19 December 2013

സഡൻബ്രേക്കിലെ ഗുണദോഷസമ്മിശ്രം


വിഷ്‌ണു. ഇരുപത്തി ഒമ്പതു വയസ്. അവിവാഹിതൻ. തികഞ്ഞ ഒരു ഈശ്വരവിശ്വാസി. ഇടത്തരം കുടുംബത്തിലെ ഇളയ പുത്രനായ ഈ വിദ്വാൻ ഒരു സുദിനത്തിൽ തന്റെ സെക്കന്റ് ഹാന്റ് ആൾട്ടോ കാറിൽ പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ഒരു തീയേറ്ററിൽ സിനിമ കാണുന്നതിലേക്കായി പോവുകയുണ്ടായി. ടിക്കറ്റെടുത്ത ശേഷം എൻട്രി പാസ്സിനായി ഇനിയും തുറന്നിട്ടില്ലാത്ത കൗണ്ടറിനു സമീപത്തെ കസേരകളിലൊന്നിന്റെ നെഞ്ചത്ത് തന്റെ പൃഷ്ഠഭാഗത്തെ സ്ഥാപിച്ച് അതിലേക്ക് അമർന്നിരിക്കുന്നതിനിടയിലാണ് തനിക്ക് ചിരപരിചിതമായിരുന്ന ആ യന്ത്രത്തിന്റെ രൂപം അയാളുടെ കണ്ണുകളിൽ പതിച്ചത്. ഒറ്റരൂപാനാണയം ഭക്ഷണമാക്കിക്കൊണ്ട് ശരീരഭാരത്തെ വിളംബരപ്പെടുത്തുന്ന ആ യന്ത്രം അയാളെ ആദ്യമായി അത്ഭുതപ്പെടുത്തിയത് കുട്ടിക്കാലത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു.
         
യന്ത്രത്തിന്റെ ഇടുങ്ങിയ വായിലേക്ക് ഒറ്റരൂപാ നാണയത്തെ വച്ചുകൊടുത്തുകൊണ്ട് അയാൾ അതിന്റെ പ്ലാറ്റ്ഫോമിൽ കയറി നിന്നു. ചെറിയ എൽ.ഇ.ഡി ഡിസ്‌പ്ലേയിൽ എഴുപത്തിയൊന്ന് കിലോഗ്രാം എന്നു തെളിയുകയും അയാളുടെ ശരീരഭാരം പ്രിന്റ് ചെയ്‌ത ഒരു ചെറിയ കാർഡ് യന്ത്രം നൽകുകയും ചെയ്‌തു. ആ കാർഡ് സ്വീകരിച്ചു കൊണ്ട് തനിക്കു നിലവിലുള്ള ഉയരത്തിനാനുപാതികമായ ശരീരഭാരവും ഉണ്ടെന്നാഹ്ലാദിച്ചു കൊണ്ട് കസേരയിലേക്ക് മടങ്ങുന്നതിനിടയിലാണ് ആ കാർഡിന്റെ പിൻഭാഗത്തുകൂടി എന്തൊക്കെയോ പ്രിന്റ് ചെയ്തിട്ടുള്ളതായി അയാൾ ശ്രദ്ധിച്ചത്. ആനന്ദത്തിന്റെ നിമിഷങ്ങൾ; ഒരു മോശം ദിനത്തിൽ പോലും എന്നായിരുന്നു വലിപ്പം കുറഞ്ഞ അക്ഷരങ്ങളിൽ പ്രിന്റ് ചെയ്‌തിരുന്ന വാക്കുകൾക്കുള്ളിൽ അടക്കം ചെയ്‌തിരുന്ന അർത്ഥം. ഒരു മോശം ദിനത്തിൽപ്പോലും!. എന്നുവച്ചാൽ നിരത്തിൽ പതിവില്ലാത്ത ട്രാഫിക് തിരക്കുകൾക്കിടയിലൂടെ താനിവിടെ എത്തിച്ചേർന്നുവെങ്കിലും തനിക്കിതൊരു മോശം ദിനമായിരുന്നെന്നോ?! അയാൾ വിയർത്തൊഴുകാൻ തുടങ്ങി. ചന്ദനക്കുറി നീളത്തിൽ പൂശിയ നെറ്റിയിലൂടെ വിയർപ്പുകണങ്ങൾ ഒഴുകിയിറങ്ങി. ഷർട്ടിനുള്ളിൽ ധരിച്ചിരുന്ന ബനിയൻ അയാളുടെ വിയർപ്പിനെ ഇനിയും ആഗിരണം ചെയ്യുവാൻ കഴിയാതെ ഷർട്ടിലേക്കും തിരികെ ശരീരത്തിലേക്കും തന്നെ പുറന്തള്ളുവാൻ തുടങ്ങിയിരുന്നു. അയാൾക്ക് തലചുറ്റലുണ്ടാകുന്നതായി തോന്നി. ചിന്തകൾ കുഴഞ്ഞുമറിയുകയായിരുന്നു. കാലം പുന:ക്രമീകരിക്കുവാൻ കഴിയുന്നതായിരുന്നുവെങ്കിൽ ഒരിക്കൽക്കൂടി വീട്ടിൽ തന്റെ കട്ടിലിൽ നിന്ന് ഉണർന്നെഴുനേൽക്കാമായിരുന്നു എന്ന് അയാൾ ആഗ്രഹിച്ചു പോയി. അയാൾ തന്റെ പൂർവസ്ഥാനത്ത് തളർന്നിരുന്നു.
         
തലയിൽ ഇടിമിന്നലേറ്റതിനു സമാനമായ ഹെയർസ്റ്റൈലുമായി ബൈക്കിൽ പാഞ്ഞെത്താറുള്ള പയ്യൻ വീശിയെറിഞ്ഞ പത്രക്കെട്ടുകളുടെ ഉൾത്താളുകളിൽ തിരഞ്ഞത് നിങ്ങളുടെ ഇന്ന് എന്ന തന്റെ പതിവു പംക്തിയായിരുന്നു. അതിൽ സായാഹ്നം വരെ ഗുണദോഷ സമ്മിശ്രം, സായാഹ്നശേഷം അപായഭീതി, കാര്യതടസ്സം, മാനഹാനി, ഉദരവൈഷമ്യം എന്നിവയ്‌ക്കു സാദ്ധ്യത എന്നായിരുന്നു ജ്യോതിഷരത്നം എഴുതിയിരുന്നത്. എന്നിരുന്നാലും പത്രത്തിലെ ഗുണദോഷ സമ്മിശ്രത്തെ അത്ര വിശ്വാസം പോരാഞ്ഞതിനാൽ അതിനെ ആധാരമാക്കുകയോ വിശ്വസിക്കുകയോ(?) ചെയ്‌തിരുന്നില്ല. എന്നാൽ അപൂർവ്വം ചില ദിനങ്ങളിൽ പത്രത്തിൽ പരാമർശിച്ചിട്ടുള്ളതിനു സമാനമായി മഹാത്ഭുതം പ്രവർത്തിക്കപ്പെടാറുണ്ട്! ആ പ്രതീക്ഷയിന്മേൽ മാത്രമായിരുന്നു മറ്റൊരു ചിന്തയും കൂടാതെ സ്വന്തം വാഹനത്തിൽ തന്നെ മോർണിംഗ് ഷോയ്‌ക്കു പുറപ്പെടുവാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ
         
തന്റെ ഇന്ന് പ്രവചിക്കുന്നതിൽ പത്രത്തിലെ ജ്യോതിഷരത്നത്തിനു പിഴവു സംഭവിച്ചിരിക്കുന്നു എന്ന സത്യം വിശ്വസിക്കുവാൻ അയാൾ പ്രയാസപ്പെടുകയായിരുന്നു. ഇന്നു രാവിലെ ക്ഷേത്രദർശനത്തിനു കൂടി സമയം ലഭിച്ചതുമില്ല. മുടക്കം കൂടാതെ ശ്രദ്ധിച്ചുപോരുന്ന ആ പതിവുകൂടി തന്റേതല്ലാത്ത കാരണത്താൽ തടസപ്പെട്ട നിലയ്ക്ക് ഇതൊരു മോശപ്പെട്ട ദിനം തന്നെ! അപായഭീതി, കാര്യതടസ്സം, മാനഹാനി, ഉദരവൈഷമ്യം
         
അയാൾക്ക് തന്റെ തൊണ്ട വരളുന്നതായി തോന്നി, തൽസ്ഥാനത്തുനിന്നെഴുനേറ്റ് റീഫ്രഷ്‌മെന്റ് ഏരിയയിലേക്കു നടന്നു. ഒരു കിണർ കുടിച്ചുവറ്റിച്ചു കഴിഞ്ഞാൽ പോലും തീരാത്തത്ര ദാഹമുണ്ടായിരുന്നു അയാൾക്ക്! സാമാന്യം നല്ലതിരക്കുണ്ടായിരുന്ന റീഫ്രഷ്‌മെന്റെ ഏരിയയിൽ നിന്ന്, നാരങ്ങാവെള്ളം എന്നതിൽ നിന്ന് ലൈം ജ്യൂസായി സ്റ്റാറ്റസ് ഉയർന്നതും മധുരത്തോടൊപ്പം ഒരുതരം ചവർപ്പുകലർന്നതുമായ പാനീയം ഒറ്റവലിക്കു കുടിച്ച് വലിയ ഗ്ലാസ് തിരികെ നൽകി മടങ്ങാനൊരുങ്ങുമ്പോഴാണ് കോളറിന്റെ പിൻഭാഗത്ത് ഒരാൾ പിടികൂടിയതും അയാളുടെ ചലനം നിന്നുപോയതും.
         
ലംജ്യൂസടിച്ചിട്ട് കാശുകൊടുക്കാതെ മുങ്ങിക്കളയാമെന്നു കരുതിയോ?

