03 March 2014

ശൂന്യതയ്ക്കുള്ളിലെ അന്ധകാരം


എന്റെയൊരു സുഹൃത്ത് പറഞ്ഞു, ഈയിടെയായി അവൾ കണ്ണാടിയിൽ നോക്കുമ്പോൾ തന്റെ മുഖമല്ലത്രേ കാണുന്നത്! പിന്നെയാരുടേതെന്ന ചോദ്യത്തിനു ഞാൻ കേട്ട മറുപടി ആദ്യത്തെ വാചകത്തോളം തന്നെ വിചിത്രമായിരുന്നു. കണ്ണാടിയിൽ പ്രതിഫലിക്കുന്ന ശിരസ്സിൽ മുഖമില്ലത്രേ. മുഖത്തിന്റെ സ്ഥാനത്ത് വെറും ശൂന്യത മാത്രം. ശൂന്യതയ്ക്കുള്ളിലെ അന്ധകാരം! അവളുടെ തന്നെ വാക്കുകളിൽ ബ്ലാക്ക് മെറ്റൽ പോലെ പോളിഷ് ചെയ്യപ്പെട്ട ഒരുതരം കറുപ്പുനിറം!
ചിലപ്പോൾ വെറുമൊരു 1ചൈനീസ് മാജിക് മിറർ എഫക്ട് പോലെയെന്തെങ്കിലും തോന്നൽ മാത്രമായിരിക്കാം എന്നു ഞാൻ പറഞ്ഞു. താൻ നേരിട്ടുകൊണ്ടിരിക്കുന്നതായ യാഥാർത്ഥ്യത്തെ വെറും തോന്നൽ മാത്രമായി ചിത്രീകരിച്ചതിലുള്ള ദേഷ്യം ഒരു നിമിഷം മുഖത്ത് ഫ്ലാഷ് ചെയ്തുവെങ്കിലും അവൾ അതൃപ്തി കലർന്ന ഒരു മന്ദഹാസം മാത്രം എനിക്കു നൽകി. അത് എന്നെ കൂടുതൽ അസ്വസ്ഥനാക്കി. കാരണം മന്ദഹാസം ഒരുതരം അപായസൂചനയാണെന്ന് എനിക്കു മാത്രമേ അറിയൂ. ഞാൻ അവളെ ആശ്വസിപ്പിക്കുവാൻ ആഗ്രഹിച്ചു. അഥവാ, ആഗ്രഹിക്കുക മാത്രം ചെയ്തു.
തൊട്ടടുത്ത ജില്ല വരെയും സഞ്ചരിച്ച് ഒരു ആറന്മുളക്കണ്ണാടി ഒറിജിനൽ തന്നെ ഞാൻ വിലകൊടുത്തു വാങ്ങി. ഒരുപക്ഷേ അവളുടെ ബോധമനസ്സിന് തനിക്കുണ്ടാകുന്നത് വെറുമൊരു തോന്നൽ മാത്രമാണെന്ന് അംഗീകരിക്കാൻ മടിയുണ്ടെങ്കിൽ, തോന്നലുണ്ടാക്കുന്നത് അവൾ ഉപയോഗിച്ചുവരുന്ന കണ്ണാടി തന്നെയാണെങ്കിൽ അതിനെയൊന്ന് പുന:സ്ഥാപിച്ചു നോക്കാം എന്നുതന്നെ ഞാൻ കരുതി. അപായം തീരെയില്ലാത്ത ഒരു പരീക്ഷണം. എന്നാൽ അതുകൊണ്ട് പ്രത്യേകിച്ച് മാറ്റമുണ്ടാകുന്നില്ലായെങ്കിൽ അത് അപകടത്തിലേക്കു തന്നെ നയിച്ചേക്കാം എന്ന സാദ്ധ്യതപോലും ഞാൻ ചിന്തിച്ചിരുന്നില്ല.
ആറന്മുളക്കണ്ണാടിയുമായി ഞാൻ അവളുടെ ഫ്ലാറ്റിലെത്തി. വാതിൽ മലർക്കെ തുറന്ന നിലയിലായിരുന്നു. സ്വീകരണമുറിയിലെ ഭിത്തിയിൽ ഒട്ടിപ്പിടിച്ചിരുന്ന ടെലിവിഷനുമൊപ്പം ഒരു ഗൗളി അപശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. സീലിംഗ് ഹൂക്കിൽ തലകീഴായി നിന്നിരുന്ന ഫാൻ അതിവേഗത്തിൽ തിരിയുന്ന തിരക്കിലായിരുന്നു. ടീപ്പോയിൽ അന്നേദിവസത്തെ തുറന്നുവച്ച പത്രവും അതിനുമുകളിലായി സ്ഥിതി ചെയ്തിരുന്ന കപ്പിനുള്ളിൽ പകുതിയോളം മാത്രം കട്ടൻ ചായയും ഉണ്ടായിരുന്നു. കപ്പിനു പുറത്ത് സോഡിയാക് സൈൻ ചിത്രീകരിച്ചിരുന്നു. വിർഗോ കംപ്ലീറ്റ് വുമൺ.
ഒഴിവുസമയങ്ങളിൽ പാചകത്തിൽ പരീക്ഷണം നടത്തുന്നതായ ശീലമൊന്നും അവൾക്കുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഞാൻ അടുക്കളയെ അവഗണിക്കുകയാണുണ്ടായത്. ഇടനാഴിയിൽ നിൽക്കുമ്പോൾ തന്നെ കുളിമുറിയിൽ ജലകണങ്ങൾ പോരടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. ഞാൻ വാതിൽക്കൽ മുട്ടിവിളിച്ചു. മറുപടിയില്ല. ഒന്നുകൂടി മുട്ടുന്നതിനു മുമ്പ് അല്പനേരം കൂടി കാത്തുനിന്നു. വീണ്ടും അതാവർത്തിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. അല്പനേരത്തെ കാത്തുനിൽപ്പു തന്നെ എന്നെ അസ്വസ്ഥനാക്കിയിരുന്നു. ഒരിക്കൽക്കൂടി ശബ്ദമുയർത്തി വിളിച്ചുനോക്കിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെത്തുടർന്ന് ഫൈബർ ഡോർ തകർത്ത് ഞാൻ അകത്തേക്കു കയറി.
ക്രിസ്റ്റീന, ബാത്ത്ടബ്ബിൽ നിറഞ്ഞുകവിഞ്ഞു കൊണ്ടിരിക്കുന്ന ജലപാളികൾക്കുള്ളിൽ കണ്ണുകൾ പകുതി തുറന്ന അവസ്ഥയിൽ ശയിക്കുകയായിരുന്നു. ആ ജലപാളികൾക്ക് ഭീതിദമായ ചുവപ്പുനിറം നൽകപ്പെട്ടിരുന്നു. ആ നിറത്തിന്റെ ഉത്ഭവം അവളുടെ കൈത്തണ്ടകളിലെ മുറിവുകളായിരുന്നു എന്നു മനസ്സിലാക്കുവാൻ പ്രയാസമുണ്ടായിരുന്നില്ല.
സിറ്റി ഹോസ്പിറ്റലിൽ പതിമൂന്നാം നമ്പർ മുറിയിലെ കട്ടിലിൽ ചാരിയിരുന്നുകൊണ്ട് നിസ്സംഗതയോടെ അവൾ എന്നെ നോക്കി. ഞാൻ മന്ദഹസിക്കുവാൻ ശ്രമിച്ചു.
അല്പനേരത്തിനു ശേഷം ഉഡുപ്പി ഹോട്ടലിൽ നിന്ന് ഭക്ഷണവും കുപ്പിയിൽ നിറച്ച ശുദ്ധജലവും വാങ്ങി ഞാൻ മുറിയിലെത്തി. അവളുടെ മുഖത്ത് യാതൊരു തരത്തിലുമുള്ള വൈകാരിക വ്യതിയാനങ്ങൾ പ്രകടമായിരുന്നില്ല. ഭക്ഷണപ്പൊതി തുറന്ന് കറികൾ നിരത്തിവച്ച് കഴിച്ചോളൂ എന്ന അർത്ഥത്തിൽ ഞാൻ അവളെ നോക്കി. തുന്നിക്കെട്ടുകൾ സൃഷ്ടിച്ച വേദനയോടെ അവൾ തന്റെ കൈകൾ ഉയർത്തിക്കാട്ടി. ചോറും കറികളും അനിയോജ്യമായ അനുപാതത്തിൽ ചേർത്ത് ചെറിയ ഉരുളകളാക്കി ഞാൻ അവൾക്കു നൽകി. തന്റെ പല്ലുകൾ എന്റെ കൈയ്യിൽ തട്ടാതിരിക്കുവാൻ ശ്രദ്ധിച്ച് ഓരോ ഉരുളകളും സാവധാനത്തിൽ അവൾ അകത്താക്കി. ഞാൻ ചിരിക്കുക മാത്രം ചെയ്തു. അവളും. എന്നാൽ ആ മന്ദഹാസം മുമ്പത്തേതിനേക്കാൾ സ്വാഭാവികമായിരുന്നു, ഹൃദ്യമായിരുന്നു, മനോഹരമായിരുന്നു.
ഇതിനുമുമ്പ് മോഹൻ മാത്രമായിരുന്നു വിധം ഭക്ഷണം തന്നിട്ടുള്ളത്. ചെറിയ ഉരുളകളാക്കി…”
മോഹൻ! പെട്ടെന്നുണ്ടായ ഞെട്ടൽ മറച്ചുവയ്ക്കുന്നതിൽ ഞാൻ പരാജയപ്പെട്ടതിനാലാകാം, അവൾ ഉച്ചത്തിൽ ചിരിച്ചത്!
ഉം?
ഭക്ഷണമിശ്രിതത്തെ പല്ലുകൾ കൊണ്ട് മർദ്ദിച്ചുകൊണ്ട് അവൾ ചോദിച്ചു.
നതിംഗ് ഒരു വർഷത്തോളമായിരിക്കുന്നു ക്രിസ്റ്റീന ആ പേരുച്ചരിച്ച് കേട്ടിട്ട്! അതുകൊണ്ട് യൂ സ്റ്റിൽ ഡോൺട് ഫൊർഗെറ്റ് ഹിം?!
എങ്ങനെ ഫൊർഗെറ്റും? ജീവിതത്തിലെ ആദ്യത്തെ പ്രണയം. സോറി, കറക്ഷൻ. ആദ്യത്തെ ആത്മാർത്ഥ പ്രണയം. എ ലോംഗ് ലാസ്റ്റിംഗ് റിലേഷൻഷിപ്പ് എന്നൊക്കെ അഹങ്കാരത്തോടെ ചിന്തിച്ചു നടന്നിരുന്നു. പക്ഷേ അതിപ്പോൾ ആർ..പി!
ഞാൻ മൗനമവലംബിച്ചതേയുള്ളൂ.
മോഹൻ ഒരു നല്ല ലൗവർ ആയിരുന്നു. പക്ഷേ ഒരു നല്ല ഹസ് ആയിരുന്നില്ല.
ഞാൻ ചിരിച്ചു.
ഒരുപക്ഷേ താനിപ്പോൾ ചിന്തിച്ചതു പോലെ, ഞാനൊരു ഉത്തമപത്നിയാകുവാൻ ശ്രമിച്ചിട്ടുമില്ലായിരിക്കാം…”
എന്റെ ചിന്തകൾ വായിച്ചെടുത്തിട്ടെന്ന പോലെ അവൾ പറഞ്ഞു. എന്നാൽ അതിനെപ്പറ്റിയുള്ള സംസാരം തുടരേണ്ടതില്ല എന്നെനിക്കു തോന്നി. ഒരുപക്ഷേ അവളുടെ കൈത്തണ്ടകളിലെ വേദന മനസ്സിലേക്കുകൂടി പടർത്തുന്നതിനേ അതുപകരിക്കൂ.
ഇതിപ്പോൾ എത്രയായി എന്നതിനെപ്പറ്റി വല്ല നിശ്ചവുമുണ്ടോ?
മൂന്നാമത്തേത്!
നിസ്സംഗത മാത്രം.
ഒന്നിൽപ്പിഴച്ചാൽ മൂന്ന് എന്നാണു പ്രമാണം.
മൂന്നിലും പിഴച്ചാൽ എന്തായിരിക്കും പ്രമാണം?! പിഴയ്ക്കുമായിരുന്നില്ല, അതിനിടെ സപ്പോർട്ടിംഗ് ആക്ടർ കടന്നുവന്നില്ലേ…”
സപ്പോർട്ടിംഗ് ആക്ടർ?!
അതെന്തെങ്കിലുമാകട്ടെ. ഒരു കാര്യം ചോദിച്ചാൽ ഇനിയും ദേഷ്യപ്പെടാതിരിക്കുക!
മുഖത്ത് ചോദ്യഭാവം. എന്നാൽ ചോദ്യമെന്തായിരിക്കുമെന്ന് ഊഹിച്ചുകഴിഞ്ഞു എന്ന് പ്രകടം.
വെറുമൊരു തോന്നൽ മാത്രമായിക്കൂടെന്നില്ലല്ലോ. നിന്റെ ഫ്ലാറ്റിലെ കണ്ണാടിയിൽ ഞാൻ കണ്ടത് എന്റെ മുഖം തന്നെ! അതിൽ അസ്വാഭാവികമായി ഒന്നുമില്ലല്ലോ. പിന്നെ, ക്രിസ്റ്റീന ഒരു കവയിത്രിയല്ലേ. അതുകൊണ്ട്…”
അതുകൊണ്ട്?
അല്ല, സ്വന്തം സൃഷ്ടിയായ കഥാപാത്രത്തെയോർത്ത് മുമ്പൊരിക്കൽ ആത്മഹത്യയ്ക്കു ശ്രമിച്ച മഹതിയാണ് എന്റെ മുമ്പിലിരിക്കുന്നത്! അത് വേറൊരു വട്ട്!
മിസ്റ്റർ, മനുഷ്യമനസ്സിന് അനുഭവിക്കാൻ കഴിയുന്നതിൽ ഏറ്റവും മനോഹരമായ അവസ്ഥയാണ് ഉന്മാദാവസ്ഥ. അതിന്റെ മത്തുപിടിപ്പിക്കുന്ന വീഥികളിലൂടെ സഞ്ചരിക്കുന്ന മനസ്സിന് ഭൂതവും ഭാവിയുമില്ല. വന്യമനോഹരമായ വർത്തമാനം മാത്രമേയുള്ളൂ.
കവികളുമായി തർക്കത്തിലേർപ്പെടാതിരിക്കുന്നതാണ് ഉത്തമം! തെല്ലുനെരത്തേക്ക് ഞങ്ങൾക്കിടയിൽ മൗനമായിരുന്നു സംഭാഷണമാധ്യമം. സായാഹ്ന ശേഷം തിരികെയെത്താമെന്ന ഉറപ്പുനൽകി ഞാൻ ആശുപത്രിയിൽ നിന്നിറങ്ങി.
തന്റെ മുഖത്തിനു പകരമായി ഇരുൾ നിറഞ്ഞ്, ശൂന്യത മാത്രമാണവൾ കാണുന്നത് എന്നും അത് വെറുമൊരു തോന്നൽ മാത്രമല്ലെന്നും വിശ്വസിക്കുവാൻ എനിക്കു കഴിഞ്ഞിരുന്നില്ല. ആറന്മുളക്കണ്ണാടി ഞാൻ മറച്ചുവയ്ക്കുകയാണുണ്ടായത്. വെറും തോന്നൽ മാത്രമാണെങ്കിൽ, അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നെനിക്കു ബോധ്യമായിക്കഴിഞ്ഞിരുന്നു.
2എഴുത്തുകാരെ സംബന്ധിച്ചിടത്തോളം, അവർ അധികവും നേരങ്ങളിൽ അർദ്ധോന്മാദാവസ്ഥയിൽ വിഹരിക്കുവാൻ ആഗ്രഹിക്കുന്നു. കാരണം ആ അർദ്ധോന്മാദാവസ്ഥ മാത്രമാണ് തങ്ങളുടെയുള്ളിലെ  സൃഷ്ടിപരതയെ സഹായിക്കുന്ന ഏക ഘടകം.  മായികശേഷിയുള്ള കവിതകളുടെ സ്രാഷ്ടാവായ എന്റെ സുഹൃത്ത് അതുതന്നെയാകും ആഗ്രഹിക്കുന്നത്. എന്നാൽ അതേ ഉന്മാദാവസ്ഥ തന്നെ ആത്മഹത്യാപരമായ ചിന്തകളിലേക്ക് അവളെ നയിച്ചിരിക്കുന്നതായും ഞാൻ കണ്ടുകഴിഞ്ഞു. അല്ലായെങ്കിൽ എങ്ങനെ ഒരെഴുത്തുകാരി സ്വന്തം സൃഷ്ടിയായ കഥാപാത്രത്തിന്മേലുള്ള ചിന്തയാൽ ഉദ്ദീപിക്കപ്പെട്ട് ആത്മഹത്യാശ്രമം നടത്തും?!
അറിയില്ല.
ഒരിക്കൽ ക്രിസ്റ്റീനതന്നെ പറഞ്ഞിട്ടുണ്ട് : ഒരാൾ ആത്മഹത്യ ചെയ്യുവാനൊരുങ്ങുന്ന അതേ നിമിഷത്തിൽ ഒരു കവിതയോ കഥയോ എഴുതുവാൻ കഴിഞ്ഞാൽ അതാകും ലോകത്തിലെ ഏറ്റവും മികച്ച കൃതി. കാരണം അയാൾ പോലുമറിയാതെ മനസ്സ് പൂർണമായും ഒരേയൊരു ബിന്ദുവിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ഏകനിമിഷം അതുമാത്രമാണ്!
 ആത്മഹത്യാ ശ്രമങ്ങൾ
പരാജയത്തിൽ കലാശിച്ച ആത്മഹത്യാ ശ്രമങ്ങൾ!
3കവയിത്രികളായ സ്ത്രീകളിൽ മാനസികാസ്വസ്ഥ്യം അധികരിക്കുന്നതിനുള്ള സാധ്യത മറ്റേതു സാഹിത്യവിഭാഗത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന എഴുത്തുകാരിലുള്ളതിനേക്കാൾ കൂടുതലാണെന്ന് മുൻപെവിടെയോ വായിച്ചതായി ഓർക്കുന്നു. എങ്കിൽത്തന്നെ അതിന് ആത്മഹത്യാ  പ്രവണതയുമായി നേരിട്ടു ബന്ധമൊന്നുമില്ല. അധികരിച്ചുനിൽക്കുന്ന മാനസികാസ്വസ്ഥ്യം ആത്മഹത്യയിലേക്ക് നയിക്കുകയാണ് പതിവ് എന്ന പൊതുധാരണ നിലനിൽക്കുകയാണല്ലോ. വ്യത്യസ്ഥങ്ങളായ അനേകായിരം മനസ്സുകളെയും അത്രത്തോളം തന്നെ സ്വഭാവ വ്യതിയാനങ്ങളും വൈചിത്ര്യങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്ന കവികൾക്ക് തങ്ങളാൽ സൃഷ്ടിക്കപ്പെട്ട മനസ്സുകൾക്കിടയിൽ പെട്ടുപോകുന്നതിനുള്ള സാധ്യതയും വർദ്ധിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
ഉന്മാദത്തിൽ വിഹരിക്കുന്ന മനസ്സിന് ഭൂതവും ഭാവിയുമൊന്നും ഇല്ലായിരിക്കാം. സൃഷ്ടിപരതയെ സഹായിക്കുന്ന ഉന്മാദാവസ്ഥയേക്കാൾ, അധികരിച്ചുനിൽക്കുന്ന മാനസികാസ്വസ്ഥ്യമാണെങ്കിൽ തീർച്ചയായും അതിനു ജന്മം നൽകിയ ബീജം സ്ഥിതി ചെയ്യുന്നത് ആ വ്യക്തിയുടെ ഭൂതകാലത്തിൽ തന്നെയാണ്.
ചുട്ടുപൊള്ളുന്ന വെയിലിലൂടെ ഏറെനേരം നടന്ന് ക്ഷീണമനുഭവപ്പെടുവാൻ തുടങ്ങിയിരുന്നു. അതിനാൽത്തന്നെ എന്റെ ഫ്ലാറ്റിലെത്തുവാൻ അല്പം വൈകി.
കൈവശം ഭദ്രമായിരുന്ന പൊതിക്കുള്ളിൽ നിന്ന് ആറന്മുളക്കണ്ണാടിയെ മോചിപ്പിച്ച് ഞാൻ മേശപ്പുറത്തേക്കുപേക്ഷിച്ചു. ചിന്തകളിൽ വീണ്ടും ക്രിസ്റ്റീനയും മോഹൻ കുമാറും തെളിയുകയായിരുന്നു.
എന്റെ പ്രിയസുഹൃത്തുകളിലൊരാളായ മോഹൻകുമാറിലൂടെയാണ് ഞാൻ ക്രിസ്റ്റീനയെ പരിചയപ്പെടുന്നത്. കെട്ടുന്നെങ്കിൽ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ കെട്ടണം! എന്ന് പലപ്പോഴും അയാൾ പറയുമായിരുന്നു. ക്രിസ്റ്റീനയുമായി പ്രണയത്തിലായതും മൂന്നുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ അവർ വിവാഹിതരായതും എനിക്ക് വളരെയധികം സന്തോഷം പ്രദാനം ചെയ്തു. ഒപ്പം മനസ്സിന്റെ ഉള്ളറകളിലെവിടെയോ മോഹനോടുള്ള ഒരുനേർത്ത അസൂയയും ക്ഷണികമായെങ്കിലും പിറവിയെടുത്തിരുന്നു.
ഏതാനും മാസങ്ങൾക്കു ശേഷം ഇരുവരും വിവാഹബന്ധം വേർപെടുത്തുകയും എന്നാൽ സൗഹൃദത്തിൽത്തന്നെ പിരിയുകയും ചെയ്തതായി ക്രിസ്റ്റീന തന്നെയാണ് എന്നോടു പറഞ്ഞത്. മോഹൻകുമാർ തിരികെ ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു.
അവിവാഹിതനായിക്കഴിയുന്ന ഒരു പുരുഷൻ, വിവാഹബന്ധം വേർപെടുത്തിയ ഒരു സ്ത്രീ ഇരുവരുടേയും സൗഹൃദം സൗഹൃദമായിത്തന്നെ തുടർന്നുവെങ്കിലും അപൂർവം ചില സാഹചര്യങ്ങളിൽ മാത്രം വൈകാരികമായ വേലിയേറ്റങ്ങൾക്കുമുന്നിൽ അനുസരണയുള്ള ആണും പെണ്ണും മാത്രമായിത്തീർന്നു. ക്രിസ്റ്റീനയുടെ കവിതകളുടെ ആദ്യവായനക്കാരനും ഏതു സാഹചര്യത്തിലും ഏതുനിമിഷത്തിലും അവളുടെ മനസ്സിൽ നിറഞ്ഞുകവിയുന്ന വികാരവിചാരങ്ങളുടെയൊക്കെ ശ്രോതാവും ഞാനായിത്തീർന്നു.
പിന്നെയൊരു സായാഹ്നത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യുവനില്ലാതെ സ്മിർനോഫ് വോഡ്ക സൃഷ്ടിച്ച മായികലോകത്തിന്റെ പടിവാതിൽക്കൽ സ്വച്ഛന്ദം വിഹരിക്കുന്ന നേരത്ത് നിശബ്ദനായി നീണ്ടുനിവർന്ന് വിശ്രമിക്കുകയായിരുന്ന മൊബൈൽഫോൺ പെട്ടന്ന് ഭയന്നുവിറച്ചു. ക്രിസ്റ്റീന ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കുന്നു! അതായിരുന്നു എന്റെ അറിവിൽ അവളുടെ ആദ്യത്തെ ആത്മഹത്യാ ശ്രമം.
എന്താണു കാരണമെന്ന് എനിക്കുപോലുമറിയില്ല, മൈ ഡിയർ ഫ്രണ്ട്! ഒരു നിമിഷം. ആ ഒരൊറ്റ നിമിഷത്തിൽ തീരുമാനിക്കുകയും അതു നടപ്പാക്കുകയും ചെയ്തുകഴിഞ്ഞിരുന്നു!
കാരണമെന്തെന്ന് അവൾക്കുപോലുമറിയില്ല?!
അതത്ര വിശ്വാസയോഗ്യമല്ല. പ്രിയ സുഹ്രത്തേ, നിന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക. അവിടുത്തെ ഇരുളിനും മീതേ നിന്റെ ആത്മാവിനെ പരിവർത്തിക്കുവാൻ അനുവദിക്കുക. ജ്ഞാനത്തിന്റെ ആ വെളിച്ചത്തിൽ ആത്മനിർവൃതി പൂണ്ടുനിൽക്കുന്ന നിന്റെ മനസ്സിനോടുതന്നെ കാരണം ആരാഞ്ഞുകൊള്ളുക. തീർച്ചയാം നീ തിരയുന്ന ഉത്തരം ലഭിച്ചിരിക്കും!
മനസ്സിലേക്കിരച്ചു കയറിക്കൊണ്ടിരിക്കുന്ന ചിന്താധാരകളെ നിയന്ത്രിക്കുവാൻ കഴിയാതെ ആശയക്കുഴപ്പത്തിലായിക്കഴിഞ്ഞിരുന്നു ഞാൻ. എനിക്കു തലചുറ്റുന്നതു പോലെ തോന്നി. ഞാൻ വാഷ്ബേസിനരികിലെത്തി, പൈപ്പ് തിരിച്ചു. ഇളംചൂടുനിറഞ്ഞ ജലം പതഞ്ഞൊഴുകി. ഇരു ഹസ്തങ്ങളും ചേർത്തുപിടിച്ച് ജലകണങ്ങളെ അതിനുള്ളിൽ നിറച്ച് മുഖവും കഴുത്തും വൃത്തിയാക്കി, വീണ്ടും കസേരയിൽ അമർന്നിരുന്നു.
ആ നിമിഷത്തിലായിരുന്നു മേശപ്പുറത്ത് സ്ഥിതിചെയ്യുകയായിരുന്ന ആറന്മുളക്കണ്ണാടി എന്റെ ദൃഷ്ടിയിൽപ്പെട്ടത്. ഞാൻ അതു കൈയ്യിലെടുത്തു. അതിന്റെ മിനുസപ്പെടുത്തിയ പ്രതലം എന്റെ മുഖത്തിനുനേരേ തിരിച്ചു. പെട്ടെന്ന് എന്റെ കൈകൾക്ക് താങ്ങാനാകാത്ത വിധം ജഡത്വമനുഭവപ്പെടുകയും ആറന്മുളക്കണ്ണാടി എന്റെ കൈയ്യിൽ നിന്നും ഊർന്നിറങ്ങി നിലത്തേക്കു പതിക്കുകയും ചെയ്തു കണ്ണാടിയിൽ എനിക്കു ദർശിക്കുവാൻ കഴിഞ്ഞതും മുഖത്തിന്റെ സ്ഥാനത്ത് ശൂന്യത മാത്രമായിരുന്നു. ശൂന്യതയ്ക്കുള്ളിലെ അന്ധകാരം മാത്രം!
1.   Chinese Magic Mirror Solid bronze mirror, shiny polished front (can be used as mirror), back has a design cast in the bronze. When bright light reflect onto the mirror, the mirror seems to  become transparent.
2. A novelists chief desire is to be as unconscious as possible Virginia Woolf (Professions for Women)
3.    Female poets are more likely to be suffer from mental illness than any other class of writers James C Kaufman (Sylvia Plath Effect 2001)

12 comments:

 1. കഥ വായിച്ചു
  നന്നായിട്ടുണ്ട്

  ReplyDelete
 2. കഥ വായിച്ചു, ഒരുപാട് ക്ലീഷേകൾ കഥയെ ശ്വാസം മുട്ടിക്കുന്നതായി തോന്നി. വിവാഹ മോചിതയയായ കവിയത്രി, അവരുടെ ഉന്മാദം, അവർക്ക് കൂട്ടാകുന്ന smirnoff ഉം ആണ്‍ സുഹൃത്തും. മറ്റെവിടെയോ വായിച്ച അഭിപ്രായങ്ങളും ഒരു പാട് മുൻവിധികൾ കഥയിൽ കുത്തിച്ചെലുത്താൻ ശ്രമിച്ചപ്പോൾ, കഥയുടെ മെയിൻ ത്രെഡ് എന്താണെന്ന് മനസ്സിലാക്കാൻ പ്രയാസം തോന്നി. കഥയുടെ അടിസ്ഥാന ആശയം നന്നായിരുന്നു. അല്പം കൂടി ചിന്ത കഥയ്ക്കും അതിന്റെ treatmentനും നൽകിയിരുന്നെങ്കിൽ ഇതിലും വളരെയേറെ മികച്ചതാകുമായിരുന്നു. ഇനിയും എഴുതുക ആശംസകൾ.

  ReplyDelete
  Replies
  1. →ശരിക്കും പറഞ്ഞാൽ ഈ അഭിപ്രായം വായിച്ചതിനു ശേഷമാണ് അല്പം കൂടി ചിന്ത കഥയ്ക്കു നൽകാമായിരുന്നു എന്നു തോന്നിയത്.
   നല്ല വായനയ്ക്കും അഭിപ്രായങ്ങൾ തുറന്നെഴുതിയതിനും ഒരു സഹയാത്രികയായി മാറിയതിനുമൊക്കെ നന്ദി.

   Delete
 3. കഥ നന്നായിരിക്കുന്നു...ആശംസകള്‍...

  ReplyDelete
  Replies
  1. →നന്ദി, പുതിയ സഹയാത്രികന് സുസ്വാഗതം...

   Delete
 4. കഥയുടെ ഒഴുക്ക് എനിക്ക് ഇഷ്ടമായി. ആറന്മുള കണ്ണാടി കൊടുക്കാതിരുന്നിടത്ത് തന്നെ അവസാനഭാഗം ഏകദേശം ഊഹിച്ചിരുന്നു. എങ്കിലും കൊള്ളാം...നന്നായി...ഒന്നൂടെ പോളിഷ് ചെയ്താല്‍ ഇനിയും തിളങ്ങും. സ്കോപ്പുണ്ട്..

  ReplyDelete
 5. കഥ ഇഷ്ടമായി... പ്രിന്‍സെ..
  ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ നമുക്കോരോരുത്തര്‍ക്കും മുഖം നഷ്ടപ്പെടാറുണ്ട്..
  എവിടൊക്കെയോ നന്ദിതയെ ഓര്‍മ്മപ്പെടുത്തി..
  മുകളില്‍ ശാലിനിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.. വീണ്ടും ആവര്‍ത്തിക്കുന്നില്ല...

  ReplyDelete
 6. നോവിന്നു ഉന്മാദം ന്നൊരു അര്‍ത്ഥം കൂടി ഉണ്ടോ?..rr

  ReplyDelete
 7. നല്ല ഒഴുക്കോടെ ഒരു പാട് സംഗതികൾ കൂടിചേർന്ന് എഴുതിയ ഒരു കഥ

  ReplyDelete
 8. കഥ നന്നായിരിക്കുന്നു. ആശംസകൾ.

  ReplyDelete
 9. ഇതു ഞാൻ കാണാതെ പോയല്ലൊ.നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete