19 December 2013

സഡൻബ്രേക്കിലെ ഗുണദോഷസമ്മിശ്രം


വിഷ്‌ണു. ഇരുപത്തി ഒമ്പതു വയസ്. അവിവാഹിതൻ. തികഞ്ഞ ഒരു ഈശ്വരവിശ്വാസി. ഇടത്തരം കുടുംബത്തിലെ ഇളയ പുത്രനായ ഈ വിദ്വാൻ ഒരു സുദിനത്തിൽ തന്റെ സെക്കന്റ് ഹാന്റ് ആൾട്ടോ കാറിൽ പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ഒരു തീയേറ്ററിൽ സിനിമ കാണുന്നതിലേക്കായി പോവുകയുണ്ടായി. ടിക്കറ്റെടുത്ത ശേഷം എൻട്രി പാസ്സിനായി ഇനിയും തുറന്നിട്ടില്ലാത്ത കൗണ്ടറിനു സമീപത്തെ കസേരകളിലൊന്നിന്റെ നെഞ്ചത്ത് തന്റെ പൃഷ്ഠഭാഗത്തെ സ്ഥാപിച്ച് അതിലേക്ക് അമർന്നിരിക്കുന്നതിനിടയിലാണ് തനിക്ക് ചിരപരിചിതമായിരുന്ന ആ യന്ത്രത്തിന്റെ രൂപം അയാളുടെ കണ്ണുകളിൽ പതിച്ചത്. ഒറ്റരൂപാനാണയം ഭക്ഷണമാക്കിക്കൊണ്ട് ശരീരഭാരത്തെ വിളംബരപ്പെടുത്തുന്ന ആ യന്ത്രം അയാളെ ആദ്യമായി അത്ഭുതപ്പെടുത്തിയത് കുട്ടിക്കാലത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു.
         
യന്ത്രത്തിന്റെ ഇടുങ്ങിയ വായിലേക്ക് ഒറ്റരൂപാ നാണയത്തെ വച്ചുകൊടുത്തുകൊണ്ട് അയാൾ അതിന്റെ പ്ലാറ്റ്ഫോമിൽ കയറി നിന്നു. ചെറിയ എൽ.ഇ.ഡി ഡിസ്‌പ്ലേയിൽ എഴുപത്തിയൊന്ന് കിലോഗ്രാം എന്നു തെളിയുകയും അയാളുടെ ശരീരഭാരം പ്രിന്റ് ചെയ്‌ത ഒരു ചെറിയ കാർഡ് യന്ത്രം നൽകുകയും ചെയ്‌തു. ആ കാർഡ് സ്വീകരിച്ചു കൊണ്ട് തനിക്കു നിലവിലുള്ള ഉയരത്തിനാനുപാതികമായ ശരീരഭാരവും ഉണ്ടെന്നാഹ്ലാദിച്ചു കൊണ്ട് കസേരയിലേക്ക് മടങ്ങുന്നതിനിടയിലാണ് ആ കാർഡിന്റെ പിൻഭാഗത്തുകൂടി എന്തൊക്കെയോ പ്രിന്റ് ചെയ്തിട്ടുള്ളതായി അയാൾ ശ്രദ്ധിച്ചത്. ആനന്ദത്തിന്റെ നിമിഷങ്ങൾ; ഒരു മോശം ദിനത്തിൽ പോലും എന്നായിരുന്നു വലിപ്പം കുറഞ്ഞ അക്ഷരങ്ങളിൽ പ്രിന്റ് ചെയ്‌തിരുന്ന വാക്കുകൾക്കുള്ളിൽ അടക്കം ചെയ്‌തിരുന്ന അർത്ഥം. ഒരു മോശം ദിനത്തിൽപ്പോലും!. എന്നുവച്ചാൽ നിരത്തിൽ പതിവില്ലാത്ത ട്രാഫിക് തിരക്കുകൾക്കിടയിലൂടെ താനിവിടെ എത്തിച്ചേർന്നുവെങ്കിലും തനിക്കിതൊരു മോശം ദിനമായിരുന്നെന്നോ?! അയാൾ വിയർത്തൊഴുകാൻ തുടങ്ങി. ചന്ദനക്കുറി നീളത്തിൽ പൂശിയ നെറ്റിയിലൂടെ വിയർപ്പുകണങ്ങൾ ഒഴുകിയിറങ്ങി. ഷർട്ടിനുള്ളിൽ ധരിച്ചിരുന്ന ബനിയൻ അയാളുടെ വിയർപ്പിനെ ഇനിയും ആഗിരണം ചെയ്യുവാൻ കഴിയാതെ ഷർട്ടിലേക്കും തിരികെ ശരീരത്തിലേക്കും തന്നെ പുറന്തള്ളുവാൻ തുടങ്ങിയിരുന്നു. അയാൾക്ക് തലചുറ്റലുണ്ടാകുന്നതായി തോന്നി. ചിന്തകൾ കുഴഞ്ഞുമറിയുകയായിരുന്നു. കാലം പുന:ക്രമീകരിക്കുവാൻ കഴിയുന്നതായിരുന്നുവെങ്കിൽ ഒരിക്കൽക്കൂടി വീട്ടിൽ തന്റെ കട്ടിലിൽ നിന്ന് ഉണർന്നെഴുനേൽക്കാമായിരുന്നു എന്ന് അയാൾ ആഗ്രഹിച്ചു പോയി. അയാൾ തന്റെ പൂർവസ്ഥാനത്ത് തളർന്നിരുന്നു.
         