ങേ പണം കൊടുത്തിരുന്നില്ലേ?!

ഒന്നും ഓർമയില്ല!

മാംഗോ ഫ്രൂട്ടിയുടെ ചെറുബോട്ടിലിന്റെ മൂർദ്ധാവിൽ സൃഷ്ടിച്ച ചെറു സുഷിരത്തിലൂടെ കടത്തിയ സ്ട്രോയിലൂടെ അതിന്റെ മഞ്ഞ നിറത്തിലുള്ള രക്തം വലിച്ചു കുടിക്കുകയായിരുന്ന ഒരു തരുണി, കവിത തുളുമ്പുന്ന തന്റെ നേത്രങ്ങളിൽ പരിഹാസം പുരട്ടി കടാക്ഷം കൊണ്ട് അയാളെ ഒന്നു തലോടി. ആ നിമിഷത്തിൽ അയാൾ ശിരസിനു തീപിടിച്ച മെഴുകുതിരി പോലെ ഉരുകിക്കൊണ്ടിരുന്നു.

മാനഹാനി. മോശപ്പെട്ട ദിനം!

പണം നൽകിയതിനു ശേഷം ഒറ്റനിമിഷം പോലും പാഴാക്കാതെ അയാൾ തീയേറ്ററിനുള്ളിലേക്കു കടന്നു. തന്റെ ടിക്കറ്റിൽ നിർദ്ദേശിച്ചിരുന്ന സീറ്റ് നമ്പർ കണ്ടെത്തി അതിലിരിപ്പുറപ്പിച്ച് അല്പനേരം കണ്ണുകൾ മൂടി. തിരശ്ശീലയിൽ തെളിഞ്ഞ താരങ്ങൾ അഭിനയത്തിന്റെ കൊടുമുടി കയറുമ്പോഴും പ്രണയപരവശരായ നായികാനായകന്മാർ മാച്ചു പീച്ചുവിൽ നൃത്തം ചെയ്യുമ്പോഴും ഉദ്വേഗഭരിതമായ ചില രംഗങ്ങളിൽ നായകന്റെ നാവിൻ തുമ്പിൽ നിന്ന് തീപ്പൊരി ഡയലോഗുകൾ അനർഗളനിർഗളം പ്രവഹിക്കുമ്പോഴും അയാൾക്ക് ഇതിലൊന്നിലും ശ്രദ്ധിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇടവേളയോടടുക്കുമ്പോഴാണ് തന്റെ വയറിനുള്ളിൽ പുതിയൊരു തരത്തിൽ മർദ്ദരൂപീകരണം നടക്കുന്നതായി അയാൾക്കു തോന്നിയത്. ഇടയ്‌ക്കിടെ അത് ന്യൂനമർദ്ദമായും ഉയർന്നമർദ്ദമായും സ്വയം പരിവർത്തനം ചെയ്യുകയും വയറിനുള്ളിൽ കിറുകിറെ സംഗീതം സൃഷ്ടിക്കുകയും ചെയ്‌തു. പെട്ടെന്ന് പുതിയൊരു ശബ്ദത്തിനു കൂടി കാത്തുനിൽക്കാതെ അയാൾ തീയേറ്റർ ഹാളിന്റെ വാതിൽ തള്ളിത്തുറന്ന് കെട്ടിടത്തിന്റെ പിൻഭാഗത്തു സ്ഥിതി ചെയ്യുന്ന ടോയ്‌ലെറ്റിലേക്കോടി.

എല്ലാം കഴിഞ്ഞു! ശാന്തം. സ്വസ്ഥം. തെന്നാലിരാമൻ ഒരിക്കൽ പറഞ്ഞതു പൂർണമായും ശരിതന്നെ.ഭോജനത്തേക്കാൾ വിസർജനം സുഖപ്രദം!

ഉദരവൈഷമ്യം. മോശപ്പെട്ട ദിനം!

അയാൾ ചിന്തിച്ചു. മോശപ്പെട്ട ദിനത്തിന്റേതായ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയിരിക്കുന്നു. എത്രയും പെട്ടെന്ന് വീട്ടിൽ എത്തിച്ചേരുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ശീലമാക്കിയിട്ടില്ലാത്ത ലൈംജ്യൂസ് വയറിനുണ്ടാക്കിയ അസ്വസ്ഥതയായിരിക്കാമെന്ന യുക്തി പോലും അഭ്യസ്ഥവിദ്യനായ ആ ചെറുപ്പക്കാരനിൽ ഉടലെടുത്തിരുന്നില്ല എന്നതാണ് വസ്‌തുത.

സിനിമ പൂർത്തിയാകുന്നതു വരെ കാത്തുനിൽക്കാതെ അയാൾ തന്റെ കാറിനുള്ളിലേക്കു പ്രവേശിക്കുകയും തീരെ ശബ്ദമില്ലാതെ തന്നെ ആ കാർ അയാളുടെ എഴുപത്തിയൊന്ന് കിലോഗ്രാം വഹിച്ചു കൊണ്ട് ഇടുങ്ങിയതും തിരക്കേറിയതുമായ നിരത്തിലേക്കിറങ്ങുകയും ചെയ്തു. ഡ്രൈവിംഗിനിടെ പതിവില്ലാത്ത ഭയം തന്നെ പൊതിയുന്നതായി അയാൾക്കു തോന്നി. ഇടതടവില്ലാതെ ഹോൺ മുഴക്കുകയും വേഗത പരമാവധി കുറയ്‌ക്കുകയും ചെയ്‌തു. എതിർദിശയിൽ കടന്നുവന്നുകൊണ്ടിരുന്ന വലുപ്പമേറിയ വാഹനങ്ങൾ തന്റെ കാറിനു സമീപമെത്തുമ്പോൾ നെഞ്ചിടിപ്പ് വർദ്ധിക്കുന്നതായി അയാൾക്കു തോന്നി.

പെട്ടെന്നായിരുന്നു പ്രധാന പാതയിലേക്കുള്ള കട്ട് റോഡിൽ നിന്ന് ഒരു ഓട്ടോറിക്ഷ വേഗത്തിൽ കടന്നെത്തിയത്. ഓറഞ്ചു നിറത്തിൽ നിന്ന് ചുവപ്പിലേക്കു പ്രവേശിക്കുവാനൊരുങ്ങുന്ന ട്രാഫിക് സിഗ്നലിനെ പരാജയപ്പെടുത്തുന്നതിനുള്ള ഓട്ടോഡ്രൈവറുടെ വിഫലശ്രമമായിരുന്നു അത്. വിഷ്‌ണു തന്റെ കാർ വലതുഭാഗത്തേക്ക് പെട്ടെന്നു വെട്ടിച്ചു മാറ്റിയതിനാൽ മാത്രം ഒരു കൂട്ടിമുട്ടൽ ഒഴിവായി. എങ്കിലും റോഡിന്റെ ഡിവൈഡറിൽത്തട്ടാതെ തന്റെ കാറിനെ നിയന്ത്രിച്ചു നിറുത്തുവാൻ അയാൾക്ക് അസാധാരണ പരിശ്രമം തന്നെ വേണ്ടിവന്നിരുന്നു. അയാൾ തന്റെ കാർ നിരത്തിൽ ഇടതുവശം ചേർന്ന് പാർക്കു ചെയ്‌ത് പുറത്തിറങ്ങി നോക്കുമ്പോഴായിരുന്നു ഓട്ടോറിക്ഷയ്‌ക്കു സമീപം ഒരാൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടത്.

അയാൾ അതിനടുത്തേക്ക് നീങ്ങി. ചുവന്ന ചുരിദാർ ധരിച്ചിരുന്ന വെളുത്തുമെലിഞ്ഞ ഒരു യുവതി ഓട്ടോറിക്ഷ തട്ടി അല്പം അകലെയായി, നിരത്തിലെ ചപ്പുചവറുകളും പൊടിയും ഒത്തുചേർന്നു സൃഷ്ടിച്ച മെത്തയിന്മേൽ ബോധരഹിതയായി കിടന്നിരുന്നു. ഓട്ടോറിക്ഷയുടെ ഡ്രൈവർ, ബഹളത്തിനിടയിൽ ഓടിക്കൂടിയ ജനക്കൂട്ടത്തിന്റെ ഒഴുക്കിനിടയിലൂടെ വിദഗ്ദ്ധമായി രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. യുവതിയുടെ ശിരസിനേറ്റ ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തത്തിന്റെ ഒരു ചെറു നദിതന്നെ ഉത്ഭവിച്ചു കഴിഞ്ഞിരുന്നു. കൂട്ടം കൂടിയ ജനം ഒരേ സ്വരത്തിൽ വിവിധ പ്രസ്താവനകൾ ഉന്നയിക്കുകയും സഹതപിക്കുകയും ചെയ്‌തതല്ലാതെ ഒരു സഹായഹസ്തം നീട്ടുവാൻ മടിക്കുക തന്നെ ചെയ്‌തു.

ആരെങ്കിലും ഹോസ്‌പിറ്റലിൽ കൊണ്ടുപോകാനുള്ള സെറ്റപ്പുണ്ടാക്ക്, ബാക്കി ഞാൻ നോക്കിക്കോളാം!

