01 September 2010

പുറത്തേയ്ക്കുള്ള വഴി

        തെറ്റുധാരണകളും അവയിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങളും സംഭവവികാസങ്ങളും പ്രമേയമായ ഒരു ചെറുകഥ വാരികയിൽ വായിച്ചപ്പോൾ ആ എഴുത്തുകാരനോട് ലേശം പുച്ഛം തോന്നി. തെറ്റുധാരണകൾ പ്രസ്തുത കഥയിൽ‌പ്പറഞ്ഞിരിക്കുന്നത്ര ആഴത്തിൽ വിപ്ലവങ്ങൾ സൃഷ്ടിക്കുമോ! സംഗതി ഒരല്പം ഓവറല്ലേ എന്നു തോന്നി. എഴുത്തുകാരന്റെ ഫോട്ടോയിൽ നോക്കി അതു ചോദിയ്ക്കുകയും ചെയ്തു. ഫോട്ടോ ഒന്നും പറഞ്ഞില്ല. ഏഷണികൾ, അസൂയ, കുശുമ്പ് തുടങ്ങിയ മനുഷ്യനിർമ്മിത പ്രതിഭാസങ്ങൾക്ക് ആധുനിക യുഗത്തിൽ കാര്യമായ കുലുക്കങ്ങളൊന്നുമുണ്ടാക്കാൻ കഴിയില്ല എന്ന പക്ഷക്കാരനായ എനിയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല ആ കഥ. ലോകത്തൊരിടത്തുമില്ലാത്ത ടൈറ്റിലും. ‘ആറ്റം ബോംബ്!’

        ഒക്കെയാ‍ണെങ്കിലും സൽ‌പ്പേരിനേക്കാൾ വേഗത്തിൽ വേരോടുന്നത് ദുഷ്പേരിനാണെന്നതാണ് വസ്തുത. പ്രത്യേകിച്ചൊരു വൈരാഗ്യവുമില്ലെങ്കിൽ കൂടി, ഒരു ‘സഹജീവി’യെ കരിതേയ്ച്ചുകാട്ടാൻ കിട്ടിയേക്കാവുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്താൻ താല്പര്യമുള്ള സമൂഹത്തിനെയാണ് ആധുനികയുഗം വാർത്തുവച്ചിരിയ്ക്കുന്നത്.

        ആയതിനെക്കുറിച്ച് വെറുതേയിങ്ങനെ ചിന്തിച്ചിരിയ്ക്കുന്നതിനേക്കാൾ നല്ലത് ലളിതമായെങ്കിലും ഒരു മദ്യസേവാ പദ്ധതിയ്ക്ക് പുനരുദ്ധാരണം നൽകാമെന്നു തോന്നിയ നിമിഷത്തോട് ഒരു പ്രത്യേക മമത തോന്നി. ഒന്നാം തീയതിയോ പൊതു അവധി ദിനമോ ആകാത്തതിനാൽ സ്ഥലത്തിന് അവധിയായിരിക്കില്ല എന്നതിൽ ആശ്വാസം തോന്നി. ഉടൻ തന്നെ മുറിയിലേക്കു കയറി വസ്ത്രം മാറി കാറിന്റെ ചാവിയുമെടുത്ത് പുറത്തേക്കിറങ്ങാനൊരുങ്ങിയപ്പോഴാണ് മമ പത്നി ഒരു പിൻ‌വിളി തൊടുത്തുവിട്ടത്.

        “ങ്ങോട്ടേക്കാ ഇത്ര ധൃതിയിൽ”
        

        “ഇവിടെ അടുത്തൊരിടം വരെ!”
        

         “ആ ഇടത്തിന്റെ പേര് ബാർ എന്നാണെങ്കിൽ കർത്താവെയോർത്ത് മൂക്കറ്റം മോന്തിയേക്കരുതേ...”
        

        “ഏയ്, ഇന്ന് ഓവറാവത്തില്ല!”
        

        “ആരുകണ്ടു? എന്നു പോയാലും ഇതു തന്നല്ലേ പറയുന്നെ! പോകുമ്പോ രണ്ടുകാലേലും തിരികെ വരുമ്പോ നാലു കാലേലും!”