തലയിൽ ഇടിമിന്നലേറ്റതിനു സമാനമായ ഹെയർസ്റ്റൈലുമായി ബൈക്കിൽ പാഞ്ഞെത്താറുള്ള പയ്യൻ വീശിയെറിഞ്ഞ പത്രക്കെട്ടുകളുടെ ഉൾത്താളുകളിൽ തിരഞ്ഞത് നിങ്ങളുടെ ഇന്ന് എന്ന തന്റെ പതിവു പംക്തിയായിരുന്നു. അതിൽ സായാഹ്നം വരെ ഗുണദോഷ സമ്മിശ്രം, സായാഹ്നശേഷം അപായഭീതി, കാര്യതടസ്സം, മാനഹാനി, ഉദരവൈഷമ്യം എന്നിവയ്‌ക്കു സാദ്ധ്യത എന്നായിരുന്നു ജ്യോതിഷരത്നം എഴുതിയിരുന്നത്. എന്നിരുന്നാലും പത്രത്തിലെ ഗുണദോഷ സമ്മിശ്രത്തെ അത്ര വിശ്വാസം പോരാഞ്ഞതിനാൽ അതിനെ ആധാരമാക്കുകയോ വിശ്വസിക്കുകയോ(?) ചെയ്‌തിരുന്നില്ല. എന്നാൽ അപൂർവ്വം ചില ദിനങ്ങളിൽ പത്രത്തിൽ പരാമർശിച്ചിട്ടുള്ളതിനു സമാനമായി മഹാത്ഭുതം പ്രവർത്തിക്കപ്പെടാറുണ്ട്! ആ പ്രതീക്ഷയിന്മേൽ മാത്രമായിരുന്നു മറ്റൊരു ചിന്തയും കൂടാതെ സ്വന്തം വാഹനത്തിൽ തന്നെ മോർണിംഗ് ഷോയ്‌ക്കു പുറപ്പെടുവാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ
         