അയാളുടെ ആത്മഗതം ഒരല്പം ഉച്ചത്തിലായിപ്പോയത് ഒരിക്കലും അയാളുടെ തെറ്റായിരുന്നില്ല! അതു തന്നെ അവസരമെന്നോർത്തു, ജനം. ഒരു ജീപ്പിന്റെ പിൻഭാഗത്തേക്ക് ആരൊക്കെയോ ചേർന്ന് അയാളെ ഉന്തിത്തള്ളി കയറ്റിയിരുത്തുകയും ആ യുവതിയുടെ ചോരയൊലിക്കുന്ന ശിരസ് അയാളുടെ മടിയിൽ വച്ചുകൊടുക്കുകയും ചെയ്‌തു. എന്നാൽ അവിടെ കൂട്ടം കൂടി നിൽക്കുകയും അഭിപ്രായപ്രകടനങ്ങളും വികാരപ്രകടനങ്ങളും കാഴ്‌ചവയ്‌ക്കുകയും ചെയ്‌തിരുന്നവരിൽ ഒരാൾ പോലും ഒരു സഹായിയുടെയെങ്കിലും വേഷം സ്വീകരിച്ച് ഒപ്പം ചേർന്നിരുന്നില്ല എന്നതിൽ അയാൾക്ക് തീരെ അത്ഭുതം തോന്നിയിരുന്നില്ല. നാട് ഏതാന്നാ വിചാരം!

ഹെഡ്‌ലൈറ്റ് തെളിയിച്ച് തുടരെത്തുടരെ ഹോൺ മുഴക്കിക്കൊണ്ട് അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ജീപ്പ് തൊട്ടടുത്ത ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. ചില അത്യാവശ്യ ഘട്ടങ്ങളിൽ ജീപ്പ് ഒരു നല്ല ആംബുലൻസ് കൂടിയാണെന്ന സത്യം അയാൾ തിരിച്ചറിഞ്ഞു. എന്തിനേറെ പറയുന്നു, മനുഷ്യത്വത്തിന്റെ മാത്രം പരിഗണന നൽകി, നിർബന്ധിതമായെങ്കിലും സഹായം നൽകുവാൻ തുനിഞ്ഞ വിഷ്‌ണു എന്ന ചെറുപ്പക്കാരന് ആയിനത്തിൽ തന്റെ ശരീരത്തിൽ നിന്ന് ദാനം നൽകിയ അല്പം രക്തവും പ്രസ്‌തുത യുവതിക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണവും ജ്യൂസും വാങ്ങിയയിനത്തിൽ എണ്ണൂറ്റി നാല്പത്തിയഞ്ചു രൂപായും കുറച്ചധികം സമയവും നഷ്ടമായി. മറ്റെന്തും സഹിക്കാമെന്നു കരുതിയാലും നഷ്ടപ്പെട്ട സമയത്തെ പ്രതി എന്താണു ചെയ്യുക?

ഏതാനും മണിക്കൂറുകൾക്കൊടുവിൽ ബോധാവസ്ഥയിലേക്കു തിരികെയെത്തിയ യുവതിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, യുവതിയുടെ വീട്ടിലേക്കു ഫോൺ ചെയ്യുകയും വിശദവിവരങ്ങൾ ധരിപ്പിക്കുകയും എന്നാൽ ഭയപ്പെടുവാൻ തക്കതായി ഒന്നുമില്ലായെന്ന് ആശ്വസിപ്പിക്കുകയും ചെയ്‌തു. അധികം വൈകാതെ തന്നെ ഉത്തരവാദിത്തപ്പെട്ടവർ എത്തിച്ചേരുകയും എന്നാൽ ആഗതരിൽ നിന്ന് ഉണ്ടാകാനിടയുള്ള നന്ദി പ്രകാശനത്തിൽ തീരെ താല്പര്യമില്ലാതിരുന്ന വിഷ്‌ണു ആശുപത്രിയിൽ നിന്നുതന്നെ വിദഗ്ദ്ധമായി പുറത്തു കടക്കുകയാണ് ചെയ്‌തത്.

അത്യാഹിത വിഭാഗത്തിനു മുന്നിൽ തനിക്കായി കാത്തുനിൽക്കുകയായിരുന്ന ജീപ്പിന്റെ സാരഥിയ്‌ക്ക് വിഷ്ണു നൂറിന്റെ ചുളിവുകളില്ലാത്ത രണ്ടു നോട്ടുകൾ നീട്ടി. ഒരു ചെറുപുഞ്ചിരിയോടെ സാരഥി അതു നിരസിക്കുകയാണുണ്ടായത്!

സാറ്, ആ പെണ്ണിനെ ഓട്ടോ ഇടിക്കുന്നത് കണ്ടാരുന്നോ? സഹിക്കത്തില്ലാരുന്നു!

വിഷ്‌ണു മൗനം.
         
സാറെങ്കിലും ഒരുകൈ സഹായിച്ചില്ലാരുന്നെങ്കില് ആ പെണ്ണ് അവിടെക്കെടന്ന് ചോരയൊലിച്ച് തന്നെ ചത്തുപോകുമാരുന്നു! എല്ലാവമ്മാരും നോക്കിനിന്ന് കമന്റടിക്കേം മൊബൈലിൽ ഫോട്ടേട്ക്കേം ചെയ്യേല്ലാതെ ഒന്നും ചെയ്യൂല്ല!
         
ഉം…”
         
ദൈവായിട്ടായിരിക്കും സാറിനെ അവിടെത്തിച്ചത്!

മോശപ്പെട്ട ദിനം. മാനഹാനി, ഉദരവൈഷമ്യം, അപായഭീതി, ധനനഷ്ടം

ദൈവം?!

ആയിരിക്കും. ആർക്കറിയാം!
         
വിഷ്‌ണു ഒരിളിഭ്യച്ചിരി ചിരിക്കുക മാത്രം ചെയ്‌തു. അയാൾ സാരഥിയുമായി സമീപത്തു തന്നെയുള്ള തട്ടുകടയിൽ നിന്ന് കട്ടൻ ചായ കുടിക്കുകയും അല്പനേരം കുശലാന്വേഷണങ്ങളിലേർപ്പെടുകയും ചെയ്‌തു.
         
തന്റെ കാറിനു സമീപത്തേക്കു നടക്കുകയായിരുന്ന വിഷ്‌ണു ആ നിമിഷത്തിൽ മാത്രമായിരുന്നു കാറിന്റെ സ്ഥാനത്തെക്കുറിച്ച് ബോധവാനായിത്തീർന്നത്. നോ പാർക്കിംഗ്! കാറിൽ നിന്നും അധികം അകലെയല്ലാതെ തന്നെ കൈകളിൽ റസീപ്റ്റ് ബുക്കും പേനയുമായി ഒരു സിവിൽ ഓഫീസർ സ്ഥാനമുറപ്പിച്ചിരുന്നു.
         
നന്നായിരിക്കുന്നു. നൂറുരൂപാ! എങ്കിലും, ആ സിവിൽ ഓഫീസർ എത്രനല്ല മനുഷ്യൻ! അശ്രദ്ധ മൂലമാണെങ്കിലും സംഭവിച്ചുപോയ നിയമലംഘനം അതിന്റെ വകുപ്പും നടപടിക്രമങ്ങളുമുൾപ്പടെ ബോധവൽക്കരണം നടത്തുകകൂടി ചെയ്‌തിരിക്കുന്നു! പോലീസ് വകുപ്പും അടിമുടി മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രിയുടെ പ്രസ്താവന പത്രത്തിൽ വായിക്കുകയുണ്ടായെങ്കിലും ചിരിച്ചു തള്ളുകയായിരുന്നു. എന്നാൽ അതു ശരിതന്നെ എന്നു ബോധ്യപ്പെട്ടിരിക്കുന്നു.
         
ഡ്രൈവിംഗ് സീറ്റിൽ അമർന്നിരുന്ന് സീറ്റ്ബെൽറ്റ് ധരിച്ചുകൊണ്ട് കാർ സ്റ്റാർട്ടു ചെയ്‌തു. മെല്ലെ നീങ്ങിത്തുടങ്ങിയ വാഹനത്തിന്റെ മ്യൂസിക് പ്ലെയറിൽ നിന്ന് കക്കാടിന്റെ ഹൃദയത്തിൽ നിന്നുതിർന്ന വരികൾ ജി.വേണുഗോപാലിന്റെ മായിക മധുരമായ സ്വരത്തിൽ മെല്ലെയൊഴുകിക്കൊണ്ടിരുന്നു :
         
ആർദ്രമീധനുമാസ രാവുകളിലൊന്നിൽ
          ആതിരവരും, പോകു,മല്ലേ സഖീ?
          ------------
          ------------
          പഴയൊരുമന്ത്രം സ്മരിക്കാമന്യോന്യ
          മൂന്നുവടികളായ് നിൽക്കാം : ഹാ! സഫലമീയാത്ര.[ചിത്രത്തിന് കടപ്പാട് : ഗൂഗ്‌ൾ]

07 December 2013

ദീർഘയാത്രകൾ ആരംഭിക്കുന്നത്…

ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ഡീസൽ ഫില്ലിംഗ് പോയിന്റിനരികിൽ തന്റെ ഓട്ടോറിക്ഷ നിറുത്തി അതിൽ ഫുൾടാങ്ക് ഡീസൽ നിറയ്ക്കുവാൻ മനു ആവശ്യപ്പെട്ടു. പതിവ് അളവിൽക്കൂടുതൽ അയാൾ ആവശ്യപ്പെട്ടപ്പോൾ ഇൻചാർജ് ചന്ദ്രികചേച്ചിയുടെ മുഖം ആയിരം പൂർണചന്ദ്രനെ ഒന്നിച്ചുകാണാൻ കഴിഞ്ഞ കൊച്ചു കുട്ടിയുടേതുപോലെ പൗർണമിരാവിലെ ചന്ദ്രികയായിത്തീർന്നു. മനുവിന്റെ അപ്രതീക്ഷിതമായ മാറ്റത്തിന്റെ ആസൂത്രണം ആരാഞ്ഞുവെങ്കിലും അയാൾ അർത്ഥഗർഭമായ ഒരു മന്ദഹാസത്തിൽ മറുപടി നൽ­കി അതിനുപിന്നിലൊളിഞ്ഞിരിക്കുന്ന കുതിച്ചുചാടാൻ വെമ്പുന്ന നിഗൂഢത വിദഗ്ദ്ധമായി മറച്ചുവച്ചപ്പോൾ  മറ്റൊരുവന്റെ മനസ്സിലെ രഹസ്യത്തെ (?) തനിക്ക് യാതൊരുതരത്തിലും ഉപകരിക്കുവാൻ സാധ്യയില്ലാത്തതാണെങ്കിൽക്കൂടി ചോർത്തിയെടുക്കാൻ കഴിയാതിരുന്ന തന്റെ രഹസ്യപോലീസ് മനോവൃത്തിയോട് ആദ്യമായി ചന്ദ്രിക ചേച്ചിക്ക് അറിയാതൊരു പുച്ഛം തോന്നി. പണം കൊടുത്ത് മനു പെട്രോൾ പമ്പിൽ നിന്നിറങ്ങുന്ന നിമിഷത്തിൽ തെരുവിന്റെ മറ്റൊരു കോണിൽ ദിവാൻ എന്നു പ്രസിദ്ധനായ കേശവൻ തന്റെ ചായപ്പീടികയിൽ നീരുകെട്ടിയ ചെകിടും തടവി കലശലായ ദേഷ്യം കടിച്ചമർത്താൻ ശ്രമിച്ച് പരാജിതനായിക്കൊണ്ടിരിക്കുകയായിരുന്നു. മുത്തു (കാർത്തിക്) എന്നു വിളിപ്പേരുള്ള നാഗർകോവിൽ സ്വദേശിയായ ചെറുപ്പക്കാരൻ അല്പം അകലെയായി ചെറുകല്ലുകൾ പെറുക്കി പാലത്തിനു മുകളിൽ നിന്നുകൊണ്ട്, ഒരിക്കൽ സമൃദ്ധിയോടെ നിറഞ്ഞൊഴുകുകയും ഇന്ന് കുട്ടിവാനരന്മാരുടെ ക്രിക്കറ്റ് പിച്ച് ആയിത്തീരുകയും ചെയ്ത നദിയിൽ അല്പമാത്രമായി അവശേഷിക്കുന്ന ചെളിയിലേക്ക് മെല്ലെ എറിഞ്ഞു കൊണ്ടിരുന്നു. ദിവാൻ കേശവൻ കടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരുന്ന ദേഷ്യത്തിന്റെ പതിന്മടങ്ങ് കോപവുമായി!

എന്തായിരുന്നു സംഗതി?

എനിക്കറിയില്ല!

പീടികയിലെ നിത്യസന്ദർശകനും സംഭവസമയത്ത് പ്രസ്തുത പീടികയിൽ തന്റെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നവകാശപ്പെടുന്നതുമായ റിട്ടയേർഡ് കൃഷി ഓഫീസർ കൃമി കൃഷ്ണൻ നായരോട് ചോദിക്കാം.

കൃമി നിന്റെ *****!

സോറി അതുവിട്ടേക്കൂ. എന്തായിരുന്നു സംഭവം?

ശരിക്കറിയില്ല. രാവിലെ ഞാനിവിടെ എത്തിയപ്പോൾത്തന്നെ എന്തോ ഒരു പന്തികേടു തോന്നിയിരുന്നു. വെറും തോന്നൽ മാത്രമായിരിക്കും എന്നുതന്നെ കരുതി. എനിക്കു പതിവായി ഒരു മന്ദഹാസത്തോടെ മാത്രം ചായ നൽകാറുള്ള കാർത്തികിനെ മൂഡോഫായി (?) കാണപ്പെട്ടിരുന്നു. ചിലദിവസങ്ങളിൽ അയാൾ പ്രത്യേകിച്ചൊരു കാരണമില്ലെങ്കിൽ കൂടി അങ്ങനെതന്നെ ആയിരിക്കുമെന്നതിനാൽ ഞാനൊന്നും ചോദിച്ചിരുന്നില്ല എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കും എന്നും തോന്നിയിരുന്നില്ല. തിരികെപ്പോയി സമോവറിനടുത്ത് നിന്നിരുന്ന കാർത്തികിനോട് ദിവാൻ കേശവൻ എന്തൊക്കെയോ മൊഴിയുന്നതു കണ്ടിരുന്നു. പിന്നെ സാവധാനത്തിൽ അവർ തമ്മിലുള്ള സംഭാഷണത്തിലെ ശബ്ദഭാഗത്തിന് ഉയർച്ചയുണ്ടാവാൻ തുടങ്ങി. അതൊരു ഉശിരൻ വഴക്കായി പരിണമിക്കുകയായിരുന്നു. അത് എന്തിനെച്ചൊല്ലിയാണെന്ന് അറിയില്ല! പിന്നീടു ഞാൻ കണ്ടത് കാർത്തിക് ആ വലിയ ചിരട്ടത്തവിയെടുത്ത് ദിവാൻ കേശവന്റെ മുഖത്തിനിട്ട് ഒന്നു വീക്കുന്നതാണ്! ആശാന്റെ നെഞ്ചത്ത് അതു കലക്കി! ആ ഒറ്റയടിയിൽത്തന്നെ അതിന്റെ ചിരട്ട ഊരിത്തെറിച്ചതുകൊണ്ടു മാത്രമായിരിക്കും അയാൾക്ക് രണ്ടാമതൊന്നു കൂടി കിട്ടാതിരുന്നത്. ഊരിത്തെറിച്ച ചിരട്ട വന്നുവീണത് എന്റെ ചായക്കപ്പിനടുത്തും!

എന്നിട്ടോ?

എന്നിട്ടെന്താ ആ ചിരട്ടയെടുത്ത് ദൂരെയെറിഞ്ഞ് എന്റെ ചായ കുടിച്ച് ഞാനവിടുന്ന് സ്ഥലം കാലിയാക്കി!

മാതൃക കൃഷി ഓഫീസർ!

നന്ദി.

സംഭവത്തിന്റെ ശരിയായ അവസ്ഥ എന്തെന്നറിയണമെങ്കിൽ ദിവാൻ കേശവനോട് അല്ലെങ്കിൽ കാർത്തികിനോട് ചോദിക്കണം! എന്നാൽ ഇരുവരും കടുത്ത കോപത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ വിഹരിക്കുന്നതിനാൽ അതിനു മുതിരുന്നതിൽ അപകടം പതിയിരിക്കുന്നു. ഒരുപക്ഷേ ആ കോപത്തിന്റെ ശേഷിപ്പുകൾ ഉണ്ടാക്കാനിടയുള്ള ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വന്നേക്കാം.

പിന്നെയാരോട് ചോദിക്കും?

കാര്യങ്ങൾ അറിഞ്ഞേ തീരൂ? മറ്റുള്ളവരെ സംബന്ധിക്കുന്ന വിഷയങ്ങൾ ആവശ്യമില്ലാതെ അന്വേഷിക്കേണ്ടതുണ്ടോ? അതിനു മുതിർന്ന് പലപ്പോഴായി പ്രശ്നങ്ങളിൽ ചെന്നു ചാടിയിട്ടില്ലേ!

അല്ല വെറുതേയൊരു ഒന്നുമല്ലെങ്കിലും നമ്മുടെ നാട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒരു സംഭവം അത് അപ്രധാനമെന്നു കരുതി അവഗണിക്കാവുന്നതാണെങ്കിൽ പോലും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ!

അങ്ങനെയെങ്കിൽ അത് മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലായിരിക്കരുത്.

അങ്ങനെയൊന്നുമില്ല. ദിവാൻ കേശവൻ, കാർത്തിക് എന്നിവരെ നമ്മൾ യാതൊരു തരത്തിലും ശല്യപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. പ്രധാന കഥാപാത്രങ്ങൾ മേൽപ്പറഞ്ഞവർ തന്നെയാണെന്നിരിക്കേ മറ്റു കഥാപാത്രങ്ങളിലൂടെ കഥ പുരോഗമിക്കട്ടെ.

മറ്റൊരു സുപ്രധാന കഥാപാത്രം കൂടിയുണ്ടല്ലോ?!

വേണ്ട സമയത്തുതന്നെ, വേണ്ടരീതിയിൽ ആ കഥാപാത്രത്തെയും പരിചയപ്പെടുത്താം

മൂന്നു വർഷങ്ങൾക്കു മുമ്പായിരുന്നു കാർത്തിക് എന്ന ആ ചെറുപ്പക്കാരൻ ഈ തെരുവിലെത്തിയത്. ഒരുൾനാടൻ തമിഴ് ഗ്രാമവീഥികളിലൂടെ നടന്നു നീങ്ങിക്കൊണ്ടിരുന്ന, വിദ്യാസമ്പന്നനായ ആ ചെറുപ്പക്കാരന് കേരളത്തിലെത്തിയാൽ എന്തെങ്കിലും തൊഴിൽ കിട്ടാതിരിക്കില്ല എന്ന ഉൾവിളിയുണ്ടായൊന്നുമല്ല ഇവിടെയെത്തിച്ചേർന്നത്. മലയാള സിനിമകളിൽ മാത്രം കേട്ടുപരിചയിച്ച, മലയാളം സംസാരിക്കുന്ന നാട്ടിലേക്കെത്തിയത് ഒരു ചെറുകിട പരസ്യക്കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നതിലേക്കായിരുന്നു. ഏതോ ഒരു പത്രം ചെയ്ത (കൊടും?) വഞ്ചന! തന്റെ സുഹൃത്തിന് വിലകൂടിയ ഒരു പായ്ക്കറ്റ് ഫിൽറ്റർ സിഗരറ്റും അതിസാഹസികമായി സംഘടിപ്പിച്ചെടുത്ത അശ്ലീലചിത്രത്തിന്റെ ഒന്നാം ക്ലാസ് ടിക്കറ്റും കൈക്കൂലി നൽകി, മിനുക്കിയെടുത്ത അസത്യങ്ങൾ കൂടി തിരുകിക്കയറ്റി തയ്യാറാക്കിയ ബയോഡാറ്റയും, ദിവസത്തിൽ മൂന്നിൽക്കൂടുതൽ അറ്റസ്റ്റു ചെയ്താൽ കൈകാൽ വിറ ബാധിച്ചുപോകുന്ന ഗസറ്റഡ് ഉദ്യോഗസ്ഥരുടെ വരാന്തകളിൽ മണിക്കൂറുകളോളം മാർച്ചു ചെയ്ത് സംഘടിപ്പിച്ചെടുത്ത പച്ചമഷി കൊണ്ടുള്ള ഒപ്പുകളും ഉദ്യോഗപ്പേരു വിളംബരം ചെയ്തുകൊണ്ടുള്ള സീലുകളും പതിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അങ്ങനെ അയാൾ ഇവിടെയെത്തിച്ചേർന്നു. തന്റെ പ്രവർത്തന മികവ് തെളിയിക്കേണ്ട ഇടം കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. പ്രസ്തുത സ്ഥാപനത്തെപ്പറ്റിയുണ്ടായിരുന്ന തന്റെ പ്രതീക്ഷകൾ ഒരു നിമിഷം കൊണ്ട് അതു സ്ഥിതി ചെയ്തിരുന്ന ഉയരങ്ങളിൽ നിന്ന് വീണുമരിക്കുന്നത് ആ ചെറുപ്പക്കാരൻ നിസ്സഹായനായി നോക്കിനിന്നു. അതിനേക്കാൾ ബഹുകേമം ഇന്റർവ്യൂ ആയിരുന്നു! വളരെ ബുദ്ധിമുട്ടി തയ്യാറാക്കിയെടുത്ത ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇന്റർവ്യൂ നടത്തിയിരുന്ന വ്യക്തി ഒന്നു വെറുതേ നോക്കുക കൂടി ചെയ്തിരുന്നില്ല.

പേര്?

കാർത്തിക് വിശദമായി ബയോഡാറ്റയിൽ

ബയോഡാറ്റയൊന്നും വേണമെന്നില്ല! പിന്നെ ഉള്ളതു പറയാല്ലോ, ഇവിടെ പറയത്തക്കതായി ജോലിയൊന്നുമില്ല. ഫ്ലക്സിന്റെ ഓർഡർ എടുക്കുക, അഅവശ്യത്തിനനുസരിച്ച് ഒരു ഡിസൈൻ ചെയ്ത് പ്രിന്റ് ചെയ്യുക. അതൊക്കെത്തന്നെ അഡ്വർട്ടൈസിംഗ്! എപ്പടി?

പ്രമാദം! ശമ്പളം?

ശമ്പളം നല്ല ശമ്പളമൊക്കെത്തന്നെയുണ്ട്!

അടേങ്കപ്പാ

പക്ഷേ ആ നല്ല ശമ്പളത്തിന്മേലുള്ള ഓഫീസ് ജോലിയുടെ ആയുസ് അധിക കാലം ഉണ്ടായിരുന്നില്ല. ഏതാനും മാസങ്ങൾക്കുശേഷം, കാർത്തിക് തന്റെ ശമ്പളം കൈപ്പറ്റിയറ്റിനു മൂന്നാം ദിവസത്തിൽ ആ തൊഴിൽ ശാല പ്രവർത്താനം മരവിപ്പിക്കപ്പെട്ടതായി പ്രഖ്യാപിച്ചു. കംപ്യൂട്ടറുകളും ഫ്ലക്സ് പ്രിന്റിംഗ് മെഷീനുകളും ആ സ്ഥാപനത്തിന്റെ അടഞ്ഞുകിടന്ന ഷട്ടറിനു പിന്നിൽ പരസ്പരം നെടുവീർപ്പുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തന്റെ തൊഴിൽ ദാതാവ് അജ്ഞാതനായിത്തന്നെ തുടരുന്നതിനാലാണ് അയാളെക്കുറിച്ച് നാട്ടുകാരിൽ ചിലരോടന്വേഷിച്ചത്. പക്ഷേ മറുപടികൾ അത്ര സുഖകരങ്ങളല്ലാതിരുന്നതിനാൽ ആ അന്വേഷണവും മരവിപ്പിക്കപ്പെട്ടു.

ശമ്പളത്തുക കൈവശമുണ്ടായിരുന്നതിനാൽ ഏതാനും ദിവസങ്ങൾ പ്രയാസം കൂടാതെ തള്ളിനീക്കുവാൻ കഴിഞ്ഞു. ഓരോ ദിനവും പിന്നിടുന്തോറും അയാൾ തന്റെ കൈവശം ശിഷ്ടമുള്ള പണം എണ്ണിത്തിട്ടപ്പെടുത്തുകയും അതിൽ പ്രമാവധി എത്രത്തോളം ലാഭിക്കാമെന്നതിനെപ്പറ്റി ഗൂഢമായി ചിന്തിക്കുകയും ചെയ്തുപോന്നു. പേഴ്സിന്റെ ഉള്ളറകളിലെ ഗാന്ധിയുടെ ചിരി നാണയങ്ങളുടെ കിലുക്കങ്ങൾക്കു വഴിമാറിത്തുടങ്ങിയപ്പോൾ കാർത്തിക് ഒരു മെച്ചപ്പെട്ട തൊഴിൽ ലഭിക്കുന്നതു വരെയുള്ള തന്റെ നിലനിൽപ്പിനായി ഒരു താൽക്കാലിക തൊഴിൽശാല കണ്ടെത്തിയത് ഈ കഥയിൽ പിന്നെയൊരു വൻ വഴിത്തിരിവായി മാറുകയായിരുന്നു. ആ തൊഴിൽശാല ദിവാൻ കേശവൻ എന്ന, പിശുക്കിൽ ഗവേഷണം നടത്തവരികയായിരുന്ന ഒരു വ്യക്തിയുടെ ചായപ്പീടിക ആയിരുന്നു!

അതെ. ഇതുവരെയുള്ള കാര്യങ്ങൾ നമുക്കെല്ലാവർക്കും ഏറെക്കുറേ അറിവുള്ളതു തന്നെ. തുടർന്നുള്ള കഥാഗതി ദിവാൻ, കാർത്തിക് എന്നിവർ തമ്മിലുണ്ടായ യുദ്ധത്തിലും അതിനാസ്പദമായ സംഭവത്തിലുമാണ് ഉള്ളടങ്ങിയിരിക്കുന്നത്. അതിനാൽ സംഭവത്തിന്റെ ശരിയായ ചിത്രം ലഭിക്കണമെങ്കിൽ മേല്പറഞ്ഞവർ മനസ്സുതുറക്കാൻ തയ്യാറായാൽ മാത്രമേ രക്ഷയുള്ളൂ. ദിവാൻജി കടുത്ത ദേഷ്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽത്തന്നെ വിഹരിക്കുകയാണ്. കാർത്തികിന്റെ കൈവശം പെറുക്കിയെടുത്ത കല്ലുകൾ ഇനിയും ബാക്കിയുള്ളതിനാൽ അയാളെയും നമുക്ക് ഒരു നോട്ടം കൊണ്ടു പോലും ശല്യപ്പെടുത്താതെയിരിക്കുവാൻ ശ്രമിക്കാം. അല്ലെങ്കിൽത്തന്നെ കടുത്ത വിഷാദമോ ദേഷ്യമോ ബാധിച്ചിരിക്കുന്നവർക്ക് അത്യാവശ്യം വേണ്ടത് ഒരല്പം ഏകാന്തതയാണ്. അതിൽനിന്നുണ്ടാകുന്ന മന:സ്സമാധാനവും.

എന്നൊക്കെപ്പറഞ്ഞാൽ എങ്ങനെ ശരിയാകും? കഥ ഇത്തരത്തിൽ ഇവിടെ അവസാനിപ്പിക്കുക അസാധ്യമാണ്. മുന്നോട്ടു പോവുകതന്നെ വേണം എന്നതിനാൽ ഈ നാട്ടിൽ കാർത്തികിന്റെ ഏക സുഹൃത്തായ മനുവിൽ നിന്നുതന്നെ പുനരാരംഭിക്കാം.

കാർത്തികിന്റെ സുഹൃത്തായതിനാൽ മനുവിന് എന്തെങ്കിലുമൊക്കെ അറിയാതിരിക്കില്ല, അല്ലേ?

എനിക്ക് അയാൾ കാർത്തിക് അല്ല, മുത്തു ആണ്. ഞാൻ മാത്രമേ മുത്തു എന്ന് വിളിക്കാറുള്ളൂ!

നല്ലത്. എന്താണ് മുത്തുവും ദിവാൻ കേശവനും തമ്മിലുണ്ടായ സംഘട്ടനത്തിനു പിന്നിലെ സംഗതി?

അതു നിങ്ങൾ അറിയുന്നതെന്തിനാ? അതുകൊണ്ട് എന്തുകാര്യം? പിന്നീട് ദിവാൻ കേശവന്റെ പക്ഷം ചേർന്ന് മുത്തുവിനെതിരെ കരുനീക്കങ്ങളിലേർപ്പെടാനാണോ?

ഹെയ്, അതൊന്നുമില്ല. ഒരേ നാട്ടുകാരല്ലേ നമ്മളൊക്കെ. ഒന്നറിഞ്ഞിരിക്കാമല്ലോ എന്നു കരുതി

അതെ. സ്വന്തം കാര്യങ്ങളേക്കാൾ മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കുവാനും അറിയുവാനും പിന്നെ അതിലടങ്ങിയിരിക്കുന്ന നല്ല വശങ്ങളെ മന:പൂർവം അവഗണീച്ച്, ന്യൂനതകളെ മാത്രം തലച്ചോറിൽ സൂക്ഷിക്കുകയും പിന്നീടൊരിക്കൽ ഉപയോഗപ്പെടുത്തേണ്ട സാഹചര്യം സംജാതമായാൽ അതിന്റെ സമ്പൂർണ്ണ ശക്തിയിൽ ഉപയോഗിക്കുകയും ചെയ്യുന്നതിനുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ മനോഭാവം. അല്ലേ?

