01 April 2012

ഒരു ഏപ്രിൽ ഫൂൾ ദിനത്തിൽ

    ജോണിക്കുട്ടി ഉണർന്നപ്പോൾ പതിവിലും വൈകിയിരുന്നു. വലതുവശം ചരിഞ്ഞെഴുനേറ്റ് കർത്താവിനെ മനസ്സിൽ ധ്യാനിച്ച് കുരിശു വരച്ചു. ഏപ്രിൽ ഒന്ന്. ലോക വിഡ്ഢിദിനം. ഹാ... മനോഹരമായ ദിനം. പോരാത്തതിന് ഞായറാഴ്ചയും. പള്ളിയിൽ പോകാൻ അമ്മച്ചി നിർബന്ധിക്കും എന്നതൊഴിച്ചാൽ നല്ല ഒരു ദിനം. കോളേജിൽ പോകേണ്ട ദിനമല്ലാത്തതിനാൽ എച്ച്.ഓ.ഡിയുമായി ആവശ്യമില്ലാത്ത അഭിപ്രായ വ്യത്യാസങ്ങളും ഒഴിവായിക്കിട്ടും. മൊത്തത്തിൽ ഫ്രീയായിക്കിട്ടുന്ന ഒരേയൊരു ദിനം.
 
മേശപ്പുറത്ത് 'ജോക്കർ' ചിത്രത്തോടു കൂടിയ ഒരു 'ചീട്ട്' ഉത്തരവും നോക്കിയിരിപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്തുള്ള ആഘോഷത്തിനൊടുവിൽ ജോണിക്കുട്ടിയുടെ കീശയിൽ അവശേഷിച്ചത് അതുമാത്രമായിരുന്നു. രാത്രി വീട്ടിലെത്തുമ്പോൾ വൈകിയിരുന്നു. പപ്പ അതിനോടകം ഉറങ്ങിക്കഴിഞ്ഞിരുന്നു. അതും നന്നായി. ബിയറിൽ മുങ്ങിക്കുളിച്ചായിരുന്നു വരവ്. പപ്പ ഒന്നും പറയുകയില്ലായിരുക്കാം. എങ്കിലും ആ അവസ്ഥയിൽ അദ്ദേഹത്തിന്റെ മുഖത്തു നോക്കാനൊരു മടി.
 
ഏപ്രിൽ ഫൂൾ ദിനത്തിലേക്കായി ഒരു മുൻകൂർ ആഘോഷം. ഒരു കെയ്‌സ് ബിയർ. പന്ത്രണ്ട് ബോട്ടിൽ ബിയർ, ബീഫ് വറുത്തത്, അഞ്ചു കൂട്ടുകാർ...
സബാഷ്.
 
കെയ്‌സിനുള്ളിലെ കുപ്പികളിലൊന്നിന് പച്ചനിറം. അത് ഒത്ത നടുക്കായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. അതിനുവേണ്ടി ജോണിക്കുട്ടി ചാടിവീണു. പ്രത്യേകതയൊന്നുമുണ്ടായിട്ടല്ല. ആ ബോട്ടിൽ കാണാൻ മൊത്തത്തിലൊരു ചേലുണ്ട്.
 
ബിയർ, ഗ്ലാസ്സിലേക്കു പകർന്നപ്പോൾ പതഞ്ഞുയർന്നു. തോമസ് തെറിയഭിഷേകം നടത്തി.
 
"എടാ *********, പതപ്പിക്കാതെ ഒഴിക്ക്."
 
ജോണിക്കുട്ടി ഒന്നും പറഞ്ഞില്ല. ശരിയാണ്. ഗ്ലാസ്സിലൊഴിക്കുമ്പോൾ പതഞ്ഞുയർന്നാൽ പിന്നെയൊരു കയ്പുമാത്രമായിരിക്കും. അതിന്റെ സ്വാഭാവികത നഷ്ടപ്പെടും.
 
ബീഫ് വറുത്തത് എടുത്ത് നാക്കിന്റെ മദ്ധ്യത്തു വച്ച് അതിനെ പല്ലുകൾക്കിടയിലേക്കു തള്ളി പല്ലുകൾ കൊണ്ട് മർദ്ദിച്ച് വിരലുകൾ നക്കിത്തുടച്ച് രസമുകുളങ്ങളിലെ എരിവിന്റെ തുടിപ്പുകൾ ആസ്വദിക്കുമ്പോഴും താൻ വരുന്നതുവരെ ഉറങ്ങാതെ തനിക്കുവേണ്ടി കാത്തിരിക്കുന്ന അമ്മച്ചിയെ ഓർത്തപ്പോൾ നെഞ്ച് ഒന്നുപിടഞ്ഞു.
 
"ജോണ്യേയ്... റെഡ്യാവ്. പള്ളീൽ പോണം."

അമ്മച്ചി താഴെനിന്നും വിളിച്ചു. ഈയിടെയായി പള്ളിയിൽ പോകാൻ ഒരു പ്രത്യേക താല്പര്യം തോന്നുന്നുണ്ട്. കാരണം മറ്റൊന്നുമല്ല. ഒരിക്കൽ അവിചാരിതമായി ക്ലാരയെ പള്ളിയിൽ വച്ചുകണ്ടു. അതിനുശേഷം ഒരൊറ്റയാഴ്ച പോലും പള്ളിയിൽപ്പോക്ക് മുടക്കിയിട്ടില്ല. കുർബാനയ്ക്കിടയിൽ പോലും പലപ്പോഴും അവളെ നോക്കാറുണ്ട്.

 തന്റെ പപ്പയുടെ കല്ലറയിൽ പൂക്കൾ സമർപ്പിക്കാനായി അവൾ എല്ലാ ആഴ്ചകളിലും പോകാറുണ്ട്. മിക്കവാറും തനിച്ചായിരിക്കും അവൾ പോകുന്നത്. കഴിഞ്ഞയാഴ്ച ഈയൊരു വിചാരത്തെ പിന്തുടർന്ന് സെമിത്തേരി വരെ അവളെ അനുഗമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ക്ലാരയുടെ മമ്മയും വല്യമ്മച്ചിയും അവൾക്കൊപ്പമുണ്ടായിരുന്നു.

ഹും!
 
ഒക്കെയാണെങ്കിലും അവൾ ഈയിടെയായി അല്പമൊക്കെ അനുഭാവം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ക്ലാസ്സിലും ലാബിലുമൊക്കെ വച്ച് അവൾ നോക്കുന്ന നോട്ടം പലപ്പോഴും കണ്ടില്ലെന്നു നടിക്കും. ഒരുതരം തണുത്ത, എന്നാൽ തുളഞ്ഞുകയറുന്ന നോട്ടം! ഒരിക്കൽ ഫിസിക്സ് ലാബിൽ ജോണിക്കുട്ടിയുടെ കാലിൽ ടോർഷൻ പെൻഡുല (Torsion Pendulum) ത്തിന്റെ ഡിസ്ക് പൊട്ടിവീഴുകയുണ്ടായി. ഉച്ചിമുതൽ പെരുവിരൽ വരെ വേദന അരിച്ചുനടന്നുവെങ്കിലും 'ഇതൊക്കെ ഞാനെത്ര കണ്ടതാ' എന്ന മട്ടിൽ പെരുമാറി. കാരണം ക്ലാരയുടെ സഹതാപപൂർവമുള്ള നോട്ടത്തിൽ എല്ലാവേദനകളും അലിഞ്ഞില്ലാതാകുന്നതായി തോന്നി. പക്ഷേ പിന്നീട് വീട്ടിലെത്തിയപ്പോൾ വല്യമ്മച്ചി കുഴമ്പിട്ട് ചൂടുപിടിച്ചതുകൊണ്ട് കാലിനു സുഖമായി!
 
ഇന്ന് പള്ളിയിൽ നിന്നിറങ്ങിക്കഴിഞ്ഞാൽ പാർക്കിലെ പതിനൊന്നാം നമ്പർ വിളക്കുകാലിൻ ചുവട്ടിൽ ഏകദേശമൊരു പന്ത്രണ്ടുമണിയോടടുപ്പിച്ച കാണാമെന്ന് അവൾ, ലീന വഴിക്ക് അറിയിച്ചിട്ടുണ്ട്. ലീന ഒരു നല്ല 'ഹംസ'മായി പ്രവർത്തിക്കുന്നു. ജോണിക്കുട്ടിക്കുമാത്രമല്ല, രണ്ടാം വർഷ ഫിസിക്സ് ക്ലാസ്സിൽ അവളുടെ സേവനം ലഭിച്ചിട്ടില്ലാത്ത കുമാരീകുമാരന്മാർ വിരളം.
 
പള്ളിയിൽ കുർബാനയുടെ നേരത്തുപോലും കണ്ണുകൾ തിരഞ്ഞത് ക്ലാരയെ മാത്രമായിരുന്നു. എന്നാൽ അവളെ കണ്ടെത്താൻ കഴിയാതിരുന്നതിൽ നിരാശ തോന്നിയതുമില്ല. ഒരുപക്ഷേ പള്ളിയിലെത്തിയില്ലെങ്കിലും പാർക്കിൽ വരാതിരിക്കാൻ അവൾക്ക് കഴിയില്ലല്ലോ.
 
താൻ തീയിൽച്ചവിട്ടിയാണ് നിൽക്കുന്നതെന്ന് ജോണിക്കുട്ടിയ്ക്കു തോന്നി. ഇടയ്ക്കിടെ വാച്ചിൽ നോക്കുമ്പോഴൊക്കെയും രണ്ടുസെക്കന്റുകൾക്കിടയിൽ ഒരു യുഗത്തോളം ദൈർഘ്യത്തിൽ കാലം ഉറഞ്ഞുകിടക്കുന്നതായി അനുഭവപ്പെട്ടു. കർത്താവ് സ്വർഗം തീർത്തിരിക്കുന്നത് പാർക്കിലെ പതിനൊന്നാം നമ്പർ വിളക്കുകാലിനു ചുറ്റുമാണെന്ന് ജോണിക്കുട്ടിക്കു തോന്നി.
 
സമയം?
 
പന്ത്രണ്ടുമണിക്ക് പത്തുമിനിറ്റ്...!

'ഇപ്പൊ വരാം.' അമ്മച്ചിക്കു നേരേ ചെറുവിരൽ ഉയർത്തിക്കാട്ടിക്കൊണ്ട് ജോണിക്കുട്ടി പറഞ്ഞു. ക്ലാരയുമായി ഒറ്റയ്ക്ക് സംസാരിക്കുന്ന രംഗം അയാളെ പുളകിതനാക്കി. അയാൾ ഓടുകയായിരുന്നു. ഓട്ടത്തിന്റെ വേഗതയിൽ അയാൾക്ക് ചിറകുകൾ മുളക്കുകയായിരുന്നു. അയാൾ ഉയരത്തിൽ പറന്നു പൊങ്ങി. ലോകം മുഴുവൻ ഒറ്റനിമിഷത്തിൽ ചുറ്റിസഞ്ചരിച്ച് അയാൾ തന്റെ ചിറകുകൾ ഒതുക്കിയത് പാർക്കിലെ പതിനൊന്നാം നമ്പർ വിളക്കുകാലിനു ചുവട്ടിലായിരുന്നു.
 
ഏറെനേരത്തെ കാത്തുനിൽപ്പിനൊടുവിലും ക്ലാരയെ കാണുന്നില്ല എന്നുകണ്ടപ്പോൾ ജോണിക്കുട്ടിയ്ക്ക് ക്ഷമനശിച്ചു. അയാൾക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി. അല്പം മുമ്പേ എത്തിയിട്ട് തന്നെ കാണാത്തതിനാൽ തിരിച്ചുപോയതായിരിക്കുമോ? അയാളുടെ ഉള്ള് ഒന്നു പിടഞ്ഞു.
 
ജോണിക്കുട്ടി മൊബൈൽ ഫോണെടുത്ത് ലീനയുടെ നമ്പർ അമർത്തി. ഒന്നുരണ്ടു തവണ ശ്രമിച്ചുനോക്കി. ഒരു പ്രതീക്ഷയുമില്ല. ഹംസം ഫോണെടുക്കുന്നില്ല! മനസ്സിന്റെ അടിത്തട്ടിൽ നിന്നുയർന്ന ദേഷ്യത്തെ അവിടേക്കുതന്നെ അടിച്ചമർത്തിക്കൊണ്ട് 'നമ്മൾ ഇന്ത്യാക്കാർ പൊതുവേ ശുഭാപ്തി വിശ്വാസക്കാരാണല്ലോ' എന്ന തോമസിന്റെ തത്വം ഉദ്ധരിച്ചുകൊണ്ട്, ഒരു നേർത്ത പ്രതീക്ഷയോടെ അങ്ങനെ നിൽക്കേ പെട്ടെന്ന് ജോണിക്കുട്ടിയുടെ ഫോൺ ശബ്ദിച്ചു.
ലീനയുടെ മെസ്സേജ്...?!

- പാവം, ക്ലാരയെ കാത്തുനിന്നു മുഷിഞ്ഞോ? :-( അവൾ ഇതൊക്കെ അറിയുന്നുണ്ടോ ആവോ?! എന്തായാലും... ഒരായിരം 'ഏപ്രിൽ ഫൂൾ' ആശംസകൾ...

(ചിത്രത്തിന് കടപ്പാട് : ഗൂഗ്‌ൾ)