23 November 2011

വേഷപ്പകർച്ച : നിറങ്ങളും അക്ഷരങ്ങളും

നിറങ്ങൾ ചാലിച്ച ബ്രഷും പാലറ്റുമായി ആർട്ടിസ്റ്റ് ഗൗതം ക്യാൻവാസിനു മുന്നിൽ നിൽപ്പു തുടങ്ങിയിട്ട് നേരമൊട്ടു കഴിഞ്ഞു. ഒരു കട്ടൻ ചായയുടെ മാത്രം ബലത്തിൽ അതിരാവിലെ മുതൽ തുടങ്ങിയതാണ് ഒരു സെൽഫ് പോർട്രെയ്റ്റ് തയ്യാറാക്കുവാനുള്ള ശ്രമം. അതിനു തെളിവെന്നോണം ഏറെക്കുറേ പൂർത്തിയാവുകയോ തീരെ അപൂർണ്ണമാവുകയോ ആയതും നിറങ്ങൾ കോറിയിട്ട് വികൃതമാക്കപ്പെട്ടതുമായ മൂന്നുനാലു ക്യാൻവാസുകൾ അയാളുടെ പാദങ്ങൾക്കു കീഴിൽ അമർന്നുകൊണ്ടിരുന്നു.
 
അവയൊക്കെയും ഒന്നിനൊന്ന് മനോഹരമായിരുന്നെങ്കിൽക്കൂടി ഒരു പൂർണ്ണതയുണ്ടാകണമെങ്കിൽ മറ്റെന്തിന്റേയോ അഭാവം പരിഹരിക്കപ്പെട്ടേ മതിയാകൂ എന്ന ചിന്ത അയാളിൽ അസ്വസ്ഥതയുളവാക്കി. ഇത്തരം ചിന്തകളേയും അസ്വസ്ഥതകളേയും ഇതിനു മുമ്പും അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും മിക്കവാറും അവയൊക്കെ ചിത്രത്തിന്റെ പൂർത്തീകരണത്തിനു തന്നെ സഹായകമായിത്തീർന്നിട്ടുണ്ട്.
 
എന്നാൽ ഇപ്പോൾ...

ഇപ്പോൾ ആ അസ്വസ്ഥത മറ്റൊരാശയമോ പ്രചോദനമോ ആയി മസ്തിഷ്കത്തിലേക്കും കരങ്ങളിലേക്കും പകർന്നു പ്രവർത്തിക്കുന്നതിനു പകരം ഒരസ്വസ്ഥതയായിത്തന്നെ നിലകൊള്ളുകയാണ്. തന്നെ കാർന്നുതിന്നാൻ വായപിളർന്നു വരുന്ന കൊടിയ ഒരസ്വസ്ഥത!
 
പതിവിൽക്കവിഞ്ഞ് ഇന്ന് നല്ല മഞ്ഞുവീഴ്ചയുണ്ട്. തണുപ്പും. എങ്കിൽത്തന്നെ സ്വെറ്ററോ രോമക്കുപ്പായമോ ഉപയോഗിക്കാതെ കുർത്തയും പൈജാമയും മാത്രം ധരിച്ചുകൊണ്ട് നെരിപ്പോടിലെ - വേണ്ടത്ര ഉണങ്ങിയിട്ടില്ലാത്ത - വിറകുകഷ്ണങ്ങൾ നൽകുന്ന നേർത്ത ചൂടിൽ തണുപ്പിനെ ഏറെക്കുറേ അവഗണിക്കാൻ ശ്രമിക്കുകയായിരുന്നു. ചിത്രരചനയിൽ വ്യാപൃതനായിക്കഴിഞ്ഞാൽ അന്തരീക്ഷത്തിലെ വ്യതിയാനങ്ങളോ ഋതുഭേദങ്ങളോ എന്തിന്, സ്വന്തം ശരീരത്തിന് എന്തു സംഭവിക്കുന്നു എന്നതുപോലും അറിയാറില്ല.
 
പാലറ്റിൽ നിറങ്ങൾ ചാലിച്ച് അവയാൽ തന്റെ ക്യാൻവാസിൽ ഒരു പുതുലോകം സൃഷ്ടിക്കുമ്പോൾ താനും അതിലൊരു നിറമായി രൂപാന്തരം പ്രാപിക്കുന്നത് അയാൾ ആസ്വദിക്കുന്നു. നിറങ്ങളിൽ മുങ്ങിയ ബ്രഷിൻ തുമ്പ് ക്യാൻവാസിലൂടെ ഒഴുകിയിറങ്ങുമ്പോൾ ഒരു നേർത്ത തലോടലിലെന്ന പോലെ അയാൾ പുളകിതനാകുന്നു.
 
' ഒരു നിറമായി രൂപാന്തരം പ്രാപിക്കുന്നു! ' ഏതു നിറമായിട്ടായിരിക്കും?

മനസ്സിൽ ആയിരം വസന്തം ആത്മസഖിക്കു വേണ്ടി കാത്തുവച്ച ദിനങ്ങളിലായിരുന്നുവെങ്കിൽ തീർച്ചയായും ചുവപ്പായിട്ടായിരിക്കും പരിണാമം. പക്ഷേ ആ ദിനങ്ങളിൽ മനസ്സിലും ജീവിതത്തിലും സപ്തവർണങ്ങളും അവയുടെ സമ്മേളനവും സമന്വയിക്കുന്ന മായിക പ്രപഞ്ചമില്ലായിരുന്നു. കവിതയായിരുന്നു... കണ്ണുകളിൽ, ആത്മാവിൽ, ശരീരത്തിൽ, ജീവിതത്തിൽ...
  
ഇപ്പോഴെങ്കിൽ കറുപ്പുനിറം തന്നെയാകും. നഷ്ടങ്ങളുടേയും നിരാശകളുടേയും ഏകാന്തതയുടേയും ആഴങ്ങളിലുള്ള അന്ധകാരത്തിന്റെ അതേ കറുപ്പുനിറം!
  
പിന്നീടെപ്പോഴോ കവിത മനസ്സിൽ നിന്നും മെല്ലെ ചോർന്നുപൊയ്ക്കൊണ്ടിരുന്നു. ഭാവനയുടെ കുത്തൊഴുക്ക് ഒരു മെലിഞ്ഞ നീർച്ചാൽ മാത്രമായി പരിണമിച്ചു. അക്ഷരങ്ങളിൽ അഗ്നി പടർത്തിയിരുന്ന ഭാഷ എങ്ങോ മറയുകയായിരുന്നു. അക്ഷരങ്ങളിൽ നിന്ന് നിറങ്ങളിലേക്ക് സാവധാനത്തിലുള്ള വേഷപ്പകർച്ച! വർണചിത്രങ്ങൾ വങ്മയചിത്രങ്ങളെ പുനസ്ഥാപിച്ചു. തൂലിക പിടിച്ചിരുന്ന പെരുവിരലിനും ചൂണ്ടുവിരലിനുമിടയിൽ നിറങ്ങളിൽ മുങ്ങിയ ബ്രഷുകൾ സ്ഥാനം പിടിച്ചു. കടലാസ്സുകൾ ക്രമേണ ശൂന്യമാവുകയും ക്യാൻവാസുകൾ നിറഭേദങ്ങളുടെ മാസ്മര ലോകത്താൽ നിറയുകയും ചെയ്തുകൊണ്ടിരുന്നു.
  
എഴുത്തുകാരനായിരുന്നപ്പോൾ എന്ന പോലെ ഇതൊന്നുമറിയാത്ത ആരാധക വൃന്ദം ചിത്ര രചനയേയും പ്രോത്സാഹിപ്പിച്ചു പോന്നു.

ആരാധകർ...!

പ്രസ്തുത പരിണാമത്തിൽ തനിക്കുള്ള നൈരാശ്യം രേഖപ്പെടുത്തുകയും ചിത്രങ്ങൾ മോശമല്ലെങ്കിൽക്കൂടി എഴുത്തുകാരനായി തുടരുകയല്ലേ നല്ലത് എന്ന ചോദ്യമുന്നയിക്കുകയും ചെയ്തത് ഒരാൾ മാത്രമായിരുന്നു. ഒരുപക്ഷേ പിൽക്കാലത്ത് അയാൾ തന്റെ ചിത്രങ്ങളെ വിലയിരുത്തുകയും അഭിപ്രായമറിയിക്കുകയും ചെയ്തിരിക്കാം. ആ അഭിപ്രായങ്ങളെ മാനിച്ചിരുന്നതിനു കാരണം അവ വ്യക്തതയുള്ളതും ശ്രദ്ധാപൂർവമുള്ള നിരീക്ഷണങ്ങളിൽ നിന്നുള്ളവയായതും ആയിരുന്നു. എന്നാൽ ഗൗതം അയാളെ ഒരിക്കൽപ്പോലും കണ്ടിട്ടുണ്ടായിരുന്നില്ല എന്നത് വിരോധാഭാസമായിരിക്കാം.
 
എന്നുമാത്രമല്ല, അയാൾ ഒരിക്കൽപ്പോലും തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നുമില്ല - സ്ത്രീയോ പുരുഷനോ എന്നതുമറിയില്ല - എങ്കിൽത്തന്നെ ഒരു സെൽഫ് പോർട്രെയ്റ്റ് തയ്യാറാക്കുക എന്നയാൾ അഭ്യർത്ഥിച്ചപ്പോൾ നിരസിക്കാൻ തോന്നിയതുമില്ല!
 
ഗൗതം ആ സന്ദേശം ഒരിക്കൽക്കൂടി വായിച്ചു:

 ഗൗതം,
തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ സദയം ക്ഷമിക്കനപേക്ഷ.
ചിത്രങ്ങൾ പലപ്പോഴും ആസ്വാദ്യതയും മനോഹാരിതയും നൽകുന്നത് അതിലെ നിറങ്ങളുടെ അനുയോജ്യമായ സമ്മേളനം ഒന്നുകൊണ്ടു മാത്രമല്ല. 'സബ്ജക്ട് ' അല്ലെങ്കിൽ 'മോഡൽ' സെലക്ഷൻ, അതിന്റെ ആവിഷ്കാര രീതി എന്നിവ കൊണ്ടു കൂടിയാണല്ലോ. പിന്നെ, ചിത്രകാരന്റെ മനസ്സ് സ്വസ്ഥമല്ലെങ്കിൽ അത് ചിത്രത്തിൽ പ്രതിഫലിക്കുകയും ഒരുപക്ഷേ ചിത്രത്തിന്റെ മനോഹാരിത തന്നെ നഷ്ടപ്പെടുത്തുകയും ചെയ്യും. അത്തരത്തിൽ മനോഹാരിത നഷ്ടപ്പെട്ട ഒരൊറ്റ ചിത്രം പോലും രചിച്ചിട്ടില്ലാത്ത ഗൗതം സ്വയം വരച്ചുനോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ സമയമനുവദിച്ചാൽ മാത്രം ഒന്നു ശ്രമിച്ചു നോക്കുക. 'ഈ സുഹൃത്തിനു വേണ്ടി' എന്നു മാത്രം കരുതിയാൽ മതിയാകും.
സ്നേഹത്തോടെ
....................

മുൻപെഴുതിയിട്ടുള്ളതു പോലെ തന്നെ വലിച്ചുനീട്ടതെയുള്ള എഴുത്ത്. പലയാവർത്തി വായിച്ചുനോക്കി. ശരിയാണ്. ഇതുവരെ ഒരു സെൽഫ് പോർട്രെയ്റ്റ് തയ്യാറാക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടു കൂടിയില്ല. ഒന്നു ശ്രമിക്കാവുന്നതാണ്?
  
പക്ഷേ... 'ഈ സുഹൃത്ത് ' ആരാണ്? അതൊരു ചോദ്യം മാത്രമായി അവശേഷിക്കുന്നു.
  
അയാൾ / അവൾ തനിക്കെഴുതുന്ന ആദ്യത്തെ സന്ദേശമൊന്നുമല്ല ഇത്. ചിത്രകാരനെന്ന നിലയിൽ ശ്രദ്ധനേടിക്കൊണ്ടിരുന്ന കാലത്ത് - തന്റെ ആദ്യ ചിത്രപ്രദർശനത്തിനു ശേഷം - ആദ്യത്തെ സന്ദേശം തന്നെ തേടിയെത്തി. സന്ദേശവാഹകൻ ഒരു കൊച്ചുപയ്യനായിരുന്നു. പിന്നീടൊരിക്കൽ തന്റെ അന്വേഷണങ്ങളെ പാടേ അവഗണിച്ച ആ കൊച്ചുപയ്യനെ പിന്തുടർന്ന് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ നടത്തിയ ശ്രമം അമ്പേ പരാജയപ്പെട്ടു (ആ ശ്രമമങ്ങുപേക്ഷിക്കുകയും ചെയ്തു).
  
അജ്ഞാതനായ ഒരു സുഹൃത്ത്.
  
ആദ്യത്തെ സന്ദേശം ഇപ്രകാരമായിരുന്നു:

ഗൗതം,
ഒരു നല്ല കവിയിൽ ഒരു ചിത്രകാരൻ കൂടിയുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ചിത്രപ്രദർശനം നന്നായിരുന്നു. അഭിനന്ദനങ്ങൾ.
ഒരഭിപ്രായം പറഞ്ഞുകൊള്ളട്ടെ. ചിത്രങ്ങൾക്കും കവിതകൾക്കും അതിന്റേതായ ആസ്വാദ്യതയും ഭംഗിയുമുണ്ട്. ചിത്രങ്ങൾ ദൃശ്യഭംഗിയും ( വിഷ്വൽ എഫക്ട് ) കവിതകൾ ഭാവഭംഗിയും നൽകുന്നുണ്ട്.
എങ്കിലും, ചിത്രങ്ങൾ നിറങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ചിത്രീകരിച്ചിരിക്കുന്ന രംഗത്തിന് മുമ്പും ശേഷവും എന്തുസംഭവിച്ചു എന്നതിനെപ്പറ്റിയുള്ള വിശദാംശങ്ങൾ നൽകുന്നതിൽ അതു പരാജയപ്പെടുന്നു.
കവിതകൾ അതിൽ നിന്നും വളരെ വ്യത്യസ്ഥമാണല്ലോ. അവ എക്കാലവും നിലനിൽക്കുന്ന ' ചിത്രങ്ങൾ ' ആണ്. ആ അമൂർത്ത ചിത്രങ്ങൾ ആത്മാവിലലിഞ്ഞു ചേരാൻ മാത്രം ശക്തിയുള്ളവയാണ്. അതിനെ ഉപേക്ഷിക്കാതിരിക്കാൻ ശ്രമിക്കുക.
തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിച്ചുവെങ്കിൽ ക്ഷമിക്കുക.
സ്നേഹത്തോടെ
........................
( ഞാൻ ആരാണെന്നതിന് പ്രസക്തിയുണ്ടാവില്ല. എന്റെ അഭിപ്രായത്തിന് എന്താണ് പ്രസക്തി എന്നുമറിയില്ല. ഒരുപക്ഷേ അതു തീരുമാനിക്കേണ്ടത് ഗൗതമാണ്! )
ഒരമ്പരപ്പിൽക്കവിഞ്ഞ യാതൊന്നും തോന്നിയിരുന്നില്ല ആദ്യത്തെ വായനയിൽ. കീറിയെറിയാൻ ഒരുമ്പെട്ടുവെങ്കിലും ചെയ്യാതിരുന്നത് ഒരു പ്രത്യേകതരം ഹൃദ്യത തോന്നിയതിനാലാണ്.
  
അയാൾ പകുതിയോളം തീർത്തുകഴിഞ്ഞ സെൽഫ് പോർട്രെയ്റ്റിലേക്ക് നോക്കി. കണ്ണട ചിത്രീകരിച്ചിരിക്കുന്നതിൽ എന്തോ ഒരു... വീണ്ടും ഒരതൃപ്തി തന്നെ പൊതിയുന്നതായി അയാൾക്കനുഭവപ്പെട്ടു - തന്നെ കാർന്നുതിന്നാൻ പോന്നത്ര അസ്വസ്ഥത.
  
അയാളുടെ അസ്വസ്ഥത ക്രമേണ വർദ്ധിക്കുകയായിരുന്നു. കൈകൾ വിറയ്ക്കുവാൻ തുടങ്ങി. താൻ അവഗണിച്ചുകൊണ്ടിരുന്ന തണുപ്പ് ക്രമേണ തന്നെ കീഴടക്കുകയാണെന്നു തോന്നി. അയാൾ തെല്ല് പിന്നോക്കം മാറി. ക്യാൻവാസ് ആസകലം ഒന്നു വീക്ഷിച്ചു.
  
അയാൾ പാലറ്റ് ക്യാൻവാസിലേക്കെറിഞ്ഞു. ബ്രഷ് രണ്ടു കഷ്ണങ്ങളായി നുറുങ്ങി. സെൽഫ് പോർട്രെയ്റ്റിലെ മുഖം വീണ്ടും വികൃതമാക്കപ്പെട്ടു. അതിന്റെ നെറ്റിയിൽ നിന്ന് മൂക്കിൻ തുമ്പിലൂടെ ചുണ്ടുകളിലേക്ക് 'ചുവപ്പു'നിറം പതുക്കെ ഒഴുകിയിറങ്ങി. പിന്നീടത് ചെറുതുള്ളികളായി നിലത്തേക്ക് പതിച്ചു.
  
ഗൗതം തന്റെ കസേരയിൽ മലർന്നിരുന്നു. കണ്ണട ഊരിമാറ്റി നിറങ്ങൾ പുരണ്ട കൈകളാൽ മുഖം തുടച്ചു. നെരിപ്പോടിലെ തീയ് കെട്ടുപോയി കനൽ മാത്രമായിരിക്കുന്നു. തണുപ്പ് കൂടുതൽ വാശിയോടെ അയാളെ ആക്രമിക്കുകയാണ്.

 പെട്ടെന്ന് കതകു തള്ളിത്തുറന്ന് കൈകൾ കൂട്ടിത്തിരുമ്മി കവിളുകളിൽ ചൂടുപിടിപ്പിച്ചുകൊണ്ട് തോമസ് മുറിയിലേക്ക് കടന്നുവന്നു. അയാളുടെ അപ്രതീക്ഷിതമായ ആഗമനത്തിൽ ഗൗതമിന് അതൃപ്തിയുണ്ടായിരുന്നെങ്കിലും മുഖത്ത് അതുപ്രതിഫലിക്കാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു.

"എന്തൊരു തണുപ്പാ മാഷേ... പതിവില്ലാത്ത ഒടുക്കത്തെ ഒരു മഞ്ഞുവീഴ്ചയും!"
 
തോമസ് തന്റെ സ്വെറ്റർ അഴിച്ചെടുത്ത് അലക്ഷ്യമായി സ്റ്റാൻഡിനു പുറത്തേക്കിട്ട ശേഷം നെരിപ്പോടിനടുത്തെത്തി. കനൽ മാത്രമവശേഷിച്ച നെരിപ്പോടിനേയും ഗൗതമിനേയും മാറിമാറി വീക്ഷിച്ചുകൊണ്ട് വളരെ പണിപ്പെട്ട് അയാൾ നെരിപ്പോടിൽ തീ കൊളുത്തി, അതിൽ നിന്നുതന്നെ ഒരു ഫിൽറ്റർ സിഗരറ്റിനു തീ പകർന്ന് പുകയെടുത്തുകൊണ്ട് ഒരു കസേരയിൽ അയാളുമിരുന്നു.
 
"ഓ... സെൽഫ് പോർട്രെയ്റ്റോ! ഏറെ നേരത്തെ പണിയാണെന്നു തോന്നുന്നു? 'അധ്വാന'ഫലമൊക്കെ ആകെ വൃത്തികേടായി സ്റ്റാൻഡിനു ചുവട്ടിൽത്തന്നെയുണ്ടല്ലോ!"
 
ഗൗതം താല്പര്യമില്ലാത്തതു പോലെ തോമസിനെ ഒന്നു നോക്കി. അയാൾ നിരാശകലർന്ന സ്വരത്തിൽ പറഞ്ഞു
 
"പരാജിതനാണ്! ഞാൻ..." 

"അതു നന്നായി! എങ്കിൽ... പറ്റുന്ന പണിനോക്കിയാൽ പോരേ മാഷേ..."

പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ പറഞ്ഞു.
 
"ഓ... ഒരു 'വലിയ' ആരാധകവൃന്ദമുള്ള ചിത്രകാരനോടാണല്ലോ ഞാനിതു പറഞ്ഞത്! സോറി. എങ്കിലും... അതുതരക്കേടില്ല, സെൽഫ് പോർട്രെയ്റ്റിൽ പരാജയപ്പെട്ടു പോലും"

അയാളുടെ സ്വരത്തിൽ പുച്ഛഭാവമുണ്ടായിരുന്നു?

"മനസ്സിൽ നിന്ന് ആ... ഇമേജങ്ങു പോയി. അതില്ലെങ്കിൽ ചിത്രമെങ്ങനെ പൂർത്തിയാക്കാനാ തോമസേ..."
 
"വിരോധാഭാസം! സ്വന്തം ചിത്രം തന്നെയല്ലേ... അതിന്റെ ഇമേജ് എപ്പോഴും മനസ്സിൽത്തന്നെ ഉണ്ടാവും. അതുപോലും പൂർത്തിയാക്കാൻ കഴിയത്ത വിധത്തിൽ എന്താണസ്വസ്ഥത? "
 
"അസ്വസ്ഥതയെങ്കിൽ അതിനെ വരുതിക്കു വരുത്താൻ എനിക്കറിയുമായുരുന്നു. ഇത്... വെറുമൊരസ്വസ്ഥതയിൽക്കവിഞ്ഞ്.... അറിയില്ല. മനസ്സ് കൈമോശം വന്നിരിക്കുന്നു. സമീപകാലത്തു വരച്ച മറ്റുചിത്രങ്ങളിലും... ഒരതൃപ്തി. ഒന്നുമൊന്നും പൂർത്തിയല്ല എന്നൊരു തോന്നൽ."

തോമസ് ഒരു ചെറു പുഞ്ചിരിയോടെ പുകയൂതിക്കൊണ്ടിരുന്നു. ആ പുകപടലങ്ങൾ അന്തരീക്ഷത്തിൽ രൂപപരിണാമങ്ങൾക്ക് വിധേയമാവുകയും തീരെ അപ്രത്യശമാവുകയും ചെയ്തു.

ഗൗതം തുടർന്നു.

 "യെസ്, ഒരു കവിത പൂർത്തിയാക്കിക്കഴിയുമ്പോൾ ഉണ്ടാകാറുള്ള എഴുത്തുകാരന്റെ ഗൂഢമായ ആനന്ദം. അതെത്ര മനോഹരമായിരുന്നു! എനിക്കന്യമായിക്കഴിഞ്ഞ ആ ആനന്ദം അനുഭവിക്കാൻ മനസ്സ് കൊതിക്കുന്നു..."
  
"ഒരെഴുത്തുകാരനിൽ നിന്ന് ചിത്രകാരനിലേക്കുള്ള വേഷപ്പകർച്ച... കൗതുകത്തോടെയായിരുന്നു ഞാനതിനെ നോക്കിക്കണ്ടത്. നീയതിൽ വിജയിച്ചു എന്നു ഞാൻ കരുതി. പക്ഷേ... ഒരു മടങ്ങിപ്പോകൽ?!"
  
താൻ ചിന്തിക്കുന്നത് തന്നെയാണ് തോമസ്ചോദിച്ചത് എന്നതിൽ ഗൗതം ആശ്ചര്യപ്പെട്ടില്ല. തുടക്കം മുതൽക്കുതന്നെ അയാൾ അതേക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ അഭിപ്രായം ഗൗതം തീരെ അവഗണിക്കുകയാണുണ്ടായത്. ആ  'അജ്ഞാത സുഹൃത്തിന്റെ' കത്തുകളിൽ പലതിലും ചിത്രങ്ങളെ കവിതകളുമായി താരതമ്യം ചെയ്യുകയും കവിതകളെ ഒരു പടി മുന്നിൽ നിർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു (ആ വിഷയം തൽക്കാലം താൻ മാത്രമറിഞ്ഞാൽ പോരേ!).
  
"ആയിക്കൂടെന്നില്ല. ഓരോ ചിത്രങ്ങളും പൂർത്തിയായിക്കഴിയുമ്പോൾ സമാനമായ ഒരു ഗൂഢമായ ആനന്ദം അനുഭവിക്കാൻ കഴിയും എന്നുകരുതിയ എനിക്ക് പാടേ തെറ്റുകയായിരുന്നു! ഒരിക്കലെങ്കിലും ഞാനത് അനുഭവിച്ചിട്ടുണ്ടോ എന്നുമറിയില്ല..."
  
ഗൗതം പറഞ്ഞു. അയാൾ ഒരുപക്ഷേ നിരാശബോധത്തിൽ മുങ്ങിത്താഴുകയാവാം. ശൂന്യമായ കടലാസ്സുകളിൽ തന്റെ തൂലിക ചലിപ്പിക്കുവാൻ അയാൾ ആഗ്രഹിച്ചു. ആരോടെന്നില്ലാതെ അയാൾ തുടർന്നു.
  
"സ്വന്തം ചിത്രങ്ങളിൽ, അവയുടെ പൂർത്തീകരണത്തിൽ, പൂർണ്ണതയിൽ ആനന്ദം കണ്ടെത്താൻ കഴിയാത്തവൻ അതു തുടരാൻ അർഹനല്ല. സ്വന്തം ചിത്രത്തിന്റെ പൂർത്തീകരണം പോലും സാധ്യമാക്കാൻ കഴിയാത്ത ഒരാൾ എങ്ങനെ മറ്റ് ഇമേജുകളെ ഹൃദ്യമായി പകർത്തും?! അതേ... ചിത്രങ്ങൾ നിറങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു..."

തോമസ് - മൗനം.

ഗൗതം ഒരു നീണ്ട നെടുവീർപ്പയച്ചു.
  
അല്പസമയത്തിനു ശേഷം തോമസ് കസേരയിൽ നിന്നെഴുനേറ്റു. എരിഞ്ഞുതീർന്ന സിഗരറ്റുകുറ്റി അയാൾ നെരിപ്പോടിലേക്ക് വലിച്ചെറിഞ്ഞു.
  
സ്റ്റാൻഡിൽ നിന്നും തന്റെ സ്വെറ്ററെടുത്ത് ധരിച്ചുകൊണ്ട് അയാൾ പറഞ്ഞു.
  
"ഗൗതം, നീ അസ്വസ്ഥനാണ്. മാത്രവുമല്ല ഇപ്പോൾ സംസാരിച്ചത് ഒരു ചിത്രകാരന്റെ മനസ്സല്ല! ഒരെഴുത്തുകാരന്റെ മനസ്സാണ്. അതുകൊണ്ടുകൂടി നിനക്കൊരേകാന്തത ആവശ്യവുമാണ്. ഒരെഴുത്തുകാരന് അവശ്യം വേണ്ടതായ ഏകാന്തത...! ഞാനിറങ്ങുന്നു."
  
തോമസ് സ്വെറ്റർ ശരിയാക്കിക്കൊണ്ട് വാതിൽ തുറന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ പറഞ്ഞു.
 
"ഓ... വന്നകാര്യം തന്നെ മറന്നു! ഏതോ 'ഒരജ്ഞാതൻ' എന്തൊക്കെയോ ചില... കത്തുകളെഴുതി എന്നതു ശരിതന്നെ. പക്ഷേ അതുതന്നെ ഓർത്തുകൊണ്ടിരിക്കുകയൊന്നും വേണ്ട? അതൊക്കെ ഞാൻ തന്നെ എഴുതിയതാ...! വൈകീട്ട് കഫേയിൽ കാണാം... ബൈയ്..."

7 comments:

 1. @പഞ്ചാരകുട്ടന്‍ -malarvadiclub
  നന്ദി, സന്ദർശനത്തിനും കമന്റിയതിനും.

  ഒരു സാഹിത്യസൃഷ്ടി പൂർത്തിയാക്കിക്കഴിയുമ്പോൾ എഴുത്തുകാരന് അതിൽ ആനന്ദിക്കാൻ അവകാശമുണ്ട്. കാരണം അവന്റെ ചിന്താമണ്ഡലം സ്വതന്ത്രവിഹാരം നടത്തിയതിന്റെ ഫലമാണത്!

  ഒരു 'ടൈപ്പ്' വട്ടുതന്നെ :)

  ReplyDelete
 2. ഒരു ചിത്രകാരന്റെ മനസ്സിന്റെ ചാഞ്ചാട്ടങ്ങള്‍. നേരെ നില്‍ക്കാന്‍ കഴിയാത്ത മനസ്സില്‍ ചായങ്ങള്‍ ചിതറുന്ന ചിതറാല്‍.
  കഥയുടെ ഒഴുക്ക് അല്പം കൂടി ആവാം എന്ന് തോന്നി.

  ReplyDelete
 3. ക്രാഫ്റ്റുണ്ട് കൈയ്യിൽ..തെരഞ്ഞെടുത്ത സ്ബ്ജക്റ്റ് കൂടുതൽ ആവിശ്യപ്പെടുന്നു....
  ആശംസകൾ.

  ReplyDelete
 4. @പട്ടേപ്പാടം റാംജി
  @നികു കേച്ചേരി
  സന്ദർശനത്തിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
  എല്ലാവർക്കും പുതുവത്സരാശംസകൾ
  (അല്പം താമസിച്ചുപോയെങ്കിൽ സദയം ക്ഷമിക്കുക)

  ReplyDelete
 5. രസകരമായി. ഒരു ചിത്ര കാരന്റെ മനശ്ചാഞ്ചല്ല്യം നല്ല ഒരു കഥാ തന്തു തന്നെ.

  ReplyDelete
 6. @Shukoor,
  നന്ദി, സന്ദർശനത്തിനും അഭിപ്രായം പറഞ്ഞതിനും...

  ReplyDelete