        ഞാൻ ഒരു ചിരി ചിരിച്ചുകൊണ്ട് കാറിനകത്തേക്കു കയറി. ഇരുകാലികളെ നാൽക്കാലികളാക്കി മാറ്റുന്ന ആ അങ്കത്തട്ടിലേക്ക് നീങ്ങി. അങ്കത്തട്ട് എന്നത് അർത്ഥവത്താണ്. വാളും പരിചയും ഒക്കെയുണ്ടാവും. പിന്നെ ചില്ലറ മത്സരങ്ങളും. മുന്നിലിരിക്കുന്നയാളേക്കാൾ - അയാൾ കേവലമൊരപരിചിതനായാൽ പോലും - ഒരു ലാർജെങ്കിലും കൂടുതൽ കഴിയ്ക്കുവാൻ കഴിഞ്ഞില്ലെങ്കിൽ കടുത്ത ഖേദം പ്രകടിപ്പിയ്ക്കുന്ന മഹാന്മാർ പോലും അക്കൂട്ടത്തിൽ ഉണ്ട്. അത്തരം സംഭവങ്ങളൂടെ തുടർച്ചയായി ചിലപ്പോൾ അതേയിനത്തിൽത്തന്നെ മത്സരങ്ങളുമുണ്ടായേക്കാം. എന്നാൽ വിജയിയാര് എന്നത് പങ്കെടുക്കുന്നവർക്കുപോലും തിട്ടമുണ്ടാവാറില്ല എന്നതാണ് വാസ്തവം. ആദിയായതിനെല്ലാം സാക്ഷ്യത്വം വഹിച്ചുകൊണ്ട് ഒരു മൂലയിൽ,തന്റെ തൊഴിലിലേർപ്പെട്ടുകൊണ്ട് ഒരു പഴയ കളർ ടെലിവിഷനും ഉണ്ട്!

        കാർ പാർക്ക് ചെയ്ത് - എന്തു പാർക്കിംഗ്? എത്ര സമർഥമായി പാർക്കുചെയ്താലും ‘എല്ലാം’ കഴിഞ്ഞ് തിരികെ വന്നശേഷം കാർ കണ്ടുപിടിയ്ക്കുക എന്നത് ശ്രമകരമായ ഒരു ദൌത്യം തന്നെയാണ് - ഞാൻ ബാറിനകത്തേക്ക് നീങ്ങി.

        പറയത്തക്ക വൃത്തിയോ അടുക്കോ ഇല്ലാത്ത ഒരു ബാറാണിതെങ്കിലും ടൌണിൽ അധികം പേരും ഇതിനുള്ളിലാണ് വന്നെത്തുക. പഞ്ചനക്ഷത്ര ബാറുകളിലെ അസ്വാഭാവികവും കൃത്രിമവുമായ അന്തരീക്ഷത്തേക്കാൾ ആളുകൾക്കിഷ്ടം ഇത്തരത്തിലുള്ള സ്വഭാവികത നിറഞ്ഞ അന്തരീക്ഷമായതിനാലായിരിയ്ക്കും.

        വൃത്താകാരത്തിലുള്ളതും അനാഥമായതുമായ ഒരു മേശയ്ക്കരികിൽ ഞാനിരുന്നു. വെയ്റ്റർ എത്തി. അയാളോട് വിനയപൂർവം - ഈ വിനയം തുടർന്നുണ്ടാകുന്ന നിമിഷങ്ങളിൽ ഉണ്ടാകണമെന്നില്ല - ഇംഗിതം ഉണർത്തിച്ചു. അയാൾ എന്തൊക്കെയോ കുറിച്ചുകൊണ്ട് അകത്തേക്കു പോയി. അതിനുള്ളിലെ അന്തരീക്ഷത്തിന്, പുറത്തെ അന്തരീക്ഷം എത്രതന്നെ ശാന്തമെങ്കിലും എത്രതന്നെ പ്രക്ഷുബ്ധമെങ്കിലും ഒരേ അവസ്ഥ തന്നെ. സദാ കോലാഹല മുഖരിതമായ അതേ അവസ്ഥ!

        അങ്ങിങ്ങായി - അപൂർവമെങ്കിലും - കുപ്പികളോ ഗ്ലാസുകളോ വീണുടയുന്ന ശബ്ദം ഉയരുന്നുണ്ടായിരുന്നു. ഒരു പറ്റം ആളുകൾ മൂലയിൽ സാക്ഷിയായി നിലകൊള്ളുന്ന ടെലിവിഷൻ പ്രദർശിപ്പിയ്ക്കുന്ന ‘സർക്കസ് ’ കാണുകയും അതനുകരിയ്ക്കാൻ ശ്രമിച്ചുകൊണ്ടും ബഹളം കൂട്ടിക്കൊണ്ടിരുന്നു. മറ്റൊരു കൂട്ടം പേർ ഉച്ചത്തിൽ സംസാരിയ്ക്കുകയും പൊട്ടിച്ചിരികളും അട്ടഹാസങ്ങളുമുയർത്തുകയും ചെയ്തുകൊണ്ടിരുന്നു. മറ്റു ചിലർ ഇതിലൊന്നും ചേരാതെ സ്വതന്ത്രമായി കാര്യം സാധിച്ചുകൊണ്ടിരിയ്ക്കുന്നു. മറ്റാർക്കും കഴിയാത്ത എന്തോ ആണ് താൻ ചെയ്യുന്നത് എന്നഭാവമായിരുന്നു അത്തരക്കാരുടെ മുഖത്ത്!

        എന്റെ ആവശ്യം രണ്ടു കുപ്പികളുടെ രൂപത്തിൽ മുന്നിലെത്തി. ഇന്ന വെറും ബിയറിലൊതുക്കാമെന്നു കരുതിയത് സുഹൃത്തുക്കളുടെ - സാമ്പത്തികം കൈകാര്യം ചെയ്യുന്നവരുടെ - അഭാവം നേരിട്ടതിനാലാണ്.

        ക്ഷണനേരം കൊണ്ട് എങ്ങനെയാണ് ആ കുപ്പികൾ ശൂന്യമായതെന്നറിയില്ല. മറ്റൊന്നിനുകൂടി ഓർഡർ കൊടുത്ത് വെറുതേയിരിക്കുന്നതിനിടെ ഇതുവരെ അധികമാരും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കായികയിനത്തിന് - തല്ലിന് - അരങ്ങേറ്റം കുറിച്ചാ‍ലോ എന്ന് ഒരു നിമിഷം ചിന്തിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം ആ മുഗ്ദ്ധചിന്തയ്ക്കുമേൽ സാമാന്യബുദ്ധിക്ക് വിജയം കൈവരിയ്ക്കാനായി. കാരണം അത്തരത്തിലൊരു കായികയിനം അവതരിപ്പിച്ചാൽ, എല്ലുകൾ ദ്രാവകരൂപത്തിലാകത്തക്ക വിധം മദ്യപസമൂഹം എന്നെ താഡനങ്ങൾക്കു പാത്രമാക്കിയേക്കാം.

        രണ്ടാം റൌണ്ടിലെ കുപ്പിയുമെത്തി. തുറന്ന നിലയിൽ. അതിനിള്ളിൽ നിന്ന ബിയർ, ഗ്ലാസിലേക്കു പകർന്ന് വാ‍യിലേക്കൊഴിക്കുന്നതിനിടെയാണ് അയാളെ ഞാൻ കാണുന്നത്. ആ ചെറുകഥ എഴുതിയ കൈവിരലുകൾ, ബാറിനുള്ളിലെ മറ്റുള്ളവരുടെ കൈവിരലുകൾ എന്തു ചെയ്യുന്നുവോ അതുതന്നെ ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. ആദ്യമൊക്കെ ഞാനയാളെ ഗൌനിച്ചില്ലെങ്കിലും കഥയിലെ ഒരു സ്ത്രീകതാപാത്രം തൊടുത്തുവിട്ട പരദൂഷണച്ചീളുകൾ നെഞ്ചിൽത്തറച്ചപ്പോൾ ഒന്നു ശ്രദ്ധിക്കുവാൻ തന്നെ തീരുമാനിച്ചു.

        ഒന്നിൽക്കൂടുതൽ ഇനങ്ങൾ തുല്യ അളവിൽ ചേർത്ത്, ജലസാന്നിദ്ധ്യത്തോടു കൂടിയോ അല്ലാതെയോ ആയിരുന്നു അയാളൂടെ പാനം. അയാളോടൊന്നു സംസാരിച്ചാൽ കൊള്ളാമെന്നു തോന്നി. ഏകനാണ്. അയാൾക്ക് സമീപമുള്ള ചില കസേരകൾ ശൂന്യാവസ്ഥയിലാണ് എന്നുകണ്ട് മുഖത്ത് ഒരു ഗൌരവഭാവം വാരിത്തേച്ചുകൊണ്ട്, ഞാൻ അയാളുടെയടുത്തെത്തി. അല്പസമയം ആ എഴുത്തുകാരനെത്തന്നെ നോക്കിനിന്നു.

          പെട്ടെന്ന് അയാൾ എന്നോട് ഇരിക്കുവാൻ പറഞ്ഞു. ഞാനതത്ര പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അയാളെ മുഷിപ്പുക്കേണ്ടതില്ല എന്നുകരുതി അയാളുടെ സമീപത്തായി ഇരുന്നു. പൊടുന്നനെ അയാൾ എഴുനേറ്റ് എനിക്കഭിമുഖമായി ഇരുന്നു.

        “മുഖാമുഖം - മോർ ഫെയ്സ് ടു ഫെയ്സ് ”
 

ഞാൻ ഒന്നു മൂളി.
        

        “രാമനാഥൻ”
        

        “മാത്യു ഐസക് ”
        

        “ഇവിടെയാണോ പതിവ്? ”
        

        “ഇവിടെത്തന്നെ, പതിവായിട്ടൊന്നുമില്ല. വല്ലപ്പോഴും...”
        

        “ഒറ്റയ്ക്ക്? ”
        

        “നോ മിക്കവാറും ഫ്രെണ്ട്സ് കൂടിയുണ്ടാവും. ഇന്ന് ആരെയും കൂട്ടണമെന്ന് തോന്നിയില്ല! ”
        

        “മണി പ്രോബ്ലം?”
 

എന്നിലെ അഭിമാനി തലയുയർത്തി.
        

         “നോ നോ, സൌഹൃദത്തിന്റെ കോലാഹലങ്ങളില്ലാതിരുന്ന് കാര്യം സാധിച്ചുകളയാമെന്നു തോന്നി.”
 

അയാൾ അർത്ഥഗർഭമായി പുഞ്ചിരിച്ചു.

        ഞാൻ വളച്ചുകെട്ടലുകൾക്കിട കൊടുക്കാതെ കാര്യത്തിലേക്കു കടന്നു.

        “------------------------- വാരികയിൽ വന്ന കഥ ഞാൻ വായിച്ചു.”
 

അയാൾ അലക്ഷ്യമായി ഒന്നു മൂളി.
        

         “വെറും തെറ്റുധാരണകളും പരദൂഷണങ്ങളും അത്രെയേറെ പ്രശ്നങ്ങളുണ്ടാക്കുമോ?”
        

         “ഒരുപക്ഷേ അതിനേക്കാൾ പ്രശ്നങ്ങളിലേക്കു നയിച്ചേക്കാം. സത്യത്തിന്റെ മുഖം വികൃതമാണെന്നു പറയാറില്ലേ. പക്ഷേ അതുപോലെ തന്നെ അസത്യത്തിന്റെ മുഖവും ഭീകരമാണ്.”

        കഥവായിച്ചപ്പോഴുണ്ടായ ചെറിയൊരു പുച്ഛഭാവം നിലനിൽക്കെ ഞാൻ ചോദിച്ചു.

        “അതൊക്കെ സമകാലിക ലോകത്തിൽ നടക്കുന്നതാണോ? ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി കഥയിലെഴുതിയിരിക്കുന്ന തരത്തിൽ കാര്യങ്ങൾ വഷളാകുമോ?”
        

        “ആകണമെന്നോ ആയിക്കൂടെന്നോ ഇല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നതിലല്ല. എന്ത്, എങ്ങനെ പറയുന്നു എന്നതാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഉണ്ടാകാതിരിക്കുന്നതിനും വഴിതെളിക്കുന്നത്! ”

        ശരിയായിരിക്കാം. ഞാനൊന്നും പറഞ്ഞില്ല. ഒരുപക്ഷേ എന്റെ മനസ്സിലുടലെടുത്ത ആ അർത്ഥമില്ലാത്ത പുച്ഛവും അതിൽക്കുതിർന്ന ശൂന്യമായ ചോദ്യവും മാഞ്ഞുപോയിരിക്കണം! അതിനാൽത്തന്നെ ഇനിയും ആ വിഷയം തന്നെ സംസാരിക്കേണ്ടതില്ല എന്നു തോന്നിയതിനാൽ ഞാൻ അല്പനേരം മൌനം പാലിച്ചു. ആ അല്പനേരത്തിൽ പുതിയൊരു സംസാരവിഷയം ഞാൻ കണ്ടെത്തിയിരുന്നു.

        “എഴുത്തുകാരുൾപ്പടെയുള്ള കലാകാരന്മാ‍ർ ദുശ്ശീലരഹിതരായിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്...”

പൂർത്തിയാ‍ക്കിയില്ല. അയാൾ പറഞ്ഞു:

        “കലാകാരന്മാർ സൽ‌സ്വഭാവികളായിത്തന്നെയിരിക്കണമെന്ന് ഞാൻ പറയില്ല. കാരണം എന്റെ കാര്യത്തിൽ, നാലാം കിട കാ‍ല്പനികത എഴുതി നിറച്ച് കാശുണ്ടാക്കുന്ന ഞാൻ പോലും കലാകാരനെങ്കിൽ, കലാകാർ സൽ‌സ്വഭാവികളായിരിക്കുക എന്ന ‘നിയമ’ത്തിന് കോട്ടം തട്ടുകയല്ലേ സംഭവിക്കുക?”

എഴുത്തുകാരന് വിഷയം ‘ക്ഷ’ ബോധിച്ചു എന്നു തോന്നുന്നു. ഞാനൊന്നു പുഞ്ചിരിച്ചു. അയാൾ തുടർന്നു:

        “ഒരുപക്ഷേ മുൻപ് ദുശ്ശീലങ്ങൾ ഉണ്ടായിരുന്ന ആൾ ഉദാഹരണത്തിന് - എന്നെപ്പോലെ - മദ്യപാനി, കലാ‍കാരനായിത്തീരുകയാണെങ്കിലും ആ വ്യവസ്ഥിതിക്ക് കോട്ടം തട്ടുകയില്ലേ? ഞാൻ എഴുത്തുകാരനായിത്തീർന്നിരിക്കുന്നു. സാഹിത്യം എന്ന മേഖലയ്ക്ക് എന്നാൽ കഴിയുന്ന വിധം സംഭാവനകൾ നൽകാൻ അതുകൊണ്ടുതന്നെ ഞാൻ ബാധ്യസ്ഥനാണ് എന്നേയുള്ളൂ.”

        “ഈ ‘ശീതള പാനീയ’ പാ‍നം ഇതുവരെ എഴുത്തിനെ ബാധിച്ചിട്ടില്ല?!”

        “ഇതുവരെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ചിലപ്പോൾ എഴുതാനായി ഇരിക്കുമ്പോൾ ഉണ്ടാകാനിടയുള്ള കൈവിറയലിനെതിരെ ഒരൌഷധം എന്ന നിലയിൽ ‘പാനീയം’ പാനം ചെയ്യാറുണ്ട്. ഈ ശീലം, സോറി ദുശ്ശീലം ഞാൻ എഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെടുന്നുവെങ്കിൽ‌പ്പോലും അതിനു മുൻപുതന്നെ, ഞാനറിഞ്ഞുകൊണ്ടുതന്നെ തുടങ്ങിയതാണ്. എന്നാൽ അതു പരിപോഷിപ്പിക്കപ്പെട്ടത് ഞാൻ പോലുമറിയാതെയായിരിക്കണം”

എന്റെ മുഖത്തുണ്ടായ ആശ്ചര്യ ചിഹ്നം അയാൾ ശ്രദ്ധിച്ചു.

        രാമനാഥൻ, കൂട്ടുകാരുടെ രാമുവായിരുന്ന കാലം. പതിനേഴിന്റെ നിറവിൽ വിപ്ലവവീര്യമൊഴുകുന്ന സിരകളുമായി നിലനിൽക്കുന്ന എല്ലാ വ്യവസ്ഥിതികളുടെയും ചരടുകൾ പൊട്ടിച്ചെറിഞ്ഞ് വേറിട്ടൊരു ശബ്ദമുയർത്തുവാനാശിച്ച കാലം, വിപ്ലവകാരികളുടെ വ്യക്തിമുദ്രകളൂം പ്രത്യശാസ്ത്രങ്ങളും മാത്രം മനസ്സിൽക്കൊണ്ടുനടന്നിരുന്ന കാലം - എല്ലാവരെയും പോലെ!

        അതിനുപിന്നാലെ മാനുഷികമായി മനസ്സിൽ നിറഞ്ഞ നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. അതിലൊന്ന് ലളിതമെന്നു തോന്നിയേക്കാവുന്ന ഒന്നായിരുന്നു. ‘മദ്യപന്മാർ അതിൽ കണ്ടെത്തുന്ന ആസക്തി എന്താണ്? അഥവാ ഇത്രമാത്രം അവർ പ്രസ്തുത കർമത്തോട് എങ്ങനെ സമീപനം പുലർത്തുന്നു?’

കേട്ട സുഹൃത്ത് ആദ്യം ചിരിച്ചുതള്ളിയെങ്കിലും ആവർത്തിക്കപ്പെട്ടപ്പോൾ അയാളും ഒന്നു ചിന്തിക്കാതിരുന്നില്ല.

നിരീക്ഷണങ്ങളിലൂടെ ചില തമാശകൾക്ക് സാക്ഷ്യത്വം വഹിക്കാമെന്നല്ലാതെ തങ്ങളുടെ സംശയനിവാരണത്തിനിതകുന്ന യാതൊന്നും ലഭിയ്ക്കാനിടയില്ല എന്നുകണ്ട ആ സുഹൃത്തുക്കൾ പ്രസ്തുത പാനീയം ഒന്നു രുചിച്ചുനോക്കുവാൻ തന്നെ തീരുമാനിക്കുകയുണ്ടായി.

        അധിക കാലതാമസം നേരിടാ‍തെ തന്നെ അതിനുവേണ്ടിയുള്ള സാമ്പത്തിക സ്വരൂപം നടത്തി, ഏതുരീതിയിലെങ്കിലും ചെറിയ ഡോസ് ഒന്നു സംഘടിപ്പിച്ചു. പിന്നെ പറമ്പിൽ കൂട്ടം കൂടിനിന്ന വാഴകൾക്കിടയിൽ അവ സൃഷ്ടിച്ച, യാതൊരുറപ്പുമില്ലാത്ത സുരക്ഷിതത്വത്തിന്റെ മറവിൽ ‘കുപ്പിയെടുത്തുതുടങ്ങി.’

        ആദ്യം ഏതാനും തുള്ളി നാവിൽ ഇറ്റിച്ചുനോക്കി. ഹൊ! നാവു പൊള്ളിപ്പോകുന്നതു പോലെ! കുപ്പിതുറക്കൽച്ചടങ്ങിൽ അച്ചാർ തുടങ്ങിയവയുടെ പ്രാധാന്യം എന്തെന്ന് മനസ്സിലായി! പിന്നെ, ഡിസ്പോസിബിൾ ഗ്ലാസ്സുകളിൽ വളരെക്കുറഞ്ഞ അളവിൽ മദ്യവും ധാരാളം വെള്ളവും ചേർത്ത്, മൂക്കുപൊത്തിപ്പിടിച്ച്....... ശരീരം മുഴുവൻ കത്തിയെരിയുന്നതായി തോന്നി. എങ്കിൽത്തന്നെയും അതിൽ ഒരല്പമെങ്കിലും ഇരുവരും കുടിച്ചുതീർത്തത്, അതിനായി മുടക്കേണ്ടിവന്ന സാമ്പത്തികത്തെക്കുറിച്ചോർത്തായിരുന്നു.

        ബോധം തെളിയുമ്പോഴേക്കും കാട്ടുതീ പടരുന്നതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ പ്രദേശത്ത് പടർന്നിരുന്നു. പരീക്ഷയിൽ അയാൾ ഉയർന്ന മാർക്കോടെ പാസ്സായി എന്ന വാ‍ർത്തയറിഞ്ഞിട്ടുപോലും ഗൌനിക്കാതിരുന്നവർ പോലും അന്ന് തന്റെ വീട്ടിൽ സാന്നിദ്ധ്യമറിയിച്ചിരുന്നു!

        ആദ്യമൊക്കെ അയാൾക്ക് തന്റെയും തന്റെ സുഹൃത്തിന്റെയും വയറ്റിനുള്ളിൽ തീക്കനൽ കോരിയിട്ട ദ്രാവകത്തോട് അറപ്പായിരുന്നു. അതു പാനീയമാക്കുന്നവരോടും. പിന്നീട് ആ അറപ്പ്, ഇത്ര എരിച്ചിലും കണ്ണുകളിൽ പുകച്ചിലുമുണ്ടാക്കുന്ന വസ്തു മദ്യപന്മാർ എങ്ങനെ പാനം ചെയ്യുന്നു എന്ന ആശ്ചര്യത്തിനു വഴിമാറി. ആ ആശ്ചര്യം, പിന്നീട് മദ്യമെന്ന വസ്തുവിനോടുള്ള കൌതുകമുണ്ടാക്കുകയും അതൊരു നേരമ്പോക്കായി മാറുകയും പിന്നീടതത്യന്താപേക്ഷിതമായി മാറുകയും ചെയ്തു.

ഞാൻ അന്ധാളിച്ചങ്ങനെയിരിക്കെ അയാൾ തന്റെ കൈയ്യിലിരുന്ന ഗ്ലാസ് കാലിയാക്കി. മറ്റൊരു ഗ്ലാസ്സിൽ മദ്യവും ജലവും കലർന്ന മിശ്രിതം അയാൾ എന്റെ നേർക്ക് നീട്ടി. യാന്ത്രികമായാണ് ഞാനതുവാങ്ങിയത്. രാ‍മനാഥൻ തുടർന്നു.

        “ഹും, മദ്യം! ലഹരിയുടെ മറ്റൊരു മുഖം, ചുവന്ന മുഖം. മനുഷ്യൻ എല്ലാത്തരം ലഹരികൾക്കും വിത്തുപാകുന്നവനാണ്. ലഹരിക്കുവേണ്ടി, അതുപകരുന്ന സുഖത്തിനിവേണ്ടി എന്തും ചെയ്യാൻ അവൻ മടിക്കില്ല! നന്മനിറഞ്ഞ മനുഷ്യൻ എന്നത് വെറും സങ്കല്പമോ സ്വപ്നമോ മാത്രമായിത്തീരുകയും പുതുയുഗത്തിന്റെ പുത്രനായ മനുഷ്യൻ ലഹരിയുടെയും തിന്മയുടെയും പാദസേവകനാ‍യ മൃഗമായി മാറുന്ന കാഴ്ച! അതിൽ നിന്നിനി മോചനമില്ലെന്നതു വാ‍സ്തവം. കാരണം ലഹരിയുടെ പിടി അത്രമേൽ ശക്തമാണ്. ഒരു തവണ അതിന്റെ കിടങ്ങിൽ വീണുപോയാൽ കരകയറുക എന്നത്, വെളിച്ചത്തിന്റെ ഒരു കീറെങ്കിലും ദർശിക്കുക എന്നത് വെറും സ്വപ്നം മാത്രമായിത്തീരാം.”

        ചുണ്ടിനോടു ചേർന്നുകൊണ്ടിരുന്ന ആ മദ്യഗ്ലാസ്സ് ഞാൻപോലുമറിയാതെ എന്റെ വലതുകരം മേശപ്പുറത്തുവച്ചു. അയാളുടെ മുഖത്തേക്കു നോക്കുവാൻ പോലും എനിയ്ക്ക് ഭയം തോന്നി. ആ നിമിഷത്തിൽ ഞാൻ തിരഞ്ഞത് പുറത്തേയ്ക്കുള്ള വഴി മാത്രമായിരുന്നു.

2 comments: