞ്ഞ അദ്ധ്യാപകൻ പ്രസ്തുത വിഷയത്തിന് തദവസരത്തിൽ പൂർണവിരാമമിട്ടുകൊണ്ട് ഏതോ ഒരു പാവം പാറ്റയുടെ ആന്തരികാവയവങ്ങളെ (അനാട്ടമി) വീണ്ടും വീണ്ടും പീഡിപ്പിയ്ക്കാനൊരുങ്ങിയപ്പോഴും കഥാനായകനും സുഹൃത്തും പ്രസ്തുത ചോദ്യമുണ്ടാക്കിയ തരംഗത്തിനുള്ളിൽ വിറച്ചുകൊണ്ടിരുന്നു.
    
         ഇന്റെർവൽ ടൈം. ഒരു ഫ്ലറ്റിന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചുവരുന്ന ട്യൂഷൻ സെന്ററിനുള്ളിൽ നിന്നും പുറത്തുവന്ന് കൈവരിയിൽ ചാരിനിന്നുകൊണ്ട് പുറത്ത്, റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ നിർവികാരനായി നോക്കിനിൽക്കേ സുഹൃത്ത് ചോദിച്ചു.

         “കൈപൊക്കിയിരുന്നെങ്കിൽ ഇടിഞ്ഞുവീഴുമായിരുന്നോ, മാനം?”
      
         “ആ...”
      
         “കൈ പൊക്കേണ്ടതാ‍യിരുന്നു?”
      
         “ഉം”
      
         “ന്തോന്ന് ഉം?! നിന്നേം ചേർത്താ പറഞ്ഞെ”
      
         “ഉം”

         ഒരു ‘ആ‍’ യും രണ്ട്  ‘ഉം’ കളും കൊണ്ട് നഷ്ടമായ നിമിഷത്തെ (പാഴ്‌നിമിഷത്തെ?) തിരികെയെടുക്കാൻ കഴിയില്ല എന്ന് കഥാനായകനെന്ന പോലെ സുഹൃത്തിനുമറിയാമായിരുന്നു.

          ഇടവേളയിൽ പുറത്തിറങ്ങിയ മറ്റു സഹപാഠികളെയും അവർ വീക്ഷിയ്ക്കുന്നുണ്ടാറ്റിരുന്നു. അതിൽ പലരുടെയും വലതുകൈവിരലുകൾ കർമനിരതമായിരുന്നു. മൊബൈൽ ഫോണുകൾ! അതിനുള്ളിലൊളിച്ചിരുയ്ക്കുന്ന ചില ഘടകങ്ങൾ (പാട്ടുകളോ ചിത്രങ്ങളോ വീഡിയോകളോ എന്തുമാകട്ടെ) ബ്ലൂടൂത്ത് എന്ന ഹൈവേയിലൂടെ അവ മറ്റൊരുവന്റെ മൊബൈൽ ഫോണിലേക്കു സഞ്ചരിയ്ക്കുകയും അതവിടെനിന്നും പിന്നെയും പല ‘ഹൈവേ’കളിലൂടെയും സഞ്ചരിയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരിയ്ക്കലും അവസാനിയ്ക്കുവാൻ സാധ്യതയില്ലാത്ത യാത്രകൾ! അന്നുവരെ ഒരു മൊബൈൽ ഫോൺ ആവശ്യമില്ല എന്നു കരുതിയിരുന്ന കഥാനായകനും സുഹൃത്തും അവരെ കൌതുകത്തൊടും തമാശയോടും നോക്കിക്കൊണ്ടിരുന്നു.

         തെല്ലുനേരത്തിനൊടുവിൽ ട്യൂഷൻ സെന്ററിലെ ഒരദ്ധ്യാപകന്റെ അധരങ്ങൾ ചലിച്ചു.

         "ക്ലാസ്സിക്കേറടേയ് "

         ട്യൂഷൻ സെന്ററിലെ മണിയും അദ്ധ്യാപകരുടെ അധരങ്ങൾ തന്നെ! ഒന്നര മണിക്കൂർ എങ്ങനെയൊക്കെയോ കടന്നുപോയി. അതിനിടയിൽ പുസ്തകത്തിൽ നിന്നപ്പാടെ വിഴുങ്ങിയ എന്തൊക്കെയോ കാര്യങ്ങൾ അദ്ധ്യാപകൻ ഛർദ്ദിച്ചു. വെറുതേ കേട്ടിരുന്ന് കോട്ടുവായകൾ അവതരിപ്പിച്ചവരടക്കം ലഘുനോട്ടുകൾ എഴുതുന്നുണ്ടായിരുന്നു. അതും മിക്കവാറും കടലാസ്സുതുണ്ടുകളിലായിരുന്നു! ഒരുപക്ഷേ പിൽക്കാലത്ത് വിമാനമോ റോക്കറ്റോ മഴയെങ്കിൽ ചെറുതോണിയോ ആയി പരിണമിക്കേണ്ടവ! ബാഗിന്റെ ഇരുട്ടുമുറിയിൽ തന്റെ നോട്ടുബുക്കിനെ നിക്ഷേപിച്ച് കഥാനായകനും ക്ലാസ്സിൽനിന്നും പുറത്തിറങ്ങി.

         പാത മൂന്നായി പിരിയുന്നിടത്ത് ആ സുഹൃത്തുക്കളും പിരിഞ്ഞു. കഥാനായകൻ സ്കൂളിന്റെ മതിൽക്കെട്ടിനു വെളിയിൽ, നിരത്തരികിൽ തലയുയർത്തി നിൽക്കുന്ന അരയാൽമരം സൃഷ്ടിച്ച തണലേകിയ തണുപ്പുമായി നടന്നു.

         വീട്ടിലേയ്ക്കുള്ള പാത പതിവുപോലെതന്നെ വിജനമായി കാണപ്പെട്ടു. ഇടതൂർന്നു വളർന്നുനിൽക്കുന്ന റബ്ബർ മരങ്ങളുടെ നിഴൽ, നട്ടുച്ചയെപ്പോലും ഇരുട്ടുനിറഞ്ഞതാക്കിയിരുന്നു. കഥാനായകൻ മുന്നോട്ട് നടന്നു. അയാളുടെ മനസ്സ് പിന്നിലേയ്ക്കും. പിന്നിലേയ്ക്കുനടന്ന മനസ്സ് ഒൻപതാം ക്ലാസ്സിന്റെ വാതിൽക്കലെത്തിയേ നിന്നുള്ളൂ.

         ഒത്തനടുക്കായി ആണികയറിയതിന്റെ ശേഷിപ്പാണെങ്കിലും അത്ര ചെറുതല്ലാത്ത ഒരു ദ്വാരമുള്ള ബ്ലാക് ബോർഡും അതിനു താഴെയാ‍യി വിതറപ്പെട്ടിരിയ്ക്കുന്ന ചോക്കുപൊടിയും ചോക്കുപൊടിയുടെ നേർത്ത കണികകൾക്കുമുകളിൽ വിജയഭാവത്തോടെ നിൽക്കുന്ന കീറിപ്പറിഞ്ഞ ഡസ്റ്ററും അത്യാവശ്യം ‘പാച്ചുവർക്കു’കളുള്ള ഫർണിച്ചറുകളും അയാളെ നോക്കി പരിചയഭാവത്തിൽ ഒന്നു മന്ദഹസിച്ചു. അവയ്ക്കിടയിൽ മൂന്നാമത്തെ ബഞ്ചിൽ രണ്ടാ‍മതായി സുഹൃത്തുക്കൾക്കിടയിൽ തമാശകൾ പറഞ്ഞ് ചിരിച്ചും സന്തോഷമായാലും ദുഃഖമായാലും സുഹൃത്തുക്കളോട് പങ്കുവച്ചും കൂട്ടുകാരെ കളിയാക്കുകയും സ്വയം കളിയാക്കലുകളേറ്റുവാങ്ങിയുമിരിയ്ക്കുന്ന തന്നെയും അയാൾ കണ്ടു, പിന്നെ ചില അവ്യക്ത മുഖങ്ങളും!

-പഴയ ട്യൂഷൻ സെന്റർ-

         ഒൻപതാം ക്ലാസ്സിലെ രണ്ടാം ടേമും പിന്നിടുന്നു. ചിലർക്ക് പഠനത്തിലും ചിലർക്ക് പഠനമെന്നത് പ്രഹസനമായി മാറിയെങ്കിൽ അതിലും ചൂടേറിവന്നു. ഏറിവന്ന ചൂടിനെ നിലനിർത്തുന്നതിനും ഇനിയും തണുത്തുതന്നെയിരിയ്ക്കുന്നവരെ ചൂടിലേയ്ക്കുയർത്തുവാനും അദ്ധ്യാപകരുടെ കൈകളോട് സഖ്യം പ്രഖ്യാപിച്ചുകൊണ്ട് ചൂരലുകളോ മൈസൂർച്ചീരയുടെ കനം കുറഞ്ഞ ശരീരങ്ങളോ നിരന്തരം ശ്രമിച്ചുകൊണ്ടുമിരുന്നു.
      
         കഥാനായകൻ പഠിച്ചിരുന്നതും തകർച്ചയുടെ വക്കോളമെത്തിയതുമായ ട്യൂഷൻ സെന്ററിനെ സ്ഥലത്തെ മറ്റൊരു പ്രധാന സ്ഥാപനത്തിനു കൈമാറി, അദ്ധ്യാ‍പകർ കൈകഴുകി! പുതിയ അദ്ധ്യാപകരുമായി പൊരുത്തപ്പെട്ടുവരുവാൻ വേണ്ടിവന്നത് വളരെക്കുറച്ചു ദിനങ്ങൾ മാത്രം! അതിനിടയിൽ, പ്രസ്തുത ട്യൂഷൻ സെന്ററിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന കഥാരചനാ മത്സരത്തിൽ കഥാനായകന്റെ തൂലികയിൽ വിരിഞ്ഞ കഥ (ദീർഘസുമംഗലീ ഭവ!) രണ്ടാം സ്ഥാനത്തെത്തുകയും പ്രസ്തുത കഥയുമായി ക്ലാസ്സിലെത്തിയ കഥാനായകനിൽ നിന്നും, സരസനായ മലയാളം അദ്ധ്യാപകൻ കഥ വാങ്ങിയെടുത്ത് നന്നായി അവതരിപ്പിയ്ക്കുകയും ചെയ്യുകയുണ്ടായി!

അടക്കം പറച്ചിലുകൾ, പൊട്ടിച്ചിരികൾ, കരഘോഷങ്ങൾ....

തികച്ചും അപ്രതീക്ഷിതമാ‍യി ഒരു പിങ്ക് നിറം കഥാനായകന്റെ ദൃഷ്ടിയിൽ മിന്നിത്തെളിയുന്നു. ഒരു പിങ്ക് ചുരിദാർ!

കഥാനായിക!

---------------------------------

         പിന്നിട്ട ദിനങ്ങളിൽ -തന്റെ സുഹൃത്തൊഴികെ- ആരുമറിയാ‍തെ കഥാനായകന്റെ മനസ്സിൽ ഒരു മഹായുദ്ധം തന്നെ നടന്നു. വെടിവെയ്പ്പും ബോംബേറും രക്തച്ചൊരിച്ചിലുമില്ലാത്ത ഒരു യുദ്ധം! അനാവശ്യമെന്ന് അയാൾക്കുതന്നെ ബോദ്ധ്യമുണ്ടായിരുന്ന മനോവിചാരങ്ങളും ദിവാസ്വപ്നങ്ങളും തന്റെ യുക്തിചിന്തയെയും സാമാന്യബുദ്ധിയെയും കീഴ്പ്പെടുത്തുമോ എന്ന ഭയം കഥാനായകനിലുണ്ടായിരുന്നു. ഒരു പക്ഷേ അല്പം മുമ്പുതന്നെ അതയാളിൽ സംഭവിച്ചിരിയ്ക്കണം.

         ഇതൊന്നുമറിയാതെ (?) കഥാനായിക പതിവായി ഇന്റർവെൽ ടൈമിൽ തന്റെ ക്ലാസ്സിൽനിന്നും പുറത്തിറങ്ങുകയും തൊട്ടടുത്ത സിമെന്റുതൂണിൽ ചാരിനിൽക്കുകയും സുഹൃത്തുക്കളോടൊത്ത് എന്തെങ്കിലുമൊക്കെ പറഞ്ഞ് പൊട്ടിച്ചിരിയ്ക്കുകയും തിരികെ ക്ലാസ്സിൽ കയറുവാനായി സ്കൂളിനുമുന്നിൽ സ്ഥാപിച്ചിരിയ്ക്കുന്ന ആ വലിയ മണി ആഹ്വാനം ചെയ്യുമ്പോൾ ക്ലാസ്സിലേക്ക് മടങ്ങുകയും ചെയ്തുകൊണ്ടിരുന്നു.

         ഏതെങ്കിലും വിധത്തിൽ കഥാനായികയെ അതറിയിയ്ക്കണമെന്ന് കഥാനായകന്റെ മനസ്സ് അയാളോട് പുലമ്പിക്കൊണ്ടിരുന്നു. അത് തന്റേതായ വാക്കുകളിലാകുമ്പോൾ മാനസികവ്യാപാരങ്ങൾ അപ്പാടെ അവതരിപ്പിയ്ക്കുവാൻ കഴിയുമെന്ന് അയാൾ ധരിച്ചു (തെറ്റിധരിച്ചു?).

         ജനുവരി ഒന്ന്. പുതുവർഷം കഥാനായകനിൽ വലിയ പുതുമയൊന്നും തോന്നിയ്ക്കാതെ കടന്നുപോയി. ഫെബ്രുവരി പതിന്നാല്. വാലന്റൈൻ ദിനവും പ്രണയിയ്ക്കുന്നവർക്കിടയിൽ ചുവപ്പുനിറം സമ്മാനിക്കുകൊണ്ട് കടന്നുപോയി.

അങ്ങനെ ആ ദിനം വന്നെത്തി.

2007 ഫെബ്രുവരി 17 വെള്ളിയാഴ്ച.
01:00 പി.എം.

        ഉച്ചയ്ക്ക് ഒരു മണിക്കൂർ ഇടവേളയുള്ള ആകെയൊരു ദിനം. കഥാനാ‍യകൻ വളരെ വേഗത്തിൽ തന്റെ വീ‍ട്ടിലെത്തി, വേഗത്തിൽത്തന്നെ ഭക്ഷണവും കഴിഞ്ഞ് തിരികെയുമെത്തി. കഥാനായിക, കൂട്ടുകാരികൾ, പൊട്ടിച്ചിരികൾ, സിമെന്റ് തൂണ് എന്നിവയുടെ അവസ്ഥ പതിവുപോലെ തന്നെ. ചുരിദാർ നിറം പിങ്ക്!

01:29 പി.എം
        കഥാനായകന് ധൈര്യം അത്ര പോര! ഒരൽ‌പ്പം എക്സ്പീരിയൻസിന്റെ വെളിച്ചത്തിൽ സുഹൃത്ത് അതു പകർന്നുനൽകുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ സുഹൃത്തിന്റെ തൊണ്ടയിൽ നിന്ന് അനർഗ്ഗളനിർഗ്ഗളം പ്രവഹിച്ചുകൊണ്ടിരുന്ന പദങ്ങൾക്ക് കഥാനായകനെ ധൈര്യം പകരാൻ കഴിഞിരുന്നില്ല. അവ തുറന്നുവച്ച പാറ്റാഗുളിക പോലെ അനന്തതയിലേക്ക് ബാഷ്പീകരിയ്ക്കപ്പെട്ടുകൊണ്ടിരുന്നു.

01:30 പി.എം
         മണിമുഴങ്ങി! കൂട്ടുകാരികളും തമാശകളും പൊട്ടിച്ചിരികളും കഥാനായികയോടൊപ്പം സംഘംചേർന്ന് ക്ലാസ്സിനകത്തേക്കു നീങ്ങി. ക്ലാസ്സിനുള്ളിൽ അവ തുടരുന്നുണ്ടാവണം. കഥാനായകന് ഒരിഞ്ചി കടിയ്ക്കേണ്ടതായി വന്നു. അയാളെയും വഹിച്ചുകൊണ്ട് സുഹൃത്ത് തന്റെ ക്ലാസ്സിനകത്തേക്കു കയറി. അല്പനേരത്തെ വാദപ്രതിവാദത്തിനു ശേഷം അന്നുതന്നെ, ആ നിമിഷം തന്നെ കഥാനായികയുടെ കാതുകളിൽ അതെത്തിയ്ക്കണമെന്ന തീരുമാ‍നത്തിലെത്തി. സമയമിനിയും അതിക്രമിച്ചിട്ടില്ല!

01:34 പി.എം
        ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ കഥാനായികയുടെ ക്ലാസ്സിൽ കഥാനായകന്റെ മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. കഥാനായകൻ, പ്രസ്തുത സുഹൃത്തിനോട് കഥാനായികയെ വിളിയ്ക്കുവാനാവശ്യപ്പെട്ടു!

തീരെ പ്രതീക്ഷിയ്ക്കാത്തവ
        പ്രസ്തുത സുഹൃത്ത് തന്റെ (കഥാ‍നായികയുടെ) ക്ലാസ്സിലെത്തി ശബ്ദമധികം താഴ്തിയല്ലാതെ പറഞ്ഞു
  
        “എടീ __________________ നിന്നെ കഥാനായകൻ വിളിയ്ക്കുന്നു! ”

ആശ്ചര്യചിഹ്നത്തിൽ മുക്കിയെടുത്ത ഒരു ചോദ്യചിഹ്നവും മുഖത്തണിഞ്ഞ് കഥാനായിക, കഥാനായകന്റെ മുന്നിലെത്തി. ‘ഉം... എന്തുവേണം’ എന്ന ഭാവത്തിൽ നിന്നു.

        കഥാനായകൻ ഒരു ഞെട്ടലോടെ അങ്ങനെ നിന്നു. പെട്ടെന്ന് തന്റെ സുഹൃത്തിന്റെ വാക്കുകൾ ഒരു മിന്നൽ‌ പോലെ മനസ്സിലൂടെ കടന്നുപോയി.

       “വളരെ സ്പീഡിൽ പറയരുത്. പറയുന്നതിനു മുമ്പ് കഥാനായികയുടെ ചെരിപ്പ് ഏതുതരത്തിലുള്ളതെന്ന് നോക്കുക. പിന്നെ കൈയ്യകലത്തിൽ നിന്നും മാറിനിൽക്കുകയും ചെയ്യുക.”

നല്ല ഉപദേശം!

കഥാനായകൻ അതേപടി ചെയ്തു. സുഹൃത്ത് ഒരു തൂണുസൃഷ്ടിച്ച മറവിനു പിന്നിൽ സുരക്ഷിതനായി.

         “ന്താ...?!”
ദൈവമേ, കഥാനായിക ചോദിയ്ക്കുന്നു!

         “എനിയ്ക്ക്... ഒരു കാ‍ര്യം പറ...”
         
         “ന്തോന്ന്?”

കഥാനായികയുടെ നെറ്റിയിൽ ചുളിവുകൾ വീണു. അവ കഥാനായകന്റെ നെഞ്ചിടിപ്പ് വർദ്ധിക്കുവാൻ ഉപകരിക്കുകയും ചെയ്തു. അയാളുടെ തൊണ്ട വരണ്ടു പോയി!
      
         “അതുപിന്നെ...”
  
         “ന്തോന്നായാലും പെട്ടെന്ന് പറയുക. വേറെ പണിയൊള്ളതാ”

പിന്നെ, ക്ലാസ്സിൽച്ചെന്ന് വെറുതെ സൊറപറഞ്ഞിരുന്ന് ചിരിയ്ക്കാനല്ലേ ? ഹും!
  
        “അത്... പി..പിന്നെ പറയാം!”

ശ്ശെ!
      
        ഉം എന്നൊന്നിരുത്തി മൂളിക്കൊണ്ട് കഥാനായിക തെല്ലുപോലും സമയം കളയാതെ തിരിഞ്ഞു നടന്നു. അപ്രതീക്ഷിതമായി സുഹൃത്ത് തോളിൽത്തട്ടിയപ്പോൾ ഞെട്ടി. ഓ... അതുസാരമില്ലേടാ എന്ന അർത്ഥത്തിൽ സുഹൃത്ത് കഥാനായകനെ ഒന്നു നോക്കി. കഥാനായകൻ തന്റെ വാച്ചിലേക്ക് നോക്കി.