തന്റെ ഇന്ന് പ്രവചിക്കുന്നതിൽ പത്രത്തിലെ ജ്യോതിഷരത്നത്തിനു പിഴവു സംഭവിച്ചിരിക്കുന്നു എന്ന സത്യം വിശ്വസിക്കുവാൻ അയാൾ പ്രയാസപ്പെടുകയായിരുന്നു. ഇന്നു രാവിലെ ക്ഷേത്രദർശനത്തിനു കൂടി സമയം ലഭിച്ചതുമില്ല. മുടക്കം കൂടാതെ ശ്രദ്ധിച്ചുപോരുന്ന ആ പതിവുകൂടി തന്റേതല്ലാത്ത കാരണത്താൽ തടസപ്പെട്ട നിലയ്ക്ക് ഇതൊരു മോശപ്പെട്ട ദിനം തന്നെ! അപായഭീതി, കാര്യതടസ്സം, മാനഹാനി, ഉദരവൈഷമ്യം
         
അയാൾക്ക് തന്റെ തൊണ്ട വരളുന്നതായി തോന്നി, തൽസ്ഥാനത്തുനിന്നെഴുനേറ്റ് റീഫ്രഷ്‌മെന്റ് ഏരിയയിലേക്കു നടന്നു. ഒരു കിണർ കുടിച്ചുവറ്റിച്ചു കഴിഞ്ഞാൽ പോലും തീരാത്തത്ര ദാഹമുണ്ടായിരുന്നു അയാൾക്ക്! സാമാന്യം നല്ലതിരക്കുണ്ടായിരുന്ന റീഫ്രഷ്‌മെന്റെ ഏരിയയിൽ നിന്ന്, നാരങ്ങാവെള്ളം എന്നതിൽ നിന്ന് ലൈം ജ്യൂസായി സ്റ്റാറ്റസ് ഉയർന്നതും മധുരത്തോടൊപ്പം ഒരുതരം ചവർപ്പുകലർന്നതുമായ പാനീയം ഒറ്റവലിക്കു കുടിച്ച് വലിയ ഗ്ലാസ് തിരികെ നൽകി മടങ്ങാനൊരുങ്ങുമ്പോഴാണ് കോളറിന്റെ പിൻഭാഗത്ത് ഒരാൾ പിടികൂടിയതും അയാളുടെ ചലനം നിന്നുപോയതും.
         
ലംജ്യൂസടിച്ചിട്ട് കാശുകൊടുക്കാതെ മുങ്ങിക്കളയാമെന്നു കരുതിയോ?

ങേ പണം കൊടുത്തിരുന്നില്ലേ?!

ഒന്നും ഓർമയില്ല!

മാംഗോ ഫ്രൂട്ടിയുടെ ചെറുബോട്ടിലിന്റെ മൂർദ്ധാവിൽ സൃഷ്ടിച്ച ചെറു സുഷിരത്തിലൂടെ കടത്തിയ സ്ട്രോയിലൂടെ അതിന്റെ മഞ്ഞ നിറത്തിലുള്ള രക്തം വലിച്ചു കുടിക്കുകയായിരുന്ന ഒരു തരുണി, കവിത തുളുമ്പുന്ന തന്റെ നേത്രങ്ങളിൽ പരിഹാസം പുരട്ടി കടാക്ഷം കൊണ്ട് അയാളെ ഒന്നു തലോടി. ആ നിമിഷത്തിൽ അയാൾ ശിരസിനു തീപിടിച്ച മെഴുകുതിരി പോലെ ഉരുകിക്കൊണ്ടിരുന്നു.

മാനഹാനി. മോശപ്പെട്ട ദിനം!

പണം നൽകിയതിനു ശേഷം ഒറ്റനിമിഷം പോലും പാഴാക്കാതെ അയാൾ തീയേറ്ററിനുള്ളിലേക്കു കടന്നു. തന്റെ ടിക്കറ്റിൽ നിർദ്ദേശിച്ചിരുന്ന സീറ്റ് നമ്പർ കണ്ടെത്തി അതിലിരിപ്പുറപ്പിച്ച് അല്പനേരം കണ്ണുകൾ മൂടി. തിരശ്ശീലയിൽ തെളിഞ്ഞ താരങ്ങൾ അഭിനയത്തിന്റെ കൊടുമുടി കയറുമ്പോഴും പ്രണയപരവശരായ നായികാനായകന്മാർ മാച്ചു പീച്ചുവിൽ നൃത്തം ചെയ്യുമ്പോഴും ഉദ്വേഗഭരിതമായ ചില രംഗങ്ങളിൽ നായകന്റെ നാവിൻ തുമ്പിൽ നിന്ന് തീപ്പൊരി ഡയലോഗുകൾ അനർഗളനിർഗളം പ്രവഹിക്കുമ്പോഴും അയാൾക്ക് ഇതിലൊന്നിലും ശ്രദ്ധിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇടവേളയോടടുക്കുമ്പോഴാണ് തന്റെ വയറിനുള്ളിൽ പുതിയൊരു തരത്തിൽ മർദ്ദരൂപീകരണം നടക്കുന്നതായി അയാൾക്കു തോന്നിയത്. ഇടയ്‌ക്കിടെ അത് ന്യൂനമർദ്ദമായും ഉയർന്നമർദ്ദമായും സ്വയം പരിവർത്തനം ചെയ്യുകയും വയറിനുള്ളിൽ കിറുകിറെ സംഗീതം സൃഷ്ടിക്കുകയും ചെയ്‌തു. പെട്ടെന്ന് പുതിയൊരു ശബ്ദത്തിനു കൂടി കാത്തുനിൽക്കാതെ അയാൾ തീയേറ്റർ ഹാളിന്റെ വാതിൽ തള്ളിത്തുറന്ന് കെട്ടിടത്തിന്റെ പിൻഭാഗത്തു സ്ഥിതി ചെയ്യുന്ന ടോയ്‌ലെറ്റിലേക്കോടി.

എല്ലാം കഴിഞ്ഞു! ശാന്തം. സ്വസ്ഥം. തെന്നാലിരാമൻ ഒരിക്കൽ പറഞ്ഞതു പൂർണമായും ശരിതന്നെ.ഭോജനത്തേക്കാൾ വിസർജനം സുഖപ്രദം!

ഉദരവൈഷമ്യം. മോശപ്പെട്ട ദിനം!

അയാൾ ചിന്തിച്ചു. മോശപ്പെട്ട ദിനത്തിന്റേതായ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയിരിക്കുന്നു. എത്രയും പെട്ടെന്ന് വീട്ടിൽ എത്തിച്ചേരുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ശീലമാക്കിയിട്ടില്ലാത്ത ലൈംജ്യൂസ് വയറിനുണ്ടാക്കിയ അസ്വസ്ഥതയായിരിക്കാമെന്ന യുക്തി പോലും അഭ്യസ്ഥവിദ്യനായ ആ ചെറുപ്പക്കാരനിൽ ഉടലെടുത്തിരുന്നില്ല എന്നതാണ് വസ്‌തുത.

സിനിമ പൂർത്തിയാകുന്നതു വരെ കാത്തുനിൽക്കാതെ അയാൾ തന്റെ കാറിനുള്ളിലേക്കു പ്രവേശിക്കുകയും തീരെ ശബ്ദമില്ലാതെ തന്നെ ആ കാർ അയാളുടെ എഴുപത്തിയൊന്ന് കിലോഗ്രാം വഹിച്ചു കൊണ്ട് ഇടുങ്ങിയതും തിരക്കേറിയതുമായ നിരത്തിലേക്കിറങ്ങുകയും ചെയ്തു. ഡ്രൈവിംഗിനിടെ പതിവില്ലാത്ത ഭയം തന്നെ പൊതിയുന്നതായി അയാൾക്കു തോന്നി. ഇടതടവില്ലാതെ ഹോൺ മുഴക്കുകയും വേഗത പരമാവധി കുറയ്‌ക്കുകയും ചെയ്‌തു. എതിർദിശയിൽ കടന്നുവന്നുകൊണ്ടിരുന്ന വലുപ്പമേറിയ വാഹനങ്ങൾ തന്റെ കാറിനു സമീപമെത്തുമ്പോൾ നെഞ്ചിടിപ്പ് വർദ്ധിക്കുന്നതായി അയാൾക്കു തോന്നി.

പെട്ടെന്നായിരുന്നു പ്രധാന പാതയിലേക്കുള്ള കട്ട് റോഡിൽ നിന്ന് ഒരു ഓട്ടോറിക്ഷ വേഗത്തിൽ കടന്നെത്തിയത്. ഓറഞ്ചു നിറത്തിൽ നിന്ന് ചുവപ്പിലേക്കു പ്രവേശിക്കുവാനൊരുങ്ങുന്ന ട്രാഫിക് സിഗ്നലിനെ പരാജയപ്പെടുത്തുന്നതിനുള്ള ഓട്ടോഡ്രൈവറുടെ വിഫലശ്രമമായിരുന്നു അത്. വിഷ്‌ണു തന്റെ കാർ വലതുഭാഗത്തേക്ക് പെട്ടെന്നു വെട്ടിച്ചു മാറ്റിയതിനാൽ മാത്രം ഒരു കൂട്ടിമുട്ടൽ ഒഴിവായി. എങ്കിലും റോഡിന്റെ ഡിവൈഡറിൽത്തട്ടാതെ തന്റെ കാറിനെ നിയന്ത്രിച്ചു നിറുത്തുവാൻ അയാൾക്ക് അസാധാരണ പരിശ്രമം തന്നെ വേണ്ടിവന്നിരുന്നു. അയാൾ തന്റെ കാർ നിരത്തിൽ ഇടതുവശം ചേർന്ന് പാർക്കു ചെയ്‌ത് പുറത്തിറങ്ങി നോക്കുമ്പോഴായിരുന്നു ഓട്ടോറിക്ഷയ്‌ക്കു സമീപം ഒരാൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടത്.

അയാൾ അതിനടുത്തേക്ക് നീങ്ങി. ചുവന്ന ചുരിദാർ ധരിച്ചിരുന്ന വെളുത്തുമെലിഞ്ഞ ഒരു യുവതി ഓട്ടോറിക്ഷ തട്ടി അല്പം അകലെയായി, നിരത്തിലെ ചപ്പുചവറുകളും പൊടിയും ഒത്തുചേർന്നു സൃഷ്ടിച്ച മെത്തയിന്മേൽ ബോധരഹിതയായി കിടന്നിരുന്നു. ഓട്ടോറിക്ഷയുടെ ഡ്രൈവർ, ബഹളത്തിനിടയിൽ ഓടിക്കൂടിയ ജനക്കൂട്ടത്തിന്റെ ഒഴുക്കിനിടയിലൂടെ വിദഗ്ദ്ധമായി രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. യുവതിയുടെ ശിരസിനേറ്റ ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തത്തിന്റെ ഒരു ചെറു നദിതന്നെ ഉത്ഭവിച്ചു കഴിഞ്ഞിരുന്നു. കൂട്ടം കൂടിയ ജനം ഒരേ സ്വരത്തിൽ വിവിധ പ്രസ്താവനകൾ ഉന്നയിക്കുകയും സഹതപിക്കുകയും ചെയ്‌തതല്ലാതെ ഒരു സഹായഹസ്തം നീട്ടുവാൻ മടിക്കുക തന്നെ ചെയ്‌തു.

ആരെങ്കിലും ഹോസ്‌പിറ്റലിൽ കൊണ്ടുപോകാനുള്ള സെറ്റപ്പുണ്ടാക്ക്, ബാക്കി ഞാൻ നോക്കിക്കോളാം!

അയാളുടെ ആത്മഗതം ഒരല്പം ഉച്ചത്തിലായിപ്പോയത് ഒരിക്കലും അയാളുടെ തെറ്റായിരുന്നില്ല! അതു തന്നെ അവസരമെന്നോർത്തു, ജനം. ഒരു ജീപ്പിന്റെ പിൻഭാഗത്തേക്ക് ആരൊക്കെയോ ചേർന്ന് അയാളെ ഉന്തിത്തള്ളി കയറ്റിയിരുത്തുകയും ആ യുവതിയുടെ ചോരയൊലിക്കുന്ന ശിരസ് അയാളുടെ മടിയിൽ വച്ചുകൊടുക്കുകയും ചെയ്‌തു. എന്നാൽ അവിടെ കൂട്ടം കൂടി നിൽക്കുകയും അഭിപ്രായപ്രകടനങ്ങളും വികാരപ്രകടനങ്ങളും കാഴ്‌ചവയ്‌ക്കുകയും ചെയ്‌തിരുന്നവരിൽ ഒരാൾ പോലും ഒരു സഹായിയുടെയെങ്കിലും വേഷം സ്വീകരിച്ച് ഒപ്പം ചേർന്നിരുന്നില്ല എന്നതിൽ അയാൾക്ക് തീരെ അത്ഭുതം തോന്നിയിരുന്നില്ല. നാട് ഏതാന്നാ വിചാരം!

ഹെഡ്‌ലൈറ്റ് തെളിയിച്ച് തുടരെത്തുടരെ ഹോൺ മുഴക്കിക്കൊണ്ട് അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ജീപ്പ് തൊട്ടടുത്ത ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. ചില അത്യാവശ്യ ഘട്ടങ്ങളിൽ ജീപ്പ് ഒരു നല്ല ആംബുലൻസ് കൂടിയാണെന്ന സത്യം അയാൾ തിരിച്ചറിഞ്ഞു. എന്തിനേറെ പറയുന്നു, മനുഷ്യത്വത്തിന്റെ മാത്രം പരിഗണന നൽകി, നിർബന്ധിതമായെങ്കിലും സഹായം നൽകുവാൻ തുനിഞ്ഞ വിഷ്‌ണു എന്ന ചെറുപ്പക്കാരന് ആയിനത്തിൽ തന്റെ ശരീരത്തിൽ നിന്ന് ദാനം നൽകിയ അല്പം രക്തവും പ്രസ്‌തുത യുവതിക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണവും ജ്യൂസും വാങ്ങിയയിനത്തിൽ എണ്ണൂറ്റി നാല്പത്തിയഞ്ചു രൂപായും കുറച്ചധികം സമയവും നഷ്ടമായി. മറ്റെന്തും സഹിക്കാമെന്നു കരുതിയാലും നഷ്ടപ്പെട്ട സമയത്തെ പ്രതി എന്താണു ചെയ്യുക?

ഏതാനും മണിക്കൂറുകൾക്കൊടുവിൽ ബോധാവസ്ഥയിലേക്കു തിരികെയെത്തിയ യുവതിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, യുവതിയുടെ വീട്ടിലേക്കു ഫോൺ ചെയ്യുകയും വിശദവിവരങ്ങൾ ധരിപ്പിക്കുകയും എന്നാൽ ഭയപ്പെടുവാൻ തക്കതായി ഒന്നുമില്ലായെന്ന് ആശ്വസിപ്പിക്കുകയും ചെയ്‌തു. അധികം വൈകാതെ തന്നെ ഉത്തരവാദിത്തപ്പെട്ടവർ എത്തിച്ചേരുകയും എന്നാൽ ആഗതരിൽ നിന്ന് ഉണ്ടാകാനിടയുള്ള നന്ദി പ്രകാശനത്തിൽ തീരെ താല്പര്യമില്ലാതിരുന്ന വിഷ്‌ണു ആശുപത്രിയിൽ നിന്നുതന്നെ വിദഗ്ദ്ധമായി പുറത്തു കടക്കുകയാണ് ചെയ്‌തത്.

അത്യാഹിത വിഭാഗത്തിനു മുന്നിൽ തനിക്കായി കാത്തുനിൽക്കുകയായിരുന്ന ജീപ്പിന്റെ സാരഥിയ്‌ക്ക് വിഷ്ണു നൂറിന്റെ ചുളിവുകളില്ലാത്ത രണ്ടു നോട്ടുകൾ നീട്ടി. ഒരു ചെറുപുഞ്ചിരിയോടെ സാരഥി അതു നിരസിക്കുകയാണുണ്ടായത്!

സാറ്, ആ പെണ്ണിനെ ഓട്ടോ ഇടിക്കുന്നത് കണ്ടാരുന്നോ? സഹിക്കത്തില്ലാരുന്നു!

വിഷ്‌ണു മൗനം.
         
സാറെങ്കിലും ഒരുകൈ സഹായിച്ചില്ലാരുന്നെങ്കില് ആ പെണ്ണ് അവിടെക്കെടന്ന് ചോരയൊലിച്ച് തന്നെ ചത്തുപോകുമാരുന്നു! എല്ലാവമ്മാരും നോക്കിനിന്ന് കമന്റടിക്കേം മൊബൈലിൽ ഫോട്ടേട്ക്കേം ചെയ്യേല്ലാതെ ഒന്നും ചെയ്യൂല്ല!
         
ഉം…”
         
ദൈവായിട്ടായിരിക്കും സാറിനെ അവിടെത്തിച്ചത്!

മോശപ്പെട്ട ദിനം. മാനഹാനി, ഉദരവൈഷമ്യം, അപായഭീതി, ധനനഷ്ടം

ദൈവം?!

ആയിരിക്കും. ആർക്കറിയാം!
         
വിഷ്‌ണു ഒരിളിഭ്യച്ചിരി ചിരിക്കുക മാത്രം ചെയ്‌തു. അയാൾ സാരഥിയുമായി സമീപത്തു തന്നെയുള്ള തട്ടുകടയിൽ നിന്ന് കട്ടൻ ചായ കുടിക്കുകയും അല്പനേരം കുശലാന്വേഷണങ്ങളിലേർപ്പെടുകയും ചെയ്‌തു.
         
തന്റെ കാറിനു സമീപത്തേക്കു നടക്കുകയായിരുന്ന വിഷ്‌ണു ആ നിമിഷത്തിൽ മാത്രമായിരുന്നു കാറിന്റെ സ്ഥാനത്തെക്കുറിച്ച് ബോധവാനായിത്തീർന്നത്. നോ പാർക്കിംഗ്! കാറിൽ നിന്നും അധികം അകലെയല്ലാതെ തന്നെ കൈകളിൽ റസീപ്റ്റ് ബുക്കും പേനയുമായി ഒരു സിവിൽ ഓഫീസർ സ്ഥാനമുറപ്പിച്ചിരുന്നു.
         
നന്നായിരിക്കുന്നു. നൂറുരൂപാ! എങ്കിലും, ആ സിവിൽ ഓഫീസർ എത്രനല്ല മനുഷ്യൻ! അശ്രദ്ധ മൂലമാണെങ്കിലും സംഭവിച്ചുപോയ നിയമലംഘനം അതിന്റെ വകുപ്പും നടപടിക്രമങ്ങളുമുൾപ്പടെ ബോധവൽക്കരണം നടത്തുകകൂടി ചെയ്‌തിരിക്കുന്നു! പോലീസ് വകുപ്പും അടിമുടി മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രിയുടെ പ്രസ്താവന പത്രത്തിൽ വായിക്കുകയുണ്ടായെങ്കിലും ചിരിച്ചു തള്ളുകയായിരുന്നു. എന്നാൽ അതു ശരിതന്നെ എന്നു ബോധ്യപ്പെട്ടിരിക്കുന്നു.
         
ഡ്രൈവിംഗ് സീറ്റിൽ അമർന്നിരുന്ന് സീറ്റ്ബെൽറ്റ് ധരിച്ചുകൊണ്ട് കാർ സ്റ്റാർട്ടു ചെയ്‌തു. മെല്ലെ നീങ്ങിത്തുടങ്ങിയ വാഹനത്തിന്റെ മ്യൂസിക് പ്ലെയറിൽ നിന്ന് കക്കാടിന്റെ ഹൃദയത്തിൽ നിന്നുതിർന്ന വരികൾ ജി.വേണുഗോപാലിന്റെ മായിക മധുരമായ സ്വരത്തിൽ മെല്ലെയൊഴുകിക്കൊണ്ടിരുന്നു :
         
ആർദ്രമീധനുമാസ രാവുകളിലൊന്നിൽ
          ആതിരവരും, പോകു,മല്ലേ സഖീ?
          ------------
          ------------
          പഴയൊരുമന്ത്രം സ്മരിക്കാമന്യോന്യ
          മൂന്നുവടികളായ് നിൽക്കാം : ഹാ! സഫലമീയാത്ര.[ചിത്രത്തിന് കടപ്പാട് : ഗൂഗ്‌ൾ]

7 comments:

 1. എന്നാല്‍ ദിവസം അത്ര മോശപ്പെട്ടതല്ലായിരുന്നു എന്നാണ് ഗ്രഹനില വച്ച് നോക്കിയാല്‍ മനസ്സിലാകുന്നത്.

  നല്ല കഥ

  ReplyDelete
  Replies
  1. :) അതെ അജിത്തേട്ടാ... അന്യനു ചെയ്യുന്നത് കർത്താവിനു ചെയ്യുന്നതിനു തുല്യമാണെന്നാ ബൈബിളിൽ.
   സന്ദർശനത്തിനു സമയം കണ്ടെത്തിയതിനു നന്ദി. അഭിപ്രായങ്ങൾക്കും.

   Delete
 2. Replies
  1. നന്ദി റാംജി. ഇനിയും വരുമല്ലോ...

   Delete
 3. ജീവിതത്തിനു ഇത്തരം ചില സഡൻബ്രേക്കുകൾ അനിവാര്യമാണ്.. ജീവിതമെന്ന വണ്ടി മുന്നോട്ടു തന്നെയല്ലെ പോകേണ്ടതു. എങ്കിലും ഇത്തരം ഹൃദ്യമായ രചനകൾക്കു സഡൻബ്രേക്കു വീഴാതിരിക്കാൻ ശ്രദിക്കുക.
  ആശംസകൾ......

  ReplyDelete
  Replies
  1. ഡ്രൈവിംഗിനിടയിൽ ഒരിക്കലെങ്കിലും സഡൻബ്രേക്ക് പ്രയോഗിക്കാത്തവരായി ആരും ഉണ്ടാകില്ലെന്നു തോന്നുന്നു. ജീവിതമെന്ന വണ്ടി ചിലപ്പോഴൊക്കെ നമ്മുടെ യുക്തിബോധത്തിനു നിരക്കാത്ത ചില 'ജംക്‌ഷനു'കളിൽ എത്തിക്കും.

   സന്ദർശനത്തിനും അഭിപ്രായമെഴുതിയതിനും ഈ 'വണ്ടി'യിലെ ഒരു സഹയാത്രികൻ കൂടിയായതിനും നന്ദി.

   Delete
 4. സഡൻബ്രേക്കുകൾ ഇതുപോലെ എപ്പോഴും
  ആവശ്യമാണല്ലോ നമ്മുടെ ജീവിതത്തിൽ അല്ലേ പ്രിൻസ്

  ReplyDelete