നന്നായി വലിച്ചിഴച്ചു സംസാരിക്കുന്നു! ഇലക്ഷനു മത്സരിച്ചുകൂടേ?!

ആലോചിക്കാവുന്നതാണ്.

ആലോചിക്കാം. അതിനുമുമ്പ് നമ്മുടെ മുത്തുവിന്റെ കാര്യം?

അതുതന്നെയാണ് പറയാൻ പോകുന്നത്. മുത്തു അഥവാ കാർത്തിക് ഈ നാട്ടിലെത്തിയതും ഇവിടെയൊരു സ്ഥാപനത്തിൽ സ്റ്റാഫായി ജോലിനോക്കിയതും പിന്നീട് ആ സ്ഥാപനത്തിന്റെ തകർച്ചയെത്തുടർന്ന് ജോലി നഷ്ടമായതും കൈയ്യിൽ അത്യാവശ്യത്തിനു മാത്രമുണ്ടായിരുന്ന പണം തീർന്നുകൊണ്ടിരുന്നതിൽ വേവലാതി പൂണ്ട്, എന്നാൽ മറ്റേതൊരു ചെറുപ്പക്കാരനേയും പോലെ ആ അവസ്ഥയെ ഓർത്ത് പരിതാപകരമായ ഒരു മാനസികാന്തരീക്ഷം സൃഷ്ടിക്കാതെ താൽക്കാലികമായ ഒരു തൊഴിലെന്ന നിലയിൽ ദിവാൻജിയുടെ ചായപ്പീടികയിലെ തൊഴിലാളിയായിത്തീർന്നതുമെല്ലാം നമുക്കെല്ലാവർക്കും അറിവുള്ള കാര്യങ്ങൾ തന്നെ. അല്ലേ?

അതെ. തുടർന്നാട്ടെ.

ആയിക്കോട്ടെ. പിന്നീട് കുറേനാൾ കൊണ്ട് ഉണ്ടായിട്ടുള്ളതായ കാർത്തികിന്റെ ജീവിതം സംഭവബഹുലം തന്നെയായിരുന്നു എന്ന് അയാളുടെ ഏക സുഹൃത്തായതിനാൽ എനിക്കു പറയാൻ കഴിയും. യുദ്ധവും പ്രണയവും മനുഷ്യന്റെ ജീവിതത്തെ മൊത്തത്തിൽത്തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളവയാണ്. കാർത്തിക് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിച്ചതും ഏതാണ്ട് ഇതൊക്കെത്തന്നെയായിരുന്നു. ഒരു വ്യത്യാസം മാത്രം ; പ്രണയം പിന്നീട് യുദ്ധത്തിലേക്കുള്ള വഴി സുഗമമാക്കുകയാണ് ചെയ്തത്. വ്യക്തമായി പറഞ്ഞാൽ അതിന്റെ അനന്തരഫലങ്ങളിലൊന്നു തന്നെയാണ് ദിവാൻ കേശവന്റെ മുഖത്ത് ചുവന്നു വീങ്ങി നീരുകെട്ടിയ നിലയിൽ കാണപ്പെടുന്നത്!

കഥാസാരത്തെ ചില എഴുത്തുകാർ പിന്തുടർന്നു പോരുന്ന ആഖ്യാന ശൈലി പോലെ ഒടുവിൽ പ്രണയത്തിൽ കേന്ദ്രീകരിക്കാനാണ് ഭാവം. അല്ലേ? മലയാള സാഹിത്യം കാൽപ്പനികതയുടെ കാലത്തു നിന്നും ഏറെ മുന്നിലേക്കു സഞ്ചരിച്ച് ആധുനികതയിലെത്തി തന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തെല്ലും അന്ധാളിപ്പില്ലാതെ നിൽക്കുകയാണ്. താൻ എന്താ ബൃഹത്തായ സഹൃദയ സമൂഹത്തെപ്പറ്റി കരുതിയത്? പ്രണയം എന്ന മൃദുല വികാരത്തിനുള്ളിൽ വസ്തുതകളെ മൂടിവയ്ക്കാനാണോ ഭാവം?!

ചൂടാകാതെ! ഈ വസ്തുത രൂപപ്പെട്ടതു തന്നെ കാർത്തിക് എന്ന ചെറുപ്പക്കാരന്റെ പ്രണയത്തിൽ നിന്നാകുമ്പോൾ അതിനെപ്പറ്റി പരാമർശിക്കേണ്ടത് ആവശ്യമാണല്ലോ. ഗ്രാഫിക് ഡിസൈനർ തസ്തികയിൽ നിന്നും ചായപ്പീടിക കരിയർ ആരംഭിച്ചതിന്റെ ഏഴാം ദിവസമാണ് കഥാനായിക, കാർത്തിക് തന്റെ സ്വപ്നലോകങ്ങളിലും യഥാസ്ഥിതിക ലോകത്തിലും കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ സ്ത്രീരൂപത്തിൽ ആ പീടികയിൽ ആവിർഭാവം ചെയ്തത്. ആ അവർണനീയ സൗന്ദര്യം തനിക്കുമുന്നിൽ സ്വച്ഛന്ദം പരിലസിക്കുന്നതു നോക്കിനിന്നുപോയ ആ യുവാവിന് ഒരു നിമിഷം തന്റെ മനസുപോലും നഷ്ടപ്പെട്ടിരുന്നു (കൃത്യമായി അതുപോലെയല്ലെങ്കിലും ഏതാണ്ട് സമാനമായ ഒരനുഭൂതി തദവസരത്തിൽ നമ്മുടെ കഥാനായികയിലും ഉണ്ടായി എന്നതാണ് വാസ്തവം). ആ നിമിഷത്തിൽ സ്വയം നഷ്ടപ്പെട്ട രണ്ടു മനസ്സുകൾ ചായപ്പീടികയിലെ തേയിലയുടേയും പഴകിയ എണ്ണപ്പലഹാരങ്ങളുടേയും സമ്മിശ്ര ഗന്ധങ്ങൾക്കിടയിലും വസന്തകാലത്തിന്റെ സുഗന്ധം നുകരുകയായിരുന്നു. പിന്നീട് യാദൃശ്ചികമായിട്ടാണെങ്കിലും ലഭിച്ചിരുന്ന അവസരങ്ങൾ ഇരുവരും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയതിനാലും നായക-നായികാ പരിണയം കഥാന്ത്യത്തിൽ ഒരുപക്ഷേ സാധ്യമായില്ലായെങ്കിൽക്കൂടി നായിക നായകനേയും, നായകൻ നായികയേയും ഒരിക്കലെങ്കിലും സ്നേഹിച്ചിരിക്കണമെന്ന അലിഖിത നിയമം നിലനിന്നു പോരുന്നതിനാലും ആ ഹൃദയങ്ങൾ ഒന്നുചേരുകയായിരുന്നു. വളരെ പ്രധാനപ്പെട്ട മറ്റൊരു സംഗതി എന്തെന്നാൽ, കഥാനായിക ദിവാൻ കേശവന്റെ മകളായിരുന്നു എന്നതാണ്! കഥാനായിക എന്നതിനു പകരം സൗകര്യാർത്ഥം ആ യുവതിയെ നമുക്ക് ജാൻസി എന്നു വിളിക്കാം.

ഒരു ഹിന്ദുവായ ദിവാൻ കേശവന്റെ മകൾക്ക് എങ്ങനെയാണ് ഒരു നസ്രാണി നാമം നൽകപ്പെട്ടത്? പ്രത്യക്ഷത്തിൽ യുക്തി തോന്നിക്കാത്ത സംഗതി എങ്ങനെ സംജാതമായി?

ന്യായമായ സംശയം! നായികയ്ക്ക് നൽകപ്പെട്ട നാമത്തെപ്പറ്റി സൂചിപ്പിച്ച സ്ഥിതിക്ക് അതിൽ നിന്നുണ്ടായ സംശയം നിവാരണം ചെയ്തു നൽകേണ്ടതും കടമയാകുന്നു. ദിവാൻ കേശവന്റെ പത്നിയും ജാൻസിയുടെ മാതാവുമായ വ്യക്തി ശ്രീമതി. മേരി എലിസബത്ത് ഒരു കൃസ്ത്യാനിയാണ് എന്നതിനാലാണ് നായികയുടെ നാമത്തിലും ഛായ വന്നുചേർന്നത്. അതും വിപ്ലവകരമായ ഒരു പ്രണയകഥയായിരുന്നു. പക്ഷേ കേശവൻ കുഞ്ഞുമേരിയെ മറക്കാനോ സ്വന്തം നാടുപേക്ഷിച്ച് മറ്റൊരു നാട്ടിൽ കുടിയേറുവാനോ ഒരുക്കമായിരുന്നില്ല. അയാൾ തന്റെ പ്രിയതമയുമായി സ്വദേശത്തു തന്നെ വാഴുകയും ചെയ്തു. അങ്ങനെ ആദ്യമായി ഇവിടെ ദിവാൻ കേശവൻ എന്ന ധീര സഖാവിലൂടെ മതമൈത്രിയുടേതായ ഒരു കുടുംബം രൂപപ്പെട്ടു. എന്നുമാത്രമല്ല, അടുത്ത തലമുറ സൃഷ്ടിക്കപ്പെടുന്നത് ജാതി-മത ഭേദങ്ങളുടെ മതിൽക്കെട്ടുകൾക്കുള്ളിലല്ല, ഒരു പുരുഷനിലൂടെയും സ്‌ത്രീയിലൂടെയും മാത്രമാണെന്ന സാർവത്രികവും ജീവശാസ്‌ത്രപരവുമായ സത്യം ഒരിക്കൽക്കൂടി തെളിയിക്കുകയും ചെയ്‌തു.

കാർത്തികിന്റെ കാര്യമല്ലേ നമ്മൾ

അതു തന്നെയാണ് പറഞ്ഞുവരുന്നത്.സമീപകാലത്ത് ഇരുവരുടേയും പ്രണയസല്ലാപം ഒളിഞ്ഞുനിന്ന് ശ്രവിക്കാനിടയായ കൃമി കൃഷ്ണൻ നായരുടെ ഏഷണി മേമ്പൊടി ചേർത്ത വർണനയിൽ പ്രകോപിതനായ ദിവാൻ കേശവൻ ഒരു പിതാവിന്റെ സർവ അധികാരാവകാശങ്ങളും ഉപയോഗപ്പെടുത്തി തന്റെ മകളേയും മരുമകൻ സ്ഥനത്തേക്ക് ഉദ്ദ്യോഗക്കയറ്റം ലഭിക്കുവാൻ പരിശ്രമിക്കുന്നതായ തന്റെ തൊഴിലാളിയേയും ചോദ്യം ചെയ്‌തു തുടങ്ങി. എന്നാൽ കാർത്തികുമായുള്ള ചോദ്യോത്തര വേളയിൽ അല്പാല്പമായി കല്ലുകടി തുടങ്ങിയത് കൃമി കൃഷ്ണൻ നായരുടെ വാക്കുകൾ കേശവന്റെ ഉള്ളുപൊള്ളിക്കാൻ തുടങ്ങിയതിനാലായിരുന്നു. അറിഞ്ഞിട്ടു പോലുമില്ലാത്ത കാര്യങ്ങൾ തനിക്കുമേൽ ആരോപിക്കുന്നതു മുതൽ തന്റെ മാതാപിതാക്കളെക്കൂടി ഹീനമായ പദപ്രയോഗങ്ങളാൽ ദിവാൻ കേശവൻ പരാമർശിച്ചപ്പോൾ നിയന്ത്രണം വിട്ടുപോയ കാർത്തിക് എന്ന ചെറുപ്പക്കാരൻ ചിരട്ടത്തവി കൊണ്ട് അയാളുടെ മുഖത്തൊരു പ്രയോഗം നടത്തുകയും പീടികയിൽ നിന്നിറങ്ങിപ്പോവുകയും ചെയ്തതിൽ അതിശയിക്കുവാൻ തക്കതായി ഒന്നുമില്ല. എങ്കിലും പെട്ടെന്നുണ്ടായ ദേഷ്യത്തിലായിരിക്കും അയാൾ അതു ചെയ്തിരിക്കുക. ഏകദേശം തന്റെ പിതാവിനോളം തന്നെ പ്രായമുള്ള ഒരു മനുഷ്യനെ മർദ്ദിച്ചതിൽ നിന്നുണ്ടായ കുറ്റബോധമോ, തന്റെ മാതാപിതാക്കളെക്കൂടി പരാമർശിച്ചുകൊണ്ട് ദുർഭാഷണം നടത്തിയ മനുഷ്യനെ ശരീരത്തിന് അത്ര സുഖകരമല്ലാത്ത താഡനങ്ങൾ കൊണ്ട് ശരിക്കൊന്നു പൂജിക്കാൻ കഴിയാതിരുന്നതിലുള്ള നിരാശാബോധമോ ആയിരിക്കും ആ മനസ്സിലിപ്പോൾ. അപ്രതീക്ഷിതമായി തന്നിൽ നിന്നുണ്ടായ പ്രവൃത്തിയെത്തുടർന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനിടയുള്ള സാധ്യതകൾ പൂർണ്ണമായും ഒഴിവാക്കുന്നതിലേക്കാണ് അയാൾ പീടികയിൽ നിന്നിറങ്ങിപ്പോയത് (ഊഹം മാത്രം).

ഒരു കാര്യം കൂടി. അല്പം മുമ്പ് പെട്രോൾ പമ്പിൽ നിന്ന് പതിവിനു വിപരീതമായി ഫുൾടാങ്ക് ഡീസൽ നിറച്ചത് എന്തിനായിരുന്നു? മേൽപ്പറഞ്ഞ സംഭവങ്ങളുമായി ഏതെങ്കിലും തരത്തിലൊരു ബന്ധമതിനുണ്ടോ?

അതിലെന്തിരിക്കുന്നു അഥവാ എന്തെങ്കിലുമുണ്ടെങ്കിൽ തന്നെ അതൊരു അല്പകാല വിലോപമായിക്കൊള്ളട്ടെ!

എന്നുവച്ചാൽ?!

സസ്പെൻസ്!

ആ മന്ദസ്‌മിതം അത്ര നല്ലതിനാണെന്നു തോന്നുന്നില്ല!

എന്നാലതിനു പിന്നിലെ രഹസ്യം ഒന്നറിയണമല്ലോ

ചെറു കല്ലുകൾ പെറുക്കി നദിയിലെ അല്പമാത്രമായ ചെളിയിലേക്ക് മെല്ലെ എറിയുകയായിരുന്ന കാർത്തിക് അവിടെ നിന്നും എഴുനേൽക്കാൻ ഭാവിക്കുകയാണ്. നിമിഷങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നതിനൊപ്പം അയാളിൽ പെട്ടെന്നുണ്ടായ കോപവും നേർത്തുപോയിരിക്കാം(?). അയാളുടെ മുഖത്ത് നിശ്ചയദാർഢ്യം പ്രകടമാണ്. അത് എന്തിനെ ലക്ഷ്യം വച്ചുള്ളതണ് എന്നതിനെ ആശ്രയിച്ചിരിക്കും തുടർന്നുള്ള കഥാഗതിയും കഥാന്ത്യവും. ഊഹാപോഹങ്ങൾക്കു വിരാമമിട്ട് കാർത്തികിനോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. തന്റെ സ്വകാര്യതയെ ഖണ്ഡിക്കാനുള്ള ശ്രമത്തെ ഒരിക്കലെങ്കിലും അയാൾക്ക് ക്ഷമിക്കാൻ കഴിഞ്ഞേക്കുമെന്ന പ്രത്യാശയിന്മേൽ നമുക്കയാളെ സമീപിക്കാം.

ഞാൻ ഒന്നും തന്നെ പറയാനുദ്ദേശിക്കുന്നില്ല. ഇനിയുള്ളത് ചിലതൊക്കെ ചെയ്യാൻ മാത്രമാണ്. അതു തീരുമാനിച്ചു കഴിഞ്ഞു!

അല്ല മനുവിൽ നിന്ന് ചിലതൊക്കെ അറിയാൻ കഴിഞ്ഞു. അത്രയുമൊക്കെയായ സ്ഥിതിക്ക് കാർത്തിക് എന്താണുദ്ദേശിക്കുന്നത് എന്നുകൂടി അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ എന്നൊരു

എന്നൊന്നുമില്ല. ഈ നാട്ടിൽ ആകെയൊരു സുഹൃത്ത് മനു മാത്രമാണ്. അതുകൊണ്ട് മാത്രമാണ് തുടക്കം മുതൽ എല്ലാം അയാളെ അറിയിച്ചു പോന്നത്. അയാൾ ഒപ്പമുണ്ടാകും എന്ന് വാക്കു നൽകിയിട്ടുമുണ്ട്! പിന്നെ ഒരു മറുനാട്ടുകാരനോട് മലയാളിക്ക് പൊതുവേയുള്ള അവജ്ഞ അല്പം പോലുമില്ലാതെ അഥവാ പ്രകടിപ്പിക്കാതെ സൗഹാർദ്ദപരമായ സമീപനം നൽകിയ മറ്റൊരാൾ കൂടിയുണ്ട്. മേലുദ്ധരിച്ച പ്രശ്‌നങ്ങൾക്കൊക്കെയും കാരണഹേതു ഞാൻ മാത്രമാണെന്ന് പൊതുവേ ആരോപണങ്ങളുയർന്നിട്ടും അവയിലൊന്നും വിശ്വസിക്കുവാൻ തയ്യാറാകാതെ കുറ്റപ്പെടുത്തലായി ഒന്നു നോക്കുകപോലും ചെയ്യാതെ, എന്നാൽ ആശ്വാസ വാക്കുകളാൽ നിരാശയുടെ കാണാക്കയത്തിൽ നിന്നും കൈപിടിച്ചുയർത്തിയ മറ്റൊരു വ്യക്തി. നാട്ടുകാരിൽ ചിലർ കൃമി എന്നു വിളിച്ചാക്ഷേപിക്കുന്ന സർവ്വശ്രീ കൃഷ്ണൻ നായർ! അദ്ദേഹം പ്രശ്‌നപരിഹാരങ്ങൾക്കായുള്ള ചർച്ചകൾ നടത്തുന്നതിലേക്കായി ദിവാൻ കേശവന്റെ പീടികയിലുണ്ടാവും. പക്ഷേ ആ ശ്രമവും പരാജയത്തിൽ കലാശിക്കുവാനാണ് സാധ്യത.

കൃമി, ആ പാവം ചെറുപ്പക്കാരനെ തന്റെ വാക് ചാതുര്യത്താൽ വീഴ്‌ത്തിയിരിക്കുന്നു! അയാൾ സ്ഥിതിഗതികളെ കൂടുതൽ വർണ്ണിച്ചു വഷളാക്കുന്നതിനു മുൻപ് ദിവാൻ കേശവനെ സത്യാവസ്ഥ ബോധിപ്പിക്കുന്നതാണ് ഉചിതം.

