14 May 2010

ഒരു ചെറിയ കഥ

         ആ പഴയ തെര്‍മോക്കോളുകള്‍ക്കിടയിലും യാതൊരു രക്ഷയുമില്ലെന്നു കണ്ട പാറ്റയ്ക്ക് പിന്നെയൊരൊറ്റയോട്ടം വച്ചുകൊടൂക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതൊരോട്ടമായിരുന്നില്ല. മരണപ്പാച്ചില്‍! അതവസാനിച്ചത് ചില പുസ്തകങ്ങള്‍ വലിയ ചിട്ടയൊന്നും കൂടാതെ അടുക്കിവച്ചിരിക്കുന്ന ഒരു ഷെല്‍ഫിനുള്ളിലായിരുന്നു. ആ പാറ്റയെ പിന്തുടര്‍ന്നുവന്ന ഒരു ജോടി കണ്ണുകള്‍ അതിനകത്താകെ പരതി നടന്നു. പാറ്റയെ കണ്ടെത്തുവാന്‍. ഷെല്‍ഫിനകത്ത് ശബ്ദതാരാ‍വലി വൃത്തിയായി പൊതിഞ്ഞുവച്ചിരിക്കുകയായിരുന്നു. പാ‍റ്റ മലയാളത്തിനുപിന്നില്‍ ഒളിച്ചിരുന്നു. എന്നാല്‍ ആ ഒളിഞ്ഞിരിപ്പിന്റെ സുരക്ഷിതത്വത്തെക്കുറിച്ചോ ദൈര്‍ഘ്യത്തെക്കുറിച്ചോ അതിന്‍ യാതൊരറിവുമുണ്ടായിരുന്നില്ല. അതിന്റെ കുഞ്ഞുഹൃദയം ശക്തിയായി മിടിച്ചുകൊണ്ടിരുന്നു. ഉള്ളില്‍ പ്രാണഭയം കത്തിയെരിഞ്ഞുകൊണ്ടിരുന്നു. മലയാളത്തിനു പിന്നില്‍ അങ്ങനെയേറെ നേരമിരുന്നില്ല. പെട്ടെന്ന് ഘനഗാംഭീര്യമുള്ള ഒരു ശബ്ദം കേട്ടു. ആ ചെറുക്കന്റെ അച്ഛനായിരിക്കും അത്?
“കിട്ടിയോ?”
“ഇല്ല, ആ പാറ്റ ഇതിനകത്തെവിടെയോ കയറിക്കളഞ്ഞു.”
“പുസ്തകങ്ങളൊക്കെ മാറ്റിനോക്കിയാലോ?”
“അതിനൊക്കെ ഇനിയുമൊരുപാടു സമയമെടുക്കില്ലേ?”
“വേണമെങ്കില്‍ മതി!”
“വേണം വേണം, ഇല്ലാഞ്ഞാല്‍ പ്രാക്റ്റിക്കല്‍ ക്ലാസ്സില്‍ കയറാന്‍ പറ്റില്ല.”
“പാറ്റയെ കൊണ്ടുചെല്ലണമെന്നു പറഞ്ഞിരുന്നോ?”
“ഉം”
        പാറ്റ ഒന്നു നടുങ്ങി. ഹതുകൊള്ളാം താനും കൂടിയുണ്ടെങ്കിലേ ക്ലാസ്സില്‍ കയറ്റൂവെന്ന്! താനാരാ അവന്റെ രക്ഷകര്‍ത്താവോ? ഹും, ഇന്നലെ അവന്‍ പറയുന്നത് കേട്ടിരുന്നു, നാളെത്തേക്ക് ഒരു പാറ്റയെ വേണമെന്ന്. ബയോളജിക്കു കീറിമുറിക്കാനാണത്രേ! അയ്യോ.
കൊണ്ടുചെല്ലുന്ന പാറ്റകളെ ആ അധ്യാപകന്‍ ഒരു കുപ്പിയിലെ വെള്ളത്തില്‍ പിടിച്ചിട്ട് കൊല്ലുമത്രേ. ആ കുപ്പിയില്‍ സഹോദരങ്ങള്‍ വേറെയുമുണ്ടാ‍വും. ചിലര്‍ മരണത്തിനടിപ്പെട്ടവരായിരിയ്ക്കും. ചിലര്‍ മൃതപ്രായരും മറ്റുചിലര്‍ എന്നിട്ടും മരണം വരിക്കുകയോ മൃതപ്രായക്കാരാകാത്തവരോ ആയിരിക്കും. എങ്ങനെയാ‍യാലും അന്തിമവിധി മരണത്തിനടിപ്പെടുക എന്നതാണല്ലോ? പാറ്റയെ ഒരു ബോര്‍ഡില്‍ കിടത്തി, വായ് ഭാഗങ്ങള്‍ ഒന്നൊന്നായി പറിച്ചെടുക്കുമത്രേ. കൊടും ക്രൂരത! ഒരു പക്ഷേ മരിച്ചിട്ടില്ലെങ്കില്‍ എത്രമാത്രം വേദനയായിരിക്കും അനുഭവിക്കേണ്ടി വരിക? ചുണ്ടും ചിറകുമൊക്കെ പറിച്ചെടുക്കുമ്പോള്‍... ഹൊ... പാറ്റയുടെ ശരീരത്തിലാകെയൊരു മരവിപ്പ് പടര്‍ന്നു. തന്റെ സുഹൃത്ത് ഈയിടെയായി ഷെല്‍നുകീഴില്‍ പുസ്തകങ്ങള്‍ കരണ്ടുതിന്നാന്‍ വരാത്തതിനു കാരണമിതായിരിക്കുമോ? ആണെങ്കില്‍ അവനെന്തൊക്കെ ക്രൂരതയ്ക്കിരയായിട്ടുണ്ടാകും?
        ഹും... ബയോളജിയില്‍ കീറിമുറിക്കാന്‍! ബയോളജിയില്‍ പഠനവിധേയമാകുന്നത് ക്രൂരതയും കൊലയുമാണോ? ജീവശാസ്ത്രമെന്നാല്‍ കൊലയെന്നും അര്‍ത്ഥമുണ്ടോ? ഓ... ആധുനിക ജീവശാസ്ത്രം ഇതൊക്കെയായിരിക്കും! പാറ്റകള്‍, പാവങ്ങള്‍. അവയെന്തറിയുന്നു? ഒരു പാറ്റയെ കൊന്നാല്‍ ശല്യം തീര്‍ത്തു എന്നു കരുതുന്നവരാണല്ലോ ചുറ്റുമുള്ളത്.
മനുഷ്യന്‍-ക്രൂരന്‍, കൊലപാതകി, വിദ്യാര്‍ത്ഥി!
        പാറ്റ ഒരുനിമിഷമൊന്നു കാതോര്‍ത്തു. ആകെയൊരു നിശബ്ദത. ആ ചാവാളിച്ചെറുക്കന്റെയോ അവന്റെ പിതാ‍വെന്ന മനുഷ്യന്റെയോ ശബ്ദമൊന്നും കേള്‍ക്കാനില്ല. ക്ഷണനേരം ശബ്ദതാരാവലിയുടെ പിന്നില്‍ത്തന്നെ നിന്നശേഷം അവിടെ നിന്നും വൈക്കം മുഹമ്മദ് ബഷീറിന്റെ പുത്തുകയറി. അവിടെനിന്നും ഗുണ്ടര്‍ട്ടിന്റെയും. എന്നാല്‍ ശബ്ദതാരാവലി പതുക്കെ ഇഴഞ്ഞുമാറുന്നത്, പാവം പാറ്റയറിഞ്ഞില്ല. ശ്രദ്ധിച്ചതുമില്ല.
        പാറ്റ ഒരു ക്ഷണര്‍ദ്ധം ഒന്നു നിന്നു. ചുറ്റും നോക്കി. ശ്വാസം മുട്ടുന്നതായി തോന്നി. മുന്നോട്ടു നടന്നുനോക്കി. നീങ്ങുന്നില്ല. പെട്ടുവോ? അത് പരിഭ്രന്തനായി ചുറ്റും നോക്കി.  ചെറുക്കന്‍ തികഞ്ഞ സന്തോഷത്തോടെ നില്‍ക്കുന്നു. താന്‍ ഒരു സ്ഫടിക ഗ്ലാസ്സുകൊണ്ടു മൂടപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ അതിന്‍ ഏറെ സമയമൊന്നും വേണ്ടിവന്നില്ല. ആരെ പഴിക്കണം? മലയാളവും ബഷീറും ഗുണ്ടര്‍ട്ടും ചതില്ല. പക്ഷേ അറിഞ്ഞോ അറിയാതെയോ പൌലോ ചതിച്ചു. അതെ. താനൊരു പുസ്തകത്തിനു മുകളിലാണ്‍ നില്‍ക്കുന്നതെന്ന് അതിനു മനസ്സിലായി. പരിഭ്രാന്തനായി അതിനകത്താകെ നടക്കുന്നതിനിടയില്‍ പ്രസ്തുത പുസ്തകത്തിന്റെ പേരിലൂടെ പാറ്റയൊന്നു കണ്ണോടിച്ചു. ‘വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു’- പൌലോ കൊയ്‌ലോ!

ദീര്‍ഘസുമംഗലീ ഭവ

ടൈം പീസിന്റെ ഉച്ചത്തിലുള്ള വിളി കേട്ടാണ്‍ ഞാന്‍ ഉണര്‍ന്നത്. തലയിലൂടെ മൂടിയിരുന്ന പുതപ്പ്, പണിപ്പെട്ടെടുത്തുമാറ്റി നോക്കിയപ്പോള്‍ എട്ട് മുപ്പത് എന്ന സമയവും കാട്ടിക്കൊണ്ട് പല്ലിളിച്ചുനില്‍ക്കുന്ന സൂചികളെ അതില്‍ കണ്ടു. അവ എന്നെ നോക്കുന്നത്  പുച്ഛത്തോടെയാണെന്നെനിക്കു തോന്നി. പക്ഷേ ചെയ്തുകൊണ്ടിരുന്ന ‘തൊഴിലില്‍’ തടസ്സം നേരിട്ടതില്‍ എനിക്ക് കടുത്ത അമര്‍ഷമാണുണ്ടായത്. എന്നാല്‍ അതാരോടു തീര്‍ക്കുമെന്നത് ഒരു പ്രശ്നമായതിനാല്‍ അവന്റെ തലക്കുതട്ടി നിലവിളി നിര്‍ത്തി, ആ ‘തൊഴില്‍’ തന്നെ തുടരാമെന്നു കരുതി. തലയിണയില്‍ തലയമര്‍ന്ന്, നിദ്രയുടെ പറുദീസയിലേക്കുയരാനൊരുങ്ങിയപ്പോഴാണ്‍ അതോര്‍ത്തത്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നൊരു അഗ്നിപര്‍വ്വതമുയര്‍ന്നു - ഇന്ന് അവള്‍ക്ക് എന്നെ അത്യാവശ്യമായി കാണണമെന്നു പറഞ്ഞിരുന്നു - ഞാന്‍ ചാടിയെഴുനേറ്റു. എങ്കിലും ഒരു നിമിഷത്തേക്ക് നിശ്ചലനായി ഇരുന്നുപോയി. എന്നെ സംബന്ധിച്ചിടത്തോളം ഇത്ര പ്രധാനമായ ഒരു കാര്യം ഞാനെങ്ങനെ മറന്നു എന്ന ഒരു ചോദ്യം മനസ്സിലുയര്‍ന്നെങ്കിലും അതിനുള്ള മറുപടി കണ്ടെത്താനുള്ള സമയമിതല്ല എന്ന അവബോധമുണ്ടായതിനാല്‍ ആ ചോദ്യത്തെ ചവറുകൂനയിലേക്കെറിഞ്ഞ്, പെട്ടെന്നുതന്നെ തയ്യാറാകാനുള്ള വഴികള്‍ക്കായി പരക്കം പാഞ്ഞു.

        വളരെ പെട്ടന്നായിരുന്നു ദന്തധാവന സ്നാനാദി, പ്രാധമിക കര്‍മ്മങ്ങള്‍ കഴിഞ്ഞത്. ഒരജ്ഞാത വിദേശിസോപ്പായിരുന്നു സ്നാന കര്‍മ്മങ്ങള്‍ക്കു സഹായിച്ചത്. അതിയായ സുഗന്ധമുണ്ടായിരുന്നു, അതിന്‍. കഴിഞ്ഞതവണ കണ്ടുമുട്ടിയപ്പോള്‍ അവള്‍ സമ്മാനിച്ചതാണ്‍. എന്തുകൊണ്ടും അതിയായ സുഗന്ധമുണ്ടാകാന്‍ അര്‍ഹമല്ലേ ഈ സോപ്പ്? സമയമൊട്ടും താമസിക്കാതെ ആ നിലക്കണ്ണാടിക്കു മുമ്പില്‍ ഹാജര്‍ പതിപ്പിച്ചു. പയ്ഹിവുപോലെ പൌഡര്‍ പൂശി. ഞാനുമായി സൌഹൃദം സ്ഥാപിച്ചിട്ടില്ലാത്ത ഒരു പെര്‍ഫ്യൂമും പൂശി. അതിനുമുണ്ടായിരുന്ന അതിയായ സുഗന്ധത്തിനു കാരണം അവളുടെ സമ്മാനമെന്ന നിലയില്‍ ഞാനത് കൈപ്പറ്റിയതാവാം. പല്ലുകളില്‍ ചിലത് കൊഴിഞ്ഞുപോയ, പിടിയല്‍പ്പം പൊട്ടിയ, വൃത്താകാരത്തിലുള്ള ഒരു ‘ഓള്‍ഡ് മാന്‍’ ചീപ്പായിരുന്നു എന്റെ സുന്ദരമായ മുടിയൊതുക്കുവാന്‍ സഹായിച്ചത്.

