20 May 2013

ഒരു ബാലരമയിൽ നിന്ന്


       ഏറെ വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം ഞാനൊരു ബാലരമ വാങ്ങി. ജംഗ്ഷനിലെ ഒരു പീടികയിൽ നാരങ്ങാവെള്ളത്തിനുവേണ്ടി കയറിയപ്പോൾ തീർത്തും അവിചാരിതമായാണ് ഞാനതു ശ്രദ്ധിച്ചത്. മിക്കവാറും കാണാറുണ്ടായിരുന്നെങ്കിലും വലിയ ശ്രദ്ധ നല്കിയിരുന്നില്ല. കാലം എനിക്കും അതിനുമിടയിൽ തീർത്ത വിടവുകൾ, എന്നാൽ കഴിഞ്ഞ ദിവസം ഇല്ലാതാവുകയായിരുന്നു. വർഷങ്ങൾക്കു മുമ്പുള്ള കൂട്ടുകാരനെ പെട്ടെന്നു കണ്ടപ്പോൾ മനസ്സിലാക്കാൻ അതിനു കഴിഞ്ഞിരുന്നില്ല എന്നുറപ്പ്. കാരണം എനിക്കുപോലുമറിയാത്ത വിധം ഞാൻ മാറിയിരിക്കുന്നു. ബാലരമയ്ക്ക് പറയത്തക്ക മാറ്റങ്ങൾ പ്രകടമായിരുന്നില്ല താനും.

മുമ്പ് പോസ്റ്റോഫീസ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും (?) പത്രക്കാരനെ കാത്ത്, തുറന്നിട്ടില്ലാത്ത ഗേറ്റിൽ തൂങ്ങിക്കിടന്നിരുന്ന നാലുവയസുകാരൻ പത്രക്കെട്ടിൽ തിരഞ്ഞിരുന്നത് ബാലരമയും ബാലഭുമിയും മാത്രമായിരുന്നു. പത്രത്തിന്റെ ആദ്യപേജ് മാത്രം വെറുതെ ഒന്നുനോക്കിയിരുന്നു എന്നതൊഴിച്ചാൽ അതിനെ പാടേ അവഗണിച്ചിരുന്നു. കാരണം ഞാൻ തിരഞ്ഞത് ബാലരമയിൽ മാത്രമേ കണ്ടെത്താൻ കഴിഞ്ഞിരുന്നുള്ളൂ.
 
ബാലരമ വായിക്കുന്നതിനു തന്നെ ഒരു രീതിയൊക്കെ ഉണ്ടായിരുന്നു. ആദ്യം ചിത്രകഥകൾ പിന്നെ കവിതകൾ, നീളം കുറഞ്ഞ കഥകൾ എന്നിങ്ങനെ. ഒരു ബാലരമ വായിച്ചുതീർക്കാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയം വേണ്ടിവരും എന്നതാണ് സത്യം. അതിനാൽത്തന്നെ വലിയ കഥകളിൽ കൈവെക്കാൻ തുനിയാറില്ല (ചിത്രകഥ രൂപത്തിൽത്തന്നെ മഹാഭാരത കഥ ഉണ്ടായിരുന്നെങ്കിലും അതിനെയും ശ്രദ്ധിച്ചിരുന്നില്ല. കാരണമെന്തെന്ന് ഇപ്പോഴും അറിയില്ല) . എനിക്കുവേണ്ടി ആ കൃത്യം നിർവഹിച്ചിരുന്നത് ചേട്ടനോ ചേച്ചിയോ  അമ്മയോ ആയിരുന്നു. ഞാൻ കേട്ടിരിക്കും. ആ കഥ ആരെഴുതിയതെന്നോ അതിനോടൊപ്പമുള്ള ഒന്നോരണ്ടോ ചിത്രങ്ങൾ ആരുവരച്ചതെന്നോ (കഥ വായിച്ചുതരുന്നത് ആരാണെന്നുള്ളതോ) എനിക്കൊരു പ്രശ്നമായിരുന്നില്ല. പക്ഷേ കഥ വായിച്ചുകേട്ടതിനു ശേഷം പിന്നെയെന്തുണ്ടായി? എന്നു ഞാൻ ചോദിക്കുന്നത് പതിവായിരുന്നു. പക്ഷേ പലപ്പോഴും അതിനുള്ള മറുപടി മേൽപ്പറഞ്ഞവർ ഒരു ചിരിയിൽ ഒതുക്കിക്കളയുകയായിരുന്നു. നിർബന്ധിച്ചാൽ പിന്നീട് വായിച്ചു തന്നില്ലെങ്കിലോ എന്ന ഭയവും എനിക്ക് ഉണ്ടായിരുന്നു. 

