കട്ടിലിൽ നിന്നെഴുനേറ്റ് കണ്ണുതിരുമിക്കൊണ്ട് മുറിയിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ സ്റ്റോർ റൂമിലെ അലമാരയ്ക്കടിയിൽ നിന്നും എന്തോ ചില ശബ്ദങ്ങൾ കേട്ട് അവിടേക്കെത്തിനോക്കിയ പ്രദീപ് കണ്ടത് എലിപ്പെട്ടിക്കുള്ളിൽ കുടുങ്ങി പുറത്തേക്കിറങ്ങാൻ ശ്രമിച്ച് പരാജിതനായിക്കൊണ്ടിരിക്കുന്ന ഒരു മൂഷികവീരനെയാണ്. ശത്രുസൈന്യത്തിലെ ഒരംഗത്തെയെങ്കിലും പിടികൂടാൻ കഴിഞ്ഞതിൽ അയാൾ സന്തോഷിച്ചു.

“മന്വേയ്, കിട്ടീടാ…”
ചെക്കൻ തിരിഞ്ഞുനോക്കി. വായിൽനിന്നും ബ്രഷെടുത്ത് ‘കോൾഗേറ്റ്’ പേസ്റ്റുപതയും തുപ്പലുമടങ്ങിയ
വെളുത്ത മിശ്രിതം കുറ്റിമുല്ലത്തൈയുടെ മീതേ ചൊരിഞ്ഞ് ഓടിയെത്തി.
സിക്സ് പായ്ക്ക് തെളിഞ്ഞുതുടങ്ങിയ തന്റെ ശരീരം വളച്ച് എലിപ്പെട്ടിയിലേക്ക് നോക്കിക്കൊണ്ട്
അവൻ പറഞ്ഞു:
“കക്ഷി ആ തേങ്ങാപ്പൂള് ശാപ്പിട്ടുകളഞ്ഞു!”
ചെക്കൻ പറഞ്ഞത് പ്രദീപ് ശ്രദ്ധിച്ചിരുന്നില്ല?
അയാൾ, എലിപ്പെട്ടിയ്ക്കുള്ളിൽ പ്രാണഭയത്തോടെ തലങ്ങും വിലങ്ങുമോടുന്ന മൂഷികവീരനെ
ഉറ്റുനോക്കുകയായിരുന്നു. ജീവിതത്തിൽ ആദ്യമായി തൊടാവുന്ന അകലത്തിൽ ഒരു മൂഷികവീരനെ ഒത്തുകിട്ടിയിരിക്കുന്നു!
അത് തന്റെ മീശ വിറപ്പിച്ചുകൊണ്ട് വിളറിയ ചുവപ്പുനിറത്തോടു കൂടിയ മൂക്കും, പല്ലുകളും
തുറിപ്പിച്ച് ഇടയ്ക്കിടെ തന്റെ ശത്രുക്കളെ രൂക്ഷമായി നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
‘എലിപ്പെട്ടി’ പ്രയോഗം ഫലവത്തായിരിക്കുന്നു!
പക്ഷേ ഒരു പ്രശ്നമുണ്ട്. ‘ഇതി’നെ എങ്ങനെ കൊല്ലും?
“അച്ഛൻ പെട്ടി തുറക്ക്, അവനിറങ്ങുന്ന നിമിഷത്തിൽത്തന്നെ ഞാനടി
പറ്റിക്കാം…”
അതെങ്ങനെ നടക്കും? പെട്ടി തുറക്കുകയാണെങ്കിൽ കാണാൻ കൂടി കിട്ടിയെന്നു വരില്ല.
മനുവിന്റെ നിർദേശം അത്ര പ്രാവർത്തികമാണെന്ന് പ്രദീപിനു തോന്നിയില്ല.
“എന്നാലൊരു കാര്യം ചെയ്താൽ മതി. പെട്ടിയോടെ വെള്ളത്തിൽ മുക്കിക്കൊല്ലാം?”
ക്രൂരത!
തന്റെ കൈകൾ അറിഞ്ഞുകൊണ്ട് ഒരു കുഞ്ഞുജീവനായാൽപ്പോലും, ഇല്ലാതാക്കുന്നതിനെപ്പറ്റി
ചിന്തിക്കാൻ പോലും പ്രദീപിനായില്ല. പ്രതികരിക്കാൻ പോലുമാകാത്ത നിസ്സഹായതയിൽ പ്രാണവായു
കിട്ടാതെയുള്ള പിടച്ചിൽ…
“അതുവേണ്ട”
“കൊല്ലണ്ട എന്നോ വെള്ളത്തിൽ മുക്കിക്കൊല്ലണ്ട എന്നോ?
എങ്കിലൊരു
കാര്യം ചെയ്യാം. തുറന്നങ്ങു വിട്ടേക്കാം. എന്താ?!”
പ്രദീപ് ഒന്നും പറഞ്ഞില്ല.
മനു ഒരു പുഞ്ചിരിയോടെ പറഞ്ഞു:
“അങ്ങേവീട്ടിലെ ദീപുവിനോട് പറഞ്ഞാൽ മതി. വേണ്ടപോലെ ചെയ്തോളും”
ഈ മൂഷികവീരനെ കൊണ്ടുപോകാനെത്തിയ യമധർമനു പേർ ‘ദീപു’ എന്നോ?!
“ഉം”
ആ ശബ്ദത്തിൽ ഒരതൃപ്തി കലർന്നിരുന്നു.
അല്പനേരത്തിനകം ദീപു എത്തിച്ചേർന്നു. ടാപ്പിംഗ് കത്തി ചുഴറ്റിക്കൊണ്ട് അവൻ പറഞ്ഞു.
“വെട്ടാൻ പോയിരുന്നു…”
(റബ്ബർ!)
“എലിപ്പെട്ടിയിൽ ഒന്നുകുടുങ്ങിയെന്ന് മനു പറഞ്ഞു. പ്രദീപേട്ടൻ
വിഷമിക്കാതെ. താഴെ പൊട്ടൻ കുളത്തിൽ മുക്കിക്കൊല്ലാം!”
പൊട്ടൻ കുളം!
ആഫ്രിക്കൻ പായൽ നിറഞ്ഞ് അങ്ങിങ്ങായി പുല്ലുവളർന്ന് ആ കുളം ഉപയോഗശൂന്യമായിത്തീർന്നതിൽ
അതിനുള്ളിലുണ്ടായ ചില ദുർമരണങ്ങൾക്കും കാര്യമായ പങ്കുണ്ട് (അതിലൊന്ന് ദീപുവിന്റെ സഹോദരനും!).
ഒരുനാൾ രാത്രി, കുളത്തിൻ കരയിലിരുന്ന് പതിഞ്ഞസ്വരത്തിൽ മധുരഗാനം ആലപിക്കുകയായിരുന്ന
ഒരാളെ താൻ കണ്ടുവെന്നും അത് ദീപുവിന്റെ സഹോദരനായിരുന്നുവെന്നും ആരോ പ്രചരിപ്പിച്ചതിനു
ശേഷമാണ് പ്രസ്തുത കുളത്തിലെ പായൽ വളർച്ച ത്വരിതപ്പെട്ടത്. അതിനുവളമായി ആ പ്രചരണവും
ജലോപരിതലത്തിൽ ഒഴുകിനടന്നു.
എങ്കിൽപ്പോലും കുളത്തിന്റെ പടിഞ്ഞാറേ മൂലയിൽ കുറേ പായൽ വകഞ്ഞുമാറ്റി ദീപു തന്റെ
സ്നാനാദി കർമങ്ങൾക്കായുള്ള ഒരു ‘പ്രൈവറ്റ് പ്രോപ്പർട്ടി’ തരപ്പെടുത്തി. ‘കുളത്തിലുള്ളത് അവന്റെ
ചേട്ടനല്ലേ… അവന് കുഴപ്പമൊന്നും ഉണ്ടാവില്ല’ എന്ന് ചിലർ അടക്കം പറഞ്ഞു.
ശൂന്യമായ ‘എലിപ്പെട്ടി’ തിരികെയേൽപ്പിച്ച് ഒരു
ചൂളം വിളിയോടെ ദീപു കടന്നുപോയി.
പത്രം തുറന്നുപിടിച്ചിരുന്നെങ്കിലും പ്രദീപിന്റെ ചിന്തകൾ സഞ്ചരിച്ചിരുന്നത്
ആ അക്ഷരങ്ങളിലൂടെയായിരുന്നില്ല.
എലിശല്യം രൂക്ഷമായതിനെത്തുടർന്നാണ് ‘എലിവില്ല്’ പദ്ധതി ആവിഷ്കരിച്ചത്.
ഏറെക്കുറേ വിജയകരമായിരുന്നു. എന്നാൽ ആ കെണിയിൽ കുരുങ്ങിയ ഒരു മൂഷികവീരനെ തലപിളർന്ന്
തലച്ചോർ പുറത്തുചാടിയ നിലയിൽ കണ്ടനാളിൽ അതുപേക്ഷിച്ചു.
പിന്നീട് എലിവിഷത്തിലേക്കു തിരിഞ്ഞെങ്കിലും വിഷം പുരണ്ട ‘വിഭവങ്ങൾ’ കഴിച്ച് എലികൾ അവയുടെ
രഹസ്യസ്ഥാനങ്ങളിലിരുന്ന് മൃതിയടഞ്ഞതിനൊപ്പം സഹിക്കാനാകാത്ത ദുർഗന്ധം അവ സൗജന്യമായി
നൽകി. അതിനാൽ പലരാത്രികളിലും ഉറക്കം വീടിനു പുറത്തായിത്തീർന്നു.
ഇടുങ്ങിയ അടുക്കളയിലെ ടീപ്പോയിൽ നിന്ന് ചെറിയ പഴവർഗാദികൾ അപ്രത്യക്ഷമാകാൻ തുടങ്ങിയപ്പോഴും
എല്ലാജീവികൾക്കും അടിസ്ഥനമായി വേണ്ടത് ഭക്ഷണമാണല്ലോ എന്നു കരുതി തുടക്കത്തിൽ വലിയ ശ്രദ്ധ
നൽകിയതുമില്ല. പക്ഷേ, ഇടനാഴിയിലെ മേശപ്പുറത്തു നിന്നും ഹോമിയോ ഗുളികകൾ നിറച്ച ചെറു
പ്ലാസ്റ്റിക് ബോട്ടിലുകളിൽത്തുടങ്ങി നിത്യോപയോഗ സാധനങ്ങളിലൊന്നായ അടിവസ്ത്രമുൾപ്പടെ
മൂഷികവൃന്ദം അപ്രത്യക്ഷമാക്കൻ തുടങ്ങിയിരുന്നു.
സുഹൃത്തിനോട് ഇതേപ്പറ്റി പറഞ്ഞപ്പോൾ പരിഹാസ സ്വരത്തിൽ ചോദിച്ചു
“എന്തോന്നടേയ്… നിന്റെ വീട്ടിലെ എലികളും
ഷഡ്ഡി ഇട്ടു തുടങ്ങിയോ?!”
പ്രദീപ് ഒന്നും പറഞ്ഞില്ല.
ഒരു മഴക്കാല ദിനത്തിൽ അത്യാവശ്യമായി പുറത്തേക്കു പോകാനൊരുങ്ങുന്നതിലേക്കായി
തന്റെ അടിവസ്ത്രം തിരയുകയായിരുന്നു. എന്നാൽ തൽകാലം അതുകാണാനില്ല എന്നാണറിയാൻ കഴിഞ്ഞത്.
ബാക്കിയുള്ളവ കഴുകിയത് ഉണങ്ങിയിട്ടില്ലാത്തതിനാലും ഇസ്തിരി പ്രയോഗം നടത്തി ഉണക്കാമെന്നു
കരുതിയാൽത്തന്നെ വൈദ്യുതി പണിമുടക്കിയിരിക്കുന്നതിനാലും ആ ഒരെണ്ണത്തിനു വേണ്ടിയുള്ള
തിരച്ചിൽ തുടർന്നുകൊണ്ടിരുന്നു.