        കണ്ണാടിക്കുമുന്നില്‍ നിന്ന് പിന്‍വാങ്ങി, ഊണുമേശക്കരികിലെത്തി. ഇഡ്ഡലിയായിരുന്നു പ്രാതല്‍. സൌകര്യമായി. എന്നാല്‍കഴിയും വിധം വളരെപെട്ടന്നുതന്നെ അതിന്റെ കാര്യത്തില്‍ ഒരു തീര്‍പ്പുകല്‍പ്പിച്ച്, കൈ കഴുകിയെന്നുവരുത്തി, ബസ് സ്റ്റോപ്പിലേക്കോടി.

        ബസ് നീങ്ങിത്തുടങ്ങിയിരുന്നു. ഞാന്‍ പാഞ്ഞുചെന്ന് അതിന്റെ പിന്‍വാതിലില്‍ കയറിപ്പറ്റി. അതുവേണ്ടായിരുന്നു എന്ന് കയറിക്കഴിഞ്ഞപ്പോഴാണ്‍ തോന്നിയത്. കാരണം അതിനുള്ളില്‍ കയറിപ്പോയ വായുവിനുപോലും പുറത്തിറങ്ങാന്‍ നന്നേ പണിപ്പെടേണ്ടി വന്നിരുന്നു. ഞാന്‍ വാതില്‍ക്കല്‍ത്തന്നെ നിന്നു. ഉള്ളിലെവിടെ നിന്നോ മാര്‍ഗതടസ്സങ്ങളായി നിന്നവരെ വകഞ്ഞുമാറ്റിക്കൊണ്ട് കണ്ടക്ടര്‍ കടന്നു വന്നു. എന്നെ നോക്കി, ഒന്നു മന്ദഹഹിച്ചശേഷം ടിക്കറ്റുകീറിത്തന്നു.പതിവുയാത്രക്കാരനല്ലെങ്കിലും എനിക്കുലഭിച്ച പുഞ്ചിരിയുടെ അര്‍ത്ഥമെന്തെന്നെനിക്കു മനസ്സിലായില്ല. ഞാനെന്റെ പോക്കറ്റില്‍ കൈയ്യിട്ട്, ഏതാനും ചില്ലറയെടുത്തു കൊടുത്തു, വീണ്ടും തന്റെ തൊഴിലില്‍ വ്യാപൃതനാകാന്‍ ശ്രമിക്കുന്ന അയാളെ നോക്കിക്കൊണ്ട് ആ ടിക്കറ്റ് അലക്ഷ്യമായി പോക്കറ്റില്‍ നിക്ഷേപിച്ചു. തലേദിവസത്തെ യാത്രകളുടെ സ്മരണകളായി കീശയില്‍ക്കിടന്നിരുന്ന ടിക്കറ്റുകളെ തൊട്ടുരുമ്മി അതും.

        എനിക്കിറങ്ങാനുള്ള അഥവ അവള്‍ കാത്തുനില്‍ക്കാമെന്നു പറഞ്ഞ സ്റ്റോപ്പെത്തിയതൊന്നും ഞാനറിഞ്ഞില്ല. ബസ് വീണ്ടും നീങ്ങിത്തുടങ്ങിയപ്പോഴാണ്‍ ഞാനത് ശ്രദ്ധിച്ചത്. ‘ആളിറങ്ങാനുണ്ടേ' എന്ന ഒരു നിലവിളിയോടു കൂടി വാതില്‍ക്കല്‍ നിന്നവരെ വകഞ്ഞുമാറ്റാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പുറത്തേക്കുചാടി. എന്നാല്‍ എന്റെ ശരീരത്തെ നിയന്ത്രിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. അതിന്റെ ആക്കത്തില്‍ ഞാന്‍ ഒരു കല്ലില്‍ത്തട്ടി, ദൂരെത്തെറിച്ചുവീണു. അതിനിടയില്‍ എന്റെ വീഴ്ചയുടെ ഇരട്ടമണി മുഴങ്ങുന്നതും നിരത്തുവക്കിലെ ഒരു വെയിറ്റിംഗ് ഷെഡില്‍ നിന്നും കൂട്ടച്ചിരിയുയരുന്നതും ഞാന്‍ കേട്ടു. വളരെ പണിപ്പെട്ടെങ്കിലും ഇളിഭ്യത നിറഞ്ഞ ഒരു മന്ദഹാസത്തോടെ ഞാനെഴുനേറ്റു. തൊട്ടടുത്തുകണ്ട ഒരു കോര്‍പ്പറേഷന്‍ പൈപ്പിനെ സമീപിച്ചു. പ്രാര്‍ത്ഥനയോടെ അതിന്റെ പിടി തിരിച്ചു. ഭാഗ്യമുണ്ട്. അതില്‍നിന്നും പാല്‍നിറത്തില്‍ ജലകണങ്ങള്‍ ഏകമായൊഴുകി. അതുപയോഗിച്ച് കൈമുട്ടിലും കാല്‍മുട്ടുകളിലും പറ്റിപ്പിടിച്ചിരുന്ന മണ്ണും പൊടിയുമൊക്കെ കഴുകിക്കളഞ്ഞു. ഒരു വിശ്രമമാവശ്യമാണെന്നു തോന്നിയതിനാല്‍ തൊട്ടടുത്തുകണ്ട വെയിറ്റിംഗ് ഷെഡില്‍ കയറി, അനന്തമായ വീഥിയിലേക്ക് കണ്ണുംനട്ടിരിപ്പായി.

        അങ്ങനെയിരിക്കുമ്പോള്‍, മോശപ്രവൃത്തിയാണെങ്കിലും ഒരടക്കം പറച്ചിലിന്‍ കാതോര്‍ക്കേണ്ടിവന്നു. ഒരു പൊട്ടിച്ചിരിക്കും. അതെന്നെക്കുറിച്ചാണ്‍ എന്നതായിരുന്നു കാരണം. ഞാന്‍ ഒന്നും കേള്‍ക്കാത്തതുപോലെയിരുന്നു. എന്റെ തൊട്ടടുത്തുനിന്ന ഒരു പര്‍ദ്ദധാരി എന്നെ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു. എന്റെ മുഖത്ത് ആശ്ചര്യചിഹ്നം കലര്‍ന്ന ഒരു ചോദ്യചിഹ്നം പ്രത്യക്ഷപ്പെട്ടു. അടുത്തെവിടെയോ ഒരു ഓട പൊട്ടി ദുര്‍ഗന്ധം വമിക്കുന്നുണ്ടാ‍യിരുന്നു. അതിനോടിടകലര്‍ന്ന്, പര്‍ദ്ദധാരിയുടെ പെര്‍ഫ്യൂമിന്റെ അതിരുകടന്ന ഗന്ധം കൂടിയായപ്പോള്‍... ഹൊ...! എങ്കിലും ഞാനവിടെത്തന്നെ നിന്നു. അവള്‍ എത്തുമ്പോള്‍ എന്നെ കാണാതെ വിഷമിക്കരുതല്ലോ.

        അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അപ്പൊഴാണ്‍ ആ രൂക്ഷമായ നോട്ടത്തിന്റെയും അടക്കം പറച്ചിലിന്റെയും ചിരിയിടെയും രഹസ്യം-അല്ല, സത്യം- ഞാന്‍ മനസ്സിലാക്കുന്നത്. ഒരു ഞെട്ടലോടെയാണ്‍ ഞാനത് വായിച്ചത്- ലേഡീ‍സ് വെയിറ്റിംഗ് ഷെഡ്! ഇളിഭ്യത മറച്ചുവച്ച്  ഞാന്‍ സാവധാനം അവിടെനിന്നെഴുനേറ്റു. പുറത്തേക്കിറങ്ങാനായി ഒരടി മുന്നോട്ടുവച്ചതേയുള്ളൂ, ഇടതുതോളില്‍ ഒരു നനവ്. ഞാന്‍ തെല്ല് പരിഭ്രമത്തോടെ ചുറ്റും നോക്കി. സ്വാഭാവികമായും മുകളിലേക്കും. ഒരു പരിഹാസച്ചിരിയുമായി ഒരു കള്ളക്കാക്ക! അതു പണി പറ്റിച്ചു. പിന്നില്‍ നിന്നും വീണ്ടും ആ കൂട്ടച്ചിരിയുയര്‍ന്നു. ഇത്തവണ ഇളിഭ്യത മറച്ചുവയ്ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അല്പം മുമ്പുപരിചയപ്പെട്ട ആ കോര്‍പ്പറേഷന്‍ പൈപ്പിന്റെ സമീപത്തെത്തി. ഇത്തവണ നേര്‍ത്ത ഒരു പ്രതീക്ഷയോടെ പൈപ്പിന്റെ പിടി തിരിച്ചു. വായുവും വെള്ളവും ഫ്രീയാണെന്നുപറയുന്നത് വെറുതെയല്ല എന്നു മനസ്സിലായി- ശക്തമായി അല്പം വായുവാണ് പുറത്തേക്കുവന്നത്. നിരാശനായ ഞാന്‍, തൊട്ടടുത്തുകണ്ട ഒരു ചെറു പീടികയില്‍നിന്ന് ഒരു സോഡാ വാങ്ങി, കാക്കയുടെ ‘കലാവിരുത് ’ കഴുകിക്കളഞ്ഞു.

        ഞാന്‍ ഒരുവിധം തളര്‍ന്നിരിക്കുന്നു. ദൂരേക്കു നോക്കി. ഇല്ല, അവള്‍ വരുന്നില്ല. തളര്‍ച്ചമാറ്റുവാന്‍ ഒരു ചായയാവാമെന്നു തോന്നി. അതേ പീടികയില്‍ നിന്നു തന്നെയാവമെന്നും കരുതി. ഒരു ഗ്ലാ‍സ്സ് ചായയുമായി ആ പീടികയിലെ ഒരു കാലിളകി, ‘കരകര’ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ആടിക്കൊണ്ടിരിക്കുന്ന ബഞ്ചില്‍, പലകയടിച്ചുകൂട്ടിയ ഭിത്തിയില്‍ ചാരിയിരുന്ന് ചൂടുചായ ഊതിക്കുടിച്ചുകൊണ്ടിരിക്കവേ ഒരു മന്ദമാരുതന്റെ നേര്‍ത്ത തലോടലാല്‍ ഓര്‍മകള്‍ ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടുപോകുന്നത് ഞാനറിഞ്ഞിരുന്നില്ല. ഏറെ നാളായുള്ള ഒരു പ്രണയബന്ധമാണ്‍ ഞങ്ങളുടേത്. ആദ്യമൊക്കെ വെറും സൌഹൃദമായിരുന്നു. കാലാന്തരത്തില്‍ മഞ്ഞുപെയ്യുന്ന രാവുകളും ശിശിരങ്ങളിലെ ഇലകള്‍ പൊഴിച്ചുനില്‍ക്കുന്ന വൃക്ഷങ്ങളും വസന്തങ്ങളില്‍ മന്ദഹാസത്തോടെ വിരിഞ്ഞുനില്‍ക്കുന്ന പുഷ്പങ്ങളും ഞങ്ങളുടെ സൌഹൃദത്തെ പ്രണയമെന്നു വിലയിരുത്തി (അതിനുനേരേ ഞങ്ങള്‍ മൌനം പാലിച്ചതേയുള്ളൂ). എന്നാല്‍ ആ വിലയിരുത്തല്‍ കാരണം എനിക്ക് അവളുടെ ഏട്ടന്മാരെ പരിചയപ്പെടേണ്ടതായി വന്നു. ആ കൂടിക്കാഴ്ചയുടെ ഫലമനുഭവിച്ചത് എന്റെ അണപ്പല്ലായിരുന്നു. ആ ഓര്‍മ്മയുടെ മാധുര്യം കൂട്ടുന്നതിനായി വലതുകൈമുട്ടിനു മുകളില്‍ ഒരടയാളവും അവര്‍ സമ്മാനമായിത്തന്നു. എന്നാല്‍ അത്തരത്തിലുള്ള യാതൊരു ബാഹ്യശക്തികള്‍ക്കും എന്നെ-ഞങ്ങളെ-പിന്തിരിപ്പിക്കാനായില്ല. ധൈര്യപൂര്‍വം ഞങ്ങള്‍ മുന്നോട്ടു നീങ്ങി. വീണ്ടും വീണ്ടും കോളേജുപടിക്കലും മറ്റുമൊക്കെ വച്ചുകണ്ടു. സംസാരിച്ചു, തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചു, വിഷമങ്ങള്‍ പങ്കുവച്ച് പരസ്പരം ആശ്വസിപ്പിച്ചു. ഞാന്‍ പ്രണയകവിതകളെയും പ്രണയഗാനങ്ങളെയും പ്രണയകഥകളെയും പ്രണയിക്കുവാന്‍ തുടങ്ങി. എനിക്കുചുറ്റുമുള്ള പല വസ്തുക്കളിലും അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു സൌന്ദര്യം ഞാന്‍ കണ്ടു.

        കാലിയായ ചായഗ്ലാസ്സ് കടക്കാരനുനല്‍കി തിരിഞ്ഞുനടക്കാന്‍ ഭാവിച്ചപ്പോള്‍ അയാള്‍ എന്റെ തോളില്‍ത്തട്ടി വിളിച്ചു
    “ചായേടെ പൈസാ?”
പരിസരബോധമില്ലായ്മ! ഞാന്‍ അതിന്റെ പണം കൊടുത്തശേഷം അയാളെ നോക്കി ഒന്നു ചിരിച്ചു. അയാള്‍ അതു കണ്ടിരിക്കില്ല. ദോശയുണ്ടാക്കുന്ന തിരക്കിലായിരുന്നു. തിരക്കേറിയ മനുഷ്യര്‍! പുരുഷന്മാര്‍ക്കായുള്ള വെയിറ്റിംഗ് ഷെഡിലേക്കുചെന്ന് അതിന്റെ വൃത്തിഹീനമായ ഭിത്തിയില്‍ ഒരുന്നത രാഷ്ട്രീയ നേതാവിന്റെ പോസ്റ്ററില്‍ ചാരിയിരുന്നു. അപ്രതീക്ഷിതമായാണ്‍ ഞാനെന്റെ നേത്രങ്ങളെ ദൂരേക്കയച്ചതത്. അവള്‍ വരുന്നുണ്ടായിരുന്നു.ഞാന്‍ തെല്ല് ഉല്ലാസവാനായെങ്കിലും നമ്രശിരസ്കയായ അവളുടെ മുഖത്തെ മ്ലാനത വളരെ ദൂരെനിന്നുപോലും എനിക്കു കാണാന്‍ കഴിഞ്ഞു. സാവധാനത്തിലുള്ള ആ നടപ്പ് മുഖത്തെ മ്ലാനതയ്ക്ക് കറുപ്പുകൂട്ടുന്നു. അവള്‍ എന്റെയടുത്തെത്തിക്കുണ്ടിരുന്നു. ഞാന്‍ വെയിറ്റിംഗ് ഷെഡില്‍ നിന്നിറങ്ങി അല്പം മുന്നോട്ടു നിന്നു. അവള്‍ എന്റെയടുത്തെത്തി. മുഖമുയര്‍ത്തി, ഒന്നു മന്ദഹസിച്ചു. അവള്‍ അതിനു ശ്രമിക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി. തല്‍ക്കാലം കാര്യകാരണം തിരക്കി, അവളെ ഇനിയും മുഷിപ്പിക്കേണ്ടതില്ല എന്നു കരുതി. പൌഡര്‍ പോലെ മുഖത്ത് വാരിപ്പൂശിയ മന്ദഹാസത്തോടെ തന്നെ അവള്‍ പറഞ്ഞു.
    “നമുക്ക് ആ ഐസ്ക്രീം പാര്‍ലറിലേക്കിരിയ്ക്കാം”
ഞാന്‍ എതിര്‍ത്തില്ല. അവള്‍ മുന്‍പില്‍ നടന്നു. ഞാന്‍ പിന്നിലും. ഐസ്ക്രീം പാര്‍ലറിലെ വൃത്താകാരത്തിലുള്ള ഒരു ചെറിയ മേശയ്ക്കുചുറ്റും അഭിമുഖമായി ഞങ്ങളിരുന്നു.
        ഏറെനേരത്തെ മൌനം ഞങ്ങള്‍ക്കിടയില്‍ ഒരു കൂറ്റന്‍ മതിലായി നിലകൊണ്ടു. എനിക്കത് എന്റെ ക്ഷമയെ അങ്ങേയറ്റം പരീക്ഷിക്കുന്ന ഒന്നായി അനുഭവപ്പെട്ടു? ഞാന്‍ പലപ്പൊഴും അവളെ നോക്കി. അവള്‍ എന്നെയും. ഞങ്ങളുടെ നോട്ടങ്ങള്‍ തമ്മിലുടക്കിയ ഒരു നിമിഷത്തില്‍ ഞാന്‍ ചോദിച്ചു.
    “എന്താ എന്നോട് അത്യാവശ്യമായി പറയാനുണ്ടെന്ന് പറഞ്ഞത്?”
മൌനം.
    “എന്താണെങ്കിലും പറഞ്ഞോളൂ”
    “ഉം, പറയാം ”
അവളുടെ മധുരനാദമുയര്‍ന്നു.
    “എങ്കിലും, തന്നോടെങ്ങനെ പറയുമെന്നറിയില്ല”
    “തനിക്ക് എന്നോടും എനിയ്ക്ക് തന്നോടും എന്തുകാര്യമായാലും തുറന്നുപറയുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ്‍ എന്റെ വിശ്വാസം. സോ, എന്തായാലും മടിക്കാതെ പറഞ്ഞോളൂ ”
ഞാന്‍ അക്ഷമനായിരുന്നു. സ്വാഭാവികമെന്നോ കൃത്രിമമെന്നോ എനിക്ക് തിരിച്ചറിയാനാകാത്ത ഒരാനന്ദത്തോടെ അവള്‍ പറഞ്ഞു.
    “വരുന്ന പതിനേഴാം തീയതി എന്റെ വിവാഹമാണ്‍, തന്നെ ക്ഷണിക്കാനാണ്‍ അത്യാവശ്യമായി കാണണമെന്ന്...”
വെള്ളിടി വെട്ടി. സമുദ്രങ്ങള്‍ ഇളകിമറിഞ്ഞു. പുഞ്ചിരിയോടെ നമ്രശിരസ്കരായി നിന്ന പുഷ്പങ്ങള്‍ കൊഴിഞ്ഞുവീണു. അവയുടേത് പുഞ്ചിരിയല്ലായിരുന്നു എന്നു തോന്നി. ഞാന്‍ നിശ്ചലാവസ്ഥയില്‍ത്തന്നെ തുടര്‍ന്നു. തെല്ലുനേരത്തിനു ശേഷം അവള്‍ തന്റെ ബാഗില്‍നിന്ന് ഒരു വിവാഹക്കുറി പുറത്തെടുത്തു. അവളുടെ വിവാഹക്കുറി എന്നു പറയുന്നതോ എന്റെ ആത്മഹത്യാക്കുറിപ്പ് എന്നു പറയുന്നതോ ഉചിതമെന്ന ഒരു സംവാദമായിരുന്നു എന്റെ മനസ്സില്‍ നടന്നത്. ആ ‘വിവാഹക്കുറി’ അവള്‍ എനിക്കു നേരേ നീട്ടി. തികച്ചും യാന്ത്രികമായി ഞാനതു വാങ്ങി. തുറന്നുവായിക്കുവാനുള്ള കരുത്തില്ലായിരുന്നു. ഭാവഭേദമന്യേ അവള്‍ തുടര്‍ന്നു.
    “താന്‍ വരണം. ഏട്ടന്മാരെക്കുറിച്ചോര്‍ത്ത് ടെന്‍ഷനാകേണ്ടതില്ല. തന്നെ വിളിക്കാനുള്ള അനുവാദം ഞാനവരോട് വാങ്ങിയിട്ടുണ്ട്. ഒരു തെറ്റിധാരണയുടെ പേരിലാണ്‍ അന്നങ്ങനെയൊക്കെ സംഭവിച്ചതെന്ന കാര്യം ഞാനവരെ ധരിപ്പിച്ചിട്ടുണ്ട്.”
ഹതുശരി. എല്ലാവരുടെയും പൊതുവായ തീരുമാനമായിരുന്നു, അല്ലേ?! അവസാനത്തെ സ്പൂണ്‍ ഐസ്ക്രീമും നുണഞ്ഞുകൊണ്ട് അവള്‍ എഴുനേറ്റു. മറ്റേതോ ലോകത്തിലായിരുന്ന എന്നെയും  തട്ടിയുണര്‍ത്തി, അവള്‍ കൌണ്ടറിലേക്കു നടന്നു. ഞാന്‍ മൂകനായി, യാന്ത്രികമായി അവളെ അനുഗമിച്ചു. ഐസ്ക്രീമിന്റെ പണം കൊടുത്ത്, നിരത്തിലേക്കിറങ്ങിയ ഞങ്ങള്‍ പരസ്പരമൊന്നുമുരിയാടാതെ അല്‍പ്പനേരം അങ്ങനെതന്നെ നിന്നു. ഞങ്ങളുടെ മുന്നില്‍ അനന്തമായി പോകുന്ന പാത. ആ പാത അവളെ പുതിയൊരു ജീവിതത്തിലേക്കു നയിക്കട്ടെ. എന്നെ എവിടേക്കാണ് നയിക്കുക? അറിയില്ല! ചില വാഹനങ്ങള്‍ ഞങ്ങളെ കടന്നു പോയി. അവള്‍ എനിക്കുനേരേ തിരിഞ്ഞു. ആ കണ്ണുകള്‍ ഒന്നുകൂടി ചുവന്നിരുന്നു. ഒരിക്കല്‍ക്കൂ‍ടി കൃത്രിമമായി മന്ദഹസിച്ചുകൊണ്ട്, അവള്‍ തിരിഞ്ഞു നടന്നു. ഞാനും.

        അവള്‍ തെല്ലുദൂരം പിന്നിട്ടപ്പോള്‍ ഞാന്‍ പോലുമറിയാതെ അവള്‍ക്കയി ഒരു പിന്‍വിളി എന്നില്‍നിന്നുണ്ടായി. അവള്‍ തിരിഞ്ഞു നിന്നു. ഞാന്‍ ആ കണ്ണുകളിലേക്കു നോക്കി. അവയില്‍ ഒരു ചോദ്യചിഹ്നമോ പ്രതീക്ഷയുടെ നേര്‍ത്ത നനവോ ആയിരുന്നു, ഞാന്‍ കണ്ടത്. ചീകിക്കെട്ടിയിട്ടില്ലാത്ത അവളുടെ മുടി മന്ദമാരുതനോടൊത്തു പറന്നുകളിക്കുന്നുണ്ടായിരുന്നു. തണുത്ത ഒരു നോട്ടം നോക്കുന്ന അവളോട് ഞാന്‍ അവസാനമായി പറഞ്ഞതിങ്ങനെ
    “വിഷ് യൂ എ ഹാപ്പി മാര്യേജ് ലൈഫ്...”