ബാലരമയിൽ നിന്ന് വായിച്ചതോ വായിച്ചുകേട്ടതോ ആയ കഥകൾ ശാന്തിഗിരി നെഴ്സറിയിൽ സഹപാഠികൾക്കിടയിൽ അവതരിപ്പിക്കുന്നതും പതിവായിരുന്നു. കൂട്ടുകാരിൽ ചിലർ പ്രസ്തുത കഥകൾ വായിച്ചിരിക്കാമെങ്കിലും അവതരണത്തിനിടയിൽ ഞാനിത് കേട്ടതാ കൊച്ചേ…” എന്ന് ശല്യപ്പെടുത്തുകയില്ല. ഒരുപക്ഷേ എന്റെ അവതരണം കുഞ്ഞുകൂട്ടുകാർ ഇഷ്ടപ്പെടുന്നുണ്ടായിരുന്നിരിക്കും. ശിക്കാരി ശംഭു, മായാവി, കുട്ടൂസൻ, ഡാകിനി, ലുട്ടാപ്പി, രാജു, രാധ, വിക്രമൻ, മുത്തു, കാലിയ, ജമ്പനും തുമ്പനും തുടങ്ങിയ കഥാപാത്രങ്ങൾ എന്നിലുണ്ടാക്കുന്ന വേഷപ്പകർച്ച പലദിനങ്ങളിലും വിസ്മയം വിടരുന്ന  കണ്ണുകളോടെ കൂട്ടുകാർ നോക്കിയിരിക്കുമായിരുന്നു.

പിന്നീട് എന്നോ ഒരിക്കൽ ബാലരമയെ മറക്കാൻ തൂടങ്ങുകയായിരുന്നു. തട്ടും മുട്ടുമില്ലാതെ മലയാളം വായിക്കാൻ പഠിപ്പിച്ച ഒരധ്യാപകൻ, കഥ,ചിത്രകഥ ആദിയായവയിലൂടെ രസിപ്പിച്ചിരുന്ന ഒരു കൂട്ടുകാരൻ എന്നിവയെല്ലാമായിരുന്ന ബാലരമ പിന്നീട് ഒന്നുമല്ലാതെയായിത്തീർന്നു. കാലം മനുഷ്യനിലുണ്ടാക്കുന്ന അനിവാര്യമായ മാറ്റം. ബാലരമയ്ക്കു പകരക്കാരായി കടന്നുവന്ന പുസ്തകങ്ങളിൽ ചിത്രകഥകൾ ഉണ്ടായിരുന്നില്ലെങ്കിലും അവയെയും ഞാൻ സ്നേഹിക്കാൻ പഠിച്ചു. സിപ്പി പള്ളിപ്പുറത്തിൽ നിന്ന് ബേപ്പൂർ സുൽത്താനിലേക്കും എം.ടിയിലേക്കും എം.പി.നാരായണപിള്ളയിലേക്കും എൻ.പി.മുഹമ്മദിലേക്കും എസ്.കെ.പൊറ്റക്കാടിലേക്കും പി.കേശവദേവിലേക്കും പിന്നീട് മാക്സിം ഗോർക്കിയിലേക്കും പാമുകിലേക്കും  പൗലോ കൊയ്‌ലോയിലേക്കുമൊക്കെ മനസ് സഞ്ചരിക്കുകയായിരുന്നു. ചിത്രകഥകൾ വല്ലപ്പോഴും മാത്രം ബസ്‌സ്റ്റാൻഡിലെ ന്യൂസ് സെന്ററിൽ നിന്നുവാങ്ങുന്ന ബോബനും മോളിയുംപറയാൻ തുടങ്ങി.

ബാലരമ കൊണ്ടുവന്ന് തുറന്നുനോക്കിയപ്പോൾ അത് ഒരുപാട് മാറിയിരിക്കുന്നു, ഉള്ളിൽ എന്നുമനസ്സിലായി. 

മൗഗ്ലി, ബാലു, കാ, ബഗീരൻ, തുടങ്ങിയവർ അണിനിരന്ന ജംഗിൾ ബുക്ക് അവസാനിച്ചിരിക്കുന്നു!
 
മണ്ടത്തരങ്ങൾ മാത്രം ചെയ്യുകയും എങ്കിൽപ്പോലും എല്ലാവരുടേയും ഹീറോ ആകുകയും ചെയ്യുന്ന ശിക്കാരി ശംഭു തന്റെ മണ്ടത്തരങ്ങൾ അവസാനിപ്പിച്ച് ഭാര്യഗൃഹത്തിൽ പരമസുഖം വാഴുകയാവും. 

കൊള്ളക്കാർ എന്തു കുതന്ത്രം പ്രയോഗിച്ചാലും അവരെ പിടികൂടി ഇടിച്ച് നിലംപരിശാക്കുന്ന ജമ്പനും തുമ്പനും എസ്.ഐ ചെന്നിനായകവുമൊക്കെ ജോലി രാജിവെച്ചോ? 

ഡൂഡുവും ചമതകനുമൊക്കെ തന്നെ കുടുക്കാൻ പ്രയോഗിക്കുന്ന തന്ത്രങ്ങളിൽ നിന്ന് സമർത്ഥമായി രക്ഷപെട്ടുകൊണ്ടിരുന്ന കാലിയ ഒടുവിൽ പറന്നകന്നു പോയോ?

അറിയില്ല.

മേൽപ്പറഞ്ഞവയൊക്കെ അപ്രത്യക്ഷമായെങ്കിലും ആ ഇടം ശൂന്യതയിൽ അവശേഷിക്കുന്നില്ല. കാർട്ടൂൺ നെറ്റ്‌വർക്കിലും പോഗോയിലുമൊക്കെ പരമ്പരയായിരുന്ന ഛോട്ടാ ഭീം ചിത്രകഥ രൂപത്തിൽ പുനരവതരിച്ചിരിക്കുന്നു.

മറ്റൊരു പുതിയ (?) ചിത്രകഥയായ ശിക്കാരി ശങ്കു മുമ്പെന്നോ മറഞ്ഞുപോയ ശിക്കാരി ശംഭുവിനെ തന്നെയല്ലേ ഓർമപ്പെടുത്തുന്നത്! രൂപഭാവാദികളിൽ മാറ്റമുണ്ടെങ്കിലും മണ്ടത്തരത്തിനും പേടിയ്ക്കും കുറവൊന്നുമില്ല.

പപ്പൂസ് ഇപ്പോഴും പപ്പൂസ് തന്നെ. ചുരുളഴിയാത്ത രഹസ്യങ്ങൾ ഒരു മാറ്റവുമില്ലാതെ തുടരുന്നത് ഒരു ചുരുളഴിയാത്ത രഹസ്യവും.

ഒരു മായാവിയിൽ മാത്രം തൃപ്തരാകാത്തവർക്കു വേണ്ടിയാകും ലുട്ടാപ്പി എന്ന ഒരു ചിത്രകഥ കൂടി ഉൾപ്പെടുത്തിയത്. 

ബാലരമയിൽ കണ്ട മറ്റൊരു ചിത്രകഥകഥയായ തവളയും രാജകുമാരിയും’, ‘The Princess and theFrogഎന്ന ആനിമേഷൻ ചിത്രം തന്നെ.

സൂത്രൻ ഇപ്പോഴും സൂത്രങ്ങളുമായി രസിപ്പിക്കുന്നു. പഴയ ബാലരമ പോലെ തന്നെ ഇപ്പോഴും മൃഗാധിപത്യത്തിൽ (മൃഗാധിപത്യം വന്നാൽ) അവസാനിക്കുന്നു.

ഒരുപക്ഷേ എന്റെ കുട്ടിക്കാലത്തേതു പോലെ തന്നെ ഇപ്പോഴും കുട്ടികൾ ബാലരമ വായനയിൽ സുഖം കണ്ടെത്തുന്നുണ്ടാവും. (മണ്ണിലും പൊടിയിലുമൊക്കെ ഇറങ്ങിക്കളിച്ച് ദേഹമാസകലം പൊടിയുമായി, പിന്നെ അതിന് സ്നേഹപൂർവമുള്ള ശകാരങ്ങൾ ഏറ്റുവാങ്ങി, ശരീരശുദ്ധി വരുത്തി എന്തെങ്കിലും കഴിച്ച് ബാലരമ തപ്പിയെടുത്ത് വായിക്കാൻ തുടങ്ങുന്ന കുഞ്ഞുങ്ങൾ ഇന്നുമുണ്ടോ?) കമ്പ്യൂട്ടർ ഗെയിമുകളിൽ നിന്ന് വിടുതൽ നേടി അതിനേക്കാൾ സുഖദായകമാണ് വായന എന്നറിയുന്ന കുഞ്ഞുമനസ്സുകൾ തീർച്ചയായും ഉണ്ടാകും.

കുഞ്ഞുണ്ണിമാഷിന്റെ ഏതാനും വരികളാണ് ഓർമവരുന്നത്

വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും.
വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും

പുതുതലമുറയുടെ കുട്ടികൾ നന്നായി വിളയട്ടെ.