അല്പനേരത്തെ തെരച്ചിലിനൊടുവിൽ സ്റ്റോർ റൂമിലെ അലമാരയ്ക്കടിയിൽ നിന്നും കണ്ടെടുക്കുമ്പോൾ
അത് ഏതാണ്ട് ‘വല’പോലെ ആയിക്കഴിഞ്ഞിരുന്നു (മേശപ്പുറത്തുനിന്നും
അപ്രത്യക്ഷമായിരുന്ന ഹോമിയോ ഗുളികകളുടെ ഏതാനും ചെറുബോട്ടിലുകളും ചെറുകഷ്ണങ്ങളായി അവിടെയുണ്ടായിരുന്നു).
പിന്നെയെന്തു ചെയ്യാൻ…
ജംഗ്ഷൻ വരെ ‘അതി’ല്ലാതെതന്നെ മുണ്ടുമാത്രമുടുത്ത്
ഒരുപായത്തിലൊക്കെ അങ്ങുപോയി. മാധവേട്ടന്റെ ‘ലുങ്കി ഹൗസി’ൽ നിന്ന് പാകത്തിനുള്ള
ഒരെണ്ണം വാങ്ങി ധരിച്ചു!
ചിന്തകളിൽ മുഴുകി അങ്ങനെയിരുന്നപ്പോൾ മകൻ മനു, തന്റെ പ്രവൃത്തി പൂർത്തിയാക്കി
ഒരു ചിരിയോടെ പ്രദീപിനടുത്തെത്തി.
“അച്ഛാ… എനിക്കൊരൈഡിയ!”
“ഉം..? എന്താ..?”
“ഒരു വഴിയുണ്ടെന്ന്…”
“ഒരുപാട് കാശുചെലവാകുന്ന ‘വഴി’യാണെങ്കിൽ മനസ്സിൽത്തന്നെ
വച്ചേക്ക് മോനേ…”
“അല്പം എലിവിഷം വാങ്ങുന്ന കാശുചെലവാക്കാല്ലോ?!”
“വിഷം വച്ചാൽ ശരിയാകത്തില്ല. അന്നത്തെപ്പോലെ വല്ലോടത്തും കേറിയിരുന്ന്
ചത്താപ്പിന്നെ പണിയാ…”
“വിഷം വപ്പുതന്നെ. വേറൊരു രീതിയിൽ!”
“എങ്ങനെ?!”
“സിംപിൾ… എലിപ്പെട്ടിയ്ക്കുള്ളിൽ വയ്ക്കുന്ന തേങ്ങാപ്പൂളിൽ
നന്നായി വിഷം വച്ചാൽ പോരേ?!”
പ്രദീപ് നെറ്റിചുളിച്ചു. പതിയെ ആ ചുളിവുകൾ നിവർന്ന് മുഖത്തൊരു പുഞ്ചിരി വിടർന്നു.
പദ്ധതി നടപ്പിലാക്കപ്പെട്ടു.
പിറ്റേന്നുരാവിലെ സ്റ്റോർറൂം എന്നു വിളിക്കാവുന്ന ആ ഇടുങ്ങിയ മുറിയിലെ ഇരുട്ടുനിറഞ്ഞ
മൂലയിലെ അലമാരയ്ക്കടിയിലും തട്ടിൻ പുറത്തുമൊക്കെ സ്ഥപിച്ചിരുന്ന എലിപ്പെട്ടികളിൽ നിന്നും
അന്തിമവിധി കൈക്കൊണ്ട് നിത്യശാന്തരായി കഴിയുന്ന മൂഷികവീരന്മാരെ പുറത്തേക്കെടുത്തപ്പോഴും
പ്രദീപിന്റെ മുഖത്ത് ഒരു നേർത്ത ചിരിയുണ്ടായിരുന്നു. ജൂതരെ ഗ്യാസ് ചേമ്പറിലടച്ച് വിഷവാതകം
കയറ്റി മൃതപ്രായരും മൃതശരീരങ്ങളുമാക്കി രസിച്ച ഹിറ്റ്ലറുടെ
മുഖത്തുണ്ടായിരുന്ന
അതേ ചിരി.