24 August 2010

കാലചക്രം

ഓരോ രാത്രികളും
പകലുകളിലേക്കുള്ള തിരിച്ചുപോക്കുകളാണ്.
ഘോരാന്ധകാരങ്ങളിൽ നിന്ന്
വെളിച്ചത്തിലേക്കുള്ള പ്രയാണങ്ങൾ.
നിശയുടെ യാമങ്ങൾ തീർത്ത
തടവറകളിൽ നിന്ന്
ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ്
ഒരു രക്ഷപെടലായിരിയ്ക്കാം.
അകലെയെവിടെയോ തിളങ്ങിയ
വെളിച്ചം തേടിയുള്ള യാത്ര.
ഒരിക്കലുമവസാനിക്കാ യാത്രയിൽ
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കു -
കുതിക്കാൻ വെമ്പുമ്പോഴും
ഇരുളിന്മേൽ വെളിച്ചം കൊണ്ട്
വിജയം കൈവരിക്കുമ്പോഴും
ഉള്ളിൽ വിളങ്ങിയത് അന്ധകാരം!
വെളിച്ചത്തിൻ ദൂതനായെന്നാലും,
അന്ധകാരത്തിന്നരചനാണ്.
മടങ്ങിപ്പോകൽ അസാധ്യം.
കാരണം ഓരോ പകലുകളും
സന്ധ്യയിൽ മരിയ്ക്കുന്നു.
ചക്രവാളത്തിൽ രക്തം കൊണ്ടെഴുതുന്നു
വെളിച്ചത്തിന്റെ മറുവശം
എല്ലായിപ്പോഴും അന്ധകാരമാണ്.