ഡ്യൂട്ടിയിൽ അഡ്ജസ്റ്റുമെന്റുകൾ
നടത്തി ഓഫ് തരപ്പെടുത്തണമെന്നില്ല. കാഷ്വൽ ലീവുകൾ ധാരാളമുണ്ട്. ഇതുവരെ ഒരൊറ്റ ലീവുപോലുമെടുത്തിട്ടില്ല
എന്നത് അതിശയോക്തിയായി തോന്നാമെങ്കിലും അതാണു സത്യം. അതുകൊണ്ടു തന്നെ കുറച്ചു ദിവസത്തേക്കു
വിട്ടുനിൽക്കണമെന്നു തോന്നിയപ്പോൾ രണ്ടാമതൊന്നു ചിന്തിക്കാതെ ലീവ് ആപ്ലിക്കേഷൻ കൊടുത്തു.
നേഴ്‌സിംഗ് സൂപ്രണ്ടിന്റെ ആ നിമിഷത്തെ മുഖഭാവം കണ്ടാൽ അവരുടെ ഒരുവർഷത്തെ ശമ്പളം കടമായി
ചോദിച്ചുവെന്നു തോന്നും. അവൾ ആ ഭാവത്തെ തീർത്തും അവഗണിച്ചു. സൂപ്രണ്ട് ഒപ്പുവച്ചു.
മെഡിക്കൽ കോളേജ് ബസ്
ടെർമിനലിലേക്കു നടക്കുകയായിരുന്നു അവൾ. പ്രധാന കവാടത്തിനരികിൽ എത്തിയപ്പോൾ ഡോക്ടർ രാഹുൽ
കാർ നിറുത്തി ‘ലിഫ്റ്റ് ഓഫർ’ ചെയ്‌തു. ഒന്നു ചിരിച്ച്,
ആ ക്ഷണം സ്നേഹപൂർവം നിരസിച്ച് അവൾ നടന്നു – അവൾക്ക് ബസ്സിൽ സഞ്ചരിക്കുവാനായിരുന്നു
താല്പര്യം. ആശുപത്രി സമുച്ചയത്തിൽ നിന്നും പുറത്തേക്കുവരുന്ന വാഹനവ്യൂഹം ഹോൺ എന്ന ഉപകരണത്തെ
കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ തുടങ്ങുന്നതിനു മുൻപ് ഡോക്ടർ രാഹുൽ ‘ഡ്രൈവ് മോഡി’ലേക്കു ഷിഫ്റ്റ് ചെയ്‌ത്
ഒരു മന്ദസ്‌മിതത്തോടെ കടന്നുപോയി.
‘അയാൾക്ക് ഓട്ടോമാറ്റിക്
കാറുകളാണത്രേ ഇഷ്ടം!’ ഡ്രൈവിംഗ് ലൈസൻസ് കിട്ടി മൂന്നു വർഷം കഴിഞ്ഞെങ്കിലും
ആത്മവിശ്വാസത്തോടെ – അല്ലാതെയും – ഒരു കാറോടിക്കാൻ തനിക്കു
കഴിഞ്ഞിട്ടില്ലെന്ന് അവൾ തമാശയോടെ ഓർത്തു. എങ്കിൽപ്പോലും ഒരു പരിധിവരെ കാറുകൾ തന്നെ
സ്വയം ചെയ്യുന്നതിനെ അവൾ വെറുത്തു. ‘ഓട്ടോമാറ്റിക് ആണത്രേ!
ഒരു വാഹനത്തെ പൂർണമായും നമ്മൾ നിയന്ത്രിക്കുന്നു എന്ന് എങ്ങനെ ആത്മാർത്ഥമായി പറയാൻ
കഴിയും?! സ്വയം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യന്ത്രസമുച്ചയത്തിലെ കേവലമൊരു ഭാഗം മാത്രമായിത്തീരുന്നത്
ബോറൻ ഏർപ്പാടുതന്നെയാണ്!’
“ഓവർ ബ്രിഡ്ജ്!”
കണ്ടക്ടർ പയ്യൻ തീർത്തും
നിസ്സംഗതയോടെ ടിക്കറ്റുകൊടുത്തു. പത്തുരൂപ നൽകിയതിൽ ബാക്കി ഒരു രൂപയ്‌ക്കായി അവൾ കൈ
നീട്ടിയെങ്കിലും അതിന്മേൽ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. അവളെ തെല്ല് അത്ഭുതപ്പെടുത്തിക്കൊണ്ട്
ആ പയ്യൻ ഒരു രൂപയുടെ ചെറിയ നാണയം കൈയ്യിൽ വച്ചു കൊടുത്തു. ‘പിന്നീടുതരാം’ എന്ന വാചകത്തിലെ അക്ഷരങ്ങൾക്കിടയിൽ
ഞെരുങ്ങി മരിച്ചുപോകാതെ ആ ഒരു രൂപാ നാണയം തന്റെ കൈവെള്ളയിലേക്ക് സ്വതന്ത്രമായപ്പോൾ
അവൾക്കു ചിരിവന്നു. അപ്പോഴും നിസ്സംഗതയിൽക്കവിഞ്ഞ ഭാവങ്ങളൊന്നും ആ ബസ് കണ്ട്ക്‌ടറുടെ
മുഖത്തുണ്ടായിരുന്നില്ല.
ഓവർ ബ്രിഡ്ജിനു സമീപമിറങ്ങി
തമ്പാനൂർ വരെയും നടന്നു. ഇന്ത്യൻ കോഫീഹൗസിനു മുന്നിലൂടെ ബസ് ടെർമിനലിലേക്കു പ്രവേശിച്ചു.
ഇരുപത്തിനാലാം നമ്പർ
പ്ലാറ്റ്ഫോമിലെ കസേരകളിലൊന്നിൽ സ്വയം പ്രതിഷ്ഠിച്ച് അവൾ അല്പനേരം ചാരിയിരുന്നു. ബസ്
ടെർമിനലിനുള്ളിലെ തന്നെ റീഫ്രഷ്‌മെന്റ് കൗണ്ടറുകളിലൊന്നിൽ നിന്ന് ഒരു ‘സെവൻ അപ്-റിവൈവ്’ വാങ്ങിയിരുന്നു. വളരെ
സാവധാനത്തിൽ അവൾ അതിന്റെ മൂടി തിരിച്ചു. തുറക്കുമ്പോൾ പതഞ്ഞുയർന്ന് പുറത്തേക്കു പോകാതിരിക്കുവാൻ
വേണ്ടിയായിരുന്നു അത്. പതഞ്ഞുയരാതിരിക്കുവാൻ സാവധാനത്തിൽ തിരിച്ച് ഗ്യാസ് കളഞ്ഞ ശേഷം
തുറന്നാൽ മതിയെന്ന് രോഹിത് ആണ് ഒരിക്കൽ പറഞ്ഞത്. ശരിയാണ്. പതഞ്ഞുപൊങ്ങിയില്ല. ഒരു തുള്ളിപോലും
നിലത്തു പോയതുമില്ല.
അവൾ ‘റിവൈവ്’ അല്പം മാത്രം രുചിച്ചുനോക്കി.
ആദ്യമായാണ് വാങ്ങുന്നത് എന്നതിനാൽ തെല്ല് ആശങ്കപ്പെട്ടാണ് അതു ചെയ്‌തത്. അധികം പുളിപ്പില്ലാത്തതും
എന്നാൽ അല്പം മധുരവും കൂടിയുള്ള കള്ളിന്റെ രുചിയായിരുന്നു അതിന്. എന്നാൽ കൃത്യമായും
അങ്ങനെ തന്നെയാണെന്നും പറയാൻ വയ്യ.
ആദ്യമായി – അവസാനമായും – അച്‌ഛൻ വീട്ടിൽ വച്ചു
കള്ളുകുടിച്ച – കള്ളുതന്നെ. വിദേശമദ്യമല്ല – ആ ദിവസം എന്തുകൊണ്ടോ
അവൾ ഓർത്തു. കള്ളുവാങ്ങിക്കൊണ്ടു വന്ന ‘ബിഗ് ബസാറി’ലെ മിനറൽ വാട്ടർ ബോട്ടിലിന്റെ
മൂടിയിൽ അല്പമൊഴിച്ച് അച്‌ഛൻ പറഞ്ഞു.
“ഇന്നുകൊണ്ട് അച്‌ഛൻ ‘കുടി’നിറുത്തുകയാണ് മോളേ... ഇത് അവസാനത്തേതാണ്!”
“ഇന്നുകൊണ്ട് അച്‌ഛൻ ‘കുടി’നിറുത്തുകയാണ് മോളേ... ഇത് അവസാനത്തേതാണ്!”
ഒരനുവാദത്തിനെന്ന പോലെ
അമ്മയെ നോക്കിക്കൊണ്ട് അച്‌ഛൻ തുടർന്നു.
“അതുകൊണ്ടാണ് ഇവിടെ വീട്ടിൽ
വച്ചുതന്നെ അതവസാനിപ്പിച്ചു കളയാം എന്നു തീരുമാനിച്ചത്!”
അമ്മ ഒന്നും മിണ്ടാതെയിരുന്നതേയുള്ളൂ.
ആ മുഖത്ത് എപ്പോഴോ ഒരു മന്ദസ്‌മിതം മിന്നിമറയുന്നത് അവൾക്കു കാണാൻ കഴിഞ്ഞു.
മിനറൽ വാട്ടർ ബോട്ടിലിന്റെ
മൂടി, അതിനുള്ളിൽ ശാന്തതയോടെ പരന്നുകിടന്നിരുന്ന കള്ളിനൊപ്പം അവൾക്കു നേരേ നീട്ടിക്കൊണ്ട്
അച്‌ഛൻ ചോദിച്ചു.
“ഇതിന്റെ ‘ടേസ്റ്റ്’ എന്താന്ന് മോൾക്കറിയണോ?”
അച്‌ഛൻ ചിരിച്ചുകൊണ്ട്
കണ്ണിറുക്കി. അവൾ ഒട്ടും മടികൂടാതെ അതുവാങ്ങി വായിലേക്കൊഴിച്ചു. അമ്മ തടയുമെന്നാണവൾ
കരുതിയിരുന്നത്. അതുണ്ടാകാതിരുന്നതിൽ നിരാശ തോന്നി.
“ഒരുമാതിരി... ചവർപ്പും
പുളിപ്പും!”
അച്‌ഛൻ വീണ്ടും ചിരിച്ചുവെങ്കിലും
അത് അദ്ദേഹത്തിന്റെ ഉറച്ച തീരുമാനം തന്നെയായിരുന്നു. പിന്നീടൊരിക്കലും അച്‌ഛൻ മദ്യപിച്ചതായി
കാണുകയോ കേൾക്കുകയോ ചെയ്‌തിട്ടില്ല.
തൊട്ടടുത്ത പ്ലാറ്റ്‌ഫോമിലേക്ക്
തിരുവനന്തപുരം ബോർഡുതന്നെ വച്ചുകൊണ്ട് ഒരു സൂപ്പർ ഫാസ്റ്റ് ബസ് എത്തിച്ചേർന്നു. അത്
പുനലൂർ ബസ്സുതന്നെയാണെന്ന് ബോർഡിലെ വിശദാംശങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. രോഹിത്
കൂടെയുണ്ടെങ്കിൽ ഇത്ര ശ്രദ്ധയോടെയിരിക്കേണ്ട കാര്യം തന്നെയുണ്ടാവില്ല. അയാൾ തനിക്കൊപ്പം
നിൽക്കുകയും സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുമെങ്കിലും തങ്ങൾക്കു പോകേണ്ട ബസ്സിനെ
കൃത്യമായി കണ്ടെത്തി, ഇടതുവശത്തായി രണ്ടുപേർക്കു മാത്രമിരിക്കാവുന്ന സീറ്റുകളിലൊന്നിൽ
ഇടം കണ്ടെത്തുകയും ചെയ്യും. തനിക്ക് അയാളെ സ്നേഹപൂർവം അനുഗമിക്കുകയേ വേണ്ടൂ.
ബസ് നിർത്തിയയുടൻ തന്നെ
– ഡ്രൈവർ, ബോർഡുമാറ്റിവയ്‌ക്കുന്നതു
വരെ കാത്തുനിൽക്കാതെ – അവൾ ബസ്സിലേക്കു കയറി.
പേഴ്‌സിൽ നിന്നും ഫോൺ
കൈയ്യിലെടുത്ത് നോക്കിയപ്പോൾ ഏഴ് മിസ്ഡ് കോളുകൾ! അച്‌ഛൻ ഒരു പ്രാവശ്യവും രോഹിത് ആറുപ്രാവശ്യവും
വിളിച്ചിരിക്കുന്നു! ഫോൺ വൈബ്രേഷനിലായിരുന്നതിനാൽ പേഴ്സിനുള്ളിൽക്കിടന്ന് അത് വിറയലോടെ
മൂളിയെങ്കിലും അറിയാൻ കഴിഞ്ഞിരുന്നില്ല.
അവൾ ‘കോൾ ലോഗ്’ തുറന്നു. ലിസ്റ്റിന്റെ
ഏറ്റവും മുകളിൽ ‘അച്‌ഛൻ’ എന്ന കോൺടാക്‌ടും അതിനു
തൊട്ടു താഴെയായി ‘രോഹിത്’ എന്ന കോൺടാക്‌ടും അടക്കത്തോടെ
നിന്നു. രണ്ടുപേരെയും വിളിച്ചേ മതിയാകൂ. ആദ്യം ആരെ വിളിക്കു? തന്റെ ജീവിതത്തിലെ ആദ്യ
ആരാധ്യപുരുഷനെയോ അതോ തന്റെ ജീവിതം തന്നെയാകുന്ന പുരുഷനെയോ?
രോഹിത് വിളിക്കുന്നു!
“ബസ് കിട്ടിയോ?”
“ഫോൺ സൈലന്റിലായിരുന്നു,
ഞാൻ അറിഞ്ഞില്ല!”
അവൾ അല്പം ജാള്യതയോടെയും
അതിലേറെ പരിഭ്രമത്തോടെയും പറഞ്ഞു.
“ഞാൻ അതല്ലല്ലോ ചോദിച്ചത്...” രോഹിത് ചിരിച്ചു. “ബസ്സുകിട്ടിയോ ഇല്ലേ?”
“ഓ... ബസ്സിലിരിക്കുകയാ...”
“എവിടെയെത്തി?”
“എവിടെയുമെത്തിയിട്ടില്ല.
സ്റ്റാന്റിൽത്തന്നെ നിൽക്കുന്നതേയുള്ളൂ.”
“വീട്ടിലെത്തുമ്പോ വിളിക്കണം.
മറന്നുപോകരുത്!”
“ഇല്ല.”
“പിന്നെ... വേറൊരു കാര്യമുണ്ട്.
തൽക്കാലം നിന്നെയറിയിക്കേണ്ട എന്നാണ് ‘ആ’ ആൾ പറഞ്ഞിരിക്കുന്നത്!”
“എന്താ കാര്യം? പറയുന്നതുകൊണ്ട്
പ്രശ്‌നമൊന്നുമില്ലെങ്കിൽ...”
“നിന്റെ ഫാദർജി എന്നെ
വിളിച്ചിരുന്നു. എന്റെ വീട്ടുകാരെപ്പറ്റിയൊക്കെ – എല്ലാമറിയാമെങ്കിലും
– വിശദമായിത്തന്നെ ചോദിച്ചു.
ഒരു ഫോർമാലിറ്റി പോലെ!”
“എന്തിന്?!” അവൾ അത്ഭുതപ്പെട്ടു.
“അതെനിക്കറിയില്ല. പിന്നെ...
വളരെ കൂളായി, ഫ്രണ്ട്‌ലിയായിത്തന്നെയാണ് സംസാരിച്ചതൊക്കെ. തൽക്കാലം നിന്നെയറിയിക്കരുതെന്നും
പറഞ്ഞു. അതുകൊണ്ട്... നീയിതറിഞ്ഞിട്ടുമില്ല!”
“ഇല്ല. ഞനറിഞ്ഞിട്ടേയില്ല.
പോരേ.”
“തീർന്നിട്ടില്ല.” അയാൾ തുടർന്നു. “എന്റെ ഫാദർജിയുമായി നേരിട്ടോ
ഫോണിലോ ഒന്നു സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു ‘പോസിറ്റീവ് സൈൻ’ ആണെന്നാണ് എനിക്കു തോന്നുന്നത്.”
“ഇതൊക്കെ വിശ്വസിക്കാമോ
രോഹിത്? അതോ നമ്മൾ വല്ല സ്വപ്നത്തിലുമാണോ?”
“നീയും ഞാനും സുരഭി, രോഹിത്
എന്ന അപരിചിതരായ രണ്ടു വ്യക്തികളിൽ നിന്ന് ‘നമ്മൾ’ എന്നു പറയാവുന്ന ഒരു
അവസ്ഥയിലേക്കെത്തിയെങ്കിൽ അതു സ്വപ്നമല്ലെങ്കിൽ... ഇതും ഒരു സ്വപ്‌നമല്ല!”
ആ രണ്ടു മൊബൈൽ ഫോണുകളിലൂടെയും
സഞ്ചരിച്ചിരുന്ന തരംഗങ്ങൾക്കിടയിൽ നിശബ്ദതയുടേതായ ശൂന്യത അല്പനേരം അന്ധാളിച്ചു നിന്നു.
കുറച്ചു നിമിഷങ്ങൾക്കു
ശേഷം സുരഭി ചോദിച്ചു.
“രോഹിത് ബുധനാഴ്‌ചയല്ലേ
വരുന്നത്? അന്ന് ഡ്യൂട്ടിയുണ്ടോ?”
“ഡ്യൂട്ടിയില്ല. പക്ഷേ
അന്നു ഞാൻ രാവിലേതന്നെ വരും. പ്രത്യേകിച്ചു കാര്യമൊന്നുമില്ല. എങ്കിലും...”
“ശരി. അച്‌ഛന്റെ മിസ്സ്ഡ്
കോൾ ഉണ്ടായിരുന്നു. ഒന്നു തിരിച്ചു വിളിക്കട്ടെ.”
“ആയിക്കോട്ടെ. പക്ഷേ ത്രില്ലടിച്ച്
‘ആ’ കാര്യം ഞാൻ പറഞ്ഞുവെന്ന്
പറഞ്ഞേക്കരുത്!”
“ഇല്ല. ഞാൻ ശ്രദ്ധിക്കാം.”
അച്‌ഛൻ ജംക്‌ഷനിൽ കാത്തുനിൽക്കാമെന്നു
പറഞ്ഞ് പെട്ടെന്നുതന്നെ ഫോൺസംഭാഷണം അവസനിപ്പിച്ചു. പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം
സംസാരിച്ച് ഒട്ടും ദീർഘിപ്പിക്കാതെ മുഴുമിക്കുകയെന്നതാണ് അച്ഛന്റെ രീതി. ഫോണിലൂടെ പൊള്ളയായ
സംഭാഷണങ്ങൾ നടത്തുന്നത് അച്‌ഛനിഷ്ടമല്ല. അമ്മയാണെങ്കിൽ ഇതിനു നേർ വിപരീതവും. കൂടുതൽ,
കഴിയുന്നത്ര നേരം സംസാരിക്കണം. സംസാരിക്കുന്ന കാര്യങ്ങൾ പ്രാധാന്യമുള്ളതാണോ അല്ലയോ
എന്നതൊന്നും പ്രശ്‌നമല്ല. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ അമ്മയ്‌ക്ക് നിർവികാരമായി
സംസാരിക്കാനറിയില്ല എന്നതു തന്നെ. ഓരോ വാചകവും വികാരദ്യോതകമായിരിക്കും. അതുകൊണ്ടു തന്നെ
പലപ്പോഴും വിശദീകരണങ്ങൾ ആവശ്യമായി വരാറില്ല.
പക്ഷേ കുറേ നാളുകളായി
സുരഭിയെ ബാധിച്ചിരിക്കുന്നത് നിരുപദ്രവകരമെങ്കിലും നിസ്സംഗതയുടേതായ ഒരാത്മാവാണ്.
ഗാസ്‌പിംഗ്
(Gasping) ആയ ഒരു പേഷ്യന്റിന്റെ ശ്വാസഗതി ഏതാണ്ട് മുപ്പതു സെക്കന്റുകളിൽ ക്രമാനുഗതമായി
കുറയുകയും ആ ശരീരത്തിലെ ജീവന്റെ അവസാന തുടിപ്പും നിശ്ചലമായി, എങ്കിൽപ്പോലും തേജസ്സുള്ള
ആ കണ്ണുകൾ തന്റെ നേർക്ക് തുറന്നുതന്നെയിരിക്കുകയും ചെയ്‌ത ഒരു ദിവസം. ആശുപത്രിയിൽ രോഗികളുടെ
മരണങ്ങൾക്ക് മുമ്പും സക്ഷിത്വം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, അവയൊക്കെയും മറവിയുടെ
ചവറ്റുകുട്ടയിലേക്കുപേക്ഷിക്കപ്പെട്ടുവെങ്കിലും ആ ദിവസവും ആ പേഷ്യന്റിന്റെ തിളക്കമുള്ള
കണ്ണുകളും അവൾ ഇന്നും ഓർത്തിരിക്കുന്നു. പക്ഷേ അയാളുടെ പേര് മറന്നുപോയിരിക്കുന്നു.
ഓർമയുള്ളത് ഒരു ഐ.പി നമ്പർ മാത്രം. 916413.
അന്നു ഹോസ്റ്റലിൽ തിരികെയെത്തി
ഒരുപാടു കരഞ്ഞു. എന്തുകൊണ്ടെന്നറിയാത്ത ഒരു സങ്കടം മനസ്സിൽ നിറയുകയായിരുന്നു. തന്റെ
മിഴിനീരിനാൽ കുതിർന്ന മാറിടത്തിലേക്ക് ചേർത്തണച്ച് പ്രിയ സുഹൃത്ത് അപർണ പറഞ്ഞ, പ്രത്യേകിച്ചു
കാരണമൊന്നുമില്ലതിരുന്നതിനാലോ അല്ലെങ്കിൽ കാരണമെന്തെന്ന് അറിഞ്ഞുകൂടാത്തതിനാലോ പൊള്ളയായി
തോന്നിയ ആശ്വാസവാക്കുകളേക്കാൾ അവളുടെ ഹൃദയത്തുടിപ്പുകൾക്ക് തന്റെയുള്ളിൽ ഘനീഭവിച്ചു
കിടന്നിരുന്ന ഒരസ്വസ്ഥതയെ അലിയിച്ചുകളയുവാനുള്ള ശക്തിയുണ്ടായിരുന്നു എന്ന് അവൾക്കു
തോന്നി.
എന്നാൽ അല്പസമയത്തിനകം
സമതുലിത വീണ്ടെടുത്തുകഴിഞ്ഞ തന്റെ മനസ്സിനുള്ളിലേക്ക് അത്ര പരിചിതമല്ലാത്ത ഒരംശം കൂടി
നുഴഞ്ഞു കയറിയിരിക്കുന്നതായി അവൾ മനസ്സിലാക്കി. അത് ഒരാത്മാവായിരുന്നു. ശല്യമൊന്നുമുണ്ടാക്കാതെ
എന്നാൽ ഇടയ്‌ക്കിടെ മടുപ്പിക്കുന്ന ‘സൾഫർ’ ഗന്ധത്തോടെ നിസ്സംഗതയുടേതായ
ഒരു മാനസികാന്തരീക്ഷം സൃഷ്ടിക്കുന്ന ഒരാത്മാവ്! രംഗബോധമില്ലാത്ത തന്റെ നിസ്സംഗതയെത്തന്നെയാണ്
അവൾ ഏറ്റവുമധികം ഭയക്കുന്നതും.
ബസ് വട്ടപ്പാറ ജംക്‌ഷൻ
പിന്നിട്ടു കഴിഞ്ഞിരുന്നു. ഇനി കുറേദൂരം വളവുകളാണ്. ഈ വളവുകളിൽ ബസിന്റെ ഏറ്റവും പിന്നിലുള്ള
സീറ്റിലിരിക്കുകയാണെങ്കിൽ അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡുകളിലൂടെയുള്ള സാഹസിക സഞ്ചാരം
പോലെയാണനുഭവപ്പെടുക എന്നവൾക്കു തോന്നിയിട്ടുണ്ട്.
ചുറ്റും നോക്കുന്നതിനിടയിൽ
സ്വാഭാവികമായും അവൾ തന്റെ ഇടതുവശത്തെ സീറ്റിലേക്കും നോക്കി. ഒരു ചെറുപ്പക്കാരനും അയാളുടെ
മകൾ തന്നെയെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു കൊച്ചുകുട്ടിയേയും
അവൾക്കു കാണാൻ കഴിഞ്ഞു. ആ പെൺകുട്ടി അയാളുടെ കരവലയത്തിൽ, അയാളുടെ തുടകളിൽ നിന്നുകൊണ്ട്
ഇടയ്‌ക്കിടെ ആ ചെറുപ്പക്കാരന്റെ മുഖത്തും ചെവികളിലുമൊക്കെ തൊട്ടുരസിക്കുകയും കുസൃതിയോടെ
ചിരിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.
ആ കൊച്ചുപെൺകുട്ടി തന്നെ
നോക്കി പുഞ്ചിരിച്ചപ്പോൾ ഒരു നിമിഷത്തേക്ക് ആ ബസ്സും അതിലെ യാത്രക്കാരും ആ പെൺകുട്ടിയുടെ
പിതാവുമുൾപ്പടെയുള്ള യാഥാർത്ഥ്യങ്ങളെല്ലാം ഭൂതലത്തിൽ നിന്നപ്രത്യക്ഷമാവുകയും താനും
ആ പെൺകുട്ടിയും മാത്രമാണ് ഈ ലോകത്തിലുള്ളത് എന്ന ഒരനുഭൂതി സുരഭിക്കുണ്ടായി. അത്ര ഹൃദ്യവും
മനോഹരവുമായിരുന്നു ആ പുഞ്ചിരി.