എന്നാൽ ദിവാൻ കേശവന്റെ പീടികയിൽ നിന്ന് ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞ ഒരു ചാരന്റെ മുഖത്തുണ്ടാകുന്ന ക്രൂരമായ ചിരിയോടെ ഇറങ്ങിപ്പോകുന്ന കൃമി കൃഷ്ണൻ നായരെയാണ് കാണാൻ കഴിഞ്ഞത്. ഒരല്പം വൈകിപ്പോയി നമ്മുടെ റോഡുകളിലൂടെ അല്പം വൈകിയിട്ടെങ്കിലും ജീവനോടെ ഇവിടെയെത്താൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യമുള്ളതിനാലാണ് എന്നാശ്വസിക്കാം ഈ മനുഷ്യനെ വെറുതേയങ്ങു വിട്ടുകളയുന്നതു നീതിയല്ല. *അനിയോജ്യമായ വിഷയവും മനസ്സു നിറയെ വിഷവും പേനയിൽ നിറയെ മഷിയും എഴുതുന്നതിനുചിതമായ മാനസികാന്തരീക്ഷവും ഒത്തുചേരുന്ന ഒരു നിമിഷം വന്നു ചേരട്ടെ. അയാളെ പരിഗണിച്ചുകളയാം.

എന്നാൽ ദിവാൻ കേശവന്റെ പീടിക താൽക്കാലികമായി പ്രവർത്തനം നിറുത്തപ്പെട്ടിരിക്കുകയായിരുന്നു. അതിനു സൂചനയായി ഒരു തീരുമാനമാകുന്നതു വരെ കട മുടക്കം എന്ന് ഭംഗിയില്ലാത്ത ചുവന്ന അക്ഷരങ്ങൾ നിരത്തിവച്ച അറിയിപ്പ് കാറ്റിനോടൊത്തു ചേർന്ന് തലയാട്ടിക്കൊണ്ടിരുന്നു. അയാൾ തന്റെ വീട്ടിലും ഉണ്ടായിരുന്നില്ല. എന്നാൽ അലക്കിത്തേച്ചു വെടിപ്പാക്കിയ ഖദർഷർട്ടും ചുവപ്പു കരയുള്ള കോടിമുണ്ടും ധരിച്ചുകൊണ്ട് അയാൾ വീട്ടിൽ നിന്നിറങ്ങിയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു എന്ന് ദിവാൻ കേശവന്റെ പ്രിയ പത്നി മേരി എലിസബത്തിൽ നിന്നറിഞ്ഞു. കൃമിയുടെ മസ്തിഷ്ക പ്രക്ഷാളനത്തിന്റെ ഫലം! എങ്കിലും മനുവിന്റെ അർത്ഥഗർഭമായ മന്ദഹാസത്തിനു പിന്നിലെ നിഗൂഢതയും കാർത്തികിന്റെ ദൃഡനിശ്ചയം എന്താണെന്നുള്ളതും കൂടി അറിയാൻ കഴിഞ്ഞിരിക്കുന്നു. തന്റെ ഹൃദയത്തിന്റെ ഉടമയുമായി നാട്ടിലേക്കു തിരിക്കുക എന്നതാണു കാർത്തികിന്റെ തീരുമാനം. അതിലേക്കായി എന്തു സഹായവും വാഗ്‌ദാനം ചെയ്ത് മനു എന്ന സുഹൃത്ത് തന്റെ ഓട്ടോറിക്ഷയിൽ ഫുൾടാങ്ക് ഡീസൽ നിറച്ച് നിഗൂഢമായ ഒരു മന്ദഹാസത്തോടെ എന്തിനും തയ്യാറായി നിൽക്കുന്നു!

ഇതൊരിക്കലും സംഭവിക്കുവാൻ അനുവദിച്ചുകൂടാ എന്ന് ഒരു മന്ത്രം പോലെ ഉരുവിട്ടുകൊണ്ട് ദിവാൻ കേശവൻ പോലീസ് സ്റ്റേഷനിലേക്ക് പായുകയായിരുന്നു. റിസപ്ഷനിലെ സിവിൽ ഓഫീസർ എബ്രഹാമിന് കേശവന്റെ ധൃതിപിടിച്ചുള്ള വരവിൽത്തന്നെ പന്തികേടു തോന്നിയിരുന്നു. തന്റെ പ്രഭാതങ്ങളിലെ ശോധന സുഗമമാക്കുന്നതിലേക്കായി സൗജന്യ നിരക്കിൽ ചായ നൽകിക്കൊണ്ടിരിക്കുന്ന വ്യക്തിയിൽ പ്രശ്‌നങ്ങൾക്കു ഹേതുവായ സംഗതി എന്തെന്നറിയുവാൻ അദ്ദേഹത്തിനും അതിയായ താല്പര്യമുണ്ടായിരുന്നു.

തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ഈ വിധമാണ്; താൻ ഒരു സുഹൃത്തായി, സഹോദരനായി, ഗുരുനാഥനായി കരുതി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കൃഷ്ണൻ നായർ, അന്യർ തമ്മിലുള്ള സൗഹാർദപരമായ ബന്ധങ്ങളിൽ തുരങ്കങ്ങൾ സൃഷ്ടിച്ചു രസിക്കുന്ന ഒരു വിരുതനാണെന്ന് കാർത്തിക് തിരിച്ചറിഞ്ഞു. അതിനുപുറമേ അതേ സാങ്കേതികത തന്നെ അയാൾ തനിക്കും ദിവാൻ കേശവനുമിടയിൽ പ്രയോഗിച്ച് വിജയിച്ചിരിക്കുന്നതായും മനുവിൽ നിന്നറിഞ്ഞപ്പോൾ വൈകിയിരുന്നു. എന്നാൽ അയാൾ ഏറെ വൈകിയിരുന്നില്ല. തനിക്ക് അത്രമേൽ മഹത്തായ ഒരുപകാരം ചെയ്‌തു നൽകിയ വ്യക്തിയോട് പ്രത്യുപകാരം ചെയ്‌തുകൊണ്ട് തന്റെ മനസ്സിനെ സമാശ്വസിപ്പിക്കാമെന്നു കരുതി. അതിലേക്കായി ചൂളയിൽ പുതുതായി ചുട്ടുനിരത്തിയ മുഴുനീള ഇഷ്ടികകളിലൊന്നുമായി കൃമി കൃഷ്ണൻ നായരുടെ പാതയിൽ മറഞ്ഞുനിന്നു. അയാൾ ഏതാണ്ട് അടുത്തെത്തിയ നിമിഷത്തിൽ സർവശക്തിയുമുപയോഗിച്ച് നടുവിനു തന്നെ ഒരു പ്രത്യുപകാരം വച്ചുകൊടുത്തു. അയാളുടെ കണ്ണിൽപ്പെടുന്നതിനു മുമ്പായി ഓടി രക്ഷപ്പെടുന്നതിനിടയിൽ തന്റെ മനസ്സിൽ ഒരു പ്രത്യേക സുഖം വന്നു നിറയുന്നത് കാർത്തിക് അറിയുന്നുണ്ടായിരുന്നു.

അധികം വൈകാതെ തെരുവിന്റെ മറ്റൊരു കോണിൽ കർമ്മനിരതരായിക്കൊണ്ടിരുന്ന കാക്കിനക്ഷത്രങ്ങൾ മനുവിന്റെ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു കഴിഞ്ഞിരുന്നു. തന്റെ ഒരേയൊരു ഉപജീവനമാർഗം പോലീസ് സ്റ്റേഷൻ വളപ്പിലെ പ്രദർശന വസ്‌തുവായി മരണത്തെ പുൽകുന്നതിനു മുമ്പ് വിട്ടുകിട്ടുന്നതിനായുള്ള വിദഗ്‌ദ്ധ സഹായം തേടുന്നതിലേക്കായി വക്കീൽ മോഹൻകുമാറിന്റെ ഓഫീസിലേക്ക് ഓടുകയായിരുന്നു. തനിക്കു ലഭിച്ച പ്രത്യുപകാരം ആരിൽ നിന്നായിരുന്നു, എന്തിനു വേണ്ടിയായിരുന്നു എന്ന് ഇനിയും മനസ്സിലാക്കുവാൻ കഴിയാതെ കൃമി കൃഷ്ണൻ നായർ സർക്കാർ ആശുപത്രിയിലെ ബഞ്ചിൽ ഡ്യൂട്ടി ഡോക്‌ടറേയും കാത്ത് കമിഴ്‌ന്നു കിടക്കുകയായിരുന്നു. ആ നിമിഷത്തിൽ നാഗർകോവിൽ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയ ഒരു പാസഞ്ചർ തീവണ്ടിയുടെ സൈഡ് സീറ്റിൽ കാർത്തിക് എന്ന ചെറുപ്പക്കാരന്റെ ഹൃദയത്തുടിപ്പുകളിൽ തനിക്കായി പിറന്ന പ്രണയ സംഗീതത്തിന്റെ മാധുര്യം നുകർന്നുകൊണ്ട് ജാൻസി അയാളോട് ചേർന്നിരുന്നു. എന്നാൽ തന്റെ ജീവിതത്തിൽ ഊടും പാവുമെന്ന പോലെ ഇഴചേർന്നു കിടക്കുന്ന സ്വപ്നങ്ങളേയും യാഥാർത്ഥ്യങ്ങളേയും വേർതിരിച്ചെടുക്കുവാൻ പ്രയാസപ്പെടുകയായിരുന്ന ആ ചെറുപ്പക്കാരന്റെ ദൃഷ്ടികൾ ചക്രവാള പരിധിയിലൂടെ സഞ്ചരിക്കുകയായിരുന്നു.
    -       -       -       -       -       -       -       -       -


* “ഒരു പേന നിറയെ മഷിതരൂ, ഒരു മനസ്സു നിറയെ വിഷം തരൂ, ആരെയും അക്ഷരങ്ങൾ കൊണ്ട് കൊല്ലാം ഒരു അമേരിക്കൻ ജേർണലിസ്റ്റിന്റെ വാക്കുകൾ.