01:37 പി.എം
          സെക്കന്റ് സൂചി അയാളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഓടിക്കൊണ്ടിരുന്നു. മിനിറ്റുസൂചി അയാളെനോക്കി പല്ലിളിച്ചുകാട്ടി. മണിക്കൂർ സൂചി അയാളെ ഒന്നു നോക്കിയെങ്കിലും നിസ്സംഗതയായിരുന്നു, മുഖത്ത്. സുഹൃത്തും കഥാനായകനും തങ്ങളുടെ ക്ലാസ്സിലേക്കു പോയി.

04:10 പി.എം
          ട്യൂഷനില്ലാത്തതിനാൽ അതിലാശ്വസിച്ച് കഥാനായകൻ വീട്ടിലേക്കു മടങ്ങി. രവിലെ വരുമ്പോൾ ഒരു വീട്ടിലെ തിണ്ടിന്മേൽ വളർന്നുനിൽക്കുകയും പാതയിലേക്ക് ചാഞ്ഞുനിൽക്കുകയുമായിരുന്ന ഒരു റോസാപുഷ്പം, അതു കൊഴിഞ്ഞിരുന്നു. അതിലെ ഒരിതൾ അയാളെ നോക്കി ഒന്നു ചിരുച്ചു. ആ ചിരിയിൽ പരിഹാസത്തിന്റെ അംശം കണ്ടെത്തുവാൻ അയാൾക്ക് പ്രയാസമുണ്ടായിരുന്നില്ല.
                
                                      *    *    *    *    *    *    *    *    *    *    *    *    *    *

         സുവോളജി അദ്ധ്യാപകൻ എന്തായിരുന്നു പഠിപ്പിച്ചത് എന്നു കണ്ടെത്തുവാൻ മനസ്സിന്റെ ആഴങ്ങളിലേക്കൂളിയിട്ടുകൊണ്ട് നടക്കുമ്പോൾ അതേ ചെടിയിൽ വിരിഞ്ഞുനിന്ന ഒരു റോസ്സാപുഷ്പം അയാളെ നോക്കി പുഞ്ചിരി തൂകി. അയാളത് കണ്ടില്ലെന്നു നടിച്ചു! കഥാനയകൻ ഒരു യാത്രയിലാണ്. ജീവിതത്തിന്റെ യാത്രയിൽ! ക്ലേശകരവും സുഖകരവുമായ ഒട്ടനവധി വീധികളിലൂടെ അത് കടന്നുപോയെന്നിരിയ്ക്കാം. അതുകൊണ്ടുതന്നെ ആ യാത്രയിൽ പഥികരെ, നിരവധി കണ്ടുമുട്ടാം. ചിലരോട് നമ്മൾ സ്വാഭാവികമായും സൌഹൃദത്തിലാകുന്നു. മറ്റുചിലരോട് എതുകൊണ്ട് എന്ന് വ്യക്തമാക്കാനാകാത്ത ചില കാരണങ്ങളാ‍ൽ ഒരാകർഷണം തോന്നിയേക്കാം. എന്നാ‍ൽ തിരിച്ചറിയുക, അതുവെറും ആകർഷണം മാത്രമെന്ന് ! അതുപോലെയാണ് അകാരണമായി ചിലരോട് ഇഷ്ടക്കേടുണ്ടാവുന്നതും. തീർത്തും ക്ഷണികവും മനുഷ്യസഹജവുമായ ഇവയൊക്കെ സാഹചര്യങ്ങളുടെ മാത്രം സൃഷ്ടിയാണ്. അതിൽ നിന്നോളിച്ചോടുക, എപ്പോഴും പ്രാവർത്തികമായിക്കൊള്ളണമെന്നില്ല, അത് ഭീരുത്വവുമാണ്. സാഹചര്യങ്ങൾ എത്തരത്തിലുള്ളവയായാലും അവയെ നിരീക്ഷിയ്ക്കുക, നേരിടുക. അതിലൂടെ യുക്തിയുക്തവും പക്വതയാർന്നതുമായ ഒരു പരിഹാരം കണ്ടെത്തുവാൻ കഴിഞ്ഞേക്കും.

5 comments: