08 January 2012

വിഷം ചെറുതാക്കുന്ന വീടുകൾ

    ആ ദിവസവും പതിവുപോലെ പെൺകുട്ടി ആറുമണിക്കുതന്നെ ഉണർന്നു. കണ്ണുതിരുമ്മിക്കൊണ്ട് ചുറ്റും നോക്കുമ്പോൾ തൊട്ടടുത്ത് തന്റെ അമ്മയെ കാണുവാൻ കഴിഞ്ഞിരുന്നില്ല. അവൾ അസ്വസ്ഥതയോടെ കട്ടിലിൽ നിന്നെഴുനേറ്റ് മുറിക്കു പുറത്തേക്കു നടന്നു. ഹാളിലെത്തിയ അവൾ അവിടമാകെ ഒന്നു കണ്ണോടിച്ചു. ക്രമരഹിതമായിക്കിടക്കുന്ന കസേരകളും ടീപ്പോയും. ടീപ്പോയുടെ മുകളിലിരുന്ന ഫ്ലവർവെയ്സ് ഉടഞ്ഞിരിക്കുന്നു! മുത്തശ്ശി കൂനിക്കൂടിയിരുന്ന് വളരെ പണിപ്പെട്ട് അവയൊന്നൊന്നായി പെറുക്കിയെടുക്കുകയായിരുന്നു. അതിനുള്ളിലുണ്ടായിരുന്ന പൂക്കൾ - താൻ കൊണ്ടുവന്ന വാടാത്ത പൂക്കൾ - നിലത്ത് അങ്ങിങ്ങായി ചിതറിക്കിടന്നിരുന്നു. ചിലത് ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
  
     മുത്തശ്ശി അവളെ കണ്ട മാത്രയിൽ അടുത്തേക്ക് വിളിച്ചു. താൻ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തിയെ വിസ്മരിച്ചെന്നവണ്ണം അവളെ വാരിപ്പുണരുകയും പതിവുപോലെ ഇരുകവിളുകളിലും ചുംബിക്കുകയും ചെയ്തു. മുറുക്കിച്ചുവന്ന ആ ചുണ്ടുകൾ കൊണ്ട് ചുംബനമേൽക്കുന്നത് അവൾക്ക് ആനന്ദ ദായകമാണ്.
  
     ചുവരിൽ മഷി പടർന്നിരിക്കുന്നതായി കണ്ടപ്പോൾ അവൾ അതിനടുത്തേക്ക് നീങ്ങി. ഉണങ്ങിപ്പിടിച്ചിരിക്കുകയാണത്. അവൾ ആ ഭിത്തി മണത്തുനോക്കി. അതെ, മഷി തന്നെ! വെള്ള പൂശിയ ഭിത്തിയിൽ ചുവന്ന മഷി ഒരു അമൂർത്ത ചിത്രം പോലെ തോന്നിച്ചത് മനോഹരമായിരിക്കുന്നു എന്നവൾക്ക് തോന്നി. എന്തോ ചിന്തിച്ചുകൊണ്ട് ആ പെൺകുട്ടി മുറ്റത്തേക്കിറങ്ങി.
  
     നിവർത്തിപ്പിടിച്ച പത്രത്തിൽ കണ്ണുംനട്ട് ചൂരൽക്കസേരയിൽ മലർന്നിരിക്കുകയായിരുന്നു അച്ഛൻ. തന്റെ അച്ഛനെ കണ്ടമാത്രയിൽ യാന്ത്രികമായിട്ടെന്ന പോലെ അവൾ നിന്നു. ആരുടേയോ സാന്നിദ്ധ്യമറിഞ്ഞിട്ടെന്നോണം പത്രത്തിൽ നിന്ന് കണ്ണെടുത്ത് അയാൾ അവളെ നോക്കി. പെൺകുട്ടി നിശ്ചലയായി നിൽക്കുമ്പോൾ കഴിഞ്ഞ ദിവസം രാത്രിയിൽ താൻ സക്ഷ്യത്വം വഹിക്കേണ്ടി വന്ന സംഭവങ്ങൾ ഒരു തിരശ്ശീലയിലെന്ന പോലെ അവൾക്കു മുന്നിൽ തെളിയുകയായിരുന്നു.
  
     ഹാളിൽ സജ്ജീകരിച്ചിട്ടുള്ള മേശയിൽ ഭംഗിയായി പൊതിഞ്ഞ തന്റെ പുസ്തകങ്ങൾ അടുക്കിവച്ച് അവൾ പഠിക്കുവാൻ ഭാവിക്കുകയായിരുന്നു. തന്റെ അമ്മ, നിവർത്തിപ്പിടിച്ച ഒരു പത്രവുമായി തൊട്ടടുത്തു തന്നെയുണ്ട് എന്നത് അവൾക്ക് ആനന്ദവും ആശ്വാസവും പകരുന്നതിലുപരി പഠിക്കാൻ പ്രചോദനവും നൽകുന്നു. അമ്മ തൊട്ടടുത്തുണ്ടെങ്കിൽ എത്ര പ്രയാസമുള്ള 'കണക്കുക'ളായാലും വളരെയെളുപ്പത്തിൽ അവൾ പഠിക്കും! എന്നാൽ അമ്മയുടെ അസാന്നിദ്ധ്യത്തിൽ എന്താണു സംഭവിക്കുക എന്നതിനെക്കുറിച്ച് അവൾക്ക് ഒരു രൂപവുമില്ല. അത്തരമൊരു സാഹചര്യം ഉണ്ടായിട്ടുമില്ല.
  
     തെല്ലുനേരത്തിനു ശേഷം വീടിനു പുറത്ത് ഒരു വാഹനത്തിന്റെ ശബ്ദം അവൾ കേട്ടു. ഓട്ടോറിക്ഷ? അവൾ മുഖമുയർത്തി അമ്മയെ നോക്കി. സദാ മന്ദസ്മിതം തൂകുന്ന മുഖത്ത് വിഷാദം നിഴലിക്കുകയാണോ? എന്തോ പിറുപിറുത്തുകൊണ്ട് അമ്മ എഴുനേറ്റ് പുറത്തേക്കിറങ്ങി. അവൾ തെല്ല് അസ്വസ്ഥതയോടെ തന്റെ കസേരയിൽ അമർന്നിരുന്നു.
  
     വീട്ടിനു പുറത്ത് എന്തൊക്കെയോ... ബഹളങ്ങളുണ്ടാകുന്നു എന്നു തോന്നുന്നു?! അവൾ മെല്ലെ കസേരയിൽ നിന്നെഴുനേറ്റു. തറയിൽ ചുമരും ചാരിയിരുന്ന് സദാസമയവും പിറുപിറുക്കുന്ന മുത്തശ്ശിയെ അവഗണിച്ച് അവൾ ജനാലയ്ക്കരികിലെത്തി. കർട്ടനിൽ തൂങ്ങിപ്പിടിച്ച് വളരെ പണിപ്പെട്ട് ജനാലയിലൂടെ പുറത്തേക്ക് പാളിനോക്കി.
  
     അമ്മയും മറ്റാരുമൊക്കെയോ തമ്മിൽ വഴക്കുകൂടുകയായിരുന്നു. അതിനിടയിൽ അമ്മ ഓട്ടോറിക്ഷക്കുള്ളിലേക്ക് നോക്കി ബഹളം വയ്ക്കുന്നുമുണ്ട്. അതിനുള്ളിൽ നിന്ന് അമ്മ അച്ഛനെ പിടിച്ചുവലിക്കുകയാണ്. അച്ഛൻ ഒന്നു നിവർന്നുനിൽക്കാൻ കൂടി പണിപ്പെടുന്നു. മുണ്ട് ചുറ്റിയിട്ടുണ്ടെന്നേയുള്ളൂ. അത് അപ്പടി മണ്ണും പൊടിയും നിറഞ്ഞതും കീറിപ്പറിഞ്ഞതുമായിരുന്നു.
  
     ഓട്ടോറിക്ഷ കടന്നു പോയപ്പോൾ പെൺകുട്ടിക്ക് പകുതി സമാധാനമായി. അത് ഇരുട്ടിൽ മറയുന്നതുവരെ അതിനുള്ളിൽ നിന്നും അട്ടഹാസങ്ങളും അപശബ്ദങ്ങളുമൊക്കെ ഉയരുന്നുണ്ടായിരുന്നു.
  
     അച്ഛനെ പിടിച്ചുവലിച്ചുകൊണ്ട് അമ്മ വാതിൽക്കലെത്തിയപ്പോൾ അവൾ കർട്ടനിൽ നിന്ന് പിടിവിട്ട് തന്റെ കസേരയിലേക്കോടി. വീണ്ടും അതിൽ ഒരു ഭയത്തോടെ അമർന്നിരുന്നു.
  
     ഹാളിൽ പ്രവേശിച്ചതും അച്ഛൻ അമ്മയെപ്പിടിച്ച് ഒരൊറ്റ ഉന്തായിരുന്നു! അമ്മ ടീപ്പോയുടെ മുകളിലേക്ക് വീഴാൻ ഭാവിച്ചപ്പോൾ മുത്തശ്ശി അമ്മയെ താങ്ങിപ്പിടിക്കാൻ ശ്രമിച്ചു. അവർ തീരെ ക്ഷീണിതയായിരുന്നു. മുത്തശ്ശി ചുമച്ചുകൊണ്ടിരുന്നു. ചുമച്ച് ചുമച്ച് ഭിത്തിയിൽ ചാരിനിന്നു. അച്ഛൻ ഫ്ലവർവെയ്സ് എടുത്ത് ശക്തിയായി തറയിലേക്കെറിഞ്ഞു. ഒപ്പം അച്ഛനും ഉരുണ്ടുവീണു. ഫ്ലവർവെയ്സ് നിലത്തുവീണ് പലകഷ്ണങ്ങളായി പൊട്ടിച്ചിരിയുയർത്തി. അതിനുള്ളിലെ പൂക്കൾ - താൻ കൊണ്ടുവന്ന വാടാത്ത പൂക്കൾ - അങ്ങിങ്ങായി ചിതറുകയും ചിലത് അച്ഛന്റെ കാല്പാദങ്ങൾക്കടിയിൽപ്പെട്ട് നിലവിളിക്കുകയും ചെയ്തു.
  
     അച്ഛനും അമ്മയും തമ്മിൽ വാദപ്രതിവാദങ്ങളായി. അവൾ നന്നേ ഭയന്നു, കണ്ണുകൾ ഇറുക്കിയടച്ചു, ചെവികൾ പൊത്തി. ഏതോ ഒരുൾപ്രേരണയാൽ ഇടയ്ക്ക് കണ്ണുതുറന്നു നോക്കിയ അവൾ കണ്ടത് അച്ഛന്റെ കരം അമ്മയുടെ കവിളിൽ ആഞ്ഞുപതിക്കുന്നതായാണ്. എന്തെന്നില്ലാത്ത ഭയം ആ പെൺകുട്ടിയെ പൊതിഞ്ഞു. അവൾ വാവിട്ടു കരഞ്ഞുകൊണ്ട് മുത്തശ്ശിയുടെ അടുത്തേക്കോടി.
  
    മുത്തശ്ശി അവളെ മാറോടണച്ചു. അവൾ തന്റെ മുത്തശ്ശിയുടെ കണ്ണുകളിലേക്ക് നോക്കി. പീളയടഞ്ഞ ആ കണ്ണുകൾ ഏറെക്കുറേ നിർജ്ജീവമായിരുന്നു. ഭീതിയോടെയാണവൾ തന്റെ അച്ഛനെ നോക്കിയത്. ആ നിമിഷത്തിൽ തന്റെ അച്ഛൻ, ടീച്ചർ പറഞ്ഞുതന്ന കഥയിലെ നരഭോജിയായ ഭൂതത്തിന്റെ രൂപം കൈവരിയ്ക്കുന്നത് അവൾ കണ്ടു.
  
     മഷിക്കുപ്പി, ചുവരിൽ രചിച്ച അമൂർത്ത ചിത്രത്തിന് അമ്മയുടെ മൂക്കിൽനിന്നിറ്റുവീണ ഏതാനും തുള്ളി രക്തത്തിന്റെ ഗന്ധമായിരുന്നു എന്നവൾക്കു തോന്നി.
  
     അച്ഛന്റെ മന്ദഹാസം അവളിൽ ഭീതിയുളവാക്കി. അയാൾ കൈനീട്ടിയപ്പോൾ അവൾ ഒരു നിമിഷം മടിച്ചുനിൽക്കുകയും പിന്നെ അകത്തേക്കോടുകയും ചെയ്തു.
  
     അവൾ ചെന്നത് അടുക്കളയിലേക്കായിരുന്നു. അമ്മയെ കാണാൻ കഴിഞ്ഞ സന്തോഷത്തിൽ ആ കുഞ്ഞുനേത്രങ്ങൾ പളുങ്കുപോലെ തിളങ്ങി. പക്ഷേ... അമ്മയുടെ മുഖത്ത് എന്നുമുണ്ടാകാറുള്ള പുഞ്ചിരി മാഞ്ഞിരിയ്ക്കുന്നു! അമ്മ തന്നെ തീരെ അവഗണിക്കുകയാണെന്നു തോന്നി. തെല്ല് വിഷാദത്തോടെ അവൾ മടങ്ങാൻ ഭാവിച്ചപ്പോൾ അമ്മ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തെത്തി. സാരിത്തലപ്പുകൊണ്ട് അവളുടെ മുഖം തുടച്ച് ഇരുകവിളുകളിലും ചുംബിച്ചുകൊണ്ട് പറഞ്ഞു.
  
     "ഇന്നലെ ഇവിടെ എന്തായിരുന്നു കാര്യമെന്ന് ആരെങ്കിലും ചോദിച്ചാൽ മോള് എന്താ പറയ്വാ?"
പെൺകുട്ടിയുടെ മുഖത്ത് ഒരു കുസൃതിച്ചിരി.
അമ്മ പറഞ്ഞു
  
     "ന്റെ മോള് ഒന്നും പറയണ്ട, ട്ടോ... പറഞ്ഞാൽ എല്ലാരും നമ്മളെ കളിയാക്കില്ലേ... 'എനിക്കൊന്നും അറിഞ്ഞൂടാ'ന്നു മാത്രം മോള് പറഞ്ഞാൽ മതി!"
  
    അവൾ തലയാട്ടി. ഈയിടെയായി അമ്മ ഇതുതന്നെ പറയാറുണ്ട്. അതെന്താ അങ്ങനെ?!
  
    കഴിഞ്ഞ രാത്രി എന്താണു സംഭവിച്ചത് എന്നതിന്റെ ഒരു ശ്ലഥചിത്രം മാത്രമേ ആ മനസ്സിലുണ്ടായിരുന്നുള്ളൂ. എങ്കിലും ആ ശബ്ദങ്ങൾ മന്ത്രോച്ചാരണങ്ങളെന്ന പോലെ ആ കുഞ്ഞുമനസ്സിന്റെ ആഴങ്ങളിൽ പ്രതിധ്വനിച്ചു. അച്ഛൻ രാത്രി ഓട്ടോറിക്ഷയിൽ വരുന്നതിന്റെ പിറ്റേദിവസങ്ങളിൽ അമ്മ, തന്നെ പിടിച്ചുനിർത്തി ഇതൊക്കെത്തന്നെയാവും പറയുന്നത്. അച്ഛനോടൊപ്പം ഓട്ടോറിക്ഷയിൽ ഇവിടം വരെ വരികയും വലിയ ബഹളങ്ങളോടെ തിരികെപ്പോകുകയും ചെയ്യുന്നത് ആരാണെന്ന് അഥവാ ആരൊക്കെയാണെന്ന് അവൾക്കറിയില്ല. ആ ദിവസങ്ങളിലൊക്കെയും വീട്ടിലുണ്ടാകുന്നത് ക്രമസമാധാന തകർച്ചയാണ്! ക്രമേണ ഓട്ടോറിക്ഷ എന്ന വാഹനത്തോടുതന്നെ അവൾക്ക് ഭയവും വെറുപ്പുമായി.
  
    "...ഒന്നും പറയണ്ടാ,ട്ടോ?!"
  
    "...എല്ലാവരും നമ്മളെ കളിയാക്കില്ലേ..."

എന്തൊക്കെയാണ് അമ്മ പറഞ്ഞത്!
  
    സ്കൂൾബസ്സിൽ നിന്നിറങ്ങുമ്പോൾ പതിവുപോലെ ഗേറ്റിനരികിൽ ഒരു മന്ദഹാസവുമായി തന്റെ അമ്മയെ കാണാൻ കഴിയാതിരുന്നതിൽ അവൾക്ക് ഒരസ്വസ്ഥത തോന്നി. അവൾ പൂമുഖത്ത് തൂണും ചാരിയിരുന്ന് വിസ്തരിച്ചു മുറുക്കുന്ന മുത്തശ്ശിയെ നോക്കി മധുരമായി പുഞ്ചിരിച്ചു.
  
    "അമ്മ?"
  
    "ഉറക്കം..."

അവൾ തുള്ളിച്ചാടി അകത്തേക്കു കടക്കാൻ ഭാവിച്ചപ്പോൾ ക്ഷീണിച്ച സ്വരത്തിൽ മുത്തശ്ശി പറഞ്ഞു
  
    "കൊറച്ചുനേരെങ്കിലും കെടന്നൊറങ്ങിക്കോട്ടെ... ശല്യപ്പെടുത്തണ്ട!"
  
    അവൾ കേട്ടതായി ഭാവിക്കാതെ അകത്തേക്കു കടന്ന് തന്റെ ബാഗ് ഹാളിലുപേക്ഷിച്ച് കിടപ്പുമുറിയിലേക്കു പോയി. അമ്മ ഉറങ്ങുക തന്നെയായിരുന്നു. അമ്മയെ വിളിച്ചുനോക്കാമെന്നു കരുതിയെങ്കിലും വേണ്ടെന്നു കരുതി.
 
     അവൾ മുത്തശ്ശിയുടെ മടിയിൽ തല ചായ്ച്ച് അങ്ങനെ കിടന്നപ്പോൾ ഗേറ്റുകടന്ന് ആരോ വരുന്നുണ്ടെന്നു കണ്ടു. അത് അച്ഛനായിരുന്നു എന്നറിഞ്ഞപ്പോൾ - അതിലുപരി ഓട്ടോറിക്ഷയിലല്ല, പരസഹായമില്ലാതെ നടന്നുതന്നെയാണ് വരുന്നതെന്നു കണ്ടപ്പോൾ - അവൾക്ക് സന്തോഷം തോന്നി. അച്ഛൻ ചെരുപ്പഴിച്ചുവച്ച് പൂമുഖത്തേക്കു പ്രവേശിച്ചപ്പോൾ അവൾ എഴുനേറ്റുനിന്നു. മന്ദസ്മിതം തൂകി.
  
    അച്ഛൻ തന്റെ കൈവശമിരുന്ന പൊതികളിലൊന്ന് അവൾക്കുനേരേ നീട്ടി. ഒന്ന് മടിച്ചുവെങ്കിലും അവൾ അതു വാങ്ങി. ചൊക്ലേറ്റ്! അയാൾ അവളെ വാരിയെടുത്തു.
  
    "അമ്മ എവിടേ മോളേ?"
ചോക്ലേറ്റിന്റെ കവർ കടിച്ചുകീറാൻ ശ്രമിച്ചുകൊണ്ട് ഒരു കുസൃതിച്ചിരിയോടെ അവൾ പറഞ്ഞു
  
    "അകത്ത്... ഒറങ്ങ്വാ..."

അയാൾ തന്റെ കൈവശമിരുന്ന സഞ്ചികളിലൊന്ന് മുത്തശ്ശിയ്ക്കുനേരേ നീട്ടി
  
    "അമ്മയ്ക്കാ... ഒരു മുണ്ട്!"

മുത്തശ്ശി പീളയടഞ്ഞ കണ്ണുകളോടെ സംശയദൃഷ്ടിയാൽ അയാളെ ഒന്നു നോക്കി. പിന്നീട് ക്ഷീണിച്ച ഒരു പുഞ്ചിരിയോടെ അതുവാങ്ങി, തന്റെ കണ്ണുകളെ അതിനുള്ളിലേക്കയച്ചു.
 
    മുറിയിലെത്തിയ അയാൾ തന്റെ പത്നിക്കു സമീപം കട്ടിലിൽത്തന്നെ ഇരുന്നു. സ്നേഹപൂർവം കുറുനിര തഴുകി.
  
    ഇന്നലെ ആദ്യമായല്ല തന്റെ പത്നി ഇത്തരത്തിലൊരു സാഹചര്യത്തിനു പാത്രമാകുന്നത്. ഒരുപാട് സഹിച്ചു, പാവം! സുഹൃത്തുക്കളെ പിണക്കാതിരിക്കുന്നതിലേക്കാണ് അവരുടെ ക്ഷണം സ്വീകരിക്കുന്നത്. കൂടുതലാകുന്നതിനു മുമ്പുതന്നെ നിർത്തണമെന്നും കരുതുന്നതണ്. പക്ഷേ.... അയാൾക്ക് സഹതാപം തോന്നി. വിളിച്ചുണർത്താനൊരുമ്പേട്ടുവെങ്കിലും, ഉറക്കത്തിലെങ്കിലും അനുഭവിക്കുന്ന തന്റെ പത്നിയുടെ സ്വസ്ഥത ഭഞ്ജിക്കാൻ അയാൾക്കു തോന്നിയില്ല.
  
    പെട്ടെന്നാണ് മുറിയുടെ മൂലയിൽ ഒരു പ്ലാസ്റ്റിക് ബോട്ടിൽ അയാളുടെ കണ്ണിൽപ്പെട്ടത്. അത് പരിചിതമാണെന്ന് അയാൾക്കു തോന്നി. അതേ, ഒരു ഡോക്ടർക്ക് നൽകാനായി കമ്പനി തനിക്കു നൽകിയ ഉയർന്ന ഡോസിലുള്ള സ്ലീപ്പിങ് പിൽസിന്റെ ബോട്ടിൽ...!
  
    അയാളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. തന്റെ ഹൃദയം നുറുങ്ങുന്നതായി അയാൾക്കു തോന്നി. വിറയ്ക്കുന്ന കൈകളോടെ അയാൾ തന്റെ പത്നിയുടെ കൈത്തണ്ടയിൽ സ്പർശിച്ചു.
  
    പെട്ടെന്ന് ആ മുറിയിൽ നിന്നുണ്ടായ രോദനം ഈരേഴുലകങ്ങളേയും നടുക്കുന്നതായിരുന്നു...
  
    അടുത്ത നിമിഷം മുതൽ ആ ഭവനം ചെറുതാകാൻ തുടങ്ങി. അത് ഒരു മെഴുകുതിരി പോലെ ഉരുകിക്കൊണ്ടിരുന്നു. ഒടുവിൽ തീരെ അപ്രത്യക്ഷമായി. അനന്തമായ പ്രപഞ്ചത്തിന്റെ ആരും കാണാത്തയിടങ്ങളിലേക്ക് ആ ഭവനം അലിഞ്ഞു ചേരുകയായിരുന്നു...

22 comments:

 1. മദ്യപാനാസക്തിയുടെ ഫലങ്ങള്‍ അനുഭവിക്കുന്ന കുടുംബ ബന്ധങ്ങള്‍.

  ReplyDelete
 2. മദ്യം ഒരു കുടുംബത്തെ ഇല്ലാതാക്കുന്ന വിധം വളരെ നന്നായി അവതരിപ്പിച്ചു.ഓരോ വാക്കും വരികളും ലളിതവും സ്പഷ്ടവുമായി ജീവിത ചിത്രങ്ങള്‍ വരച്ചു.അഭിനന്ദനങ്ങള്‍ .

  ReplyDelete
 3. കൊല്ലേണ്ടിരുന്നില്ല..... പാവം.....

  ReplyDelete
 4. അമ്മയില്ലാത്ത വീട് വീടാകുന്നില്ല എന്ന് പ്രതീകാത്മാകമായി പറഞ്ഞു നിര്‍ത്തിയത് വളരെ ഇഷ്ടപ്പെട്ടു. പിന്നെ നല്ല ഒഴുക്കുള്ള ശുദ്ധവും ലളിതവുമായ ശൈലിയും. കഥയുടെ ഭൂരിഭാഗവും പറഞ്ഞിരിക്കുന്നത് പെണ്‍കുട്ടിയുടെ വീക്ഷണത്തിലാണ്. ഒടുവില്‍ കഥാകൃത്ത്‌ പ്രത്യക്ഷമാകുന്നു. ഒരു പെര്‍സ്പെക്ടീവില്‍ പറഞ്ഞിരുന്നെങ്കില്‍ വായനക്കാരന്‍ എന്നാ നിലയില്‍ കൂടുതല്‍ ആസ്വദിച്ചേനെ.

  "ന്റെ മോള് ഒന്നും പറയണ്ട, ട്ടോ... പറഞ്ഞാൽ എല്ലാരും നമ്മളെ കളിയാക്കില്ലേ... 'എനിക്കൊന്നും അറിഞ്ഞൂടാ'ന്നു മാത്രം മോള് പറഞ്ഞാൽ മതി!"

  ആത്മഹത്യാ തീരുമാനം എടുത്ത ഒരാള്‍ ഇങ്ങനെ ഒരു ഉപദേശം നല്‍കുമോ? അതോ വായനക്കാരനെ ഞെട്ടിക്കാനും മോളെ സങ്കടപ്പെടുത്താതിരിക്കാനും കരുതിക്കൂട്ടി ചെയ്തതാണോ?
  നല്ല കഥ എന്ന് നിസ്സംശയം പറയാം.

  ReplyDelete
 5. നന്നായി എഴുതിയിട്ടുണ്ട്.
  രചന ഒന്നുകൂടി സുന്ദരവും,ആകര്‍ഷകവുമാക്കാന്‍
  ദീര്‍ഘമായ വരികള്‍ ഹൃസ്വമാക്കുക.
  നീട്ടിപ്പരത്തി പറയേണ്ടതില്ല.
  ഭാഷാസ്വാധീനവും,നല്ല ശൈലീവൈഭവവും
  കൊച്ചനിയനുണ്ട്.
  കഥ വളരെ നന്നായിരിക്കുന്നു.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 6. എത്ര എഴുതിയാലും, പറഞ്ഞാലും തീരില്ല ഈ ദുരന്ത കഥ..!
  കണ്ടാലും കൊണ്ടാലും,ആരും പഠിക്കുന്നുമില്ല..!

  നന്നായിട്ടുണ്ട്. എങ്കിലും,ആഖ്യാനം കുറേക്കൂടെ മെച്ചപ്പെടുത്താമായിരുന്നു.
  തുടരുക.

  ആശംസകളോടെ....പുലരി

  ReplyDelete
 7. കൊള്ളാം, നല്ല രചന. ആശയം പുതിയതല്ലെങ്കിലും സന്ദേശം എലാവരും എന്നും മനസ്സിലാക്കേണ്ടതുതന്നെ. ലളിതമായ ശൈലിയിൽ നല്ലതുപോലെ അവതരിപ്പിച്ചു. ആശംസകൾ...

  ReplyDelete
 8. നല്ല ആശയം. അഭിനന്ദനങ്ങള്‍ .
  http://surumah.blogspot.com

  ReplyDelete
 9. കൊള്ളാം വളരെ നന്നായിരിക്കുന്നു...
  അഭിനന്ദനങ്ങള്‍.....

  ReplyDelete
 10. *ഫിയൊനിക്സ്,
  മദ്യപാനം സ്വന്തം കുടുംബത്തിന്റെ സന്തുലിതാവസ്ഥയെത്തന്നെ ബാധിക്കുനെന്ന് തിരിച്ചറിഞ്ഞ് തിരുത്തുന്നവർ എത്രയുണ്ടാകും...
  സന്ദർശനത്തിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

  *ആറങ്ങോട്ടുകര മുഹമ്മദ്‌
  മദ്യമെന്നുമാത്രമല്ല, ലഹരിതന്നെ ഒരു തടവറയാണല്ലോ. ഒരിക്കൽ അതിലകപ്പെട്ടാൽ വെളിച്ചം കാണുക പ്രയാസം.
  നന്ദി, സന്ദർശനത്തിനും അഭിപ്രായത്തിനും.

  *പ്രയാണ്‍
  :) നന്ദി പ്രയാൺ.

  *പൊട്ടന്‍
  കഥയുടെ ആരംഭത്തിൽ പെൺകുട്ടിയും പിന്നീട് കഥാകാരനും പ്രത്യക്ഷപ്പെടുന്ന രീതി ഒന്നു പരീക്ഷിച്ചുവെന്നേയുള്ളൂ. കാരണം കഥാന്ത്യത്തിൽ ആ കുഞ്ഞുമനസ്സിന് ഉൾക്കൊള്ളാനാകാത്ത വിധത്തിൽ സാഹചര്യങ്ങൾ മാറിപ്പോകുന്നു.
  നന്ദി മാഷേ...

  *c.v.thankappan,chullikattil.blogspot.com
  കഥകളിൽ ദീർഘമായ വരികൾ കടന്നുവരുന്നതിനെപ്പറ്റിയും കഥകൾ നീട്ടിപ്പരത്തി പറയുന്നതിനെപ്പറ്റിയുമൊക്കെ അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. മനസ്സിലേക്കു കടന്നു വരുന്ന, സംഭവങ്ങളുടെ കുത്തൊഴുക്കിൽനിന്ന് ആവശ്യമായവ അരിച്ചുമാറ്റുക എന്നത് -പലപ്പോഴും- പ്രയാസകരമാണ്. കൂടുതൽ ശ്രദ്ധ ചെലുത്തിയാൽ പരിഹരിക്കാവുന്നതേയുള്ളൂ, അല്ലേ...
  സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി മാഷേ.

  *പ്രഭന്‍ ക്യഷ്ണന്‍
  സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.

  *വി.എ || V.A
  ആശയം പുതിയതല്ല. എന്നാൽ സർവസാധാരണവുമാണ്.
  നന്ദി, വി.എ

  *Vp Ahmed
  നന്ദി മാഷേ...

  *മനോജ് കെ.ഭാസ്കര്‍
  നന്ദി, മനോജ് കെ.ഭാസ്കര്‍

  ReplyDelete
 11. നല്ല എഴുത്ത് ട്ടൊ..
  ദീര്‍ഘിപ്പിയ്ക്കാതെ ഇച്ചിരി ചുരുക്കിയെങ്കില്‍ ഒന്നു കൂടെ സുന്ദരമായേനേ..

  ആശംസകള്‍...!

  ReplyDelete
 12. അവളുടെ ഓർമ്മകൾ തുടങ്ങുന്നതുവരെയുള്ള ഭാഗത്തിനു ശേഷം തികച്ചും ഹൃദയത്തിൽ തൊടുന്ന എഴുത്ത്.........വളരെ ഇഷ്ടമായി

  ReplyDelete
 13. ആശയവും അവതരണവും മോശമല്ല.വ്യത്യസ്തതയും ഇഴയടുക്കും കൂടി എഴുത്തില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക.
  ആശംസകള്‍

  ReplyDelete
 14. കൊള്ളാം നല്ല ആശയം. അഭിനന്ദനങ്ങള്‍

  ReplyDelete
 15. ആശയം സമ്പുഷ്ടമായ
  രചന

  ReplyDelete
 16. നല്ല രചന. അഭിനന്ദനങ്ങള്‍ .

  ReplyDelete
 17. *വര്‍ഷിണി* വിനോദിനി
  *മാറുന്ന മലയാളി
  *നാരദന്‍
  *അഭിഷേക്
  *കൊമ്പന്‍
  *MINI.M.B

  നന്ദി, സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും...
  (പ്രതികരിക്കാൻ വൈകിയെങ്കിൽ ക്ഷമിക്കാനപേക്ഷ)

  ReplyDelete
 18. വായിച്ചു തുടങ്ങിയപ്പോള്‍ ഞാനിത് നേരത്തെ വായിച്ചതാനെന്നു തോന്നി. ശരിയായിരുന്നു. പക്ഷെ കമെന്റ്റ്‌ ഇട്ടില്ലെന്നു തോന്നുന്നു.
  പല വീടുകളില്‍ നിന്നും ഒഴിയാത്ത ഒരു ദുരന്തം.
  കൂടുതല്‍ വായിക്കുക...എഴുതുക.
  ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി മാഷേ... ഇനിയും വരുമല്ലോ.

   Delete
 19. കൊച്ചനിയന്‍ കഥ നന്നായി പറഞ്ഞു
  പക്ഷെ ഇത്രയും പരത്തണമായിരുന്നോ
  എന്ന് തോന്നി, പലര്‍ക്കും സമയ ദാരിദ്ര്യവും ഉണ്ടല്ലോ
  ഉള്ളത് എത്രയും വേഗത്തില്‍ ചുരുക്കി പറയാന്‍ ശ്രമിക്കുക
  ആശംസകള്‍
  വീണ്ടും കാണാം
  ഏരിയല്‍ ഫിലിപ്പ്

  ReplyDelete
  Replies
  1. കഥ എഴുതുമ്പോൾ കഴിവതും പരന്നുപോകാതിരിക്കാൻ ശ്രമിക്കുമെങ്കിലും പലപ്പോഴും അതിനു കഴിയാറില്ല. മനസ്സിലുള്ളത് അപ്പടി എഴുതുന്നതിനാലായിരിക്കും.
   ആശയാവിഷ്കാരത്തിൽ ചോർച്ച വന്നുപോകാതെ ഉള്ളത് എത്രയും വേഗത്തിൽ ചുരുക്കി പറയാൻ ശ്രമിക്കാം
   സന്ദർശനത്തിനും അഭിപ്രായനിർദ്ദേശങ്ങൾക്കും നന്ദി മാഷേ.
   വീണ്ടും വരുമല്ലോ...

   Delete
 20. വേണ്ടായിരുന്നു ............

  ReplyDelete