നിഷ്‌കളങ്കമായ ഒരു മന്ദഹാസം
സൃഷ്‌ടിച്ച മായിക വലയത്തിനുള്ളിൽ അഭിരമിച്ചു കൊണ്ടിരിക്കെ ഒരു വലിയ ശബ്‌ദത്തോടെ, ഉലച്ചിലോടെ
ബസ്, റോഡിനിടതുവശത്തെ ചെറു തോട്ടിലേക്കു ചരിയുകയായിരുന്നു. അപ്രതീക്ഷിതമായ ആ ദിശാവ്യതിയാനത്തിന്റെ
ആക്കത്തിൽ മുന്നോട്ടാഞ്ഞ സുരഭിയുടെ നെറ്റി തൊട്ടുമുന്നിലത്തെ സീറ്റിന്റെ ക്രോസ്ബാറിൽത്തട്ടുകയും
ചെയ്‌തു.
അപകടത്തെത്തുടർന്നുണ്ടായ
ഞെട്ടലിൽ നിന്ന് വേഗത്തിൽത്തന്നെ സ്വയം വീണ്ടെടുത്ത അവൾക്ക് ബസ്സിനുള്ളിലുണ്ടായിരുന്ന
മറ്റുയാത്രക്കാർക്ക് ഏതെങ്കിലും വിധത്തിൽ – ഗുരുതരമായി – പരിക്കേറ്റിട്ടുണ്ടാവുമോ
എന്ന ആശങ്കയുമുണ്ടായിരുന്നു.
പകുതിയോളം ഇടതു വശത്തേക്കു
ചരിഞ്ഞുകിടന്നിരുന്ന ബസ്സിൽ നിന്ന് ആരുടെയൊക്കെയോ സഹായത്താൽ പുറത്തിറങ്ങാൻ സുരഭിക്കും
കഴിഞ്ഞു. ആ ബഹളത്തിനിടയിലും, ബോധരഹിതനായിക്കഴിഞ്ഞിരുന്ന ബസ് ഡ്രൈവറെ ആരൊക്കെയോ ചേർന്ന്
മറ്റൊരു വാഹനത്തിലേക്കു മാറ്റുകയും ആ വാഹനം ഹെഡ്‌ലൈറ്റു തെളിച്ച് ഹോൺ മുഴക്കിക്കൊണ്ട്
കടന്നു പോവുകയും ചെയ്‌തു. എന്നാൽ ആരാലും ശ്രദ്ധിക്കപ്പെടാതെ തെല്ലകലെ ഒരു ചെറുപ്പക്കാരനായ
അച്‌ഛൻ തന്റെ മകളെ വാരിയെടുത്ത് ഉമ്മ വയ്‌ക്കുകയായിരുന്നു. അയാളുടെ കണ്ണീരിനാൽ കുതിർന്ന
മുഖം തന്റെ കുഞ്ഞിക്കൈകൾ കൊണ്ടു തുടച്ച് അപ്പോഴും ചിരിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയേയും
സുരഭിക്കു കാണാൻ കഴിഞ്ഞു. തന്റെ നെറ്റിപൊട്ടി ചോരയൊലിച്ചു കൊണ്ടിരുന്നത് ഒരുപക്ഷേ അയാൾ
പോലുമറിഞ്ഞിട്ടുണ്ടാവില്ല എന്ന് അവൾക്കു തോന്നി – ഏതാനും നിമിഷങ്ങളിൽ.
അത്രമാത്രം. തടിച്ചുകൂടിയ ജനങ്ങളുടേയും മറ്റുയാത്രക്കാരുടേയും കോലാഹലങ്ങൾക്കിടയിൽ ആ
കാഴ്‌ചയും മറയുകയായിരുന്നു.
പ്രാധമിക ശുശ്രൂഷകൾക്കു
ശേഷം ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത ബസ്സുപിടിച്ചു. ‘കുറച്ചുനേരത്തിനു മുമ്പുകഴിഞ്ഞ
അപകടത്തിൽപ്പെട്ട വ്യക്തി’യെന്ന പരിഗണനയിൽ അനുവദിച്ചു നൽകപ്പെട്ട സീറ്റിൽ
അവൾ ഇരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു. നെറ്റിയിലെ മുറിവ് ചെറുതായിരുന്നുവെങ്കിലും നേരിയ
വേദനയുണ്ടായിരുന്നു.
അമിതവേഗത്തിലൊന്നുമല്ലാതിരുന്ന
ബസ് ഒരു വളവുതിരിഞ്ഞു വന്നതും മറ്റൊരു വാഹനത്തെ മറികടന്ന് എതിർദിശയിൽ നിന്നും വേഗത്തിൽ
വരികയായിരുന്ന ട്രക്കും നേർക്കുനേർ വന്നത് ഒരേ സമയത്തും തീരെ അവിചാരിതവുമായിരുന്നു.
എന്നാൽ സമയോചിതമായിത്തന്നെ ഡ്രൈവർ ബസ് ഇടത്തേക്കു തിരിച്ചു. കോൺക്രീറ്റ് ബൗണ്ടറിയും
തെറിപ്പിച്ചുകൊണ്ട് ബസ് സമീപത്തെ ചെറുതോട്ടിലേക്കു ചരിഞ്ഞു – ആശുപത്രിയിലെ കോലാഹലങ്ങൾക്കിടയിൽ
ആരൊക്കെയോ തമ്മിൽ സംസാരിക്കുന്നതു കേട്ടപ്പോഴാണ് അപകടം നടന്നത് എങ്ങനെയായിരുന്നു എന്ന്
അവൾക്കു മനസ്സിലായത്. ആ നേരത്ത് അവളിൽ വിചിത്രമായ ഒരു തോന്നലുണ്ടായി; ബസ്സിനുള്ളിലിരിക്കുമ്പോൾ
അതെത്ര വേഗത്തിൽ പോകുന്നതായാലും അതു പോരായെന്നു തോന്നും. എന്നാൽ വേഗത്തിൽ പോകുന്ന ഒരു
ബസ്സിനെ കാണുമ്പോൾ ‘ഇതൊക്കെയൊന്നു പതുക്കെ പോയാലെന്താ’ എന്നു തോന്നും!
ആ വിചിത്രമായ തോന്നലിനൊപ്പം
അവൾ മറ്റൊരു സത്യം കൂടി മനസ്സിലാക്കി. രോഹിത് തന്റെ ആദ്യശമ്പളത്തിൽ ‘ഗിഫ്റ്റു’നൽകിയ ‘ബ്ലാക്‌മെറ്റൽ’ ചെയിനുള്ള തന്റെ വാച്ച്
അപകടത്തിനും ആശുപതിക്കുമിടയിൽ തന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു!
നേരിയ ക്ഷീണമനുഭവപ്പെട്ടുവെങ്കിലും
പുനലൂർ ബസ് സ്റ്റാന്റിൽ നിന്നും അവൾ നടന്നു. കൃഷ്ണൻ കോവിലിലേക്കു തിരിയുന്ന പാതയോരത്ത്
പതിവുപോലെ തന്നെ അച്‌ഛൻ കാത്തുനിൽക്കുകയായിരുന്നു. അവളെ കണ്ടമാത്രയിൽ അച്‌ഛൻ വാത്സല്യപൂർവം
ഹൃദ്യമായി പുഞ്ചിരിക്കുകയും എന്നാൽ നെറ്റിയിലെ ഡ്രസിംഗ് കണ്ട് സന്ദേഹിച്ചുനിൽക്കുകയും
ചെയ്‌തു.
ആ നിമിഷത്തിൽ രൂക്ഷവും
മടുപ്പിക്കുന്നതുമായ ‘സൾഫർ’ ഗന്ധത്തോടൊപ്പം പുറത്തേക്കുചാടാൻ
തയ്യാറായി നിൽക്കുകയായിരുന്ന നിസ്സംഗതയുടെ ആത്മാവിനെ ദയനീയമായി പരാജയപ്പെടുത്തി, സുരഭിയുടെ
മുഖത്ത് മന്ദഹാസം വിടർന്നു. കവിളുകളിൽ നനവുപടർത്തിക്കൊണ്ട് അവളുടെ നീലനേത്രങ്ങളും നിശ്ശബ്‌ദം
ആ മന്ദഹാസത്തിൽ പങ്കുചേർന്നു.
* * * * * * *
* * * * * * *